ഗരത്തിലെ ഒരു കോളേജ് പ്രിൻസിപ്പലിന്റെ അമ്മയെ ഞാൻ ഒരു വൃദ്ധമന്ദിരത്തിൽ വച്ച് കണ്ടുമുട്ടി. ഞാൻ ഒരു കോളേജ് അദ്ധ്യാപികയാണെന്നറിഞ്ഞപ്പോൾ സംസാരിക്കാൻ വിമുഖതയുണ്ടാവുമെന്നാണ് കരുതിയത്.

എന്നാൽ അതിന് വിരുദ്ധമായി പതിവിലേറെ സമയം എന്നോട് അവർ വർത്തമാനം പറഞ്ഞു. മകനക്കുറിച്ച്, അവന്റെ ജോലിയെക്കുറിച്ച്, തിരക്കിനെക്കുറിച്ച്, അവന്റെ ഭാര്യയുമായി ഒത്തുപോകാൻ തനിക്ക് സാധിക്കാതിരിക്കുന്നതിനെക്കുറിച്ച്, തന്റെ രോഗങ്ങളെക്കുറിച്ച്, വൃദ്ധമന്ദിരത്തിലെ സുഹൃത്തുക്കളെക്കുറിച്ച്, തന്റെ തന്നെ സ്വഭാവത്തിലെ പോരായ്മകളെക്കുറിച്ച് എല്ലാം വിശദമായി പറഞ്ഞു.

ഒറ്റപ്പെട്ടുപോയതിൽ ദുഃഖമില്ലെന്നും ആകെ വിഷമമുള്ളത് പേരക്കുട്ടികളെ കാണാനാവാത്തതുമാത്രമാണ് എന്നും പറഞ്ഞു. കേട്ടിരിക്കാൻ ഒരാളെക്കിട്ടിയതിന്റെ സന്തോഷമായിരുന്നു ആ മുഖത്ത് ഞാൻ ദർശിച്ചത്. പതിവുപോലെ പരിഭവമോ പരാതിയോ നിരത്തിയില്ല. ആരെയും കുറ്റപ്പെടുത്തിയില്ല. ഈ ജീവിതരീതിയോട് പൊരുത്തപ്പെടാനും തന്റെ കാര്യങ്ങൾ സ്വയം ചെയ്യുവാൻ ശക്തിയുണ്ടാവണമേ എന്നും മാത്രമാണ് പ്രാർത്ഥനയെന്നും പറഞ്ഞു.   

കൂട്ടുകുടുംബത്തിൽനിന്ന് അണുകുടുംബത്തിലേക്കുള്ള യാത്രയിൽ ഉണ്ടായ ഏറ്റവും വലിയ സാമൂഹ്യപ്രശ്നമാണ് വയോധികരുടെ സംരംക്ഷണം. നമ്മുടെ നാട്ടിലെ മാറിവരുന്ന സംസ്കാരവും അതിന്റെ അനിവാര്യമായ ഘടകങ്ങളും സൃഷ്ടിക്കുന്ന യാഥാർത്ഥ്യത്തോട് ക്രിയാത്മകമായി പ്രതികരിക്കുക മാത്രമാണ് പരിഹാരമായി തോന്നുന്നത്. പണ്ട് ധാരാളം മക്കളുണ്ടായിരുന്നപ്പോൾ ഒരാളെങ്കിലും കുടുംബത്തിലുണ്ടാവുക എന്നത് നാട്ടുനടപ്പായിരുന്നു. ഒരാളെങ്കിലും കൃഷിയിലേക്കും വീട്ടുകാര്യങ്ങൾ നടത്തിപ്പിലേക്കും സ്വയം ചുരുങ്ങുമായിരിുന്നു. ഇന്ന് മക്കളുടെ എണ്ണം കുറഞ്ഞ് വീട്ടിൽ നിൽക്കാൻ ആളില്ലാതായി. മാറിവരുന്ന തൊഴിൽ സംസ്കാരമനുസരിച്ച് മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറേണ്ടിവരുന്നു. 
 
നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റേണ്ട മറ്റൊരു മേഖലയാണ് അനാഥാലയങ്ങൾ. ആരും അനാഥരായി ജനിക്കുന്നില്ല. അവർ അനാഥരായി മാറ്റപ്പെടുകയാണ്. അഥവാ അനാഥത്വം അടിച്ചേൽപിക്കപ്പെടുകയാണ്. ആരൊെക്കയോ കൈയൊഴിഞ്ഞുപോയ ജീവിതങ്ങൾ. സാമ്പത്തികമോ മറ്റു ചില ബുദ്ധിമുട്ടുകൾ മൂലമോ കുട്ടിയുടെ പഠനമെങ്കിലും നടക്കട്ടെ എന്ന ചിന്തയോടെ മക്കളെ അനാഥാലയത്തിൽ ആക്കുന്നവരുമുണ്ട്. ജീവിതത്തെ മനക്കരുത്തോടെ നേരിടാനുള്ള പരിശീലനം ചില അനാഥാലയങ്ങൾ നൽകാറുണ്ട്.

മിസ് വേൾഡ് 2011 ആയി തിരഞ്ഞെടുക്കപ്പെട്ട വെനിസ്വേലയുടെ സുന്ദരി ഇവിയാൻ ലുനസോള സർക്കോസ് തന്റെ എട്ടാം വയസ്സിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടതിനെ തുടർന്ന് അനാഥാലയത്തിൽനിന്ന് ലഭിച്ച പരിശീലനമാണ് ജീവിതത്തെ നേരിടാനുള്ള ശക്തി നൽകിയതെന്ന് പ്രസ്താവിക്കുകയുണ്ടായി. 

പണത്തെക്കുറിച്ചും അതിന്റെ ഗതിവിഗതികളെക്കുറിച്ചും വിശകലനം നടത്തുമ്പോൾ ശ്രദ്ധേയമായ പല കണ്ടെത്തലുകളും ഞടുക്കത്തോടെ നേരിടേണ്ടിവരുന്നു.  അനാഥാലയങ്ങളും വൃദ്ധമന്ദിരങ്ങളും സമൂഹത്തിൽനിന്ന് തുടച്ചുമാറ്റാനാവില്ല. അവയുടെ എണ്ണം ഇനിയും വർദ്ധിക്കും. അതുകൊണ്ട് ഈ രണ്ടവസ്ഥകളോടും സാമൂഹ്യവും സാമ്പത്തികവുമായ സഹായത്തിന്റെ തലം നൽകാൻ സാധിക്കുക എന്നതിലാണ് ഇവയോടുള്ള ആരോഗ്യകരമായ സമീപനം അടങ്ങിയിരിക്കുന്നത്.  നമുക്ക് സമീപിക്കാവുന്ന വിവിധ  രീതികളുണ്ട്. അവയിൽ ചിലത് ഉൾക്കൊള്ളുവാൻ പരിശ്രമിക്കുന്നത് ഈ അവസ്ഥകളെ കുറ്റപ്പെടുത്തുന്നതിനേക്കാൾ ഭേദമായിരിക്കും. 

1. ആഘോഷവേളകൾ അവരോടൊത്ത് പങ്കിടുക. ഈ രണ്ടു സ്ഥാപനത്തിലും ഇത് ആവശ്യമാണ്. ഒരു പക്ഷെ അനാഥാലയങ്ങളിൽ ഭക്ഷണം നൽകുക എന്നതാണ് പ്രധാനമെങ്കിൽ വൃദ്ധമന്ദിരങ്ങളിൽ ഭക്ഷണത്തെക്കാളേറെ അവരോടൊപ്പം സമയം പങ്കിട്ടുകൊണ്ട് അവരുടെ ജീവിതസായാഹ്നങ്ങളെ സന്തോഷകരമാക്കുക എന്നതായിരിക്കും കൂടുതൽ പ്രധാനപ്പെട്ടത്. മിച്ചം വന്ന ഭക്ഷണം അനാഥാലയത്തിൽ എത്തിക്കുന്നവരുണ്ട്. അതല്ല വേണ്ടത്. ആദ്യം ഭക്ഷണം ഇതുപോലുള്ള സ്ഥാപനങ്ങളിൽ എത്തിക്കുക. ഓർക്കുക, ഇന്ന് ആഘോഷങ്ങളിൽ ആവശ്യത്തിലധികം ഭക്ഷണം വിളമ്പുന്നുണ്ട്

2. പൊതുവായി ഉപയോഗിക്കാൻ സാധിക്കുന്ന മരുന്നുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം രണ്ടിടത്തും എത്തിച്ചുകൊടുക്കുക. ഫസ്റ്റ് എയ്ഡ് ബോക്സ് സ്ഥാപിച്ചുകൊടുക്കുക. എല്ലാ മാസവും ഒരു ദിവസമെങ്കിലും സന്ദർശിച്ച് സൗജന്യ വൈദ്യസഹായം നൽകാൻ തയ്യാറുള്ള ഡോക്ടർമാരുടെ ലിസ്റ്റ് തയ്യാറാക്കുക. എന്നിട്ട് അവരുടെ സഹായം സഹായം ലഭിക്കുന്നുണ്ട് എന്ന്  ഉറപ്പാക്കുക. 

3. സർക്കാർ നേരിട്ട് നടത്തുന്നതും സ്വകാര്യവ്യക്തികളാൽ നടത്തപ്പെടുന്നതുമായ സ്ഥാപനങ്ങളുമുണ്ട്. രണ്ടിടത്തും സാമ്പത്തിക ബുദ്ധിമുട്ടുകളും പരിമിതികളും ഏറെയുണ്ട്. എല്ലാ മാസവും കൃത്യമായി ഒരു തുക നൽകാൻ കഴുവുള്ളവരുടെ ലിസ്റ്റ് തയാറാക്കി അവരുടെ സേവനം ഉറപ്പാക്കുക. ചാരിറ്റി ആക്ടനുസരിച്ചുള്ള സഹായത്തിന് നികുതി ഒഴിവുകളും ലഭ്യമാണ്.

4. പഠിപ്പിക്കാൻ കഴിവും സന്നദ്ധതയുമുള്ള വ്യക്തികളെ കണ്ടെത്തുക. വിവിധ ഭാഷകളുടെ ഗ്രാമർ, കണക്ക്, സയൻസ് തുടങ്ങിയ വിഷയങ്ങളിൽ  സൗജന്യ ട്യൂഷൻ ക്ലാസുകൾ ഏർപ്പെടുത്താവുന്നതാണ്. 

5. സ്പോർട്‌സ്, ഗെയിംസ് തുടങ്ങിയ മേഖലകളിൽ പരിശീലിപ്പിക്കാൻ കഴിവും മനസ്സുമുള്ളവർക്ക് സഹായിക്കാനാവുന്നതാണ്. 

6. ബാലവേലയോ പീഡനമോ ഇല്ലെന്ന് ഉറപ്പുവരുത്താനുതകുന്ന നിയമസഹായം നൽകാൻ പ്രാപ്തരായ നിയമവിദഗ്ദ്ധരെ കണ്ടെത്തുക. 

7. മനഃശാസ്ത്രപരമായ പരിശീലനം ലഭിച്ചിട്ടുള്ളവർക്ക് ഈ രണ്ടു സ്ഥാപനങ്ങളിലും മാനസിക ആരോഗ്യത്തിനുള്ള കൗൺസലിങ്‌ നൽകാവുന്നതാണ്. 
ഇവയെല്ലാം വ്യക്തിപരമായും സംഘാതാന്മകമായും ചെയ്യാവുന്ന സാമ്പത്തിക ചുവടുവയ്പുകളാണ്. റൊണാൾ റീഗന്റെ വാക്കുകളോട് ഹൃദയം ചേർത്തുവയ്ക്കാം. ‘എല്ലാവരെയും സഹായിക്കാൻ ഒരാൾക്കും സാധിക്കില്ല, പക്ഷെ ഒരാളെയെങ്കിലും സഹായിക്കാൻ എല്ലാവർക്കു കഴിയും.’