ഖിൽ ഗൾഫിൽ ബിസിനസ് ചെയ്യുന്നു... എല്ലാവർഷവും വരുമ്പോൾ ഞങ്ങൾ കുടുംബസമേതം ഒത്തുചേരാറുണ്ട്. അദ്ദേഹം വളരെ ചെറുപ്പത്തിലേ ഗൾഫിലേക്ക് ജോലിക്കായി പോയതാണ്. പിന്നീട് ബിസിനസിലേക്ക് കടന്നു. മക്കൾക്ക് നല്ല വിദ്യാഭ്യാസവും ബന്ധുക്കൾക്ക് മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളും ഒരുക്കിക്കൊടുത്തു. ഇത്തവണ വന്നപ്പോൾ ചില സ്ഥലങ്ങൾ വിൽക്കാൻ പരിശ്രമിച്ചു. കാരണം അടുത്തനാളുകളിലായി ബിസിനസ് ‘സാമ്പത്തിക മാന്ദ്യ’ത്തിന്റെ പിടിയിലാണ്. മെച്ചപ്പെട്ട ബിസിനസുള്ളപ്പോൾ ലോൺ കൃത്യമായി അടഞ്ഞുപോവുന്നുണ്ടായിരുന്നു. ലോൺ മക്കളുടെ തോളിലേക്ക് വച്ചുകൊടുക്കാൻ താത്‌പര്യമില്ല. ബിസിനസിലൂടെ ഉണ്ടാക്കിയ ഭൂമിയല്ലേ, ബിസിനസസിനുവേണ്ടിത്തന്നെ വിറ്റ് ലോൺ അവസാനിപ്പിക്കണം. ‘സമ്പത്തും പണവും വരും, പോകും...’ -അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.

ഇതുപോലെ കൃത്യമായ ജീവിതസമീപനത്തിന് സാമ്പത്തിക സൂചികകൾ മനസ്സിലാക്കി പ്രവർത്തിക്കുന്നത് ഉചിതമായിരിക്കും.

സാമ്പത്തിക ആരോഗ്യം
ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ പരിശ്രമിക്കുന്നതുപോലെതന്നെ ‘സാമ്പത്തിക ആരോഗ്യം’ കാത്തുസൂക്ഷിക്കാനും നിലനിർത്താനും പ്രത്യേക ശ്രദ്ധവേണം. ‘സാമ്പത്തിക ആരോഗ്യം നിർണയിക്കുന്നത് പണം സൃഷ്ടിക്കുകയും ചെലവാക്കുകയും സൂക്ഷിക്കുകയും വളർത്തുകയും ചെയ്യുന്ന പ്രക്രിയയിലൂടെയാണ്’. ഇതിൽ കരുതലും വിനിയോഗവും പ്രധാന ഘടകങ്ങളാണ്. താൻ നേതൃത്വം കൊടുക്കുന്ന കുടുംബത്തിന്റെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക ആരോഗ്യം സംരക്ഷിക്കേണ്ടതും വളർത്തേണ്ടതും തന്റെ ഉത്തരവാദിത്വമാണെന്ന ചിന്തയിൽ നിന്നാണ് സാമ്പത്തിക ആരോഗ്യം ഉടലെടുക്കുന്നത്. പലരും ഈ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിലേക്ക് കെട്ടിവയ്ക്കുന്നതും പഴിചാരുന്നതും കാണാം. ഒരു ധനാഗമമാർഗത്തിൽ മാത്രമായി ജീവിതത്തെ നിജപ്പെടുത്തരുത്. സ്ഥിരവരുമാനം, ഇടയ്ക്കിടെ കിട്ടുന്ന വരുമാനം എന്നിങ്ങനെ ഇതിനെ തരംതിരിക്കാവുന്നതാണ്. സാമ്പത്തിക ആരോഗ്യം തൊഴിൽസംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ തൊഴിൽസംസ്കാരത്തിന് രണ്ട്‌ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു:

  1. ഇപ്പോഴുള്ള തൊഴിലിനോട് ആത്മാർത്ഥമായ അഭിനിവേശവും പ്രതിബദ്ധതയും ഉണ്ടാകണം.
  2. ആവശ്യമെങ്കിൽ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയ്ക്കായുള്ള പരിശ്രമം തുടരണം.

പലപ്പോഴും ഒരുവൻ രണ്ടാമത് തിരഞ്ഞെടുക്കുന്ന തൊഴിൽമേഖലയാണ് കൂടുതൽ അഭികാമ്യമായി അനുഭവപ്പെടാറുള്ളത്.

സാമ്പത്തിക അച്ചടക്കം
സ്ഥിരവരുമാനം, വ്യതിയാന വരുമാനം എന്നീ തിരിവുകൾ ഉള്ളതുപോലെതന്നെ സ്ഥിരമായുള്ളതും അല്ലാത്തതുമായ വിവിധ ചെലവുകൾ ഉണ്ട്. വെള്ളം, വൈദ്യുതി, ടെലിഫോൺ, ക്രെഡിറ്റ് കാർഡ് തുടങ്ങിയ പ്രതിമാസ ബില്ലുകൾ കൃത്യതയിലാക്കണം. വരവനുസരിച്ച്‌ ചെലവാക്കുന്നവരും ചെലവനുസരിച്ച്‌ വരുമാനമുണ്ടാക്കുന്നവരുമുണ്ട്. ഉപഭോഗസംസ്കാരം ആർത്തിസംസ്കാരത്തിലേക്കും മരണസംസ്കാരത്തിലേക്കും വഴുതുമ്പോഴാണ് സമൂഹത്തിൽ ധാർമികമായ താളപ്പിഴകൾ ഉണ്ടാവുന്നത്. കാരണം, നമുക്കു ചുറ്റുമുള്ളവർ ഇൻസ്റ്റാൾമെന്റായി കിട്ടിയാൽ ആനയെയും മേടിക്കാൻ ശ്രമിക്കുന്നവരാണ്.

സാമ്പത്തിക സ്വാതന്ത്ര്യം
തോന്നുന്നതുപോലെ ജീവിക്കുന്നതിനെ സ്വാതന്ത്ര്യമെന്നല്ല, തോന്ന്യാസം എന്നാണ് പറയുന്നത്. ‘പണത്തെ നമുക്ക് കൈകാര്യം ചെയ്യാനായില്ലെങ്കിൽ, പണം നമ്മളെ കൈകാര്യം ചെയ്യും’ എന്നതാണ് സ്ഥിതി. മാനസിക സ്വാതന്ത്ര്യമില്ലായ്മമൂലം പലരും അനുകരണങ്ങൾക്ക് വശംവദരാകുന്നു. കടം, നിക്ഷേപം, ഇൻഷുറൻസ്, സമ്പാദ്യം, നികുതി തുടങ്ങിയ എല്ലാ കാര്യങ്ങളിലും നീതി പുലർത്തുന്നതാണ് സാമ്പത്തികസ്വാതന്ത്ര്യം.

ഒന്നിനോടും പറ്റിച്ചേരാതെ ജീവിക്കാനാവുക എന്നത് സന്ന്യാസിക്കു മാത്രം പറഞ്ഞിട്ടുള്ളതല്ല, സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കുന്നവർക്ക്‌ സ്വായത്തമാക്കാവുന്ന സമീപനമാണ്. സാമ്പത്തികമായി വളരുമ്പോൾ അമിതാവേശമോ, തകരുമ്പോൾ നിരാശയോ ഇല്ലാതാവുന്ന അവസ്ഥയാണത്.

സാമ്പത്തിക സാക്ഷരത
കുടുംബങ്ങളിൽ കൃത്യമായി സാമ്പത്തിക കാര്യങ്ങൾ ചർച്ചചെയ്യാറില്ല. സാമ്പത്തിക സാക്ഷരത മാതാപിതാക്കളിൽനിന്ന് മക്കൾ അഭ്യസിച്ചെടുക്കേണ്ട കലയാണ്. മാതാപിതാക്കളുടെ അദ്ധ്വാനത്തിന്റെ കഷ്ടപ്പാട് ഒട്ടുംതന്നെ അറിയാതെ മക്കൾ വളരുന്നു. ഫലമോ, അവരുടെ ആവശ്യങ്ങൾ സാധിക്കാതെവരുമ്പോൾ, അവർ മാതാപിതാക്കൾക്ക് എതിരാകുന്നു. മക്കളെ ദാരിദ്ര്യവും ബുദ്ധിമുട്ടും അറിയിച്ചുതന്നെ വളർത്തുന്നതാണ് നല്ലത്. ഇതിന്റെ അർത്ഥം നാളെമുതൽ അവരുടെ ആവശ്യങ്ങൾ നിരാകരിക്കണമെന്നല്ല, മറിച്ച് ആവശ്യവും അത്യാവശ്യവും ആഡംബരവും തിരിച്ചറിയാനുള്ള വിവേകം പ്രദാനംചെയ്യുക എന്നതാണ്.

സാമ്പത്തിക ആസൂത്രണം
ഇതിൽ പ്രധാനമായും തന്നെ ആശ്രയിച്ചുകഴിയുന്ന മറ്റുള്ളവരെ സുരക്ഷിതരാക്കാനുള്ള പരിശ്രമങ്ങളാണ് അടങ്ങിയിരിക്കുന്നത്. കൃത്യമായ ബജറ്റിങ്ങും ഇൻഷുറൻസും ഇതിന്റെ പ്രധാന തലങ്ങളാണ്. സാമ്പത്തിക ലക്ഷ്യങ്ങൾ നിജപ്പെടുത്തുക, നൂതന സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തുക, ഭാവിയിലേക്ക് കരുതുക. (എമർജൻസി ഫണ്ട്) ഇവയൊക്കെ ചേരുന്നതാണ് ബജറ്റ്. ‘പണം എനിക്കൊരു പ്രശ്നമല്ല’ എന്ന് അതുണ്ടാക്കിയതിനുശേഷമാണ് പറയേണ്ടത്.

സാമ്പത്തിക പരോത്മുഖത
പണം സമൂഹത്തിന്റെ സ്വത്തും അവകാശവുമാണ്. സമ്പത്തിന് സാമൂഹികമാനമുള്ളതുകൊണ്ടാണ് നമ്മൾ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്റെ വിഹിതം നികുതിയായി പൊതു ഖജനാവിലേക്ക് നൽകുന്നത്. കഠിനാദ്ധ്വാനം ചെയ്ത് പണമുണ്ടാക്കിയ പല പ്രശസ്ത വ്യക്തികളും തങ്ങളുടെ മക്കളും അതേ കഠിനാദ്ധ്വാനത്തിന്റെ പാതയിൽക്കൂടി പോകാനാഗ്രഹിക്കുന്നവരാണ്. അതുകൊണ്ട്, കേവലം കോർപ്പറേറ്റ് സോഷ്യൽ ഉത്തരവാദിത്വത്തിനുമപ്പുറം (സി.എസ്.ആർ.) അവർ സമ്പാദ്യം ആതുരശുശ്രൂഷാ രംഗത്ത് നൽകുന്നു. ഈ പരോന്മുഖതയിൽ ഞാൻ എത്രപേർക്ക് തൊഴിൽകൊടുത്തുവെന്നും ഞാൻ വഴിയായി എത്ര കുടുംബങ്ങൾ ജീവിക്കുന്നുവെന്നും കണ്ടെത്തുക... അപ്പോൾ സംരംഭങ്ങൾ തുടങ്ങാനുള്ള ആർജവം ലഭിക്കുന്നു.

പ്രശസ്ത സാമ്പത്തിക നിക്ഷേപകനായ വാറൻ ബഫറ്റിന്റെ അഭിപ്രായത്തിൽ, ‘വിജയികളും യഥാർത്ഥ വിജയികളും തമ്മിലുള്ള വ്യത്യാസം സ്വന്തം സാമ്പത്തിക നേട്ടങ്ങളിൽനിന്ന് എത്രത്തോളം അകലം പാലിക്കാൻ ഒരുവന് സാധിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.’