കൈകാലുകൾക്ക് തരിപ്പും വേദനയുമായാണ് രാജൻ ഡോക്ടറെ കാണാനെത്തിയത്. പരിശോധനയിൽ പ്രത്യേകമായ രോഗങ്ങളൊന്നും കണ്ടെത്താനാകാഞ്ഞതുകൊണ്ട് വിദഗ്ധപരിശോധനയ്ക്കായി വിവിധ സ്പെഷ്യലിസ്റ്റുകളുടെ അടുത്തേക്ക് അയച്ചു. പക്ഷേ, സ്കാനിങ്ങിലോ മറ്റു പരിശോധനകളിലോ രോഗങ്ങളൊന്നും കണ്ടില്ല. വേദന ഓരോദിവസം ചെല്ലുന്തോറും കൂടുതലാവുകയും ചെയ്തു. തുടർന്ന് ഒരു മാനസികരോഗ ചികിത്സാ വിദഗ്ധനെ കാണാൻ ഡോക്ടർ നിർദേശിച്ചു. 
 
മനഃശാസ്ത്രജ്ഞൻ അദ്ദേഹത്തോട് ഒരുദിവസം എത്ര മണിക്കൂർ ഉറങ്ങുന്നുവെന്ന് ചോദിച്ചു. അപ്പോഴാണ് രാജൻ തനിക്ക് ഉറക്കമേയില്ല എന്ന കാര്യം ഡോക്ടറോട് പറഞ്ഞത്. രാത്രിയിൽ ഉറക്കംവരാതെ. തിരിഞ്ഞും മറിഞ്ഞും കിടക്കും. ഏകദേശം  രണ്ടു മണി കഴിയുമ്പോഴേക്കും ചെറുതായി ഒന്നു മയങ്ങും. പക്ഷേ, നാലുമണിക്ക് ഉണരുകയും ചെയ്യും. പിന്നെ കിടക്കാൻ പറ്റില്ല. അത് ശീലമാണ്. ഉറങ്ങാതെ കിടക്കുമ്പോൾ ആലോചിക്കുന്ന വിഷയങ്ങൾ എന്തൊക്കയാണ് എന്ന ചോദ്യത്തിനാണ് താൻ അനുഭവിക്കുന്ന സാമ്പത്തിക വിഷയങ്ങൾ രാജൻ ഡോക്ടറുമായി പങ്കുവച്ചത്.  

പണത്തെക്കുറിച്ച് നിരന്തരം ആശങ്കപ്പെടുന്ന വ്യക്തിക്ക് ഉണ്ടാവുന്ന ‘മണി സിക്‌നെസ് സിൻഡ്രം’ ആണ് രാജന്റെ പ്രശ്നം. ‘സാമ്പത്തിക സമ്മർദം മൂലം ഉറക്കമില്ലായ്മ, വിഷാദരോഗം, ശാരീരികവും മാനസികവുമായ വിവിധ പ്രശ്നങ്ങൾ തുടങ്ങിയവ ഉടലെടുക്കുന്നു’ എന്ന് ഡോ. റോജർ ഹെൻഡേഴ്‌സൻ ആഭിപ്രായപ്പെടുന്നു. അദ്ദേഹം യു.കെ.യിൽ നടത്തിയ പഠനമനുസരിച്ച് 87 ശതമാനം പേരും സാമ്പത്തിക സമ്മർദം അനുഭവിക്കുന്നരാണ്. 

ശ്വാസതടസ്സം, തലവേദന, ഓക്കാനം, വിശപ്പില്ലായ്മ, അകാരണമായ കോപം, പേടി, നിഷേധാന്മക ചിന്ത, ആത്മഹത്യ ചെയ്യണമെന്നുള്ള തോന്നൽ തുടങ്ങി വ്യത്യസ്തമായ രോഗലക്ഷണങ്ങൾ ഇക്കൂട്ടർ അനുഭവിക്കുന്നു. 

മതിയായ പണം ലഭിക്കാതെ വരിക, സാമ്പത്തിക നിയന്ത്രണമില്ലായ്മ, ഉയർന്ന ജീവിതച്ചെലവ്, തുടങ്ങിയവ ഇതിന്റെ കാരണങ്ങളിൽപ്പെടുന്നു. താഴ്ന്ന വരുമാനക്കാർ, കടബാധ്യത ഉള്ളവർ, ഭാവിജീവിതത്തെക്കുറിച്ച് സാമ്പത്തിക അസ്ഥിരതയുള്ളവർ എന്നിവരെ മാത്രമല്ല, ഉയർന്ന വരുമാനക്കാരേയും ഈ രോഗം ബാധിക്കുന്നു. അമിതമായ ഉപഭോഗതൃഷ്ണയും ലാഭക്കൊതിയും മൂലം അവരിലും കഷ്ടപ്പെടുന്നവരുണ്ട്.  ഇപ്പോൾ സ്ത്രീകളിലും ഈ രോഗം വലിയ അളവിൽ കണ്ടുതുടങ്ങിയിരിക്കുന്നതിനാൽ ഇതിന് ലിംഗവ്യത്യാസമില്ല എന്നു പറയാം. ബാല്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ട്‌ നേരിട്ടവർക്കും പിൽക്കാലത്ത് എങ്ങനെയെങ്കിലും സാമ്പത്തികമായി മുൻപന്തിയിൽ എത്തണമെന്ന് വാശിയും ആവേശവുമുള്ളവർക്കും  ഇതിന്റെ പ്രത്യേകതകൾ കണ്ടെത്താനാവും. 

സാമ്പത്തിക ശാസ്ത്രത്തിലെ ഒരു പ്രധാന പഠനശാഖയാണ് ‘മോണിറ്ററി ഇക്കണോമിക്സ്’. ഈ ശാഖയിലാണ് പണത്തിന്റെ പ്രദാനവും ഉപയോഗവും വിതരണവും വിശകലനം ചെയ്യപ്പെടുന്നത്.  ഈ രംഗത്ത്  ശ്രദ്ധേയമായ സംഭാവനകൾ നൽകിയ മിൽട്ടൻ ഫ്രീഡ്മാന്റെ അഭിപ്രായത്തിൽ ‘പണത്തിന്റെ ലഭ്യത ക്രമേണയായി മാത്രം വർധിക്കുന്നതാണ് സാമ്പത്തിക വ്യവസ്ഥിതിയുടെ സുസ്ഥിതിക്കും വളർച്ചയ്ക്കും ഗുണകരമാവുന്നത്. അല്ലായെങ്കിൽ, പണപെരുപ്പവും അനുബന്ധ പ്രശ്നങ്ങളും വളർച്ചയെ ബാധിക്കും’. 

സാമ്പത്തിക ശാസ്ത്രത്തിൽ ‘സമ്പത്ത്’ എന്നത് പണം മാത്രമല്ല, അതിൽ പ്രകൃതിസമ്പത്ത്, മുനുഷ്യവിഭവശേഷി, ഉത്‌പാദിത വസ്തുക്കൾ തുടങ്ങി  വിവിധ വസ്തുക്കൾ ഉൾപ്പെടുന്നു. മറ്റു  വിഭവങ്ങളെപ്പോലെതന്നെ ‘പണ’വും മറ്റൊരു പദാർഥം മാത്രമാണ്. അതിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട് രണ്ടുരീതിയിൽ ഉള്ള നയ രൂപവത്‌കരണമുണ്ട്. അവയെ ഉദാരമായതെന്നും  പ്രിയപ്പെട്ടതെന്നും വിളിക്കുന്നു. ‘പണത്തെ പ്രിയപ്പെട്ടതാക്കി നിർത്തുക എന്നു പറഞ്ഞാൽ, അതിന്റെ ലഭ്യതയുടെ അളവ് കുറച്ച് അതിന്റെ മൂല്യത്തെ പിടിച്ചുനിർത്തുക’ എന്നതാണ്. അതുകൊണ്ടുതന്നെ വ്യക്തികൾ തമ്മിലും രാജ്യങ്ങളും സംവിധാനങ്ങളും തമ്മിലും  പണലഭ്യതയിലുള്ള അസമത്വം ഉണ്ടാവുന്നത് ആരോഗ്യകരമാണ്. അപ്പോഴാണ് മെച്ചപ്പെടാനും അഭിവൃദ്ധിയിലേക്ക്‌ എത്താനുമുള്ള അഭിവാഞ്ഛ ഏറുന്നത്. 

പണവിനിയോഗവുമായി ബന്ധപ്പെട്ട് വ്യക്തികളിൽ രണ്ടു രീതിയിലുള്ള പ്രതികരണം കാണാറുണ്ട്.  ‘എനിക്കിത്രയേ വരുമാനമുള്ളു അതുകൊണ്ട്, ഇത്രയുമേ ചെലവാക്കാനോ ഇങ്ങനെയൊക്കെയേ ജീവിക്കാനോ സാധിക്കുകയുള്ളു’ എന്ന്‌ ഒരുകൂട്ടർ.  രണ്ടാമത്തെ കൂട്ടർ ചിന്തിക്കുന്നത് ‘എനിക്കിത്രയും ചെലവുണ്ട്. അതുകൊണ്ട്, ഇത്രയും പണം ഉണ്ടാക്കണം’ എന്നാണ്‌. ഇവർ ആദ്യത്തെ കൂട്ടരേക്കാൾ കഠിനാധ്വാനികളായിരിക്കും. ആവശ്യത്തിനുള്ള പണത്തിനു വേണ്ടി പണിയെടുത്തുകൊണ്ടേയിരിക്കും. ചെലവ് തീരുമാനിക്കുന്നതിലെ പക്വതയില്ലായ്മ മാനസികവും ശാരിരികവുമായ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. അത് വ്യക്തിപരമായി മാത്രമല്ല, സമൂഹത്തിന്റെ ആരോഗ്യത്തെയും ബാധിക്കുന്നു. ക്രിമിനലുകളെ സൃഷ്ടിക്കാനും ഇത് ഇടയാക്കും.
 
പണസമ്മർദം ഒഴിവാക്കാനുള്ള വഴികൾ ആണ് തേടേണ്ടത്. പണം അവശ്യ വസ്തുവായതിനാൽ മാന്യമായ രീതിയിൽ സൃഷ്ടിക്കണം. അത് ചെലവാക്കുന്നതിൽ കൃത്യതയും പക്വതയുമുണ്ടാവണം.  അതിന്റെ വിനിയോഗത്തിൽ ഒഴിവാക്കേണ്ടത് കണ്ടെത്തുക. മറ്റുള്ളവരുടെ ചെലവുമായി താരതമ്യം ചെയ്യരുത്. 
 
എന്നാൽ, ചിലപ്പോൾ എത്രയൊക്കെ ആസൂത്രണം ചെയ്താലും കാര്യങ്ങൾ കൈവിട്ടുപോവുന്ന അവസ്ഥയുമുണ്ടാകാറുണ്ട്. ഇവിടെയാണ് മാനസികമായി അതിനെ ഉൾക്കൊള്ളാനുള്ള ആർജവമുണ്ടാവേണ്ടത്. കാരണം, ‘സമ്പത്ത്’ എന്നത് പണം മാത്രമല്ല; മക്കൾ, ആരോഗ്യം, ബന്ധങ്ങൾ  എന്നിവയെല്ലാം പ്രധാനപ്പെട്ടതാണ്. 
 ജീവിക്കാൻ പണം വേണം, പക്ഷേ, പണത്തിനുവേണ്ടി ജീവിക്കരുത്. ഇപ്പോഴുള്ള പണത്തിന്റെ ലഭ്യതയിൽ തൃപ്തിയുണ്ടാവുകയും മെച്ചപ്പെടുത്തുകയും ചെയ്യുക. പണം നമ്മളെയാണോ നമ്മൾ പണത്തെയാണോ ഭരിക്കേണ്ടത് എന്നു ചിന്തിക്കുക. പ്രശസ്ത തത്ത്വചിന്തകനായ ഫ്രാൻസിസ് ബേക്കന്റെ അഭിപ്രായത്തിൽ ‘പണം നമ്മുടെ അടിമയായിരിക്കണം, ഒരിക്കലും യജമാനനാവരുത്.’ 

drkochurani@gmail.com