ഒരു കമ്പനിയുടെ പുതിയ മാനേജിങ് ഡയറക്ടറും അവിടത്തെ ജീവനക്കാരുമായുള്ള ആദ്യ കൂടിക്കാഴ്ചയുടെ ദിവസം എത്തിച്ചേർന്നു. അറ്റൻഡർ മുതൽ ജനറൽ മാനേജർ വരെ വിവിധ ശ്രേണിയിലുള്ളവർ എം.ഡി.യുടെ സ്വരത്തിനായി കാതോർത്തുനിന്നു. കമ്പനി ഇതുവരെ വഹിച്ച നേട്ടത്തിനും പുരോഗതിക്കും സ്ഥാപനാംഗങ്ങളെ അദ്ദേഹം വളരെയധികം പ്രശംസിച്ചു. എന്നാൽ കമ്പനിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ  നമ്മളെല്ലാവരും സംതൃപ്തരാണെന്ന അവസ്ഥയാണ് വലിയ ന്യൂനതയായി അദ്ദേഹം അവതരിപ്പിച്ചത്. 

ഏതൊരു അവസ്ഥയിലും ഇത്രയും പോരാ എന്ന കാഴ്ചപ്പാടാണ് വികസനത്തിന് അടിസ്ഥാനപരമായി വേണ്ടത്. അപ്രകാരം ‘അസ്വസ്ഥമായ രാവുകൾ നിങ്ങൾക്കുണ്ടാവണമെന്നതാണ് എന്റെ ആഗ്രഹവും എനിക്ക് നിങ്ങൾക്ക് ആശംസിക്കാനുള്ളതും’ എന്ന്‌ അദ്ദേഹം പറഞ്ഞപ്പേൾ മുഴുവനും എല്ലാവർക്കും മനസ്സിലായില്ലെങ്കിലും കമ്പനിയുടെ വളർച്ച പോരാ എന്ന നിഗമനത്തിൽ ജീവനക്കാർ എത്തിച്ചേർന്നു.  

നേതൃത്വമെന്നത് കേവലം മാനേജ്‌മെന്റോ നിലവിലുള്ള കാര്യങ്ങളുടെ ഭരണ നടത്തിപ്പോ മാത്രമല്ല, ഇത്രയുംനാൾ നേടിയെടുത്ത വളർച്ചയ്ക്കു പുറമെ വികസനത്തിന്റെ പുതുനാമ്പുകൾ എന്നുമെന്നും പ്രദാനം ചെയ്യുന്നതിന്റെ ഉണർത്തുപാട്ടുകൂടിയാണത്. ആകാശമാണ് ഉയരങ്ങൾ കീഴടക്കാനുള്ള പരിധി എന്നായിരുന്നു ഇതുവരെ മാനേജ്‌മെന്റ് രംഗത്ത് നമ്മൾ കേട്ടുകൊണ്ടിരുന്ന മുദ്രാവാക്യം. എന്നാൽ ഇന്ന് ആകാശമല്ല പരിധി, അതിനപ്പുറവും കാണണം എന്നതായിരിക്കണം ലക്ഷ്യമെന്ന് മാനേജ്‌മെന്റ് വിദഗ്ദ്ധർ പറയുന്നു. എപ്പോഴും നിലവിലിരിക്കുന്ന  അവസ്ഥയിൽനിന്ന് ഇനിയും ബഹുകാതം മുന്നോട്ട് പോവാനുണ്ട് എന്ന ചിന്തയുണ്ടാവണമെന്ന് സാരം. 

ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക എന്ന് സാമ്പത്തികരംഗത്ത് പൊതുവേ കേൾക്കുന്ന പല്ലവിയാണ്. ഇത്രയൊക്കെ മതി, ഇങ്ങനെയൊക്കെ അങ്ങ് കഴിഞ്ഞുപോയാൽ മതി തുടങ്ങിയ പല്ലവികൾ കേട്ടുവളരുന്നവരും പറയുന്നവരും നമുക്കിടയിൽ ധാരാളമുണ്ട്. അതുകൊണ്ടാണ് പലരും അദ്ധ്വാനശീലരാവാത്തത്. എന്നാൽ എല്ലാവരും ഉള്ളതിൽ തൃപ്തിപ്പെട്ടുകൊണ്ടിരുന്നാൽ മതിയോ? ഒരു ഭാര്യയും ഭർത്താവും നമുക്ക് കഞ്ഞിയും പയറും മതി എന്ന് ചിന്തിക്കുന്നത് നല്ലതാണ്. പക്ഷേ കേരളത്തിലെ എല്ലാ ഭാര്യാഭർത്താക്കന്മാരും അങ്ങനെ പറഞ്ഞുകൊണ്ടിരുന്നാൽ കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥിതി എന്താവുമെന്ന് ചിന്തിക്കുക.

സാമ്പത്തികശാസ്ത്രത്തിലെ ഒരു പ്രധാന ആശയമാണ് ‘പ്രൊഡക്ഷൻ പോസിബിലിറ്റി ഫ്രോണ്ടിയർ’ അഥവാ ഉത്പാദനസാധ്യതാ പരിധി. ഒരു സമൂഹത്തിൽ ലഭ്യമായ വിഭവങ്ങളെ പരമാവധി ഉപയോഗിച്ചാൽ ലഭിക്കുന്ന ഉത്പാദനത്തിന്റെ പരമോന്നത അളവാണത്. അതിനപ്പുറം അപ്രാപ്യമാണ്. അതിൽ കുറഞ്ഞ അളവിൽ ഉത്പാദനം നടന്നാൽ വിഭവങ്ങൾ   വേണ്ടത്ര ഉപയോഗിച്ചിട്ടില്ല എന്നാണർത്ഥമാക്കുന്നത്. 
 
ഭാരതീയ സാമ്പത്തികശാസ്ത്രജ്ഞനായ അമർത്യാസെന്നിന്റെ അഭിപ്രായത്തിൽ സാധ്യതകളുടെ വളർച്ചയാണ് വികസനം. വ്യക്തികൾക്കും കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും സംവിധാനങ്ങൾക്കും സർക്കാരിനും എത്തിച്ചേരേണ്ടതും ഇപ്പോൾ എത്തിനിൽക്കുന്നതുമായ തലമുണ്ട്. ഇവ തമ്മിലുള്ള അന്തരമാണ് അവികസനമെന്നതുകൊണ്ട് അർത്ഥമാക്കുന്നത്. സാധ്യതാ ഉത്പന്നത്തിന്റെ അളവും യഥാർത്ഥ ഉത്പന്നത്തിന്റെ അളവും തമ്മിലുള്ള വ്യത്യാസമാണത്. അതുകൊണ്ട് സാമ്പത്തിക ആസൂത്രണത്തിൽ ഈ ചിന്ത വളരെ പ്രധാനപ്പെട്ടതാണ്. ഇവിടെ രണ്ടുകാര്യങ്ങൾ അത്യാവശ്യമാണ്. ഒന്നാമത് നിലവിലുള്ള അവസ്ഥയിൽ സംതൃപ്തി കണ്ടെത്തുക. രണ്ടാമത്  നിലവിലുള്ളതിനെ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരുക... 
 
ചില ഉദാഹരണങ്ങൾ വ്യക്തമാക്കാം. എല്ലാവരും ഹർഷാരവത്തോടെ കൈയടിച്ചിട്ടും കച്ചേരി നടത്തിയ സംഗീതജ്ഞന്റെ മുഖത്ത് സന്തോഷം വിരിയാഞ്ഞതിന്റെ കാരണം അന്വേഷിച്ചപ്പോൾ  അദ്ദഹം പറഞ്ഞത് ആൾക്കൂട്ടത്തിന്റെ മുൻനിരയിൽ എന്റെ ഗുരുനാഥൻ ഇരിപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് വലിയ സന്തോഷമൊന്നും കണ്ടില്ല എന്നാണ്. ഗുരു തന്നിൽനിന്ന് ഇതിലുമേറെ പ്രതീക്ഷിക്കുന്നു എന്ന ചിന്തയിൽനിന്ന് തനിക്ക് സന്തോഷിക്കാറായിട്ടില്ലെന്ന് മനസ്സിലാക്കിയതുകൊണ്ട് ഈ ആർപ്പുവിളികളൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് അയാൾ പറഞ്ഞു.
 
അദ്ധ്യാപകർ വിദ്യാർഥികളെ വികേന്ദ്രീകൃത നീതി വെച്ചുകൊണ്ട്‌ വിലയിരുത്താറുണ്ട്. അതനുസരിച്ച് കൂടുതൽ ബുദ്ധിയും സാഹചര്യമുള്ളവരിൽനിന്ന് കൂടുതൽ മാർക്ക് പ്രതീക്ഷിച്ചുകൊണ്ടുള്ള സമീപനം സ്വീകരിക്കാറുണ്ട്. അത് വിഭാഗീയതയോ പക്ഷപാതപരമോ അല്ല, കൂടുതൽ പ്രതീക്ഷിച്ചുകൊണ്ടുള്ള സമീകൃത നീതിബോധത്തിൽനിന്ന്‌ ഉടലെടുക്കുന്നതാണ്. ഏതാണ്ട് 70 വയസ്സ് പ്രായമുള്ള വൃദ്ധൻ മാവ് നടുന്നതുകണ്ട് യുവാവ് ചോദിച്ചു. താങ്കൾക്ക് ആ മാവിൽനിന്ന് മാങ്ങ പറിക്കാനാവില്ലല്ലോ, പിന്നെ എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് ഇപ്പോൾ ഈ മാവ് നടുന്നത്.

വൃദ്ധൻ ഇപ്രകാരം മറുപടി പറഞ്ഞു. ‘താൻ ഇത്രയും നാൾ കഴിച്ച മാങ്ങകളെല്ലാം മറ്റുള്ളവർ നട്ട മാവിൽനിന്നാണ് എന്ന് മറന്നുപോവരുത്’.    

നേതൃത്വത്തിന്റെ അടിസ്ഥാനഗുണങ്ങളിൽ  സവിശേഷമായിട്ടുള്ളതാണ് തന്റെ കൂടെയുള്ളവരിൽ ആവേശം ജനിപ്പിക്കുക എന്നത്. മുന്നേ നടക്കാതെ ഒപ്പം നടന്ന് കൂടുതൽ കർമനിരതരാക്കുകയാണ് പ്രധാനപ്പെട്ടത്. ഗൃഹനാഥനുമൾപ്പെടെ എല്ലാവരിലും വ്യത്യസ്തമായ രീതിയിലും അളവിലും നേതൃത്വ ഭരമേൽപ്പിക്കപ്പെട്ടിട്ടുണ്ട്. ചില പ്രദേശങ്ങളും പ്രസ്ഥാനങ്ങളും അസാധാരണമായി വളരുന്നത് ചില വ്യക്തിത്വങ്ങളുടെ വികസന കാഴ്ചപ്പാടിന്റെ ആർജവം കൊണ്ടാണ്. 
 
അതുകൊണ്ട് ഒരുവൻ പകൽ കാണുന്ന സ്വപ്നങ്ങളാണ് ഏറെ പ്രധാനപ്പെട്ടത്. ഡോ. അബ്ദുൾ കലാം അഭിപ്രായപ്പെട്ടതുപോലെ ‘ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം, ഉറങ്ങാൻ അനുവദിക്കാത്തതാണ് സ്വപ്നം’. ഓർക്കുക നിങ്ങളുടെ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ നിങ്ങൾ ശ്രമിച്ചില്ലെങ്കിൽ മറ്റുള്ളവരുടെ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ നിങ്ങൾ ഉപയോഗിക്കപ്പെടും.