സ്വന്തം ഗ്രാമത്തിലെ ചെറുകിട കച്ചവടക്കാർക്ക് അവരുടെ കടയിൽ ഉടമസ്ഥന്റെ ആവശ്യത്തിന്  ലൈറ്റും ഫാനും ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ എത്തിച്ചുകൊടുക്കലായിരുന്നു അഖിലിന്റെ ആദ്യ ബിസിനസ്‌. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ തന്റെ സൈക്കിളിൽ പണം പിരിക്കാൻ കടകളിലെത്തും. ധാരാളം സമയം അവരോടൊത്ത് ചെലവഴിക്കും. 
 
വ്യക്തിബന്ധങ്ങളുടെ ബലത്തിൽ  പിന്നീട് അവർക്കാവശ്യമായ മേശയും കസേരയും നൽകലായി അഖിലിന്റെ ബിസിനസ് മാറി. ഫർണിച്ചർ പലർക്കും പല രീതിയിലും അളവിലും ആവശ്യമായി വന്നപ്പോൾ ഒരു മരപ്പണിക്കാരനെ വച്ച് പണിയിപ്പിച്ചു കൊടുക്കുവാൻ തുടങ്ങി. പലപ്പോഴും ഡിസൈൻ പറഞ്ഞുകൊടുക്കേണ്ടി വന്നപ്പോഴാണ് തന്നിൽ ഒരു ശിൽപ്പിയുണ്ടെന്ന് അഖിൽ മനസ്സിലാക്കിയത്.  തുടർന്ന് സ്വന്തമായി ഡിസൈൻ ചെയ്ത് ഫർണിച്ചർ നൽകാൻ തുടങ്ങി. വിലക്കുറവും ഗുണമേന്മയും മൂലം ഉത്‌പന്നങ്ങൾക്ക് ആവശ്യക്കാർ കൂടി. വൈകാതെ ഉത്‌പന്നങ്ങളുടെ ഖ്യാതി സമീപപ്രദേശങ്ങളിലേക്കേും നഗരങ്ങളിലേക്കും പടർന്നു. 

വീടുകളുടെയും ഫ്ളാറ്റുകളുടെയും ഇന്റീരിയർ ഡെക്കറേഷനിലേക്ക് അത് വളർന്നു. ഇന്ന് അഖിൽ നാട്ടിലും വിദേശത്തുമായി നിരവധി കരകൗശലപ്പണിക്കാരെയും ഉത്‌പന്നങ്ങളും നൽകുന്ന വലിയ വ്യവസായശൃംഖലയുടെ ഉടമയാണ്.  

വ്യവസായസംരംഭം തുടങ്ങുക എന്നത്  പലരുടെയും സ്വപ്നമാണ്. അതിന് ആഗ്രഹിക്കുക മാത്രമല്ല, പരിശ്രമിക്കുകയും ചെയ്യുന്നവർ നിരവധിയുണ്ട്.  എന്നാൽ സംരംഭ രംഗത്തെ ‘യു-ടേൺ’ എന്നത്  ബിസിനസിന് ഒരു ‘ടേക്ക് ഓഫി’ന് സമയമായി എന്നു തിരിച്ചറിയുന്ന നിമിഷമാണ്.

എന്താണ് ടേക്ക് ഓഫ്?
സാമ്പത്തിക ശാസ്ത്രജ്ഞനായ വാൾട്ട്‌ വൈറ്റ്മാൻ റോസ്റ്റോ വികസിത രാജ്യങ്ങളിലെ സാമ്പത്തിക വളർച്ചയെ അഞ്ചു ഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നു. ഒന്നാമത്തേത്, പരമ്പരാഗത തൊഴിലിന്റെ തലമാണ്. ഉത്‌പന്നങ്ങളും ആവശ്യങ്ങളും പരിമിതമായ അവസ്ഥയാണത്. രണ്ടാമത്തെ തലത്തിൽ, ഒരു കുതിപ്പിനാവശ്യമായ സജ്ജീകരണങ്ങളൊരുക്കലാണ്. അദ്ദേഹം വളർച്ചയെ വിമാനം ഉയരുന്നതുമായി ബന്ധപ്പെട്ടാണ് വിശദമാക്കിയത്. 
 
വിമാനം മുകളിലേക്ക് കുതിച്ചുയരുന്നതിനു മുമ്പ് ആവശ്യമായ ഇന്ധനവും ഊർജവും സമാഹരിക്കുന്ന ഘട്ടത്തെ വളർക്കുള്ള മുന്നൊരുക്കമായി ചിത്രീകരിക്കുന്നു. 
മൂന്നാം ഘട്ടം, യഥാർഥത്തിലുള്ള കുതിച്ചുയരലാണ്. അതിനെയാണ് അദ്ദേഹം ‘ടേക്ക് ഓഫ്’ എന്നു വിളിക്കുന്നത്. 

തുടർന്നുള്ള ഘട്ടങ്ങളിൽ വളർച്ചയുടെ വേഗവും വിപുലീകരണവുമാണ് സംഭവിക്കുന്നത്. നാലാമത്തെ ഘട്ടം, പക്വമായ ചുവടുവയ്പുകളോടെയുള്ള  വളർച്ചയാണ്. അഞ്ചാമത്ത ഘട്ടത്തിൽ, ലക്ഷക്കണക്കിന് ഉപഭോക്താക്കളിലേക്ക് വളർച്ചയുടെ ഫലം എത്തി ധാരാളംപേർ വികസനത്തിന്റെ നറുമലരുകൾ ആസ്വദിക്കുന്ന അവസ്ഥയാണ്.
ഏതൊരു സംരംഭത്തിന്റെയും ഉദ്‌ഭവത്തിലും വളർച്ചയിലും ഇതുപോലെ നിയതമായ ഘട്ടങ്ങളുണ്ട്. അത് സംരംഭം തുടങ്ങുന്നതു മുതൽ വ്യാപകമാവുന്നതു വരെയുള്ള വിവിധ തലങ്ങളാണ്. 

സംരംഭം തുടങ്ങുക. ഒരു ബിസിനസ് സംരംഭത്തിന് നല്ല തുടക്കം അനിവാര്യമാണ്. സംരംഭ രംഗത്ത് എന്ത്, എങ്ങനെ, എപ്പോൾ എന്നത് വ്യക്തിപരമായി വ്യത്യസ്തമാണ്. ചില സെമിനാറുകളോ അനുഭവങ്ങളോ അതിലേക്ക് വഴി തെളിച്ചേക്കാം. എളിയ രീതിയിൽ തുടങ്ങി വലുതാവുന്നതാണ് തിരിച്ച് സംഭവിക്കുന്നതിനേക്കാൾ ഭേദം. തുടക്കത്തിൽ ക്ലിപ്തമായ ഉപഭോക്താക്കളെയോ ചെറിയ ഗ്രൂപ്പുകളെയോ മുന്നിൽ കണ്ടുകൊണ്ട് ആരംഭിക്കാം.  എന്തു തുടങ്ങണമെന്നത് ആത്യന്തികമായി വ്യക്തിപരമായ താത്‌പര്യവുമായി ചേർന്നുപോവുന്നതാവണം.  

സംരംഭം നിലനിർത്തുക. ധാരാളം വ്യക്തികൾ വളരെ ആഗ്രഹിച്ച്  ബിസിനസ് രംഗത്തേക്ക് വരാറുണ്ട്. പക്ഷേ, നിലനിൽക്കുന്നവർ ചുരുക്കമാണ്. മാത്സര്യം ഏറെയുള്ളതിനാൽ കഠിനാധ്വാനം കൈമുതലായവർക്കു മാത്രമേ നിലനിൽക്കാനാവുകയുള്ളു. വിപണിയും ഉപഭോക്താക്കളുടെ എന്നുമെന്നും മാറിക്കൊണ്ടിരിക്കുന്ന അഭിരുചികളും നിരീക്ഷിച്ചുകൊണ്ടേയിരിക്കണം. 
 
പുതിയ വിപണികൾ, ഏജൻസികൾ, ഫ്രാഞ്ചൈസികൾ, ലൈസൻസ് നേടൽ, കൂട്ടുചേർന്നുള്ള പ്രവർത്തനങ്ങൾ, പുതിയ കരാറുകൾ തുടങ്ങിയവ ബിസിനസ് നിലനിൽപ്പിന് ആവശ്യമാണ്. വാർഷിക വളർച്ച നിജപ്പെടുത്തണം. എല്ലാ മേഖലയും സ്വയം ചെയ്യരുത്. തൊഴിൽ വിഭജനവും വൈദഗ്ദ്ധ്യവും മെച്ചപ്പെട്ട ഉത്‌പാദനത്തിന് വഴിതുറക്കുന്നു. എന്നാൽ, എല്ലാത്തിലും നിങ്ങളുടെ െെകയൊപ്പുണ്ടാവണം.   

സംരംഭം വിപുലീകരിക്കുക
‘എല്ലാ മുട്ടയും ഒരു ബാസ്കറ്റിൽ വയ്ക്കരുത്’ എന്ന് നിക്ഷേപ രംഗത്തെക്കുറിച്ച് പറയുന്നതുപോലെ ഉത്‌പന്നങ്ങളുടെ വൈവിധ്യമാണ് ബിസിനസിനെ മുന്നോട്ടു നയിക്കുന്നത്. ഉത്‌പന്നത്തിന്റെ അനന്യതയും ബ്രാൻഡിങ്ങും നിലനിലർത്താൻ സാധിക്കണം. ഓൺലൈൻ വ്യാപാരവും  വ്യത്യസ്ത രാജ്യങ്ങളിലേക്കുള്ള വിപുലീകരണവും സംരംഭത്തെ മുന്നോട്ട് നയിക്കുന്നു. പരസ്യത്തിനും മറ്റും ബജറ്റിൽ വകുപ്പുണ്ടാ
ക്കണം.  
 
സംരംഭകത്വമെന്നത് സാമ്പത്തികശാസ്ത്രവും മാനേജുമെന്റും കൊമേഴ്‌സും ഐച്ഛിക വിഷയമായി എടുത്തു പഠിക്കുന്ന വിദ്യാർഥികൾക്ക് പാഠ്യപദ്ധതിയുടെ ഭാഗമാണ്. എന്നാൽ, സംരംഭകത്വമെന്നത് ക്ലാസ് മുറികളിൽ ഒതുങ്ങുന്നതല്ല, നട്ടുവളർത്തപ്പെടേണ്ടതാണ്. ഒരു രാഷ്ട്രത്തിന്റെ ശക്തിയും വളർച്ചയുടെ സ്രോതസ്സും സംരംഭകരാണ്. അതുകൊണ്ട്, സംരംഭകരെ വളർത്താനുതകുന്ന സാമ്പത്തികവും സാങ്കേതികപരവുമായ സഹായങ്ങൾ വിവിധ സർക്കാരും സർക്കാരിതര സന്നദ്ധ സംവിധാനങ്ങളും ബാങ്കുകളും നൽകിവരുന്നു.  

ബിസിനസ് വിജയ-പരാജയങ്ങളിൽ ഒന്നും നഷ്ടപ്പെടുന്നില്ല, ഒന്നുകിൽ വിജയിക്കുന്നു. അല്ലെങ്കിൽ, പഠിക്കുന്നു എന്നുമാത്രം. പരാജയങ്ങളുടെ നിമിഷങ്ങളിൽ ചുറ്റുപാടും നിന്ന് ഉയരുന്ന ‘നെഗറ്റീവ് ഊർജം’ നമ്മെ തളർത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.  ജേക്കബ് ക്യാസിന്റെ അഭിപ്രായത്തിൽ, ‘എത്ര വർഷത്തെ അനുഭവമുണ്ട്് എന്നതു മാത്രമല്ല, അനുഭവങ്ങളുടെ ഗുണമേന്മയും അത് സൃഷ്ടിക്കുന്ന കരുത്തുമാണ് പ്രധാനപ്പെട്ടത്’.