രാജുവും സുനിയും യു.പി. സ്കൂൾ ആദ്ധ്യാപകരാണ്. വളരെ മാതൃകാപരമായ ജീവിതം നയിക്കുന്നവർ. വീട്ടിലും നാട്ടിലും സ്കൂളിലും എല്ലാവർക്കും ഇവരെക്കുറിച്ച് നല്ലത് മാത്രമെ പറയാനുള്ളൂ. മൂന്നു മക്കളാണ് ഇവർക്കുള്ളത്. നന്നായി പഠിക്കുന്നവർ. മക്കളെ പഠിപ്പിച്ച് നല്ല നിലയിലാക്കണം. അതാണവരുടെ സ്വപ്നം. മൂത്ത മകൾ എൻട്രൻസ് പരീക്ഷയെഴുതി ബി.ഡി.എസ്സിന്  ചേർന്ന് പഠനമാരംഭിച്ചു.

ഫീസ് അടയ്ക്കാനും മറ്റ് പഠനാവശ്യങ്ങൾക്കുമുള്ള പണത്തിന്  പലപ്പോഴും ബുദ്ധിമുട്ടായിരുന്നു. വിദ്യാഭ്യാസ ലോണിനു പകരം പി.എഫിൽ നിന്നും മറ്റും പല പ്രാവശ്യം വായ്പയെടുത്തു. വീടിന്റെ വായ്പയും പഠിപ്പിക്കുന്നതിന്റെ ചെലവും മറ്റു ജീവിതച്ചെലവുകളും താങ്ങുവാൻ ചിലപ്പോഴെങ്കിലും ബുദ്ധിമുട്ടി. രാജു ഒരു നല്ല കർഷകൻ കൂടിയായിരുന്നു. രാവിലെ രണ്ടുമണിക്കൂർ കൃഷിപ്പണി ചെയ്യും. വാഴയും ഇഞ്ചിയും ഒക്കെ ആദായകരമായ രീതിയിൽ ഫലമെടുത്ത് കാര്യങ്ങൾ നടത്തി. മക്കളെ പഠിപ്പിക്കാനാണല്ലോ എന്നോർത്ത് കഷ്ടപ്പാട് ഒന്നും കാര്യമാക്കിയില്ല. എന്നാൽ തകർന്നുപോയത് മകളിൽനിന്ന് തിരിച്ചടി കിട്ടിയപ്പോഴാണ്.

പത്താം ക്ലാസുവരെ മാത്രം വിദ്യാഭ്യാസമുള്ള അന്യമതസ്ഥന്റെ കൂടെ മകൾ ഒളിച്ചോടിയത് മാത്രമായിരുന്നില്ല അവരെ തളർത്തിയത്. മകൾ സാമ്പത്തികമായി അതിവിദഗ്ദ്ധമായി ചൂഷണം ചെയ്ത രീതിയാണ് അവർക്ക് വിഷമമായത്. പഠനം തീരുന്നതിന് ഒരു വർഷം മുമ്പുതന്നെ അവർ വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ  പഠിക്കാനുള്ള ചെലവ് മുഴുവൻ തന്റെ അച്ഛനമ്മമാരിൽനിന്ന് ഈടാക്കി പഠനം പൂർത്തിയായതിനുശേഷം മാത്രം മതി വീട്ടിൽനിന്നുപോരാൻ എന്നതായിരുന്നു അവളുടെ തീരുമാനം. ഇക്കാര്യം മറച്ചുവച്ചുകൊണ്ടാണല്ലോ ഒരു വർഷം മകൾ തങ്ങളോടൊപ്പം കഴിഞ്ഞത് എന്ന ചിന്തയായിരുന്നു അവരെ ഏറെ തളർത്തിയത്. 

ഒരു കുഞ്ഞു ജനിക്കുമ്പോൾത്തന്നെ മാതാപിതാക്കളുടെ ദിനചര്യപോലും മാറുകയാണ്. അവർ എപ്പോൾ ഉറങ്ങണമെന്നും ഉണരണമെന്നുപോലും തീരുമാനിക്കുന്നത് ആ കുഞ്ഞാണ്. കുഞ്ഞിനെ ചുറ്റിപ്പറ്റിയാണ് പിന്നീട് അവരുടെ ജീവിതതാളം മെനയുന്നത്. കുഞ്ഞ് വളരുന്നതനുസരിച്ച് ആ കുഞ്ഞിനെക്കുറിച്ചുള്ള അവരുടെ സ്വപ്നങ്ങളും വിടരുന്നു. അവർ വളർന്ന് പാകതയിലെത്തുന്നതും വിദ്യാഭ്യാസം പൂർത്തിയാക്കുന്നതും ജോലി ലഭിക്കുന്നതും ജീവിതം കരുപ്പിടിപ്പിക്കുന്നതും എല്ലാം അവർ ഭാവന ചെയ്യുന്നു. അതിനുവേണ്ടി അധ്വാനിക്കുന്നു. 
എന്നാൽ മാതാപിതാക്കൾ തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കപ്പെടുവാനുള്ളവരാണ് എന്ന ചിന്തയാൽ ഭരിക്കപ്പെടുന്ന മക്കളുടെ എണ്ണം ഏറിവരികയാണ്.

തങ്ങൾ വളർന്ന് മാതാപിതാക്കൾക്ക് താങ്ങാവണം എന്ന ചിന്തയ്ക്ക് പകരം ഈ വീട്ടിൽനിന്ന് കിട്ടാനുള്ളതൊക്കെ കൈക്കലാക്കി എത്രയും പെട്ടെന്ന് ഇവിടം വിട്ടുപോവണം എന്ന ചിന്തയുള്ളവർ ധാരാളമുണ്ട്. മാതാപിതാക്കളെ അതിവിദഗ്ദ്ധമായി കബളിപ്പിക്കുന്ന മക്കൾ അദ്ധ്യാപകർക്ക് സ്ഥിര അനുഭവമാണ്.  പ്രായപൂർത്തിയാവുമ്പോൾ മാതാപിതാക്കളുടെ ദുഃഖത്തിന്റെയോ സഹനത്തിന്റെയോ ഓഹരിയല്ല സ്വത്തിന്റെ പങ്ക് ആണ് അവർ അവകാശമായി ചോദിക്കുന്നത്. 

സാമ്പത്തികശാസ്ത്രത്തിൽ നിക്ഷേപത്തിൽനിന്നുള്ള പ്രതിഫലം അഥവാ റിട്ടേൺ ഓൺ ഇൻവെസ്റ്റ്‌മെന്റ് എന്നത്  മുടക്കുമുതലിന്റെ ചെലവും അതിൽനിന്നുള്ള നേട്ടവും കണക്കിലെടുത്തുകൊണ്ടാണ് നിർണയിക്കുന്നത്. എന്നാൽ മക്കളിൽ നിക്ഷേപിക്കുന്നത്. ഒരു നിയോഗം പോലെ പുണ്യമാണ്. വീട്ടിൽനിന്ന് വേദനിപ്പിച്ച് ഇറങ്ങിപ്പോയ മക്കൾക്ക് സ്വത്തിന്റെ വീതം നൽകുന്നതുമായി ബന്ധപ്പെട്ട് ധാരാളം പേർ എന്റെ അടുക്കൽ വരാറുണ്ട്. എല്ലാം മറക്കാനും പൊറുക്കാനും തയ്യാറായ അവരുടെ ചിന്തകൾ എന്നെ അദ്ഭുതപ്പെടുത്താറുണ്ട്.  

കുട്ടികൾ പൊതുവെ പറയുന്ന പല്ലവിയാണ് വീട്ടിൽനിന്ന് എനിക്ക് ഒട്ടും സ്നേഹം കിട്ടിയില്ല. എന്താണ് സ്നേഹം? എപ്പോഴും നല്ല വാക്കുകൾ പറയുന്നതോ? അതോ ഇഷ്ടങ്ങളെല്ലാം സാധിച്ചുതരുന്നതോ? ലോകത്തിൽ രണ്ടു വിഭാഗത്തിനുമാത്രമെ നമ്മളോട് അസൂയ ഇല്ലാത്തവരുള്ളു. അത് മാതാപിതാക്കളും അദ്ധ്യാപകരുമാണ്. അവരെക്കാളും തങ്ങളുടെ കുട്ടികൾ ഉയരണമെന്നാണ് ഈ രണ്ടുകൂട്ടരുടേയും ആഗ്രഹം. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതലായി കുറ്റപ്പെടുത്തുന്നവരും വഴക്കുപറയുന്നവരും ഇവരാണ്. അത് സ്നേഹക്കുറവുകൊണ്ടല്ല മറിച്ച് സ്നേഹക്കൂടുതൽകൊണ്ടാണ് എന്ന് തിരിച്ചറിയുകയാണ് വേണ്ടത്. 

പ്രണയത്തിനാരും എതിരല്ല. അത് വ്യക്തിസ്വാതന്ത്ര്യമാണ്. എന്നാൽ മാതാപിതാക്കളെ നോക്കുകുത്തികളാക്കുന്നവിധം സാമ്പത്തിക ചൂഷണം നടത്തുന്ന മക്കൾ ഒരു തീരാവേദനയാണ്. മാതാപിതാക്കൾ ഒരിക്കലും മക്കളെ ശപിക്കുകയോ നാശം വരണമെന്ന് ആഗ്രഹിക്കുകയോ ചെയ്യാറില്ല. എന്നാൽ മക്കൾമൂലം അവരുടെ കണ്ണിൽ ഉരുണ്ടുകൂടുന്ന കണ്ണീർക്കണങ്ങൾക്ക് മക്കളുടെ ജീവിതത്തിൽ ഓളങ്ങളുണ്ടാവും. 

മാതാപിതാക്കൾ ഒരു കാര്യം മനസ്സിലാക്കുക. പുതുതലമുറയുടെ നിലപാടുകളും  ജീവിതശൈലികളും വല്ലാതെ മാറിയിട്ടുണ്ട്.  സമ്പത്തിന്റെയും ഭൗതിക സുഖസൗകര്യങ്ങളുടെയും വർധന കൂടുതൽ സ്വതന്ത്രരും ജീവിതാസ്വാദകരുമാക്കിയപ്പോൾ നിലനിൽക്കുന്ന  ബന്ധങ്ങളും പരിപാലിച്ചുപോരുന്ന പ്രതിബദ്ധതകളും ജീവിതത്തിന്റെ ദ്രുതതാളത്തിൽ തൂത്തെറിയപ്പെടുകയാണ്. അതുകൊണ്ട് ഒന്നും പ്രതീക്ഷിക്കാതെ മക്കളെ വളർത്താൻ പഠിക്കുക.

ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്കാരത്തെ നേരിടാൻ മാതാപിതാക്കൾക്ക് ആത്മബലമുണ്ടാവണം. 
മാതാപിതാക്കളുടെ അധ്വാനത്തിന്റെ വിലയറിയാത്തവർ എത്രയും പെട്ടെന്ന് അവരിൽനിന്ന് വേർപെടുവാൻ ശ്രമിക്കും. വേരുകൾ മണ്ണിൽ  തളച്ചിട്ടിരിക്കുന്നതിനാൽ മരത്തിന് സ്വാതന്ത്ര്യക്കുറവ് അനുഭവപ്പെടും. പക്ഷെ ഓർക്കുക,  പറിച്ച് മാറ്റപ്പെടുന്നതിലല്ല ഒരു വൃക്ഷത്തിന്റെ സ്വാതന്ത്ര്യം അടങ്ങിയിരിക്കുന്നത്.