രിക്കൽ ഒരു പോലീസ് ട്രയ്‌നിങ് ക്യാമ്പിൽവെച്ച് ഒരു പോലീസ് ഓഫീസർ പങ്കുവച്ച അനുഭവം ഏറെ ചിന്തിപ്പിച്ചു. കൃത്യമായ വിലാസമില്ലാതിരുന്നതിനാൽ  ഒരു പ്രതിയെ കണ്ടുപിടിക്കാൻ അദ്ദേഹം വളരെ ബുദ്ധിമുട്ടി. ഈ വിഷമം തന്റെ  മേലുദ്യോഗസ്ഥനോട് പങ്കുവച്ചപ്പോൾ അദ്ദേഹത്തിന് കിട്ടിയ മറുപടി ഇപ്രകാരമാണ്: ‘കൃത്യമായ മേൽവിലാസമുള്ളവരെ കണ്ടുപിടിക്കുന്നത് പോസ്റ്റുമാന്റെ ജോലിയാണ്. മേൽവിലാസമില്ലാത്തവരെയും തേടിപ്പിടിക്കാനാണ് നിന്നെ ഈ ഡിപ്പാർടുമെന്റിലെടുത്തത്.’ 

 ‘നന്നായി പഠിക്കാൻ കഴിവുള്ള വിദ്യാർഥിയെ പഠിപ്പിക്കുന്നതിലല്ല അധ്യാപകന്റെ മികവ് അളക്കേണ്ടത്, പഠിക്കാൻ വൈകല്യമുള്ള വിദ്യാർഥിയെ പഠിപ്പിച്ചുയർത്തുന്നതിലാണ് അധ്യാപനത്തിന്റെ മാറ്റുരയ്ക്കേണ്ടത്’ എന്ന് എന്നോട് പറയുന്നതുപോലെയാണ് എനിക്കത് അനുഭവപ്പെട്ടത്.

സാമ്പത്തിക രംഗത്ത് മേൽവിലാസം നഷ്ടപ്പെട്ടവർ ധാരാളമുണ്ട്. ഒരിക്കൽ പ്രതാപവാന്മായിരുന്നവർ, എന്നാൽ, ഇന്ന് പാർശ്വവത്‌കരിക്കപ്പെട്ടവർ. കൃഷിയും കൊയ്ത്തും പണിക്കാരും പ്രതാപവുമുള്ള തറവാട്ടിലെ സുഭിക്ഷതയിൽ ബാല്യവും കൗമാരവും യൗവനവും ചെലവഴിച്ചവർ. പിൽക്കാലത്ത് കൃഷി ലാഭകരമല്ലാതാവുകയും വരുമാനം കുറയുകയും ചെയ്തപ്പോൾ കൂടെ നിന്നിരുന്ന ആശ്രിതർ പോലും അകന്നുമാറുന്നത് വേദനയോടെ മാത്രം നോക്കിക്കാണാൻ വിധിക്കപ്പെട്ടവർ.

സാമ്പത്തികപ്പെരുമയുടെ കാലത്ത് വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമൊന്നും നൽകാതിരുന്നതു കൊണ്ട്, നല്ല ജോലി ലഭിക്കുക എന്നത് ഇക്കൂട്ടരിൽ പലർക്കും അപ്രാപ്യമാണ്.  മാത്രവുമല്ല, ആരുടെയെങ്കിലും കീഴിൽ ജോലി ചെയ്യുക എന്നത് ഇക്കൂട്ടർക്ക് ചിന്തിക്കാൻ പറ്റുന്നതുമല്ല. ദുരഭിമാനംമൂലം ചെറിയ ജോലികൾക്കോ കൂലിപ്പണിക്കോ പോവാൻ ഇവർക്ക് ബുദ്ധിമുട്ടാണ്. പൂർവികമായി ലഭിച്ച സ്വത്ത് വിറ്റ് ജീവിക്കാൻ പ്രയാസമുള്ളവരും ഇവരിലുണ്ട്.  

‘എന്റെ ഉപ്പുപ്പാന്‌ ഒരാനയുണ്ടായിരുന്നു’ എന്ന് പറഞ്ഞുകൊണ്ടിരിക്കാമെന്നല്ലാതെ ജീവിക്കാൻ മാർഗമൊന്നുമില്ലാതെ വിഷമിക്കുന്ന അനേകം മധ്യവർഗ കുടുബങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ഇക്കൂട്ടർ  സമ്പന്ന വർഗവുമല്ല ദരിദ്രരുമല്ല. എ.പി.എൽ, ബി.പി.എൽ എന്നീ രണ്ടു ശ്രേണിയിലും താത്വികമായി പെടാത്തവർ. വീട്ടുപേരു മാത്രമേ മിച്ചമുള്ളൂ. വീടിന്റെ മുൻവശത്ത് കിടക്കുന്ന കാർ ഒന്ന് പുറത്തിറക്കാൻ പോലും പറ്റാതെ വിഷമിക്കുന്നവർ. കാറിന്റെ കാര്യക്ഷമത കാത്തുപാലിക്കാൻവേണ്ടി  വല്ലപ്പോഴും ബാറ്ററി പ്രവർത്തിപ്പിക്കും. തങ്ങൾ കടന്നുപോവുന്ന അവസ്ഥയെപ്പറ്റി ആരോടും പറയാൻ പറ്റാതെ സ്വയം നീറുന്നവരാണിവർ.
 
വളരെ പാവപ്പെട്ടവർക്ക് നമ്മുടെ നാട്ടിൽ ആനുകൂല്യങ്ങളേറെയുണ്ട്. മാത്രവുമല്ല, അവർക്ക് എന്തു പണിക്കും പോവാനാവും. സാമ്പത്തികം മെച്ചപ്പെട്ടവർക്ക്  ആനുകൂല്യങ്ങളുടെയൊന്നും  ആവശ്യമില്ല. ഈ രണ്ടുകൂട്ടരിലും പെടാതെ നിൽക്കുന്ന ഈ ‘മദ്ധ്യവർഗം’ നല്ല ജീവിതമാർഗമോ തൊഴിലോ ഇല്ലാതെ തങ്ങളുടെ ദാരിദ്ര്യം പുറത്തു പറയാനാതെ വല്ലാതെ  ഞെരുങ്ങുന്നവരാണ്.  

പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ജയിംസ് ഡ്യുസൻബറി വികസിപ്പിച്ചടുത്ത ‘ഭൂതകാല വരുമാന സിദ്ധാന്തം’ അനുസരിച്ച് ജനങ്ങളുടെ ഇന്നത്തെ ഉപഭോഗ രീതിയും ഇന്നലത്തെ വരുമാനവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഒരുവന്റെ ജീവിതനിലവാരം  സമ്പൂർണവും ആനുപാതികവും ആപേക്ഷികവുമായ രീതിയിൽ ദീർഘകാലാടിസ്ഥാനത്തിലാണ് നിർണയിക്കപ്പെടുന്നത്. അതുകൊണ്ട്, സാമ്പത്തിക തീരുമാനങ്ങൾ ഒരുവന്റെ ഇന്നത്തെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല, കഴിഞ്ഞ കാലയളവിലുണ്ടായിരുന്ന പണത്തിന്റെ  അളവിനും ജീവിതരീതിക്കും നിർണായകമായ സ്വാധീനത്തിനും വിധേയപ്പെട്ടാണിരിക്കുന്നത്.  
 
ഒരു തലമുറയിൽനിന്ന് മറ്റൊരു തലമുറയിലേക്കെത്തുമ്പോൾ സാമ്പത്തിക വിന്യാസത്തിന് മാറ്റം വരും. ഇത് ഒരു ചരിത്ര യാഥാർഥ്യമാണ്. സമ്പന്നരുടെ മക്കൾ മടിയന്മാരാവുന്നതും സാമ്പത്തികമായി നശിക്കുന്നതും ദരിദ്രരുടെ മക്കൾ ഉത്സാഹിയാവുന്നതും ജീവിതത്തിൽ ഉയരുന്നതും പ്രകൃതിസത്യം പോലെ നിലകൊള്ളുന്നു. ഈ ഏറ്റക്കുറച്ചിലുകൾ അനിവാര്യമായ സാമ്പത്തിക ചംക്രമണത്തിന്റെ ഭാഗമാണ്. ഇത് വ്യക്തികൾക്കും കുടുംബങ്ങൾക്കും മാത്രമല്ല, രാഷ്ട്രങ്ങൾക്കും സംവിധാനങ്ങൾക്കും ബാധകമാണ്. എന്നാൽ, ഇപ്രകാരമുള്ള വ്യക്തിത്വങ്ങളെ  വലിയ ദുരന്തത്തിൽനിന്ന് എങ്ങനെ രക്ഷപ്പെടുത്താനാവുമെന്നത് ഒരു സാമ്പത്തിക വിഷയമാണ്.  
 
മാനസികബലം കൊടുക്കലാണ് പ്രഥമമായി ചെയ്യേണ്ടത്. ഇങ്ങനെ ധാർമികമായി ചിന്തിച്ചതുകൊണ്ടു മാത്രമായില്ല, ദുരഭിമാനം മാറ്റിവച്ച് സ്വയം സൃഷ്ടിച്ച ദന്തഗോപുരത്തിൽനിന്ന് പുറത്തുചാടാൻ അവരെ സഹായിക്കുകയാണ് വേണ്ടത്. അപ്പോൾ ചിലർ അതിനായി പരിശ്രമിക്കും. അങ്ങനെയുള്ളവരെ കൂടുതൽ അനുഭാവപൂർവം പരിഗണിച്ച്, ജീവിതയാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാനുള്ള കരുത്തു നൽകുക. 
 
മാറാൻ താത്‌പര്യമില്ലാത്തവരെ വെറുതെ വിട്ടേക്കുകയാണ് നല്ലത്. കാരണം, ഇക്കൂട്ടർക്ക് മറ്റുള്ളവരോട് പുച്ഛമാണ്. അങ്ങനെയുള്ള ചില ആളുകൾ ആരെക്കണ്ടാലും വീട്ടുപേര് ചോദിക്കും അവരുടെ ലിസ്റ്റിൽപ്പെട്ടവരാണെങ്കിൽ മാത്രമെ തുടർന്ന് സംസാരിക്കുകയുള്ളു. ഇക്കൂട്ടർക്ക് കുലമഹിമക്കും തറവാടിത്തത്തിനും അവരുടേതായ നിർവചനമുണ്ട്. 
രണ്ടാമത്ത തലം നയരൂപവത്കരണവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. കാർഷിക കേരളം വ്യവാസായികമായും സാമൂഹികമായും വളരുമ്പോൾ പാർശ്വവത്‌കരിക്കപ്പെട്ടുപോയ പഴയ കർഷകരെ മറക്കരുത്. പ്രാദേശികതലത്തിലുള്ള സർവേയിലൂടെ ഇവരെ കണ്ടെത്തി അവർക്കും കൂടി ജീവിക്കാനാവശ്യമായ കർമപരിപാടികൾ വിന്യസിപ്പിക്കുകയാണ് ചെയ്യേണ്ടത്. കൂട്ട ആത്മഹത്യയോ അപകടമോ മൂലം കൂട്ടമരണം നടക്കുന്ന വാർത്തകൾ കണ്ട് സഹതപിക്കുന്ന അനേകരുണ്ട്. എന്നാൽ, ആ കുടുംബത്തിൽ അവശേഷിക്കുന്നവരെ തേടിപ്പിടിച്ച്, ചില സന്നദ്ധ സംഘടനകളുടെ സഹായത്തോടെ സംരക്ഷിക്കാൻ പരിശ്രമിക്കുന്നവരുണ്ട്. 
 
അപ്രകാരമുള്ള ക്രമപരിപാടിയാണ് ഈ മേൽവിലാസം നഷ്ടപ്പെട്ടുപോയവർക്ക് ആവശ്യമായിട്ടുള്ളത്.  കാരണം, ശൂന്യമായ പോക്കറ്റുകൾ ഒരുവനെ  നിരവധി കാര്യങ്ങൾ പഠിപ്പിക്കുന്നു. നിറഞ്ഞ പോക്കറ്റുകൾ നിരവധി രീതിയിലൂടെ അവനെ നശിപ്പിക്കുന്നു.