‘വളരെ നാളുകൾക്കുശേഷം എന്റെ ബാല്യകാല സുഹൃത്തിന് എന്നെ ഒന്ന് കാണണമെന്ന് പറഞ്ഞപ്പോൾ അതീവ സന്തോഷത്തോടെയാണ് ഞാൻ ചെന്നത്. പക്ഷേ, അത് അദ്ദേഹത്തിന്റെ വിപണനശൃഖലയിൽ എന്നെയുംകൂടി ചേർക്കാനാണ് എന്നറിഞ്ഞപ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് അറിഞ്ഞുകൂടാ. എന്നെ ഇക്കാര്യത്തിൽ ഒന്ന് സഹായിക്കാമോ?' എനിക്കുവരുന്ന ചില ഫോൺകോളുകളുടെ സാരാംശമാണിത്. 
 
വസ്തുക്കളുടെ വിപണനത്തിനും വിനിമയത്തിനും എന്നും നവീനമായ രീതികൾ കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച് ഉടലെടുക്കാറുണ്ട്. അതിൽ സവിശേഷവുമായ രീതിയാണ് മൾട്ടി ലെവൽ മാർക്കറ്റിങ്. നെറ്റ് വർക്ക് മാർക്കറ്റിങ്, റഫറൽ മാർക്കറ്റിങ്, പിരമിഡ് സെല്ലിങ് എന്നിങ്ങനെ വിവിധ പേരുകളിൽ ഇവ അറിയപ്പെടുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ ഇവയെല്ലാം വിവിധ ശ്രേണികളായി തരംതിരിച്ചുള്ള വിൽപ്പനരീതികളാണ്. 
 
സാമ്പത്തികശാസ്ത്രത്തിൽ ഡിമാൻഡും സപ്ലൈയും വസ്തുക്കളുടെ വിനിമയവുമായി ബന്ധിപ്പിക്കുന്ന പ്രധാന സാമ്പത്തിക സൂചികകളാണ്. ഒരു നിശ്ചിതസമയത്ത് നിശ്ചിതവിലയ്ക്ക് വിൽപ്പനയ്ക്കായി ലഭ്യമായ സാധനങ്ങളും സേവനങ്ങളും എന്നാണ് സപ്ലൈ എന്ന പദംകൊണ്ട് അർത്ഥമാക്കുന്നത്. ഇതിന് ഡിമാൻഡ് ഉണ്ടാവുമ്പോൾ വിനിമയം സംഭവിക്കുന്നു. സപ്ലൈയും ഡിമാൻഡും തുല്യമാക്കാൻ വിപണി പരിശ്രമിക്കുന്നു. ഹോൾസെയിൽ, റിട്ടെയ്ൽ എന്നിങ്ങനെ രണ്ടു രീതിയിൽ മാത്രം ഒതുങ്ങിയിരുന്ന വിൽപ്പനരീതികൾക്ക് ഇന്ന് മാറ്റം വന്നുകഴിഞ്ഞു.  

ആഗോളവത്‌കരണത്തിന്റെ ഫലമായി വ്യത്യസ്തമായ ഉത്‌പന്നങ്ങൾ പരസ്പരം മത്സരിച്ച് ആവശ്യക്കാരനെ തേടിയെത്തുകയാണ്. വിപണി എന്നത് ഇന്നൊരു നിശ്ചിതസ്ഥലമല്ലാതായി മാറിക്കഴിഞ്ഞു. ഇപ്പോൾ നമ്മുടെ നാട്ടിൽ വളരെയധികം പ്രചാരമുള്ളതും വ്യാപകവുമായ വിപണന സമ്പ്രദായമാണ് നെറ്റ് വർക്ക്‌ വഴിയുള്ള വിൽപ്പന. ഒരു നിശ്ചിത കമ്പനിയുടെ ഉത്‌പന്നങ്ങൾ ഉപയോഗിക്കുന്നവരോ വിൽപ്പന നടത്തുന്നവരോ ആയിട്ടുള്ള വിതരണക്കാരുടെ ശൃഖലയായിട്ടാണ് നെറ്റ് വർക്ക്‌ മാർക്കറ്റിങ് പ്രവർത്തിക്കുന്നത്. 
 
ബി.കോം., എം.ബി.എ. മാർക്കറ്റിങ് എന്നിവ പഠിച്ചവർക്കാണ് മാർക്കറ്റിങ് ജോലി എന്ന പൊതു ധാരണ മാറിക്കഴിഞ്ഞു. നൈസർഗികവാസനയും അദ്ധ്വാനശീലവും സാമാന്യജ്ഞാനവുമുള്ള ഏതൊരാൾക്കും കടന്നുചെല്ലാവുന്ന മേഖലയായി ഇത് വളർന്നുകൊണ്ടിരിക്കുന്നു. പഠനത്തോടൊപ്പമോ, മറ്റ് തൊഴിൽ ചെയ്യുന്നതിനൊടൊപ്പമോ കൂട്ടിച്ചേർക്കാവുന്ന ഒരു വരുമാന സ്രോതസ്സായി നെറ്റ്‌വർക്ക് മാർക്കറ്റിങ് ഉപയോഗിക്കപ്പെടുന്നു. ചെറിയ മുതൽമുടക്കിൽ ഈ ബിസിനസ് രംഗത്തേക്ക് കടന്നുവരാമെന്നതും ആകർഷണീയമായ സവിശേഷതയാണ്. 
 
ഭാരതത്തിൽ 1995-ന്‌ ശേഷമാണ് നെറ്റ് വർക്ക്‌ മേഖല പ്രധാനമായും വ്യാപകമായത്. 1991-ലെ നവ സാമ്പത്തികനയം ഇതിലേക്ക് വഴിതെളിച്ചുവെന്ന്‌ കരുതാവുന്നതാണ്. ധാരാളം വസ്തുക്കൾ വിപണിയിലുള്ളതുകൊണ്ടും വിപണനം മത്സരാധിഷ്ഠിതമായതിനാലും മാർക്കറ്റിങ് അടിസ്ഥാനപരമായി ഒരു തന്ത്രമാണ്. ഒരാൾ നേരിട്ട് വിൽക്കുന്ന വസ്തുക്കളിൽനിന്ന് കിട്ടുന്ന പ്രതിഫലത്തിനോടൊപ്പം തന്റെ ടീമിലെ മറ്റ് അംഗങ്ങളുടെ പരിശ്രമത്തിൽനിന്നുള്ള വിഹിതവും ലഭിക്കുന്നു.
 
മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനികൾ നിരവധി നിയമനടപടികൾക്ക് നിരന്തരം വിധേയമാണ്.  വളരെയധികം വിമർശനങ്ങളും കബളിപ്പിക്കലും നേരിടുന്നുമുണ്ട്. അതുകൊണ്ട് ഈ മേഖലയിൽ മുന്നേറാൻ ആഗ്രഹിക്കുന്നവർ നിലനിർത്തേണ്ട വ്യക്തിപരമായ ചില മുൻകരുതലുകൾ അറിയുകയും പിന്തുടരുകയും ചെയ്യേണ്ടത് ആവശ്യമാണ്.  

ഒന്നാമതായി നിങ്ങൾ ഏതു കമ്പനിയുമായി ചേർന്ന്‌ പ്രവർത്തിക്കാനാണോ ആഗ്രഹിക്കുന്നത് ആ  കമ്പനിയെക്കുറിച്ച് പഠിക്കുക. അവരുടെ മുൻകാല പ്രവർത്തനങ്ങൾ, പ്രശ്നങ്ങൾ, വിപണനത്തിന്റെ നിജസ്ഥിതി എന്നിവ അറിയുക. സുഹൃത്തുക്കളോ ബന്ധുക്കളോ പറഞ്ഞതുകൊണ്ട് മാത്രം ഈ ശൃഖലയുടെ കണ്ണിയാവണമെന്നില്ല. സമൂഹമധ്യത്തിൽ കമ്പനിക്കുള്ള വിശ്വസനീയതയാണ് പ്രധാനം.  

നിങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്ന ഉത്‌പന്നത്തോട് നിങ്ങൾക്ക് താത്‌പര്യമുണ്ടായിരിക്കണം. എങ്കിലേ തൊഴിലിൽ അഭിനിവേശം ഉണ്ടാവുകയുള്ളൂ. വരുമാനവും ലാഭവും നിങ്ങളുടെ തൊഴിലിനെ മുന്നോട്ട് നയിക്കുന്ന പ്രേരകങ്ങളാണ്. റിട്ടേൺ പോളിസി ഉള്ളത് വിശ്വാസീയതയ്ക്കും കൂടുതൽ വിപണന സാധ്യതകൾക്കും നല്ലതാണ്. 
 
വിൽപ്പനയിലെ ധാർമികത വളരെ പ്രധാനപ്പെട്ട വിഷയമാണ്. മാന്യവും ന്യായവുമായ രീതിയിൽ മതി കച്ചവടം എന്ന് സ്വയം തീരുമാനിക്കുക. കാരണം, കുറച്ചുപേരെ കുറച്ചുനാൾ കബളിപ്പിക്കാനാവും, എല്ലാവരെയും എല്ലാനാളും പറ്റിക്കാനാവില്ല എന്ന സത്യം മനസ്സിലാക്കുക.  
 
വ്യക്തിബന്ധങ്ങളും ചില ഗ്രൂപ്പ് അംഗത്വവും ഇതിനായി മാത്രം ഉപയോഗിക്കാതിരിക്കുക. പക്ഷേ,  വിവേകത്തോടുകൂടിയുള്ള സമീപനമാവാം. സൗഹൃദങ്ങൾ ചൂഷണംചെയ്യുന്നവരാണ് നിങ്ങളെന്ന് മനസ്സിലാക്കുന്നതുമൂലം നിങ്ങളെ കാണുമ്പോഴേ ആളുകൾ ഒഴിഞ്ഞുമാറുന്ന അവസ്ഥാവിശേഷം സൃഷ്ടിക്കരുത്. ഉപഭോക്താക്കൾക്ക് ഉപകാരപ്രദമായ ഗുണമേന്മയുള്ള വസ്തുക്കളാണെങ്കിൽ അവർ നിങ്ങളെ തേടിയെത്തും. 
 
ബിസിനസ് ശൃഖലയിൽ ചേർക്കാൻ ആളെ കിട്ടാതെ വരുമ്പോൾ സാധനങ്ങൾ സ്വയം 
ഉപയോഗിച്ചുതീർത്ത അനുഭവങ്ങളുള്ളവരുമുണ്ട്. ആകർഷകമായ ഓഫറുകൾ വാഗ്ദാനം നൽകി അവസാനം വലിയ നഷ്ടത്തിൽ എത്തിയവരും നിരവധിയാണ്. മാർക്കറ്റിങ് മീറ്റിങ്ങുകൾക്ക് മുടങ്ങാതെ പങ്കെടുക്കുന്നവർക്ക് പാരിതോഷികങ്ങളും നൽകാറുണ്ട്. മുൻപരിചയമുള്ളവരെയും പുതുതായി പരിചയപ്പെടുന്നവരെയും തന്റെ മാർക്കറ്റിങ് വലയത്തിലേക്ക് എത്തിക്കാനുള്ള നിപുണതയാണ് ഇവിടത്തെ വലിയ നേട്ടം. 

മാർക്കറ്റിങ് നിങ്ങൾക്കനുയോജ്യമായ മേഖലയാണ് എന്ന് ബോധ്യമുണ്ടെങ്കിൽ വിജയം ഉറപ്പാണ്. പക്ഷേ, ആരുടെയെങ്കിലും നിർബന്ധത്തിന് വിധേയമായോ ജീവിക്കാൻ വേറെ മാർഗമൊന്നുമില്ലാത്തതുകൊണ്ടോ എടുത്തുചാടരുത്. കാരണം സാമ്പത്തിക തീരുമാനങ്ങളുടെ ഉത്തരവാദിത്വം എപ്പോഴും അവനവന് തന്നെയാണ്. മറ്റുള്ളവരുടെ സാമ്പത്തിക പരാജയങ്ങൾ കണ്ടുനിൽക്കുന്നവർക്ക് വിനോദവുമാണ്.