ഒരു ദാമ്പത്യപ്രശ്നം കൈകാര്യം ചെയ്ത സന്ദർഭം ഓർക്കുന്നു... പരസ്പരമുള്ള പ്രശ്നങ്ങൾ പങ്കുവയ്ക്കാനും പരിഹാരം ഉണ്ടാക്കാനുമാണ് അവർ എത്തിയത്. ഭർത്താവ് സമൂഹത്തിൽ അറിയപ്പെടുന്ന പ്രശസ്തനായ കലാകാരനാണ്. ഭാര്യയുടെ പ്രധാന പരാതി അയാൾ അനേക ദിവസങ്ങൾ വെറുതെ ഇരിക്കുന്നു എന്നതാണ്. അവളാകട്ടെ ടി.വി. കാണുമ്പോൾ പോലും വസ്ത്രങ്ങൾ തയ്ച്ചുകൊണ്ടിരിക്കുന്ന തരത്തിൽ കർമനിരതയാണെന്നാണ് ഉദാഹരണമായി പറഞ്ഞത്. എന്നാൽ, ഭർത്താവ് ആ നാളുകളിൽ വെറുതെ സമയം കളയുന്നതല്ല എന്നും അത്  അടുത്ത കലാസൃഷ്ടിക്കിടയിലുള്ള കാലയളവാണ് എന്നും മറ്റൊരു കലാസൃഷ്ടിയിലേക്കുള്ള തുടക്കത്തിന് അത് ആവശ്യമാണെന്നും ഭാര്യയെ പറഞ്ഞ് മനസ്സിലാക്കാൻ വളരെ പ്രയാസപ്പെട്ടു. 

 ‘ഉത്‌പാദനക്ഷമത’ അഥവാ ‘പ്രൊഡക്ടിവിറ്റി’ എന്നത് സാമ്പത്തികശാസ്ത്രത്തിലെ ഒരു പ്രധാന പഠനവിഷയമാണ്. അതുമായി ബന്ധപ്പെട്ട് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. അതിൽ വളരെ വസ്തുതാപരവും രസകരവുമായ പഠനമാണ് കുറയുന്ന ഉത്‌പാദനക്ഷമത എന്ന പ്രയോഗം. ഇതേക്കുറിച്ച് ആദ്യ പരാമർശം ഉണ്ടായത് ടർഗോട്ട് എന്ന സാമ്പത്തികശാസ്ത്രജ്ഞനിലൂടെയാണ്. ഈ സിദ്ധാന്തമനുസരിച്ച് ‘ഒരു ഉത്‌പാദന ഘടകം തുടർച്ചയായി ഉപയോഗിക്കപ്പെടുമ്പോൾ, ഒരു ഘട്ടം കഴിഞ്ഞ് അതിൽ നിന്നുള്ള ഉത്‌പാദനക്ഷമത കുറഞ്ഞുകൊണ്ടേയിരിക്കും’. 
 
ക്ലാസിക്കൽ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ തുടർച്ചയായ ഉത്‌പാദനം അതിന്റെ കുറഞ്ഞുവരുന്ന അളവിനെയും ഗുണത്തെയും സൃഷ്ടിക്കുന്നു. എന്തുകൊണ്ട് ഇപ്രകാരം സംഭവിക്കുന്നു എന്ന് വിശകലനം ചെയ്യുമ്പോൾ ഉത്‌പാദന ഘടകങ്ങളുടെ പ്രത്യേകതയിലേക്കാണ് എത്തുന്നത്. ഉത്‌പാദനത്തിന് ഉപയോഗിക്കുന്ന അസംസ്കൃത പദാർഥങ്ങളെ ‘ഉത്‌പാദന ഘടകങ്ങൾ’ എന്ന് വിളിക്കുന്നു. ഭൂമി അഥവാ, പ്രകൃതിവിഭവങ്ങൾ, തൊഴിൽശക്തി, മൂലധനം, സംഘാടന കഴിവ് ഇവയാണ് പ്രാഥമിക അസംസ്കൃത വസ്തുക്കളായി പരിഗണിക്കപ്പെടുന്നത്. ഇത് പരമ്പരാഗതമായ ഒരു വിഭജനമാണ്. ഇവയെ ഭൗതിക മൂലധനം, ഭൗതികമല്ലാത്ത മൂലധനം എന്നും തരംതിരിക്കാറുണ്ട്. മനുഷ്യവിഭവശേഷി, മനുഷ്യേതര വിഭവശേഷി എന്നിങ്ങനെയുള്ള വിഭജനവും പ്രായോഗികമായി കരുതപ്പെടുന്നു. രണ്ടമത്തേതിൽ സാങ്കേതികവിദ്യ പോലുള്ള വിഭവങ്ങളും ഉൾപ്പെടുന്നു. 
 
ഏതൊരു ഉത്‌പാദന ഘടകത്തിനും പ്രവർത്തനക്ഷമത എന്നത് വളരെ പ്രധാനപ്പെട്ട അവസ്ഥാവിശേഷമാണ്. ഭൂമിയുടെ ഉത്‌പാദനക്ഷമത വർധിപ്പിക്കാൻ കാർഷിക രംഗത്ത് വിളവുകൾക്കിടയിൽ കാലതാമസം സൃഷ്ടിച്ച് നിലം കുറച്ചുനാളത്തേക്ക് വെറുതെ ഇടുകയോ മറ്റെന്തെങ്കിലും ഇടകൃഷികൾ നടത്തുകയോ ചെയ്യാറുണ്ട്. യന്ത്രസാമഗ്രികൾ കുറച്ചുസമയം ഓഫ് ചെയ്ത് ഉപയോഗിക്കാതെ വയ്ക്കുന്നതും പ്രവർത്തനശേഷി മെച്ചപ്പെടുത്താനാണ്. കംപ്യൂട്ടർ പോലുള്ള ഉപകരണങ്ങൾ കുറച്ചുനേരത്തേക്ക് ‘ഷട്ട് ഡൗൺ’ ചെയ്യാമെന്ന് ചിന്തിക്കുന്നതും ഈ തലത്തിൽ മനസ്സിലാക്കാനാവും.  
 
മനുഷ്യവിഭവശേഷിയുടെ ഉപയോഗത്തിന്റെ കാര്യത്തിലും ഇത് ഉപകാരമുള്ള ചിന്തയാണ്. മനുഷ്യവിഭവശേഷി  വർധിക്കുന്നത് അറിവ്, അനുഭവം, സ്കില്ലുകളുടെ വളർച്ച എന്നിവയിലൂടെയുള്ള വികാസത്തിലൂടെയാണ്. ഈ കഴിവിന്റെ ഒരു പരിധിക്കപ്പുറമുള്ള തുടർച്ചയായ ശാരീരികവും മാനസികവും ബുദ്ധിപരവുമായ  ഉപയോഗം ഉത്‌പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ടാണ് ഇടവേളകൾ ആവശ്യമാവുന്നത്. അതനുസരിച്ചാണ് വിശ്രമദിനങ്ങളും അതിന്റെ വേതനവും നിശ്ചയിക്കപ്പെടുന്നത്. 
 
ഇനി ഇരുന്ന് പണിതിട്ട് വലിയ പ്രയോജനമൊന്നും അധികമായി ഉണ്ടാവാൻ പോവുന്നില്ല എന്ന് തൊഴിലാളിയും ഇനി പഠിച്ചിട്ട് വലിയ കാര്യമൊന്നുമില്ല എന്ന് വിദ്യാർഥിയും പറയുന്നിടത്താണ് ഈ പ്രത്യേകതകൾ മനസ്സിലാവുന്നത്. ഒരു മണിക്കൂർ പഠിച്ചുകഴിഞ്ഞ് ഇരുപത് മിനിറ്റെങ്കിലും വിശ്രമമെടുക്കുന്നത് വിദ്യാർഥിക്ക് നല്ലതാണ്. തിരിച്ചാവരുതെന്ന് മാത്രം. ആ വിശ്രമസമയത്ത് പഠിച്ചവ കൃത്യമായി മെമ്മറി ഡിസ്കിലേക്ക് ഫീഡ് ചെയ്യപ്പെടുകയും ചെയ്യും. 

എന്നാൽ, ചില പ്രത്യേക സന്ദർഭങ്ങളിൽ എല്ലാം മറന്ന് പണിയെടുക്കാൻ സാധിക്കുന്നത് മനുഷ്യന് മാത്രമാണ്. ചെയ്തുതീർക്കേണ്ട കാര്യങ്ങളുടെ ഭാരം മൂലം ഉറക്കംവരാത്ത അവസ്ഥയും സ്വാഭാവികമാണ്. ഇത് തങ്ങളുടെ പ്രവൃത്തിയെ ഹൃദയത്തോട് ചേർത്ത് സ്നേഹിക്കുന്നവർക്കാണ് ഉണ്ടാവുന്നത്. അവിടെയാണ് ഓരോരുത്തരുടെയും തൊഴിലിനോടുള്ള സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും മാറ്റുരയ്ക്കപ്പെടുന്നത്.  
 
വസ്തുക്കൾ ആവശ്യക്കാരനിൽ എത്തിക്കുക എന്നതിനപ്പുറം, ഉത്‌പാദനത്തിന്റെ പ്രഥമമായ ലക്ഷ്യം ‘ലാഭ’വുമാണ്. അതുകൊണ്ട് കൂടുതൽ ഉത്‌പാദനം എന്നത് ഉത്‌പാദകന്റെ സ്വപ്നമാണ്. ഉത്‌പാദന ഘടകങ്ങളുടെ പരമാവധി ഉപയോഗത്തിലേക്ക് അത് ഉത്‌പാദകനെ എത്തിക്കുന്നു. തുടർച്ചയായ ഉപയോഗത്തിന്റെ വിശകലനത്തിൽ  ഉത്‌പാദനക്ഷമത പൊതുവെ ആദ്യം പോസിറ്റീവായും തുടർന്ന് പൂജ്യമായും പിന്നീട് നെഗറ്റീവായും മാറുന്നു. 
 
അതിനാൽ, ബഞ്ചമിൻ ഫ്രാങ്ക്ളിൻ അഭിപ്രായപ്പെടുന്നതു പോലെ ‘ചില പാഷൻ അഥവാ, അഭിനിവേശം നമ്മെ ഭരിക്കുമ്പോഴും വിവേകം തീരുമാനങ്ങളെ നയിക്കണം’. പണിയെടുക്കാൻവേണ്ടി മാത്രം ജീവിക്കരുത്. ജീവിക്കാൻവേണ്ടി പണിയെടുക്കണമെന്ന് സാരം. നെഗറ്റീവ് വരുമാനത്തിലേക്ക് കാര്യങ്ങൾ എത്തിക്കരുത്. ഹൃദയം കൊണ്ട് സൃഷ്ടിക്കാനും മനസ്സുകൊണ്ട് നിർമിക്കാനും കഴിയുന്നിടത്താണ് ശരീരം ചലനാന്മകമാവുന്നത്.
 
ലോകത്തിനാവശ്യം മടിയൻമാരെയല്ല, കർമകുശലരെ തന്നെയാണ്. കാരണം, ജീവിതത്തിന്റെ ദുരന്തമെന്നത് ലക്ഷ്യത്തിൽ എത്തിച്ചേരാഞ്ഞതല്ല, മറിച്ച് എത്തിച്ചേരാൻ ലക്ഷ്യങ്ങളില്ലാത്തതാണ്.  
 
എന്നാൽ, ലക്ഷ്യപ്രാപ്തിയിലേക്കുള്ള ഒഴുക്കിൽ തിരക്കിൽപ്പെട്ട് ജീവിതം ദുസ്സഹമാവുകയാണെങ്കിൽ അത് ഉത്‌പാദനപരമല്ല. തിരക്ക് ഈ കാലഘട്ടത്തിന്റെ മുഖമുദ്രയാണ് കൊച്ചുകുട്ടികൾവരെ അതിന് അടിമയുമാണ്. ഉറുമ്പിനെപ്പോലെ എപ്പോഴും തിരക്കുണ്ടായിട്ട്  കാര്യമില്ല. 
 
‘എന്തിനാണ് തിരക്ക് എന്നത് ചിന്തിക്കണം’ എന്നാണ് ഹെൻട്രി ഡേവിഡ് തോറോ അഭിപ്രായപ്പെടുന്നത്. ഓർക്കുക, എപ്പോൾ എത്തുന്നു എന്നതില്ലല്ല, എങ്ങനെ എത്തുന്നു എന്നതാണ് പ്രധാനപ്പെട്ടത്.