‘എനിക്ക് ഒരു വിവാഹത്തില്‍ സംബന്ധിക്കുവാന്‍ വളരെ ബുദ്ധിമുട്ടാണ് ടീച്ചറേ. വിവാഹ ആഘോഷം നടക്കുന്ന ഹാളില്‍നിന്ന് പലപ്പോഴും കണ്ണു നിറഞ്ഞ് ഭക്ഷണം പോലും കഴിക്കാതെ മറ്റുള്ളവരുടെ നേരെ നോക്കാതെ ഇറങ്ങിപ്പോന്നിട്ടുണ്ട്’. ഉയര്‍ന്ന പദവിയിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ വളരെ വേദനയോടെ എന്നോട് പങ്കുവച്ച വരികളാണിത്.

വളരെ സ്നേഹത്തോടും കരുതലോടും കൂടിയാണ് അദ്ദേഹം തന്റെ മകളെ വളര്‍ത്തിയത്. തനിക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചപ്പോള്‍ മുതല്‍ അദ്ദേഹം അതീവ സന്തോഷത്തിലായിരുന്നു. ഏതൊരു അച്ഛനെയും പോലെ അവളെ ചുറ്റിപ്പറ്റി ധാരാളം സ്വപ്നങ്ങള്‍ നെയ്തുകൂട്ടി. നല്ല വിദ്യാഭ്യാസം കൊടുക്കണം, ഉദ്യോഗസ്ഥയാക്കണം. നല്ല രീതിയില്‍ വിവാഹം കഴിപ്പിച്ചയയ്ക്കണം. അതിനുള്ള സാമ്പത്തികഭദ്രത ഉണ്ടാക്കുവാനുള്ള തീവ്രമായ പരിശ്രമവും അയാള്‍ നടത്തി. അവളുടെ പേരില്‍ ഓരോ വര്‍ഷവും തനിക്കാവുന്ന വിധത്തില്‍ സമ്പാദ്യവും തുടങ്ങി.

മകള്‍ കൗമാരപ്രായമായപ്പോഴേക്കും അച്ഛനായിരുന്നു അവളുടെ സുഹൃത്ത്. അത് സ്വാഭാവികവുമാണ്. കാരണം അമ്മ പലപ്പോഴും ചില നിയന്ത്രണങ്ങളും അരുതുകളും ആ പ്രായത്തില്‍ നിഷ്‌കര്‍ഷിക്കുന്നതിനാല്‍ പെണ്‍കുട്ടികള്‍ക്ക് അച്ഛനോടായിരിക്കും കൂടുതല്‍ വൈകാരിക അടുപ്പം ഉണ്ടാവുന്നത്.

അമ്മയും മകളും തമ്മില്‍ എപ്പോഴും വഴക്കായിരിക്കും. പലപ്പോഴും ജോലി കഴിഞ്ഞ് അച്ഛന്‍ ഓടിയെത്തുമ്പോള്‍ പെണ്‍കുട്ടികള്‍ കൊഞ്ചലും വിശേഷങ്ങളുമായി അടുക്കല്‍ കൂടും. അത് ഇദ്ദേഹവും വല്ലാതെ ആസ്വദിക്കുമായിരുന്നു. എന്നാല്‍ ഡിഗ്രി പഠനം പൂര്‍ത്തിയായപ്പോള്‍ അവള്‍ക്കിഷ്ടമുള്ള പുരുഷനുമായുള്ള വിവാഹം അവള്‍ സ്വയം തീരുമാനിച്ചു. അവള്‍ക്കിഷ്ടമുള്ള വിവാഹത്തിന് താന്‍ എതിരല്ല. കാരണം അത് അവളുടെ ജീവിതവും തിരഞ്ഞെടുപ്പുമാണ്. അതിനാല്‍ ബന്ധുമിത്രാദികളെയൊന്നും അധികം ക്ഷണിക്കാതെ ലളിതമായ രീതിയില്‍ അത് നടത്തിക്കൊടുത്തു.

പക്ഷെ, അത് ഞങ്ങളുടെ സ്വപ്നങ്ങള്‍ക്കും അഭിമാനത്തിനും ക്ഷതമേല്‍പ്പിച്ചിട്ടായപ്പോള്‍ എന്ന് പറഞ്ഞ് വാക്കുകള്‍ കിട്ടാതെ അദ്ദേഹം വിതുമ്പുന്നതും, കണ്ണുനീര്‍ ഞാന്‍ കാണാതിരിക്കുവാന്‍ അദ്ദേഹം പാടുപെടുന്നതും ശ്രദ്ധിച്ചു. ‘ഇന്നും വിവാഹപ്പന്തലിലെ ആരവവും സന്തോഷവും കാണുമ്പോള്‍ എനിക്കിത് സാധിച്ചില്ലല്ലോ എന്നോര്‍ത്ത് എന്റെ കണ്ണ് നിറയും.’ അദ്ദേഹം കൂട്ടിചേര്‍ത്തു.

മക്കളുടെ വിവാഹം മാതാപിതാക്കളുടെ ഏറ്റവും വലിയ സ്വപ്നമാണ്. അതിനായി അവര്‍, പ്രത്യേകിച്ച് ഉത്തരവാദിത്വമുള്ള അച്ഛന്‍ തനിക്ക് പറ്റുന്ന വിധത്തില്‍ പണം സ്വരൂപിക്കുന്നത് കണ്ടുവരാറുണ്ട്. കെട്ടുറപ്പുള്ള കുടുംബങ്ങള്‍ എന്നും ഭാരതത്തിന്റെ ആസ്തിയാണ്.

പണത്തിന്റെ ഉപയോഗത്തില്‍ മുന്‍കരുതല്‍ മനോഭാവം എന്ന ഒരു തലമുണ്ട്. ഈ ആശയത്തെ ശക്തമായി മുന്നോട്ട് വച്ച സാമ്പത്തിക ശാസ്ത്രജ്ഞനാണ് ജെ.എം. കെയിന്‍സ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വ്യക്തിപരമായും സാമൂഹ്യമായും ഭാവിക്കുവേണ്ടിയുള്ള കരുതലാണ് സാമ്പത്തിക വ്യവസ്ഥിതിയുടെ വളര്‍ച്ചയുടെ അടിസ്ഥാനം. ഭാവിയിലുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഇന്നേ മനസ്സിലാക്കിക്കൊണ്ടുള്ള ഈ കരുതല്‍ ഇന്നത്തെ ഉപഭോഗത്തെയും സമ്പാദ്യത്തെയും സ്വാധീനിക്കുന്നു. അതുകൊണ്ടുതന്നെ വിവിധ ഇന്‍ഷുറന്‍സ് കമ്പനികളും ബാങ്കുകളും സര്‍ക്കാര്‍ സംവിധാനങ്ങളും പെണ്‍കുട്ടികളുടെ വിവാഹവുമായി ബന്ധപ്പെട്ട് വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്കരിച്ചുവരുന്നു.

സ്ത്രീധനം നിയമപരമായി നിരോധിച്ചിട്ടുള്ള നാടാണ് നമ്മുടേതെങ്കിലും ഒരു കുഞ്ഞുടുപ്പ് മേടിക്കുന്നതു മുതല്‍ പിച്ചവച്ച് നടക്കുന്ന പ്രായത്തിലേ, ഉത്തരവാദിത്വമുള്ള അച്ഛന് മകളെക്കുറിച്ച് വളരെ കരുതലുണ്ട്. കുഞ്ഞുന്നാളില്‍ കൊഞ്ചിക്കുഴഞ്ഞ് അച്ഛാ എന്ന് വിളിക്കുന്നതിന്റെ ആന്മനിര്‍വൃതിയില്‍ വലിയ തോതിലുള്ള ഉത്തരവാദിത്വബോധം അവരില്‍ ഉടലെടുക്കുന്നു. മകളെ ചുറ്റിപ്പറ്റിയുള്ള സാമ്പത്തിക കണക്കുകൂട്ടലുകള്‍ തുടങ്ങുന്നു.

പെണ്‍കുട്ടികള്‍ അച്ഛന്റെ മോഹവും അമ്മയുടെ ആധിയുമാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ പെണ്‍കുട്ടികളിലൂടെ സാമ്പത്തികമായി ഉയര്‍ന്നുവന്ന ധാരാളം കുടുംബങ്ങള്‍ കേരളത്തില്‍, പ്രത്യേകിച്ച് മധ്യതിരുവിതാകൂറിലുണ്ട്. കേരളത്തിന്റെ സാമ്പത്തിക ചംക്രമണത്തെപോലും സ്വാധീനിക്കുന്ന തരത്തില്‍ വിദേശത്ത് നിന്ന് ഒഴുകുന്ന പണത്തിന്റെ വലിയ പങ്കും ഇവിടെനിന്നും പോയ പെണ്‍കുട്ടികളുടേതാണ്.

എന്നിരുന്നാലും പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള കരുതല്‍ അച്ഛന്റെ ഉത്തരവാദിത്വവും സ്വപ്നവും തന്നെയാണ്. ജീവിതസായാഹ്നത്തില്‍ മാതാപിതാക്കളുടെ സന്തോഷം മക്കള്‍ നല്ല രീതിയില്‍ ജീവിക്കുന്നത് കാണുന്നതാണ്. ഏറ്റവും വലിയ ദുഃഖവും മക്കളില്‍നിന്നുള്ള തിരിച്ചടികളാണ്. മക്കള്‍ക്ക് മാതാപിതാക്കളെ തോല്‍പ്പിക്കാനാവും. പരാജയപ്പെടുത്താനും സാധിക്കും. ഓര്‍ക്കുക, ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ച നമ്മുടെ മാതാപിതാക്കളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയാണ്. അതിലും മനോഹരമായത് അതിന് കാരണം മക്കളാവുക എന്നതാണ്.

മക്കളില്‍നിന്ന് അമിതമായി പ്രതീക്ഷിക്കുന്നതും നല്ല മനോഭാവമല്ല, അവരെ പറന്ന് ഉയര്‍ന്ന് പോകുവാന്‍ അനുവദിക്കുക എന്നതാണ് പ്രധാനപ്പെട്ടത്. അത് കണ്ട് സന്തോഷിക്കുവാനുള്ള ആന്മബലം നേടിയെടുക്കുകയാണ് വേണ്ടത്. സാമ്പത്തികമായ പിന്തുണ ആവശ്യമുള്ളപ്പോള്‍ മാത്രം നല്‍കുക.

സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാകത്തക്കവിധം വേരുകളും ചിറകുകളും നല്‍കുക എന്നതാണ് ആവശ്യമായിരിക്കുന്നത്. ആരോഗ്യകരമായ ചിന്ത അവര്‍ നമ്മളോടൊത്തും നമ്മളെ കൂടാതെയും നമ്മളെ മറികടന്നും പോകട്ടെ എന്നതാണ്. കാരണം ഇന്ന് കുട്ടികള്‍ വളരുകയല്ല, അവരെ വളര്‍ത്തുകയാണ് ചെയ്യുന്നത്. ഫ്രാങ്ക്ളിന്‍ പി. ആഡംസിന്റെ വാക്കുകള്‍ ഓര്‍ക്കാം, ‘കുട്ടികളില്‍നിന്നാണ് നമ്മള്‍ പലതും പഠിക്കുന്നത്, പ്രത്യേകിച്ച് ക്ഷമ എന്നത് എന്താണെന്ന് ഓരോ പ്രായത്തിലും പല രൂപത്തില്‍ അവര്‍ നമ്മളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു'.