രു പ്രമുഖ നാടകട്രൂപ്പിലെ പ്രവര്‍ത്തകനാണ് അജി. ഒരു നാടകമത്സര വേദിയില്‍ വച്ചാണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഭാര്യയും രണ്ടുമക്കളും അമ്മയുമടങ്ങുന്ന കുടുംബം. ഏതാണ്ട് 15 വര്‍ഷമായി നാടകരംഗത്തുണ്ട്. നടനായും സംവിധായകനായും നാടകസമിതി നടത്തിപ്പുകാരനായും പല റോളുകളില്‍ വിരിഞ്ഞു നില്‍ക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ്. കലാരംഗം തന്നെയാണ് ജീവിതമാര്‍ഗവും.

അനേകം പേരുടെ വളരെനാളത്തെ അദ്ധ്വാനത്തിന്റെ ഫലമായാണ് ഒരു നാടകം രംഗത്ത്‌ അവതരിപ്പിക്കാന്‍ പറ്റിയവിധത്തില്‍ സജ്ജമാവുന്നത്. ഉത്സവ സീസണാകാന്‍ കാത്തിരിക്കുകയായിരുന്നു അജിയും കൂട്ടരും. പെരുന്നാളുകളും ഉത്സവങ്ങളും കല-സാഹിത്യ ക്ലബ്ബുകളുടെ വാര്‍ഷിക സമ്മേളനങ്ങളുമാണ് പ്രധാനമായും നാടകം അവതരിപ്പിക്കാന്‍ അവസരം കിട്ടുന്ന ഇടങ്ങള്‍. എന്നാല്‍ പ്രളയക്കെടുതി എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. നാടകം പോലുള്ള കലാപരിപാടികള്‍ വേണ്ട എന്നത് ചെലവുചുരുക്കുക എന്നതിന്റെ ഭാഗമായി മിക്കവരും കണ്ടെത്തിയ മാര്‍ഗമായിരുന്നു. ‘അത് ഞങ്ങളെപ്പോലെയുള്ള കലാകാരന്മാരുടെ ജീവിതത്തെ വല്ലാതെ ബാധിച്ചു. മുടക്കിയ പണവും അധ്വാനവും വൃഥാവിലായി. വളരെ കുറച്ച് ബുക്കിങ് മാത്രമാണ് ഈ വര്‍ഷം കിട്ടിയത്. ഈ മത്സരത്തിലെങ്കിലും എന്തെങ്കിലും അവാര്‍ഡ് ലഭിച്ചാല്‍ അത് ഒരു മുതല്‍ക്കൂട്ടാവുമല്ലോ എന്ന് കരുതുന്നു. മാത്രവുമല്ല, അത് പില്‍ക്കാല ബുക്കിങ്ങിന് താങ്ങാവുകയും ചെയ്യും.’ അജി പറഞ്ഞുനിർത്തിയപ്പോള്‍ സ്വരം ഇടറുന്നുണ്ടായിരുന്നു.

പ്രളയം എല്ലാ വിഭാഗക്കാരേയും ബാധിച്ചു. അതിനെ നേരിടാന്‍ നമ്മള്‍ കണ്ടെത്തിയ ഒരു മാര്‍ഗം ചെലവു ചുരുക്കലായിരുന്നു. അത് നല്ലകാര്യം തന്നെയാണ്. പ്രത്യേകിച്ച് ആഘോഷങ്ങള്‍ക്കും ആഡംബരങ്ങള്‍ക്കുമായി നീക്കിവയ്ക്കുന്ന തുക ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ എല്ലാവരും തീരുമാനിച്ചു. അനേകം സുമനസ്സുകളുടെ ഇപ്രകാരമുള്ള തീരുമാനത്തിന്റെ ഫലമായി പലർക്കും വീടുകള്‍ നിര്‍മിച്ചുനല്‍കാനായി. അനേകരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും സാധിച്ചു. പക്ഷെ, ഇതിനിടയില്‍ ബുദ്ധിമുട്ടിലായ ഒരു വിഭാഗമാണ് കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍.

ചെലവ് ചുരുക്കുന്നത് നല്ലകാര്യമാണ്. എങ്കിലേ സമ്പാദ്യമോ മറ്റെന്തെങ്കിലും നേട്ടമോ ഉണ്ടാവൂ. വ്യക്തികളും കുടുംബങ്ങളും സ്ഥാപനങ്ങളും സര്‍ക്കാരും ചെലവുചുരുക്കേണ്ട ആവശ്യകതയെ കുറിച്ച് ബോധവാന്മാരുമാണ്. ഒരു വ്യക്തി ചെലവു ചുരുക്കി മിതവ്യയത്തില്‍ ജീവിക്കുന്നത് നല്ലതാണ്. എന്നാല്‍, എല്ലാവരും ചെലവു ചുരുക്കിയാലോ? ചെലവു ചുരുക്കിയാല്‍ എന്താണ് സംഭവിക്കുന്നത്?

‘ജോണ്‍ മെയ്‌നാര്‍‍‍ഡ് കെയിന്‍സ്’ എന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഈ മേഖലയില്‍ ശ്രദ്ധേയമായ പഠനങ്ങള്‍ നടത്തിയത്. 1930-കളിലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പഠനത്തിന്റെ കണ്ടെത്തല്‍ സാമ്പത്തിശാസ്ത്ര പഠനരംഗത്ത് വലിയ മാറ്റത്തിന് നിദാനമായി. മാന്ദ്യത്തിന് പ്രധാന കാരണമായി അദ്ദേഹം കണ്ടെത്തിയത് ഉപഭോഗത്തിന്റെ കുറവാണ്. അതുകൊണ്ട് ഉപഭോഗവും വരുമാനവും വര്‍ധിപ്പിക്കാന്‍ പൊതുവായി എടുക്കേണ്ട നയരൂപവത്കരണത്തിന്റെ ആവശ്യകതയായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തലിന്റെ സാരാംശം.

ചെലവ് കുറയുന്നത് സാമ്പത്തിക വ്യവസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു. കാരണം, ചെലവില്ലെങ്കില്‍ ഉത്പാദനം കുറയുന്നു. ഉത്പാദനം കുറഞ്ഞാല്‍ തൊഴില്‍ കുറയുന്നു. തൊഴില്‍ കുറഞ്ഞാല്‍ അത് വരുമാനത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഉത്പാദിത വസ്തുക്കള്‍ വിറ്റുപോവാതിരുന്നാല്‍ അത് ലാഭത്തേയും ദോഷകരമായി ബാധിക്കുന്നു. അതുകൊണ്ട് മൊത്തത്തിലുള്ള ചെലവു കുറയ്ക്കുന്നത് സാമ്പത്തിക വ്യവസ്ഥയ്ക്ക് എല്ലാത്തരത്തിലും ദേഷകരമാണ്.

‘പാരഡോക്സ് ഓഫ് ത്രിഫ്റ്റ്‌’ അഥവാ ചെലവു ചുരുക്കലിന്റെ വൈരുധ്യാത്മകത എന്ന ആശയം ഇതുമായി ബന്ധപ്പെട്ട് ഏറെ ശ്രദ്ധേയമാണ്. ഒരു വ്യക്തിയോ കുടുംബമോ, ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടിരുന്നാല്‍ അവര്‍ക്ക് നല്ലതാണ്. എന്നാല്‍ എല്ലാവരും ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടിരുന്നാല്‍ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി പിന്നോട്ടു പോവും. അതുകൊണ്ട് വികസിതരാജ്യങ്ങള്‍ വരുമാനത്തിന്റെ പകുതിയിലധികവും അവിടെത്തന്നെ ചെലവാക്കണമെന്ന് നിഷ്കര്‍ഷിക്കാറുണ്ട്. മാത്രവുമല്ല, ഉപഭോഗം കൂട്ടാനുതകുന്ന ആകര്‍ഷകമായ ഓഫറുകളിലൂടെയും വായ്പകളിലൂടെയും തവണവ്യവസ്ഥകളിലൂടെയും ചെലവ് വര്‍ധിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു.

ഒരാളുടെ ചെലവ് മറ്റൊരാളുടെ വരുമാനമാണ്. ഒരു പണി പൂര്‍ത്തിയാക്കുന്നതിന് ഉപയോഗിക്കപ്പെട്ട പരിശ്രമം, മൂല്യം എന്നിവയുടെ രൂപത്തില്‍ ധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നതിനെയാണ് നമ്മള്‍ ‘ചെലവ്’ എന്ന് പറയുന്നത്. അതിനായി വ്യക്തി ഉപയോഗിച്ച സമയം, പണം, കഴിവുകള്‍, ഉപയോഗിക്കപ്പെട്ട മറ്റ് സാമഗ്രികള്‍ എന്നിവ ചേര്‍ന്നാണ് വിനിമയ മൂല്യം കണക്കാക്കുന്നത്. ധനം ലഭിക്കുന്ന വ്യക്തി അതുപയോഗിച്ച് മറ്റു വസ്തുക്കള്‍ വാങ്ങുന്നു. അപ്പോള്‍ പണം വസ്തുക്കള്‍ ഉത്പാദിപ്പിച്ച വ്യക്തികളിലേക്ക് ഒഴുകുന്നു. പണത്തിന്റെ ഒഴുക്ക് സാമ്പത്തിക വ്യവസ്ഥിതിയെ ചലനാത്മകമാക്കുന്നു.

ചെലവിനെ കണ്ടെത്താന്‍ നമുക്ക് ബുദ്ധിമുട്ടുണ്ടാവില്ല. കാരണം, നമ്മള്‍ പോകുന്നിടത്തെല്ലാം അത് കൂടെ വരാറുണ്ടല്ലോ. ‘പക്ഷേ, വിവേകത്തോടെ ചെലവാക്കിയില്ലെങ്കില്‍ വിവരമറിയു’മെന്ന് ഹാസ്യാത്മകമായി നമ്മള്‍ പറയാറുണ്ട്. ‘രണ്ടുതരത്തില്‍ നമുക്ക് ധനവാനാകാം. ഒന്നുകില്‍ ധനം നേടിയെടുത്തുകൊണ്ട്, അല്ലെങ്കില്‍ പരിമിതികളില്‍ സംതൃപ്തനായിക്കൊണ്ട്’ എന്ന് ജാക്കി ഫ്രെഞ്ച് കോളര്‍ അഭിപ്രായപ്പെടുന്നു. സ്വന്തം വരവും ചെലവും അപരന്റെതുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അപരനുവേണ്ടി ചെലവാക്കണമെന്നല്ല അര്‍ത്ഥമാക്കുന്നത്. അപരനും ജീവിക്കാനാവും വിധത്തില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പരിശ്രമിക്കുക എന്നതാണ്. കാരണം അടിമത്തത്തിന്റെ പുതിയ രൂപം ചങ്ങലയല്ല, കടമാണ്.