ഒരു കിലോ ശര്‍ക്കര മേടിക്കാനാണ് രാജീവന്‍ കടയില്‍ ചെന്നത്... കടയുടമസ്ഥന്‍ കാണിച്ച ശര്‍ക്കര അല്‍പ്പം രുചിച്ചുനോക്കണമെന്ന് രാജീവന് നിര്‍ബന്ധമുണ്ടായിരുന്നു. അത് ശര്‍ക്കരയിലെ ഉപ്പിന്റെ അംശം കൂടുതലുണ്ടോ എന്നറിയാനായിരുന്നു. പ്രതീക്ഷിച്ചതുപോലെ ശര്‍ക്കരയുടെ സ്വാദ് രാജീവിന് പിടിച്ചില്ല. പായസവും മറ്റും ഉണ്ടാക്കിയാല്‍ ഉപ്പിന്റെ സ്വാദ് അരുചി ഉണ്ടാക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. അപ്പോള്‍ കടയുടമസ്ഥന്‍ പറഞ്ഞു: ‘കുറച്ചുകൂടി വിലയുള്ള മുന്തിയ ഇനം ശര്‍ക്കര ഉണ്ട്’. ‘എന്നാല്‍ അത് മതി’ എന്നായി രാജീവ്. അതിലാവുമ്പോള്‍ ഉപ്പിന്റെ അംശം കുറവായിരിക്കുമെന്ന് പറഞ്ഞപ്പോള്‍ താത്‌പര്യമുണ്ടായി. രുചിച്ചപ്പോള്‍ അത് കുറച്ചകൂടി ഭേദപ്പെട്ടതാണെന്ന് രാജീവിന് തോന്നി.

സത്യത്തില്‍ കടക്കാരന്‍ നല്‍കിയ ശര്‍ക്കര രണ്ടും ഒന്നുതന്നെയായിരുന്നു. വിലയില്‍ കൂടുതലുണ്ടെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോള്‍ ഇത് ഭേദമാണെന്ന് ഉപഭോക്താവിനെക്കൊണ്ട് ചിന്തിപ്പിക്കുന്ന തന്റെയൊരു വിദ്യ മാത്രമായിരുന്നു അതെന്ന് കടയുടമസ്ഥന്‍ എന്നോട് പറഞ്ഞപ്പോഴാണ് ചിരിയും ചിന്തയും ഒരുപോലെ ഇക്കാര്യത്തില്‍ എന്നിലേക്ക് കടന്നുവന്നത്.

കേവലം ഭക്ഷണസാധനങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, സ്വര്‍ണം, ഓട്ടോമൊബൈല്‍, റിയല്‍ എസ്റ്റേറ്റ്, ഹോം അപ്ലയന്‍സസ് എന്നിങ്ങനെ നിരവധി വസ്തുക്കളുടെ കാര്യത്തില്‍ ഉപഭോക്താവ് അതിവിദഗ്ദ്ധമായി കബളിപ്പിക്കപ്പെടുന്നുണ്ട്. ‘ഉപഭോക്താവാണ് വിപണിയിലെ രാജാവ്’ എന്ന അവസ്ഥയെ തകിടം മറിക്കപ്പെടുകയാണ് ചെയ്യുന്നത്. അത് മരുന്നുപോലുള്ള അവശ്യവസ്തുക്കളുടെ കാര്യത്തിലാവുമ്പോള്‍ ദയനീയമാവുകയാണ്.

ബാങ്ക് അക്കൗണ്ട് പോലുള്ള ഇടപാടുകള്‍ക്ക് നമ്മള്‍ ചെല്ലുമ്പോള്‍ ‘നിങ്ങളുടെ കസ്റ്റമറെ അറിയുക’ എന്ന ഫോറം പൂരിപ്പിച്ച് കൊടുക്കേണ്ടതായിട്ടുണ്ട്. അതുപോലെ ‘നിങ്ങളുടെ ഉത്‌പന്നത്തെ അറിയുക’ എന്ന് സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയില്‍ ലഭ്യമാവുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചുനോക്കൂ. കാരണം, ഒരു പാക്കറ്റ് പാലില്‍ പോലും പാലല്ലാതെ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്ന് ഉപഭോക്താവിന് അറിയാത്ത വിധത്തിലാണ് വിപണി വളരുന്നത്.

സാധനങ്ങളുടെ പൂര്‍ണവിവരം അറിയാനുള്ള അവകാശത്തില്‍ വസ്തുക്കളുടെ ഗുണം, ശുദ്ധി, അളവ്, വില്‍പ്പനാനന്തര സേവനം എന്നിങ്ങനെ വ്യത്യസ്ത കാര്യങ്ങള്‍ അടങ്ങുന്നു. ‘വിറ്റ സാധനം തിരിച്ചെടുക്കുന്നതല്ല’ എന്നു പറയുമ്പോള്‍ അതിന്റെ മാനദണ്ഡവും കൃത്യമായി ബോധ്യപ്പെടുത്തിയിരിക്കണം. ചില വസ്തുക്കളുടെ കാര്യത്തില്‍ ഇത് ലഭ്യമാണ്.

‘കുടുംബം അടിസ്ഥാന സാമ്പത്തിക യൂണിറ്റ്’ എന്ന നിലയില്‍ ഗാര്‍ഹിക സാമ്പത്തികശാസ്ത്രം തുടക്കം മുതലേ സാമ്പത്തികശാസ്ത്രത്തില്‍ ഇടം പിടിച്ചിരുന്നു. അതോടൊപ്പംതന്നെ വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തികശാസ്ത്രത്തിലെ മറ്റൊരു പ്രധാന ശാഖയാണ് ഉപഭോക്തൃ സാമ്പത്തികശാസ്ത്രം. ബിസിനസ് യൂണിറ്റുകളും ഉപഭോക്താക്കളും അടങ്ങുന്ന വിപണന പെരുമാറ്റത്തെ അടിസ്ഥാനമാക്കിയാണ് ഉപഭോക്തൃ സാമ്പത്തിക വ്യവസ്ഥിതി വളരുന്നത്. ഗ്രേ ബക്കര്‍, ഹാസ്‌ലിറ്റ് എന്നീ സാമ്പത്തിക ശാസ്ത്രജ്ഞന്മാരാണ് കുടുംബ സാമ്പത്തികശാസ്ത്രവുമായി സംയോജിപ്പിച്ച് ‘ഹോം ഇക്കണോമിക്സ്’ എന്ന സാമ്പത്തിക ശാഖയെ വളര്‍ത്തിയെടുത്തത്.

കാര്‍ഷികയുഗത്തില്‍ സ്വയംപര്യാപ്തമായ രീതിയില്‍ ഉപഭോഗം നിലവിലിരുന്നു. ആവശ്യങ്ങള്‍ പരമിതവുമായിരുന്നു. എന്നാല്‍ ഇന്ന് കൂട്ടുകുടുംബങ്ങള്‍ അണുകുടുംബത്തിലേക്ക് നീങ്ങിയതും മക്കളുടെ എണ്ണം കുറയുകയും സ്ത്രീയും പുരുഷനും പുറത്തുപോയി ജോലിചെയ്യാന്‍ തുടങ്ങിയതും മധ്യവര്‍ഗത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വഴിതെളിച്ചു. വിദ്യാഭ്യാസം, തൊഴില്‍, വിവിധ തലത്തിലുള്ള വികസനം എന്നിവയിലൂടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതു വഴി ആവശ്യങ്ങള്‍ വളരുകയും വിപണിയെ ആശ്രയിക്കാതെ ജീവിക്കാനാവില്ല എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തു.

ഇന്ന് ഉപഭോക്താക്കള്‍ വളരെ കൃത്യമായും വ്യക്തമായും പറ്റിക്കപ്പെടുന്നുണ്ട്. മരുന്നുകള്‍, നിത്യോപയോഗ സാധനങ്ങള്‍, ആഹാരവസ്തുക്കള്‍ എന്നിങ്ങനെയുള്ള അവശ്യ വസ്തുക്കളാല്‍ ചൂഷണം ചെയ്യപ്പെടുമ്പോള്‍ ജീവിതം ദുസ്സഹമാവുന്നു. ‘കുറച്ചുപേരെ കുറച്ചുകാലവും കൂറേപ്പേരെ എല്ലാക്കാലവും പറ്റിക്കാം. എന്നാല്‍, എല്ലാവരെയും എല്ലാക്കാലവും പറ്റിക്കാനാവില്ല’ എന്ന സത്യം നമ്മള്‍ മറന്നുപോവുന്നുവോ? വാങ്ങുന്ന സാധനങ്ങള്‍ പൂര്‍ണമായും നമ്മുടെ ഇഷ്ടപ്രകാരമാണോ എന്നത് ഏറെ ചിന്തനീയമായ വിപണിച്ചോദ്യമാണ്. ‘ജൈവം’ എന്നു പറഞ്ഞ് ലഭിക്കുന്നതെല്ലാ ജൈവമല്ല എന്ന് തിരിച്ചറിയുമ്പോഴും അധികം ചിന്തിച്ച് വഷളായിട്ട് കാര്യമില്ല എന്നതിലേക്ക് അവസാനം എല്ലാവരും എത്തിച്ചേരുന്നു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ചമൂലം പേരുപോലെതന്നെ കൃത്രിമബുദ്ധിയില്‍ എല്ലാം അവശ്യവസ്തുക്കളായി ചിത്രീകരിച്ച്, വ്യക്തിയുടെ പക്കലേക്ക് എത്തുകയാണ്. വിപണി വളരുമ്പോള്‍ ആഡംബരവസ്തുക്കളും അത്യാവശ്യവസ്തുക്കളും തമ്മിലുള്ള അതിര്‍ത്തിരേഖ നേര്‍ന്നതാവുന്നു. ഉപഭോക്തൃ തര്‍ക്കപരിഹാര സമിതികളും കമ്മിഷനും നിയമവും നിലവിലുണ്ടെങ്കിലും ഇന്നും സാമ്പത്തികമായി മുറിവേല്‍ക്കപ്പെടുന്നവര്‍ നിരവധിയാണ്. ഹെര്‍ബര്‍ട്ട് ഹൂവറുടെ അഭിപ്രായത്തില്‍, വിപണിവിനിമയ സാമ്പത്തികമുറിവുകള്‍ സൗഖ്യപ്പെടുത്തേണ്ടത് ഉത്‌പാദകരും ഉപഭോക്താക്കളും ചേര്‍ന്നാണ്. നിയമ നിര്‍മാണ-നിര്‍വഹണ മേഖലകൊണ്ടു മാത്രം അവ സംരക്ഷിക്കപ്പെടാനാവില്ല.

കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയാലും നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മയും ഭയവും താത്‌പര്യമില്ലായ്മയും സമയവും പണവും വീണ്ടും മുടക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നു. തുച്ഛമായ ചെലവിൽ പരാതി സമര്‍പ്പിക്കാമെന്നതും ഉപഭോക്തൃ സമിതിയുടെ ചായ്‌വ് പൊതുവെ ഉപഭോക്താവിന് അനുകൂലമാണെന്നതും ആശ്വാസം ജനിപ്പിക്കുന്നതാണ്. മാന്യമായ സേവനവും ഗുണനിലവാരമുള്ള സാധനങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവകാശവും ഉപഭോക്താവിന്റേതാണ് എന്ന് മനസ്സിലാക്കണം. ‘നമ്മുടെ തീരുമാനങ്ങള്‍ അപരന്‍ എടുക്കുന്നു’ എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തരുത്. ഇറോള്‍ ഫ്ലിന്‍ അഭിപ്രായപ്പെട്ടതുപോലെ, ‘മൊത്ത സ്വഭാവവും അറ്റ വരുമാനവും ചേര്‍ന്നു പോവാത്തതാണ് എന്റെ പ്രശ്നം.’ അതുകൊണ്ടാണ് ഉണ്ണുന്നവന്‍ അറിയാതെ പോവുന്നത്.