‘കുടുംബശ്രീ’യുമായി ബന്ധപ്പെട്ട ഒരു സർവേയിലാണ് ഞാൻ രാജിയെ പരിചയപ്പെടുന്നത്. അയൽക്കൂട്ടങ്ങൾ അവളെ വളരെയധികം  സാമ്പത്തികമായി സഹായിച്ചു എന്ന് രാജി വളരെ കൃത്യമായി വിലയിരുത്തി. അതിൽ അംഗമായത് ലോൺ എടുക്കാൻവേണ്ടി മാത്രമായിരുന്നു എന്ന് സത്യസന്ധമായി അവൾ പറഞ്ഞു. മറ്റ് പലരെയുംപോലെതന്നെ ആദ്യത്തെ ലോൺ എടുത്തത് പണയംവച്ചിരുന്ന ജിമിക്കി കമ്മൽ പണയത്തിൽനിന്ന് എടുക്കാനായിരുന്നു.

നാട്ടിലെ സ്വകാര്യ പണമിടപാടുകാരുടെ കഴുത്തറുപ്പൻ പലിശയിൽനിന്നുള്ള മോചനമായിരുന്നു ലക്ഷ്യം. പിന്നീടെടുത്ത വിവിധ ലോണുകൾകൊണ്ട് വീട്ടാവശ്യത്തിനുള്ള പലതും വാങ്ങി. അവളുടെ വീട്ടിലെ ചെറുതും ഭംഗിയുള്ളതുമായ ഡൈനിങ് ടേബിളും നാലു കസേരയും ഞാൻ അയൽക്കൂട്ടത്തിൽനിന്ന് ലോണെടുത്ത് മേടിച്ചതാണ് എന്നു പറയുമ്പോൾ രാജിയുടെ കണ്ണുകൾ അഭിമാനം കൊണ്ട് നിറയുന്നത് ഞാൻ ശ്രദ്ധിച്ചു.

പിന്നീട് നാലംഗങ്ങൾ ചേർന്ന് ഒരു സ്വയംതൊഴിൽ തുടങ്ങി. ഗോതമ്പ്, അരി തുടങ്ങിയവ പൊടിപ്പിച്ച് പാക്കറ്റിലാക്കി വിൽപ്പന നടത്തുന്ന സ്കീമായിരുന്നു. നല്ല വരുമാനം ലഭിച്ചതോടെ ജീവിതത്തെ നേരിടാനുള്ള ആത്മധൈര്യം ഉണ്ടായി എന്നതാണ് വലിയ നേട്ടമായി രാജി കാണുന്നത്. 
 
ഇന്ന് ഇതുപോലെ ധാരാളംപേരുടെ ആശ്രയത്തിന്റെയും അഭിമാനത്തിന്റെയും മറുവാക്കായി കുടുംബശ്രീ മാറിക്കഴിഞ്ഞു. എന്നാൽ കേവലം ലോൺ കൊടുക്കാനുള്ള സംവിധാനം മാത്രമാണോ കുടുംബശ്രീയും അയൽക്കൂട്ടങ്ങളും? ഒരിക്കലുമല്ല, കൂടുതൽ മിഴിവാർന്ന പ്രവർത്തനത്തിലേക്ക് ഐശ്വര്യത്തിന്റെ നിറച്ചാർത്തുമായി കുടുംബശ്രീ മാറുകയാണ്. 1998-ൽ ഔദ്യോഗികമായി കുടുംബശ്രീ ആരംഭിക്കുമ്പോൾ സാമ്പത്തികലക്ഷ്യം മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്.

‘സ്ത്രീകളിലൂടെ കുടുംബത്തിലേക്ക്; കുടുംബത്തിലൂടെ സമൂഹത്തിലേക്ക്’ എന്ന ആപ്തവാക്യത്തിലൂന്നിക്കൊണ്ട് നല്ല സാമൂഹികനിർമിതിക്കായി അവളെ സജ്ജമാക്കുക എന്നതായിരുന്ന ലക്ഷ്യം. സ്ത്രീശാക്തീകരണം എന്നതുതന്നെ കേവലം ഗുണഭോക്താവിന്റെ അവസ്ഥയിൽനിന്ന്, സംഭാവന ചെയ്യാനുള്ള അവസ്ഥയിലേക്ക് സ്ത്രീയെ എത്തിക്കുക എന്നതാണ്. അതിൽ സാമ്പത്തിക ശാക്തീകരണം ഏറെ പ്രധാനപ്പെട്ട മേഖലയാണ്.  

ചെറുസമ്പാദ്യങ്ങളെ വലിയ നിക്ഷേപമാക്കാനും അതുവഴി ജീവിതം മെച്ചപ്പെടുത്താനും സഹായിക്കുന്ന ‘വീട്ടുമുറ്റത്ത് ഒരു ബാങ്ക്‌’ എന്ന് വിളിക്കാനുതകുന്ന മാധ്യമമാണ് ‘അയൽക്കൂട്ട’ങ്ങൾ. ലോൺ കിട്ടാൻ വേണ്ടി മാത്രം ഇതുപോലുള്ള സംഘങ്ങളിൽ അംഗമാകുന്നവരുണ്ട്. സ്ത്രീയുടെ കൈയിൽ 100 രൂപ കിട്ടിയാൽ അത് അടുക്കളയിലെത്തുമെന്നും അതു വഴി അടുക്കളദാരിദ്ര്യം ലഘൂകരിക്കാൻ സാധിക്കുമെന്നുള്ള ചിന്തയിൽനിന്ന്‌ ദാരിദ്ര്യനിർമാർജനം ലക്ഷ്യമാക്കിയാണ്  സംസ്ഥാന ദാരിദ്ര്യനിർമാർജന മിഷന്റെ കീഴിൽ അയൽക്കൂട്ടങ്ങൾ പ്രവർത്തിക്കുന്നത്.

മൈക്രോഫിനാൻസ് രംഗത്ത് വൻവിപ്ലവംതന്നെ സൃഷ്ടിക്കാൻ ഈ മുന്നേറ്റത്തിന് കഴിഞ്ഞു. കുടുംബശ്രീയുടെ ചരിത്രവളർച്ചയിൽ വലിയ ഒരു കാൽവയ്പായിരുന്നു സ്ത്രീകൾതന്നെ നേതൃത്വം നൽകിയ ‘സ്വയംതൊഴിൽ’ സംരംഭങ്ങൾ. തുടക്കത്തിൽ ഭക്ഷണസാധനങ്ങളുടെ ഉത്‌പാദനത്തിലും വിതരണത്തിനുമായിരുന്നു താത്‌പര്യമെങ്കിൽ പിന്നീട് കംപ്യൂട്ടർ, കെട്ടിടനിർമാണം, വാഹനമോടിക്കൽ തുടങ്ങിയ വിവിധ മേഖലകളിലേക്ക്‌ വൈദഗ്ദ്ധ്യമുള്ളവരെ പരിശീലിപ്പിച്ച്‌ ഉയർത്താൻ കുടുംബശ്രീക്ക് കഴിഞ്ഞു.  
 
ഇന്ന് പ്രവർത്തനത്തിന്റെ ഏകദേശം രണ്ട് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ഒരു അവലോകനത്തിനും പുനർവിചിന്തനത്തിനും ഇടയാവുകയാണ്‌. കേവലം സാമ്പത്തിക ഇടപാടുകൾ മാത്രം നടത്തുന്ന ചിട്ടിക്കമ്പനിയായി മാറരുത് എന്ന നിശ്ചയദാർഢ്യത്തോടെ സർക്കാർ പല നൂതന സംരംഭങ്ങളും നടപ്പിലാക്കുന്നു. അതിൽ ഏറ്റവും പുതിയത് ‘കുടുംബശ്രീ സ്കൂൾ’ ആണ്. ഉന്നതവിദ്യാഭ്യാസരംഗത്ത് ‘ഫിനിഷിങ് സ്കൂൾ’ എന്ന്  വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ പറയുന്നതുപോലെ  സമഗ്രമായ വളർച്ചയ്ക്കും ക്രിയാത്മകമായ ഇടപെടലിനും പര്യാപ്തമായ വിധത്തിൽ അംഗങ്ങളെ വളർത്താനുപയോഗിക്കുന്ന പദ്ധതിയാണ് കുടുംബശ്രീ സ്കൂൾ. ഓരോ ജില്ലയിലെയും മുഴുവൻ കുടുംബശ്രീ അംഗങ്ങൾക്കും കുടുംബശ്രീയുടെ ലക്ഷ്യങ്ങളും കുടുംബശ്രീയെപ്പറ്റി കൂടുതൽ വ്യക്തതയും അവബോധവും നൽകാൻ  ജില്ലാതലത്തിൽ പരിശീലനം ആരംഭിച്ചുകഴിഞ്ഞു.
 
കുടുംബശ്രീ എന്ന വാക്കിൽത്തന്നെ ഐശ്വര്യമുണ്ട്. കുടുംബത്തിലെ സ്ത്രീ സംതൃപ്തയാണെങ്കിൽ വീട്ടിൽ സമാധാനവും സന്തോഷവും ഉണ്ടാവുമെന്നത് ഏവരുടേയും അനുഭവമാണ്. നേരെ തിരിച്ചും ശരിയാണ്. അവളുടെ അസ്വസ്ഥതയും പരിദേവനങ്ങളും എന്നും എല്ലാവരിലേക്കും പടരുന്ന നിഷേധ ഊർജമായി നിലകൊള്ളുന്നു. കുടുംബത്തിൽ ഐശ്വര്യമുണ്ടെങ്കിൽ നാടുമുഴുവൻ അത്‌ പ്രതിഫലിക്കും. സാമൂഹിക ഉന്നതിക്കും അടുത്ത തലമുറയുടെ പക്വമായ വളർച്ചയ്ക്കും അത്‌ കാരണമാവുന്നു. 
 സാമ്പത്തികരംഗം മെച്ചപ്പെടുത്തുന്നതിനോടൊപ്പം തന്നെ വ്യക്തിത്വവികസനത്തിനും നേതൃത്വവളർച്ചയ്ക്കും ഇവ സഹായിക്കുന്നു. നമ്മുടെ രാഷ്ട്രീയ, സാമൂഹികരംഗത്ത് നേതൃത്വനിരയിലുള്ള ധാരാളം പേർ അയൽക്കൂട്ടങ്ങളിലൂടെ വളർന്നുവന്നവരാണ്. 
|
ഇന്ന് ഈ സ്കൂളിലൂടെ നേതൃത്വത്തിലേക്കുള്ള വളർച്ചയിൽ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അറിവുനൽകാൻ പഠനപരിപാടികൾ ആവിഷ്കരിക്കുകയാണ്. കുടുംബശ്രീ സംവിധാനം, കുടുബശ്രീ പദ്ധതികൾ, അഴിമതിവിമുക്ത കേരളത്തിൽ കുടുംബശ്രീയുടെ പങ്ക്, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ, മയക്കുമരുന്ന്, ലഹരി എന്നിവയുടെ ഉപയോഗം തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പരിശീലനക്ലാസുകൾ ഈ സ്കൂളിന്റെ പ്രത്യേകതയാണ്. 
 
അറിവിന്റെ നിറവിനോടൊപ്പം അനുഭവങ്ങളുടെ ഉൾക്കരുത്തുമായി കുടുംബശ്രീ പുതിയ പന്ഥാവുകൾ തേടുകയാണ്. നമുക്ക് അനുഗമിക്കാം, തങ്ങൾ ഒറ്റയ്ക്കല്ല എന്ന ബോധ്യം നൽകാൻ ഒപ്പം നടക്കാം,  പ്രവർത്തനങ്ങളോട് കൈചേർത്തുപിടിക്കാം. കാരണം ഒരു സമൂഹത്തിന്റെ അന്തസ്സ് അവിടത്തെ സ്ത്രീകളുടെ പദവിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.