ളരെ വിഷമത്തോടെയാണ് എന്റെ സുഹൃത്ത് വിളിച്ചത്... അദ്ദേഹത്തിന്റെ മകളുമായി ഒന്ന് സംസാരിക്കാമോ എന്നതായിരുന്നു ആവശ്യം. ഉന്നതവിദ്യാഭ്യാസത്തിനായി സ്വിറ്റ്‌സര്‍ലൻഡിലേക്ക് പോയ കുട്ടിയാണ്... പഠനം പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടു. പഠനത്തോടനുബന്ധിച്ചുള്ള പ്രോജക്ടും മറ്റ് അസൈന്‍മെന്റുകളും അവള്‍ക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. മാതാപിതാക്കളുടെ ഇരുപതുലക്ഷത്തിലേറെ രൂപ താന്‍ നശിപ്പിച്ചു എന്ന കുറ്റബോധം അതിലേറെയായിരുന്നു. പണമല്ല, മകളാണ് വലുതെന്ന് അവളെ പറഞ്ഞു മനസ്സിലാക്കാന്‍ വളരെ പരിശ്രമിക്കേണ്ടിവന്നു.

ഉന്നതവിദ്യാഭ്യാസ രംഗത്ത് വിജയിച്ചവരുടേയും പരാജിതരായവരുടേയും കഥകള്‍ ധാരാളമായി ശ്രദ്ധയിൽപ്പെടുന്ന കാലമാണിത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ റിസൾട്ടിനുശേഷം വിദ്യാർഥികളും മാതാപിതാക്കളും ബന്ധുക്കളും തുടര്‍വിദ്യാഭ്യാസത്തിന്റെ പാതകളുടെ അന്വേഷണത്തിലാണ്. ഒന്നാം ക്ലാസ്‌ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ കടന്നുപോവുന്നു.

സെക്കൻഡറി വിദ്യാഭ്യാസത്തിന്‌ ശേഷമുള്ള ഔപചാരികവിദ്യാഭ്യാസ സമ്പ്രദായത്തെയാണ് പൊതുവെ ‘ഉന്നതവിദ്യാഭ്യാസം’ എന്ന് വിവക്ഷിക്കുന്നത്. വിദ്യാഭ്യാസപ്രക്രിയ നിരന്തരമായ പരിണാമത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യവിഭവശേഷിയാകുന്ന ‘ബൗദ്ധിക മൂലധന’ത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മുമ്പത്തെക്കാളേറെ നമ്മള്‍ ഏറെ ബോധവാന്മാരാണിന്ന്‌.

‘എജ്യൂക്കേഷന്‍’ എന്ന പദം ‘എജ്യൂക്കാരേ’ എന്ന ലത്തീന്‍ പദത്തില്‍ നിന്നാണ് ഉദ്‌ഭവിച്ചത്. എജ്യൂക്കാരേ എന്ന പദത്തിന്റെ അര്‍ഥം ‘പുറത്തുകൊണ്ടുവരിക’ എന്നതാണ്. അതിനാല്‍ത്തന്നെ വിദ്യാഭ്യാസം യഥാർഥത്തില്‍ ഒരു വ്യക്തിയില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി പുതിയ സാധ്യതകളിലേക്ക് അവനെ നയിക്കുന്നതാകണം. മാതാപിതാക്കളും അധ്യാപകരും മാനേജ്‌മെന്റും മറ്റ് സംവിധാനങ്ങളും ഈ പ്രക്രിയയെ സഹായിക്കുന്ന പോഷകഘടകങ്ങളാണ്.

ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയായ ‘യുനസ്കോ’യുടെ അഭിപ്രായത്തില്‍ വിദ്യാഭ്യാസത്തിന് നാല് പ്രഖ്യാപിത ലക്ഷ്യങ്ങളാണുള്ളത്. അവ, ‘അറിയാന്‍ പഠിക്കുക [Learning to know], ചെയ്യാന്‍ പഠിക്കുക [Learning to do], ആയിത്തീരാന്‍ പഠിക്കുക [Learning to become], സഹവസിക്കാന്‍ പഠിക്കുക [Learning to live together]’ എന്നിവയാണ്. ഇവയെല്ലാം ഒരേപോലെ പ്രധാനപ്പെട്ടതുമാണ്.

ഉന്നതവിദ്യാഭ്യാസത്തിന്‌ മുതിരുന്നതിനുമുമ്പ് ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുണ്ട്:

അഭിരുചി: ഓരോരുത്തരും വിവിധ വിഷയങ്ങളെ മനസ്സിലാക്കുന്നതും അപഗ്രഥിക്കുന്നതും പരീക്ഷയ്ക്ക് അവതരിപ്പിക്കുന്നതുമായ രീതികള്‍ക്ക് വ്യത്യാസമുണ്ട്. അതുകൊണ്ട്, സ്വന്തം അഭിരുചിക്കിണങ്ങിയ കോഴ്‌സ് ആകണം തിരഞ്ഞെടുക്കേണ്ടത്. ഇവിടെ താരതമ്യത്തിന് സാധ്യതകളില്ല. നഴ്‌സിങ് താത്‌പര്യമില്ലാത്ത കുട്ടിയെ നിര്‍ബന്ധിച്ച് നഴ്‌സിങ്ങിന് അയയ്ക്കുമ്പോള്‍ അതിന്റെ ദൂരവ്യാപക ഫലങ്ങള്‍ മറ്റ് പലരും അനുഭവിക്കേണ്ടിവരുന്നു. എൻജിനീയറിങ് പഠനത്തോട് താത്‌പര്യമില്ലാതിരുന്നിട്ടും മാതാപിതാക്കളുടെ നിര്‍ബന്ധംമൂലം അതിന്‌ ചേര്‍ന്ന്, പല വിഷയങ്ങള്‍ക്കും തോറ്റ്‌ നിരാശരായി നടക്കുന്നവരെയും ആഗ്രഹമില്ലാത്ത കോഴ്‌സിന് ചേര്‍ന്നതിന്റെ ഫലമായി മാനസിക വൈകല്യങ്ങള്‍ക്കും മയക്കുമരുന്നിനും അടിമയായവരെയും കണ്ടുമുട്ടാന്‍ ഇടയായിട്ടുണ്ട്.

കോഴ്‌സുകള്‍: ഇന്ന് എൻജിനീയറിങ്, മെഡിസിന്‍ തുടങ്ങിയ മേഖലകളിലുള്ള പൊതുവായ പരമ്പരാഗത ധാര വിട്ട്‌ ചിന്തിക്കാന്‍ പറ്റിയ ധാരാളം പുതിയ കോഴ്‌സുകളും കോമ്പിനേഷനുകളും രംഗത്തുണ്ട്. അതുപോലെതന്നെ ‘ന്യൂ ജനറേഷന്‍ കോഴ്‌സുകള്‍’ എന്നു വിളിക്കാവുന്ന ‘നാനോ ടെക്‌നോളജി’, ‘ബയോ ഇന്‍ഫർമാറ്റിക്സ്’, ‘ബയോ മെഡിക്കല്‍’, ‘മള്‍ട്ടി മീഡിയ’, ‘അനിമേഷന്‍’, ‘ലോജിസ്റ്റിക്സ്’ തുടങ്ങിയ കോഴ്‌സുകള്‍ ശ്രദ്ധേയമാണ്.

പക്ഷേ, ഏത് ഡിഗ്രിയും ഏത് സ്ഥാപനത്തില്‍ നിന്ന് എടുക്കുന്നു എന്നത് ജോലിസാധ്യതയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. പഴമയും പാരമ്പര്യവുമുള്ള സ്ഥാപനങ്ങള്‍ ജോലിക്കായുള്ള അന്താരാഷ്ട്ര വ്യാപനത്തിന് സഹായിക്കുന്നു.

സാമ്പത്തികം: ‘വിദ്യ സമ്പത്താണ്, പണം വച്ച് അളക്കാവുന്നതിനും അപ്പുറമാണത്, വിദ്യ തേടുന്നതിനായുള്ള സാമ്പത്തിക വിനിയോഗം നിക്ഷേപമാണ്.’ ഉന്നതവിദ്യാഭ്യാസം വിദേശരാജ്യങ്ങളിലും ചെലവേറിയതാണ്. ബാങ്ക്‌വായ്പകള്‍ പോലുള്ള ലോണുകള്‍ ആശ്വാസകരമാണ്. സ്വന്തം പേരില്‍ വായ്പയുള്ളപ്പോള്‍ ജോലിതേടാനും വായ്പ അടച്ചുതീര്‍ക്കാനുമുള്ള ഉത്സാഹം ഏറെയുണ്ടെന്നതും ശരിയാണ്.

വിദേശപഠനം: വികസിത രാജ്യങ്ങളിലെല്ലാംതന്നെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ആവശ്യത്തിന് വിദ്യാർഥികളില്ലാത്തതിനാല്‍ അത്യാകര്‍ഷമായ ഓഫറുകളോടെ രാജ്യാന്തരതലത്തില്‍ വിദ്യാർഥികളെ തേടുന്നു.

പഠനത്തോടൊപ്പം നിശ്ചിതമായ മണിക്കൂറുകള്‍ തൊഴില്‍ചെയ്യാന്‍ അവസരം കൊടുത്ത് ചെലവിനെ നേരിടുന്ന രീതി അനുകരണാര്‍ഹമാണ്. വിദ്യാർഥിവിസ കിട്ടാന്‍ എളുപ്പമാണ്. അത് പിന്നീട് തൊഴില്‍വിസയാക്കി മാറ്റാനുള്ള സൗകര്യമുള്ളതാണോ എന്നും അന്വേഷിച്ചറിയണം.

മുന്‍ഗണനകള്‍: കൗമാരപ്രായം കഴിഞ്ഞ് യൗവനത്തിലേക്ക് കാലുകുത്താന്‍ പരിശ്രമിക്കുന്ന കാലത്താണ് ഉന്നതവിദ്യാഭ്യാസം ആരംഭിക്കുന്നത്. സ്വാഭാവികമായും ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യമാഗ്രഹിക്കുന്ന പ്രായമാണത്. മാതാപിതാക്കളില്‍നിന്ന് ഏറ്റവും കൂടുതല്‍ അകലത്തിലേക്ക്‌ പോകുവാനാഗ്രഹിക്കുകയും സുഹൃത്തുക്കളെ വളരെ കാര്യമായി പരിഗണിക്കുകയും ചെയ്യുന്ന ഈ പ്രായത്തില്‍ തിരഞ്ഞെടുക്കുന്ന മുന്‍ഗണനകള്‍ പ്രധാനപ്പെട്ടതാണ്. അടങ്ങി ഒതുങ്ങി ഇരുന്ന്‌ പഠിക്കേണ്ട പ്രായത്തില്‍ മറ്റു കാര്യങ്ങള്‍ക്കായി ഒഴുകിനടക്കുന്നവര്‍ പിന്നീട് ഒഴുകിനടക്കേണ്ട പ്രായത്തില്‍ അടങ്ങി ഒതുങ്ങി പോവുന്നത് ദയനീയമായ കാഴ്ചയാണ്.

‘സര്‍വകലാശാല’ എന്ന പദം ആദ്യമായി സ്ഥാപാനത്തോടൊപ്പം ഉപയോഗിച്ചത് പെന്‍സിൽവേനിയ സര്‍വകലാശാലയാണെന്ന് പരിഗണിക്കപ്പെടുന്നു. പേരുപോലെതന്നെ വിവിധ കലകളും പലര്‍ക്കും അഭ്യസിക്കാവുന്നവയാണ്. വിദ്യാഭ്യാസം അറിവില്ലായ്മയിലേക്കുള്ള നിരന്തരമായ അന്വേഷണമായതുകൊണ്ടും അറിയുന്തോറും അറിയാനുള്ളതിന്റെ വ്യാപ്തി വരധിച്ചുവരുന്നതിനാലും വിദ്യാഭ്യാസം ഒരിക്കലും അവസാനിക്കുന്നുമില്ല.

ക്ലാസ്‌മുറി വിട്ടുകഴിഞ്ഞും സിലബസുകള്‍ മറന്നുകഴിഞ്ഞും ഒരുവനില്‍ എന്ത് അവശേഷിക്കുന്നു എന്നതിലാണ് വിദ്യാഭ്യാസത്തിന്റെ അന്തഃസത്ത അടങ്ങിയിരിക്കുന്നത്. അതിന് നമ്മള്‍ വിദ്യാലയത്തിലൂടെയല്ല വിദ്യ നമ്മിലൂടെയാണ് കടന്നുപോകേണ്ടത്.

‘എല്ലാവരും പഠിക്കുന്നു, അതുകൊണ്ട് ഞാനും എന്നല്ല, പ്രത്യുത ഓരോരുത്തര്‍ക്കും അവരവരുടേതായ ഒരു വഴി വെട്ടാനുണ്ട്’ എന്ന് തിരിച്ചറിയുകയാണ് പ്രധാനപ്പെട്ടത്.