രാവിലെയുള്ള ട്രെയിനില്‍ കണ്ണൂര്‍ക്ക് പോകുവാനായി റെയില്‍വേസ്‌റ്റേഷനിലേയ്ക്ക്‌ എത്താൻ ഞാന്‍ ഒരു സിറ്റി ബസ്സില്‍ യാത്രചെയ്യുകയായിരുന്നു. ഉദ്ദേശിച്ചതിനേക്കാളേറെ തിരക്ക് ആ ബസില്‍ അതിരാവിലെ തന്നെ ഉണ്ടായിരുന്നു. കുറച്ച് മുന്നോട്ട് പോയപ്പോള്‍ കൈക്കുഞ്ഞിനെയുംകൊണ്ട് ഒരു സ്ത്രീ ബസില്‍ കയറി. ആരും എഴുന്നേറ്റ് സീറ്റ് കൊടുത്തില്ല. അപ്പോഴേയ്ക്കും ഒരു പുരുഷന്‍ എഴുന്നേറ്റ് അവര്‍ക്ക് സീറ്റ് കൊടുത്തു.

തുടര്‍ന്ന് അദ്ദേഹം സ്ത്രീകളാരും സീറ്റ് കൊടുക്കാഞ്ഞതിന് ഉച്ചത്തില്‍ കുറ്റപ്പെടുത്തി. ബസാലാകെ പരിപൂര്‍ണ നിശ്ശബ്ദത ഉളവായി. അപ്പോള്‍ മദ്ധ്യവയസ്‌കയായ ഒരു സ്ത്രീ എഴുന്നേറ്റ് ഇപ്രകാരം പറഞ്ഞു: ‘ഞാന്‍ മൂന്ന് മണിക്ക് ഉണര്‍ന്നതാണ്. രണ്ട് മണിക്കൂര്‍ അടുക്കളയില്‍ നിന്ന്തന്നെ ജോലിചെയ്തു. ബസിലെങ്കിലും ഒന്ന് ഇരിക്കാന്‍ സീറ്റ് കിട്ടണമേ എന്ന് ആഗ്രഹിച്ചുകൊണ്ടാണ് കയറിയത്. ഇനി കയറേണ്ട ട്രെയിനില്‍ സീറ്റ് കിട്ടുമോ എന്നറിയില്ല. രാവിലെ എഴുന്നേറ്റ് കുളിച്ച് ഷേവ് ചെയ്ത്, കൈയിൽ കിട്ടിയ ചായയും കുടിച്ച് ബസില്‍ കയറിയ നിങ്ങള്‍ക്ക് അത് മനസ്സിലാവണമെന്നില്ല.’ രോദനവും ദയനീയതയും ഇടകലര്‍ന്ന ഒരു ആക്രോശസ്വരത്തിലാണ് അവര്‍ പറഞ്ഞൊപ്പിച്ചത്.

രാവിലത്തെ രണ്ടു മണിക്കൂര്‍ വീട്ടുജോലിയും എട്ട് മണിക്കൂര്‍ ഓഫീസ്‌ ജോലിയും നാല് മണിക്കൂര്‍ യാത്രയും വീണ്ടും രാത്രിയില്‍ പൂര്‍ത്തിയാക്കേണ്ട സമയക്ലിപ്തതയില്ലാത്ത വീട്ടുജോലിയും സൃഷ്ടിക്കുന്ന സമ്മര്‍ദം ആ മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്നു.

ജോലിസമ്മര്‍ദം സാമ്പത്തിക വിഷയവും കൂടിയാണ്. ഒരുവന്‍ ജോലിതേടുന്നത് പ്രധാനമായും സാമ്പത്തിക കാരണങ്ങളാലാണ്. ജോലിയില്‍ നിലനില്‍ക്കുന്നതും അതുകൊണ്ടുതന്നെയാണ്. തൊഴില്‍ തരുന്ന വേതനം ഉപയോഗിച്ച് ജീവിക്കാന്‍ പരിശ്രമിക്കുന്നു. പണിയെടുക്കുന്നത് ജീവിക്കാനാണ്. എങ്കിലും മനുഷ്യന്‍ ജോലിക്കു വേണ്ടിയാണോ അതോ ജോലി മനുഷ്യനു വേണ്ടിയാണോ എന്നതാണ് വിഷയം. സമ്മര്‍ദത്തോടെയുള്ള ജോലി ഉത്‌പാദനക്ഷമതയെ ബാധിക്കുന്നു. അത് മൊത്തത്തിലുള്ള സാമ്പത്തിക ചംക്രമണത്തയും പ്രതികൂലമാക്കുന്നു.

തൊഴില്‍സമ്മര്‍ദം പണ്ടത്തെക്കാളേറെ ഇന്ന് വേര്‍തിരിച്ച് പറയാനാവാത്തവിധം എല്ലാ തലങ്ങളിലും ജീവിതത്തിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു. ഒരു മത്സരാധിഷ്ഠിത കമ്പോള വ്യവസ്ഥിതിയാണ് പ്രധാനമായും ഇതിന് കാരണം. ‘എനിക്ക് ലോണ്‍ അനുവദിച്ചുതരാന്‍ ബാങ്ക് മാനേജര്‍ക്ക് എന്ത് ഉത്സാഹം എന്ന് ചിന്തിച്ചപ്പോഴാണ് അദ്ദേഹത്തിന് പൂര്‍ത്തിയാക്കേണ്ട ലോണ്‍ ടാര്‍ജറ്റിന്റെ ഇരയാണ് ഞാന്‍ എന്ന സത്യം മനസ്സിലാവുന്നത്.’ ഒരു വിപണനക്കാരനെപോലെ ഉത്‌പന്നങ്ങള്‍ വിറ്റഴിക്കുക എന്നതിലേക്ക് ബാങ്കിങ് പ്രവര്‍ത്തനം മാറി. കസ്റ്റമേഴ്‌സിനോട് സ്നേഹത്തോടെ പെരുമാറാന്‍ ആവുന്നില്ല എന്ന് പരിതപിക്കുന്നവരുടെ എണ്ണം ഏറുകയാണ്.

ഏറ്റവും കരുതലും സ്നേഹവും ചൊരിയേണ്ട രംഗമാണ് അധ്യാപനം. എന്നാല്‍ അവിടെയും മത്സര കമ്പോളം ശക്തമായി പിടിമുറുക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനത്തിന് എ ഗ്രേഡ് കിട്ടാനും ഗ്രേഡിങ്ങിലും റാങ്കിങ്ങിലും മുന്‍നിരയിലെത്താനും ഒരു ‘ഗ്ലോറിഫൈഡ് ക്ലര്‍ക്ക്’ എന്ന് വിളിക്കാവുന്ന തരത്തില്‍ അധ്യാപകരും ഫയല്‍ക്കൂമ്പാരങ്ങളില്‍ തങ്ങുകയാണ്.

അതിനാല്‍ അവിടെയും എന്റെ വിദ്യാർഥികളെ സ്നേഹത്തോടെ ശ്രവിക്കാനാവുന്നില്ലല്ലോ എന്ന് പരിതപിക്കുന്നവരുടെ എണ്ണം ഏറുകയാണ്. മറ്റ് സ്വകാര്യ, സര്‍ക്കാര്‍ ഉദ്യേഗസ്ഥരും മാധ്യമപ്രവര്‍ത്തകരും കലാ കായികരംഗത്തുള്ളവരും വിവിധ രീതിയില്‍ സമ്മര്‍ദം അനുഭവിക്കുന്നു. ഉത്‌പന്നങ്ങളുടെയും സേവനങ്ങളുടെയും വളര്‍ച്ചയ്ക്കിടയിലും ആവശ്യത്തിനുപോലും ജോലിചെയ്യാതെ ഇരിക്കുന്നവരും ഇല്ലാതില്ല.

ഏറ്റവും കൂടുതല്‍ കരുണയോടെ സമീപിക്കേണ്ട ആരോഗ്യപരിപാലനരംഗവും മത്സര കമ്പോളത്തിന്റെ പിടിയിലമര്‍ന്നപ്പോള്‍ തൊഴില്‍പ്രാവീണ്യം തെളിയിക്കേണ്ട സമ്മര്‍ദത്തിലേക്ക് ഡോക്ടറും മത്സരവിപണന തന്ത്രങ്ങളിലേക്ക് അനുബന്ധസംവിധാനങ്ങളും എത്തിച്ചേരുകയാണ്. മത്സരപരീക്ഷയില്‍ മുന്നേറാനുള്ള വിദ്യാർഥികളുടെ സമ്മര്‍ദവും ചെറിയക്ലാസ്‌ മുതല്‍ ആരംഭിക്കുന്നു. വീട്ടമ്മമാരിലും അപകര്‍ഷതാബോധം സൃഷ്ടിക്കുന്ന സമ്മര്‍ദങ്ങള്‍ ഏറെയാണ്.

എപ്രകാരം ഇതിൽ നിന്ന് മോചനം നേടാം? ആദ്യം കിട്ടിയ ജോലിയില്‍ പ്രവേശിക്കുക. ആവശ്യത്തിന് സാമ്പത്തിക സുരക്ഷിതത്വമുണ്ടെങ്കില്‍ കുറെക്കൂടി സന്തോഷകരവും ആന്മസാക്ഷാത്കാരത്തിനുതകുന്നതുമായ മറ്റൊരു തൊഴിലിലേക്ക് മാറുക. ഇവിടെ ആവശ്യങ്ങള്‍ നമ്മളാണ് തിരുമാനിക്കുന്നത്. എനിക്കു ചുറ്റും മോഹങ്ങളുടെ അതിര്‍ത്തിരേഖ വരക്കേണ്ടത് ഞാൻ തന്നെയാണ്.

എട്ട് മണിക്കൂര ജോലി, എട്ട് മണിക്കൂര്‍ ഉറക്കം, എട്ട് മണിക്കൂര്‍ പ്രിയപ്പെട്ട കാര്യങ്ങള്‍ എന്നിങ്ങനെ ജീവിതത്തെ ക്രമീകരിക്കാനാവുക നല്ലതാണ്. ജോലിചെയ്യുന്ന മണിക്കൂറുകള്‍ ആന്മാര്‍ത്ഥമായി പണിയെടുക്കുക. പ്രിയപ്പെട്ട കാര്യങ്ങളില്‍ എനര്‍ജി പൂള്‍സ് എന്ന് വിളിക്കാവുന്ന പ്രാര്‍ത്ഥന, കുടുംബം, കൂട്ടുകാര്‍, ഹോബി, വ്യായാമം, വിനോദം, കല, സംഗീതം ഇവയെല്ലാമുണ്ടാവണം.

രാവിലെ അടുക്കളയില്‍ റേഡിയോയിലെ സുഭാഷിതം കേട്ടു ജോലിചെയ്യുന്ന ഒരു നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പലിനെ എനിക്കറിയാം. പ്രഭാതത്തിലെ നല്ല ചിന്തകള്‍ ആ ദിവസത്തേക്കുള്ള ഊര്‍ജസംരക്ഷണമായി അവര്‍ കരുതുന്നു. അതോടൊപ്പം എനര്‍ജി ലീക്ക്‌സ് എന്ന് വിളിക്കാവുന്ന തലവുമുണ്ട്. ചില വ്യക്തികള്‍, സാഹചര്യങ്ങള്‍ നിങ്ങളിലെ ഊര്‍ജത്തെ കെടുത്തുന്നതാണെങ്കില്‍ ബോധപൂര്‍വം അകലുക.

ജോലിത്തിരക്കുള്ളവര്‍ക്കാണ് മനഃസന്തോഷം കൂടുതലെന്ന് കോപ്പന്‍ഹേഗനിലെ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. സമൂഹത്തില്‍ അര്‍ത്ഥവത്തായി എന്തെങ്കിലും ചെയ്യുന്നവരും തിരക്കുള്ളവരാണ്. ജോലിയില്‍ ആനന്ദം കണ്ടെത്തുക. ആഗ്രഹമുള്ളവരും നിങ്ങളേക്കാള്‍ അര്‍ഹിക്കുന്നവരും പുറത്ത് തൊഴിലന്വേഷകരായിട്ടുണ്ട്. അതുകൊണ്ട് പരാതിപ്പെട്ടികളാവാതിരിക്കുക. ഓര്‍ക്കുക, തലച്ചോര്‍ ജിമ്മിലേക്ക് പോകാന്‍ പറയുമ്പോള്‍, ഹൃദയം ഐസ്‌ക്രീമിനായി ദാഹിക്കുകയും ശരീരം റസ്റ്റോറന്റിലേക്കുമാണ് പോവുന്നതെങ്കില്‍ നിങ്ങളെ രക്ഷിക്കുവാന്‍ നിങ്ങള്‍ക്ക്‌ പോലും സാധ്യമല്ല.