Dr.Thomas Issacലിയ അക്ഷരത്തിൽത്തന്നെ പറയാം, ഇല്ലേയില്ല. കടക്കെണിയെക്കുറിച്ചുയരുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്, ആസൂത്രിതവും. കേരളത്തിന്റെ കടം അഞ്ചാറുവർഷംകൊണ്ട് ഇരട്ടിയാകുന്ന പ്രതിഭാസം ചരിത്രപരമായിത്തന്നെയുണ്ട്. അതുകൊണ്ട് ഓരോ ഭരണം അവസാനിക്കുമ്പോഴും, അതുവരെ കേരളം എടുത്ത ആകെ കടത്തിന്റെ അത്രയും കടം അഞ്ചുവർഷംകൊണ്ട് എടുത്തു എന്ന പ്രതിപക്ഷാരോപണം കേരളത്തിൽ സ്ഥിരമാണ്.

ഒരു സംസ്ഥാനത്തിനും തോന്നിയതുപോലെ കടമെടുക്കാൻ കഴിയില്ല. അതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ധനഉത്തരവാദിത്വനിയമം കടമെടുപ്പുപരിധി നിശ്ചയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ അനുമതിയോടുകൂടിമാത്രമേ സംസ്ഥാനങ്ങൾക്ക് കടമെടുക്കാൻ കഴിയൂ. അതുകൊണ്ട് യഥേഷ്ടം കടമെടുത്ത് സംസ്ഥാനത്തെ കെണിയിലാക്കുന്നു എന്ന പ്രചാരണത്തിൽ കഴമ്പില്ല. ഒരു സംസ്ഥാനവും കടംമൂലം തകർച്ചയെ നേരിടുന്നില്ല.

കടത്തിന്റെ വലുപ്പംകണ്ട്‌ഭയക്കേണ്ടതില്ല
കടത്തിന്റെ വലുപ്പംകണ്ട് ഭയക്കേണ്ടതില്ല. കൊച്ചുകുട്ടിക്ക്‌ തലയിൽ പത്തുകിലോ താങ്ങാനാവില്ല. എന്നാൽ, ഒത്ത മനുഷ്യൻ ക്വിന്റൽ ചാക്ക് എടുത്താലും ഒന്നും സംഭവിക്കില്ല. ഇതുപോലെയാണ് കടഭാരവും. സമ്പദ്ഘടനയുടെ വളർച്ചയാണ് കടഭാരം താങ്ങാവുന്നതാണോ എന്നുനിശ്ചയിക്കുന്നത്. മൊത്തം കടത്തിന്റെ തുക കൂട്ടിക്കൊണ്ടിരിക്കുമ്പോഴും കേരള സമ്പദ്ഘടന വളർന്നുകൊണ്ടിരിക്കയാണ്. അതിന്‌ താങ്ങാവുന്ന കടമേ നമുക്കുള്ളൂ.

അതുകൊണ്ട്, കടം വാങ്ങുന്ന പണം സമ്പദ്ഘടനയുടെ വളർച്ചയ്ക്കുവേണ്ടിയാണോ വിനിയോഗിക്കുന്നത് എന്നതിലാണ് ജാഗ്രത വേണ്ടത്. കിഫ്ബി സമാഹരിക്കുന്ന പണത്തിൽ ഒരു രൂപപോലും സർക്കാർ ചെലവുകൾക്കുവേണ്ടി വിനിയോഗിക്കുന്നില്ല. അത്‌ പൂർണമായും അടിസ്ഥാനസൗകര്യവികസനത്തിനാണ്. അതുകൊണ്ട് ചിലർ ഇതുസംബന്ധിച്ച് പ്രചരിപ്പിക്കുന്ന ആശങ്കകൾക്ക് ഒരടിസ്ഥാനവുമില്ല.

60,000 കോടി രൂപയെങ്കിലും അടുത്ത 7-8 വർഷത്തിനുള്ളിൽ വായ്പ സമാഹരിക്കുകയാണ് കിഫ്ബിയുടെ ലക്ഷ്യം. ഇതൊരു വലിയ തുകതന്നെയാണ്. സംസ്ഥാനത്തിന്റെ ഭാവിക്കിതൊരു ഭാരമായി മാറുമോ എന്നാണല്ലോ സംശയവും ആശങ്കയും വിമർശനവും.

കിഫ്ബിവഴി ഏറ്റെടുക്കുന്ന പദ്ധതികൾ സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് സഹായിക്കുമോ? നാടിന് അനിവാര്യമാണോ? റോഡും പാലവും സ്കൂളും ആശുപത്രിയും ഇങ്ങനെ പണിയേണ്ടതുണ്ടോ? വൈദ്യുതി പുറത്തുനിന്ന്‌ എത്തിക്കാനുള്ള ട്രാൻസ്ഗ്രിഡും ഇന്റർനെറ്റ് വീടുകളിൽ എത്തിക്കാനുള്ള കെ-ഫോണും വേണ്ടതുണ്ടോ? ഇത്ര അടിയന്തരമായി കേരളത്തിൽ വ്യവസായപാർക്കുകൾ സജ്ജീകരിക്കേണ്ടതുണ്ടോ? ഇല്ലെന്നോ വേണ്ടെന്നോ ഉത്തരം പറയുന്ന ആരും കേരളത്തിലില്ല. പ്രതിപക്ഷ എം.എൽ.എ.മാരാണെന്നുവെച്ച് പദ്ധതികൾ വേണ്ടെന്നോ ആവശ്യമില്ലെന്നോ ആരെങ്കിലും പറയുമോ? കിട്ടിയതുപോരാ, ഇനിയും വേണമെന്നാണ് എല്ലാവരുടെയും നിലപാട്.

സാധാരണ ചെലവുകഴിഞ്ഞ് ബജറ്റിൽ മിച്ചംവരുന്ന പണമാണ് മേൽപ്പറഞ്ഞവയ്ക്ക്‌ ചെലവിടുന്നത്. വിദ്യാഭ്യാസ, ആരോഗ്യ, ക്ഷേമ മേഖലകളിൽ നൽകിയ ഊന്നൽമൂലം ചരിത്രപരമായി വളരെക്കുറച്ചുതുകയേ പശ്ചാത്തലസൗകര്യങ്ങൾക്കുവേണ്ടി മുടക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഈ പതിവ് തുടർന്നാൽ മേൽപ്പറഞ്ഞ സൗകര്യങ്ങളൊരുങ്ങാൻ മൂന്നോ നാലോ പതിറ്റാണ്ട്‌ വേണ്ടിവന്നേക്കാം. അതുമതിയോ?

രണ്ടുകാരണംകൊണ്ട് പോരാ
ഒന്ന്, നിർമാണപ്രവൃത്തികളുടെ ഗുണം ഇന്നത്തെ തലമുറയ്ക്ക് കിട്ടണം. അങ്ങനെ പശ്ചാത്തലസൗകര്യങ്ങൾ സൃഷ്ടിച്ചാൽ വ്യവസായമേഖലകളിൽ മൂലധനനിക്ഷേപം വർധിക്കും. തൊഴിലവസരങ്ങൾ കൂടും. സാമ്പത്തികവളർച്ച അതിവേഗത്തിലാവും.

രണ്ടാമത്‌ പരിഗണിക്കേണ്ടത് കുതിച്ചുയരുന്ന നിർമാണച്ചെലവാണ്. ഇപ്പോഴാണെങ്കിൽ മലയോരഹൈവേ 3500 കോടിക്ക്‌ തീരും. പത്തുവർഷം കഴിഞ്ഞാൽ 10000 കോടിക്കുമുകളിൽ വേണ്ടിവന്നേക്കാം. അതുവരെ കാത്തിരിക്കുന്നത് ബുദ്ധിയാണോ? പക്ഷേ, ബജറ്റിൽനിന്ന് പണം കണ്ടെത്തി മലയോരഹൈവേ പണിയാനാവില്ല. പിന്നെന്താണ് വഴി? ബജറ്റിനുപുറത്ത് വായ്പയെടുക്കണം. അതിനാണ് കിഫ്ബി.

ഇത്തരത്തിൽ ആദ്യമായി വായ്പയെടുത്ത് നിർമാണം നടത്തുന്നത് കിഫ്ബിയാണോ? അല്ല. കൊച്ചി വിമാനത്താവളവും കണ്ണൂർ വിമാനത്താവളവും കൊച്ചി മെട്രോയും വിഴിഞ്ഞം ഹാർബറുമെല്ലാം പ്രത്യേക കമ്പനികൾ രൂപവത്‌കരിച്ച് ബജറ്റിനുപുറത്ത് വായ്പയെടുത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന വൻകിട പദ്ധതികളാണ്. കിൻഫ്രയുടെയും കെ.എസ്‌.ഐ.ഡി.സി.യുടെയും പേരിൽ വായ്പയെടുത്ത് എത്രയോ പാർക്കുകൾ നിർമിച്ചിരിക്കുന്നു. ഭാവിവരുമാനത്തിൽനിന്ന്‌ പണം തിരിച്ചടയ്ക്കാമെന്ന കരാറിലാണ് ഈ കമ്പനികളെല്ലാം വായ്പയെടുക്കുന്നത്.

എന്നാൽ, വരുമാനദായകമല്ലാത്ത പ്രോജക്ടുകൾ വായ്പയെടുത്ത് എങ്ങനെ നടപ്പാക്കാനാവും? കിഫ്ബിയിലൂടെ പണിയുന്ന റോഡുകളിൽ ടോൾ പിരിവില്ല. മലയോരഹൈവേ പണിതാലോ പാലങ്ങളും സ്കൂളുകളും ആശുപത്രികളും ആധുനികീകരിച്ചാലോ പ്രത്യക്ഷവരുമാനമുണ്ടാവില്ല. അപ്പോഴെന്തുചെയ്യും?

അതിനുള്ള ഉത്തരമാണ് ആന്വിറ്റി സമ്പ്രദായം. തിരുവനന്തപുരത്തെ നഗരറോഡുകൾ ആധുനികരീതിയിൽ നവീകരിച്ചത് ഇങ്ങനെയാണ്. റോഡുകളെല്ലാം ഡിസൈൻഡ് റോഡുകളായി നിർമിക്കുന്നതിനുള്ള ചെലവ് പതിനഞ്ചോ ഇരുപതോ കൊല്ലംകൊണ്ട് സർക്കാർ കൊടുത്തുതീർക്കും. ഇത്രയും കാലത്തെ പലിശയും മെയിന്റനൻസ് ചെലവുംകൂടി അടങ്ങുന്ന തുകയ്ക്കാണ് കരാറുകാരൻ ടെൻഡറെടുക്കുക. ഇത് വാർഷികതവണകളായി സർക്കാർ വീട്ടും. ഇതാണ് ആന്വിറ്റി സ്കീം. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച ജില്ലാ ഫ്ലാഗ്ഷിപ്പ് പദ്ധതികളെല്ലാം ഈ മാതൃകയിലായിരുന്നു.

ആന്വറ്റി സ്കീം തന്നെ
ഇതുതന്നെയാണ് കിഫ്ബിയും ചെയ്യുന്നത്. വൻതോതിലുള്ള പശ്ചാത്തലസൗകര്യ വികസനത്തിന് കിഫ്ബി വായ്പയെടുക്കുന്നു. പണി നടത്തിക്കുന്നു. തിരിച്ചടവിലുള്ള പണം ആന്വിറ്റിയായി നൽകുന്നു. മോട്ടോർവാഹനനികുതിയുടെ പകുതിയും പെട്രോളിയം സെസിൽനിന്നുള്ള വരുമാനവുമാണ് ആന്വിറ്റി. നികുതിവരുമാനം കൂടുന്നതിന് ആനുപാതികമായി കിഫ്ബിക്ക് കിട്ടുന്ന ആന്വിറ്റിയും വർധിക്കും. അതുകൊണ്ട് ഇതിനെ വർധമാന ആന്വിറ്റി സ്കീമെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.

സി.എ.ജി.യുടെ വിമർശനം ഇതാണ്: ഈ ആന്വിറ്റികൊണ്ട് താങ്ങാനാവുന്നതിനപ്പുറം പ്രോജക്ടുകൾ ഏറ്റെടുത്ത് നടപ്പാക്കിയാൽ കിഫ്ബിയുടെ ബാധ്യതകൾ മുഴുവൻ സർക്കാരിന്റെ ചുമലിലാവില്ലേ? അതുകൊണ്ട് കിഫ്ബി ബാധ്യതകൾ സർക്കാരിന്റെ പ്രത്യക്ഷ ബാധ്യതകളാണ്. അഥവാ സർക്കാർ നേരിട്ട്‌ വായ്പയെടുക്കുന്നതിനു തുല്യമാണ്.

ഈ നിലപാട് തെറ്റാണ്. സർക്കാരിന്റെ ആന്വിറ്റി ഗ്രാന്റ് മാത്രമല്ല കിഫ്ബിയുടെ വരുമാനം. കിഫ്ബിയുടെ 25 ശതമാനം വരുമാനമുണ്ടാക്കുന്ന വ്യവസായപാർക്കുകൾ, ട്രാൻസ്‌ഗ്രിഡ്, കെ-ഫോൺ പോലുള്ള പ്രോജക്ടുകളാണ്.

കിഫ്ബിയുടെ ബാധ്യതകൾ കമ്പനിയുടെ ആസ്തികൾക്ക്‌ താങ്ങാവുന്നതിനപ്പുറമാകുമെന്ന സി.എ.ജി.യുടെ ആശങ്കയ്ക്കും അടിസ്ഥാനമില്ല. ഭാവിയിലുണ്ടാകുന്ന ബാധ്യത എത്രയെന്ന്‌ വളരെ കൃത്യമായി കണക്കുകൂട്ടിയിട്ടുണ്ട്. കിഫ്ബിക്ക് രണ്ടുതരത്തിലുള്ള ബാധ്യതകളാണ് വരുക. കരാറുകാരുടെ ബില്ലുകൾ കൊടുക്കണം; മുതലും പലിശയും ചേർത്ത് വായ്പ തിരിച്ചടയ്ക്കണം. അടുത്ത 15-20 വർഷം ഓരോ വർഷവും ഇതിനെത്ര ചെലവുവരുമെന്ന്‌ കൃത്യമായി കണക്കുകൂട്ടിയിട്ടുണ്ട്.

ബാധ്യതകൾ വന്നുപതിക്കില്ല
ഇതോടൊപ്പം കിഫ്ബിയുടെ വരുമാനം അല്ലെങ്കിൽ ആസ്തി ഓരോ വർഷവും എത്രയായിരിക്കും എന്നുകൂടി കണക്കാക്കും. രണ്ടുതരത്തിലുള്ള ആസ്തികളാണുള്ളത്. ഒന്ന്, സർക്കാർ നൽകുന്ന ആന്വിറ്റി. രണ്ട്, വരുമാനദായക പ്രോജക്ടുകളിൽനിന്നുള്ള തിരിച്ചടവ്. എപ്പോഴും ആസ്തിയുടെ ഗ്രാഫ് ബാധ്യതയുടെ ഗ്രാഫിനെക്കാൾ ഉയർന്നുനിൽക്കണമെന്നതാണ് തത്ത്വം. ഇത് ഉറപ്പുവരുത്തിക്കൊണ്ടേ പ്രോജക്ടുകൾ ഏറ്റെടുക്കൂ. അതുകൊണ്ട് ഒരു കാരണവശാലും കിഫ്ബിയുടെ ബാധ്യതകൾ സർക്കാരിനുമേൽ വന്നുപതിക്കില്ല. സർക്കാർ ആകെ ചെയ്യേണ്ടത് നിയമത്തിൽ വ്യവസ്ഥചെയ്തപ്രകാരം ആന്വിറ്റി കൊടുത്താൽ മതി. വേറൊരു അധികബാധ്യതയും സർക്കാരിനുണ്ടാവില്ല. ഇത്തരമൊരു ആന്വിറ്റി സ്കീമിന്റെ അടിസ്ഥാനത്തിലാണ് വികസനപ്രവർത്തനങ്ങൾ കിഫ്ബി ഏറ്റെടുത്തിട്ടുള്ളത്. ഇതാകെ തകർക്കുകയാണ് സി.എ.ജി. നിയമത്തിൽ വ്യവസ്ഥചെയ്തപോലെ കിഫ്ബി സർക്കാരിൽനിന്ന്‌ സ്വതന്ത്രമായ ഒരു കമ്പനിയായി സി.എ.ജി. അംഗീകരിക്കുന്നില്ല. അതുകൊണ്ട് കിഫ്ബി എടുത്തിരിക്കുന്ന വായ്പകളെല്ലാം സർക്കാർ വായ്പയെടുക്കുന്നതിനുതുല്യമാണെന്നാണ് വാദം. കേന്ദ്രത്തിന്റെ അനുവാദം വാങ്ങിയില്ലെന്നും അതുകൊണ്ട് കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്നുമാണ് നിഗമനം.

കമ്പനികൾ രൂപവത്‌കരിച്ച് രാജ്യത്തെ മറ്റുസംസ്ഥാനങ്ങളും കേന്ദ്ര ഏജൻസികളും വായ്പയെടുക്കുന്ന എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും നിരത്താം. അവയോടൊന്നുമില്ലാത്ത എതിർപ്പ് സി.എ.ജി. കിഫ്ബിയോടുകാണിക്കുന്നതിനുകാരണം രാഷ്ട്രീയമാണ്.

ഇതുവരെ ഒമ്പതുവട്ടം സി.എ.ജി. പരിശോധന നടത്തിയിട്ടുണ്ട്. അപ്പോഴൊന്നുമില്ലാത്ത നിലപാടാണ് പൊടുന്നനെ പൊട്ടിമുളച്ചത്. കരടുറിപ്പോർട്ടിൽ ഭരണഘടനാവിരുദ്ധമെന്ന വ്യാഖ്യാനമേ ഉണ്ടായിരുന്നില്ല. സർക്കാരിന്റെ അഭിപ്രായം ആരായാതെയാണ് ഭരണഘടനാവിരുദ്ധമെന്ന്‌ സമർഥിക്കാൻ അന്തിമറിപ്പോർട്ടിൽ നാല്‌ പുതിയ പേജ് കൂട്ടിച്ചേർത്തത്. അത് അംഗീകരിക്കുന്ന പ്രശ്നമില്ല.

‘മാതൃഭൂമി’യുടെ വളരെ പ്രസക്തമായ മുഖപ്രസംഗത്തിൽ പറഞ്ഞതുപോലെ, ‘കിഫ്ബി കുതിക്കണം, തെളിഞ്ഞ വഴിയിലൂടെത്തന്നെ’. വഴി തെളിഞ്ഞതുതന്നെയാണ്. നിയമസഭ ഏകകണ്ഠമായി പാസാക്കിയ വഴിയാണത്. സഭയ്ക്കുനൽകിയ ഉറപ്പിൽ എന്തെങ്കിലും വീഴ്ചവന്നിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം, തിരുത്താവുന്നതേയുള്ളൂ. പക്ഷേ, കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ മാർഗം ഭരണഘടനാവിരുദ്ധമാണ് എന്ന സി.എ.ജി. നിലപാടിന്റെ പ്രത്യാഘാതം വിനാശകരമായിരിക്കും. മാതൃഭൂമിയുടെ മുഖപ്രസംഗം പറയുന്നതുപോലെ, ‘ഇരുപതിനായിരം കോടിയോളം രൂപയുടെ പ്രവൃത്തികളും അതിലേറെ ടെൻഡർ നടപടി തുടങ്ങിയ അത്രത്തോളം രൂപയുടെ പ്രവൃത്തികളും നടക്കാതെവന്നാൽ സംസ്ഥാനത്തിന് വലിയ ആഘാതമാണുണ്ടാവുക. വികസനമുരടിപ്പുമാത്രമല്ല, പതിനായിരക്കണക്കിന് തൊഴിൽനഷ്ടവുമാണുണ്ടാവുക.

ദൗർഭാഗ്യവശാൽ ഇങ്ങനെയൊരു സാഹചര്യം ബോധപൂർവം സൃഷ്ടിക്കാനാണ് സി.എ.ജി.യുടെ ശ്രമം.