വാർധക്യകാലത്ത് ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവർക്കുവേണ്ടി എന്റെ സുഹൃത്ത് ഒരു സ്ഥാപനം തുടങ്ങി. വിവാഹജീവിതത്തിലേക്കൊന്നും കടക്കാതെ സ്വയം ഒറ്റപ്പെടാൻ തീരുമാനിച്ചവരെയും സാഹചര്യം മൂലവും മറ്റു കാരണങ്ങളാലും ഒറ്റപ്പെട്ടുപോയവരെയും മാത്രം ലക്ഷ്യമാക്കിയാണ് അത് ആരംഭിച്ചത്. അംഗങ്ങളാവാൻ ആരെങ്കിലുമുണ്ടാവുമോ എന്ന ചിന്തയെ അസ്ഥാനത്താക്കികൊണ്ട് ഒട്ടേറെ പേർ മുന്നോട്ട് വന്നു. ഒരു നിശ്ചിതതുക പ്രവേശനഫീസായി നിശ്ചയിക്കുകയും ചെയ്തു. 
 
അവിടെ അഡ്മിഷൻ തേടിയെത്തിയ ഒരു റിട്ടയേർഡ്‌ സർക്കാർ ഉദ്യോഗസ്ഥയുടെ കഥ വളരെ ചിന്തനീയമാണ്. പ്രവേശനഫീസ് നൽകാൻ അവരുടെ കൈവശം ഒന്നുമുണ്ടായിരുന്നില്ല. കുടുംബസ്വത്തിന്റെ ഭാഗമായി ചെറിയ വസ്തു ലഭിക്കാൻ സാധ്യതയുണ്ട്. പക്ഷേ അത് എപ്പോൾ ലഭിക്കുമെന്നോ എങ്ങനെ അതിനെ പണമാക്കി മാറ്റാനാവുമെന്നോ നിശ്ചയമില്ലാത്തതുപോലെയാണ് അവർ സംസാരിച്ചത്. പെൻഷനായി കിട്ടുന്ന തുകയും സഹോദരങ്ങൾ ഉണ്ടാക്കിയ ചില ബാധ്യതകൾ മൂലം ബാങ്ക് വായ്പയ്ക്ക് അടയ്ക്കണമായിരുന്നു. 

അവർ കുടുംബത്തിലെ ഏഴു മക്കളിൽ മൂത്തവളായിരുന്നു. മൂത്ത ആൾ ഇളയവരെയൊക്കെ നോക്കണമെന്നത് കുട്ടിക്കാലം മുതൽ കേട്ടുവളർന്ന പല്ലവിയായിരുന്നു. ധാരാളം മക്കളുള്ള വീട്ടിലെ മൂത്ത കുട്ടിക്ക് എന്നും ബാല്യം നഷ്ടപ്പെടാറുണ്ട്. സ്വയം ഒതുങ്ങാനും വിട്ടുകൊടുക്കുവാനും അവരെ മറ്റുള്ളവർ എന്നും ഉപദേശിക്കും. പഠിക്കാൻ മിടുക്കിയായിരുന്നെങ്കിലും സഹോദരങ്ങളെ സംരക്ഷിക്കാനായി പെട്ടെന്ന് കിട്ടിയ ജോലിയിൽ പ്രവേശിച്ചു. ഇളയവരെയെല്ലാം കരപറ്റിക്കാൻ ഉള്ള ശ്രമത്തിനിടയിൽ സ്വന്തം വിവാഹം മാറ്റിവെച്ചു. എന്നാൽ ഇന്ന് വാർധക്യത്തിൽ താൻ ഒരു അധികപ്പറ്റായി അവർക്കെല്ലാവർക്കും  തോന്നിത്തുടങ്ങിയെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അവർ സ്ഥാപനം തേടിയെത്തിയത്.  

ഒരു വ്യക്തി തന്റെ പ്രായത്തിന്റെ മുപ്പതുകളിലും നാൽപ്പതുകളിലും ആവേശപൂർവം പണിയെടുത്ത് കാര്യങ്ങൾ നടത്തും. എന്നാൽ വ്യക്തമായ സാമ്പത്തിക ആസൂത്രണത്തിന്റെ അഭാവം മൂലം വാർധക്യത്തിൽ കൈയിൽ പണമില്ലാതെ വിഷമിക്കുന്നവർ നമുക്കും ചുറ്റുപാടും സ്ഥിരകാഴ്ചയാണ്. ചിലരുടെ പേരിൽ സ്വത്തോ മറ്റ് വസ്തുക്കളോ ഉണ്ടാവാറുണ്ട്. പക്ഷേ കറൻസി ഉണ്ടാവാറില്ല. ജീവിതസായാഹ്നത്തിലെ സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ സ്വത്ത് മാത്രം പോരാ. പണമോ പെട്ടെന്ന് പണമാക്കി മാറ്റാൻ പറ്റുന്ന വസ്തുക്കളോ വേണം.

പണം സ്വാതന്ത്ര്യമാണ്. വാർധക്യത്തിലെ സ്വാതന്ത്ര്യമെന്നത് സാമ്പത്തിക സ്വാതന്ത്ര്യവും കൂടിയാണ്. ഒരു വ്യക്തി സാമ്പത്തിക ആസൂത്രണം ഏതു പ്രായത്തിലാണ് തുടങ്ങേണ്ടത് ? ഈ ചോദ്യം പലയിടങ്ങളിൽനിന്ന് പല രൂപത്തിൽ ഞാൻ കേട്ടിട്ടുണ്ട്. ഉള്ളതുതന്നെ ഒന്നിനും തികയുന്നില്ല പിന്നെ എങ്ങനെ സമ്പാദിക്കാനാണ് ? ഇതും ഇതിനോടനുബന്ധിച്ചുള്ള മറുചോദ്യമാണ്. ഇപ്പോൾ  ജോലിയോ ബിസിനസ്സോ ചെയ്യുന്നവർ ഭാവിയിൽ സാമ്പത്തിക സ്വാതന്ത്ര്യമുള്ളവരാകാൻ ചില മാർഗനിർദേശങ്ങൾ സ്വീകരിച്ചാൽ നന്നായിരിക്കും.

1 ക്രെഡിറ്റ് കാർഡിന്റെ ഉപയോഗം വിവേകപൂർവമാകണം. ക്രെഡിറ്റ് കാർഡ് ഒരേ സമയം ഉപകാരിയും വില്ലനുമാണ്. ധാരാളം റിവാർഡ് പോയിന്റ്‌സ് ഓഫർ ഉള്ളതിനാൽ ആവശ്യത്തിലധികം സാധനങ്ങൾ വാങ്ങിച്ചുകൂട്ടുവാൻ സാധ്യതയുണ്ട്. അത് സമ്പാദ്യത്തെ ബാധിക്കും. കൃത്യമായി തവണകൾ തിരിച്ചടയ്ക്കാൻ സാധിച്ചില്ലെങ്കിൽ പണം ചോരുന്ന വഴികൾ നമ്മുടെ കൈയിൽ ഒതുങ്ങാതാവും. ചെലവ് കഴിഞ്ഞ് മിച്ചമുണ്ടായിട്ട് സമ്പാദിക്കാമെന്ന് വിചാരിച്ചാൽ പലർക്കും സാധിക്കുകയില്ല. 

2 വിവിധ വരുമാന സ്രോതസ്സുകൾ കണ്ടെത്തുക. സ്ഥിരവരുമാനത്തോടൊപ്പം വ്യതിയാന വരുമാനങ്ങളും ഉണ്ടാവണം. ജോലിയോടൊപ്പം നിങ്ങളുടെ പാഷനോ അഭിരുചിക്കോ ഇണങ്ങുന്ന വരുമാനമാർഗങ്ങൾ കണ്ടെത്തി അത് സമ്പാദ്യമാക്കണം. ചില ബിസിനസ് ഷെയറുകളോ മാർക്കറ്റിങ്ങോ, ഏജൻസി പ്രവർത്തനങ്ങളോ ഒക്കെ ആവാം.  

3പ്രായമാവുമ്പോൾ സ്വത്തല്ല, ലിക്വിഡ് കാഷ് ആണ് ആവശ്യമായിരിക്കുന്നത്. അതുകൊണ്ട് പണം ലഭ്യമാവുന്ന തരത്തിലുള്ള നിക്ഷേപങ്ങൾ നടത്തുക. പണത്തിന് ആവശ്യം വരുമ്പോൾ ന്യായമായ വിലയ്ക്ക് വിൽക്കാൻ സ്വത്ത് ഉതകണമെന്നില്ല.   

4 ആരോഗ്യ പരിപാലന ഇൻഷുറൻസ് നിർബന്ധമായും എടുത്തിരിക്കുക. യൗവ്വനത്തിൽ ആരോഗ്യം വലിയ പ്രശ്നമായി ആർക്കും അനുഭവപ്പെടാറില്ല. എന്നാൽ പിന്നീട് ഏറ്റവും വലിയ ചെലവായി ആരോഗ്യപാലനം മാറും. പ്രീമിയം കുറച്ച് അടയ്ക്കാവുന്ന പ്രായത്തിൽ ഇൻഷുറൻസ് പോളിസികളിൽ അംഗമാവുക. 

5 ഗൃഹനിർമാണത്തിന് ആവശ്യത്തിലധികം പണം ഉപയോഗിക്കരുത്. വീട് ആഡംബരത്തിനോ പൊങ്ങച്ചത്തിനോ ഉള്ളതല്ല, സമാധാനപരമായി താമസിക്കുവാനുള്ളതാണ്. മറ്റുള്ളവരുടെ ജീവിതരീതികളും ചെലവുകളും അനുകരിക്കാതിരിക്കുക 

6 സാമ്പത്തിക വിനിമയങ്ങളിൽ വിവേകം ഉപയോഗിക്കണം. സാമ്പത്തിക വ്യക്തിബന്ധങ്ങളിൽ കൊടുക്കുന്നവൻ എന്നും നൽകിക്കൊണ്ടും മേടിക്കുന്നവൻ എന്നു വാങ്ങിക്കൊണ്ടുമിരിക്കും. കുടുംബ ബന്ധങ്ങളിൽ കൊടുക്കുന്നത് നല്ലതാണ് പക്ഷേ  തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ കൊടുത്തതിന്റെ കണക്ക് മനസ്സിൽ സൂക്ഷിക്കരുത്. 

7 മക്കളെ ധാരാളിത്തത്തിൽ വളർത്തരുത്. മക്കൾക്ക് കളിപ്പാട്ടം തുടങ്ങിയ വസ്തുക്കൾക്ക് ആവശ്യത്തിലധികം ചെലവഴിക്കാതിരിക്കുക. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണത്തിന്റെ മൂല്യം എല്ലാവരും അറിയത്തക്കവിധത്തിൽ ഇടപാടുകൾ നടത്തുക.

8 പണം പൊങ്ങച്ചത്തിനായി ഉപയോഗിക്കരുത്. സുഹൃത്തുക്കളുടേയും ബന്ധുക്കളുടെയും മുന്നിൽ ആളുകളിക്കുവാൻ ചെലവാക്കുന്നവരുണ്ട്. തൊലിപ്പുറത്തുകാണിക്കുന്ന അമിതമായ ആഡംബരം ആന്തരിക ശൂന്യതയെയാണ് സൂചിപ്പിക്കുന്നത്. 

ജീവിതത്തെ ക്രമപ്പെടുത്താനുതകുന്ന ഏറ്റവും നല്ല പരിശീലകനാണ് പണം. എന്നാൽ മനുഷ്യന്  പണത്തെയും പരിശീലിപ്പിക്കാനാവുമെന്നതാണ് യാഥാർഥ്യം.