‘ഇതൊരു വലിയ ചെയ്ത്തായിപ്പോയല്ലോ ടീച്ചറേ’ ഹോള്‍സെയില്‍ പഴക്കച്ചവടക്കാരനായ ആലപ്പുഴ ജില്ലക്കാരന്റെ ചോദ്യം കേട്ട് ‘എന്താണ് പ്രശ്നം?’ ഞാന്‍ ചോദിച്ചു. കേരളസര്‍ക്കാരിന്റെ ആരോഗ്യപ്രതിരോധ പരിശ്രമങ്ങള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഊട്ടുനേര്‍ച്ചകള്‍ വേണ്ടെന്നുവെച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ആ ചോദ്യം. എല്ലാ വര്‍ഷവും മാര്‍ച്ച് 19-ാം തീയതി കേരളത്തിലെ ക്രൈസ്തവദേവാലയങ്ങളില്‍ പതിനായിരക്കണക്കിന് ആള്‍ക്കാരാണ് നേര്‍ച്ചസദ്യയ്ക്കെത്തുന്നത്. അതിനാവശ്യമായ ചെറുപഴം പലയിടത്തും വില്‍ക്കുന്നത് ഇയാളായിരുന്നു. ‘ഓര്‍ഡര്‍ കൊടുത്തതില്‍ ചില ലോറികള്‍ എത്തിക്കഴിഞ്ഞു. ഇനിയും എത്താനുണ്ടുതാനും. വലിയ നഷ്ടമാണെനിക്ക്’. അയാള്‍ തുടര്‍ന്നു. ‘ഒരു വലിയകാര്യത്തിനുവേണ്ടിയുള്ള ചെറിയ സഹനമായിട്ടിതിനെ കാണണം. കാര്യങ്ങള്‍ നിയന്ത്രണത്തിലായാല്‍ മേയ് ഒന്നാം തീയതി നേര്‍ച്ചസദ്യ നടത്താനാവും.’ അയാളെ സ്വാര്‍ത്ഥനാക്കാതിരിക്കാന്‍ ഞാന്‍ പരിശ്രമിച്ചു.
കൊറോണ വൈറസുമായി ബന്ധപ്പെട്ട് വളരെ ശ്രേഷ്ഠമായ രീതിയിലാണ് നമ്മുടെ സംസ്ഥാനത്ത് പ്രതിരോധനടപടികള്‍ നടക്കുന്നത്. ശ്ലാഘനീയമായ ഈ പരിശ്രമങ്ങള്‍മൂലം ലോകമെമ്പാടും നമ്മള്‍ പ്രശംസയ്ക്ക് പാത്രമാവുന്നു. ഇതിന്റെ സാമ്പത്തികവശം ചിന്തിക്കുമ്പോള്‍ മനസ്സിലാദ്യമെത്തുന്നത് സര്‍ക്കാരിന് ചെലവേറുന്നു എന്നതാണ്. സിനിമാപ്രദര്‍ശനം നിര്‍ത്തലാക്കിയതുമൂലം സര്‍ക്കാരിന്റെ വരവ് ഗണ്യമായി കുറയുന്നു. കച്ചവടം വലിയതോതില്‍ നടക്കാത്തതുമൂലം നികുതിയിനത്തിലും വരുമാനം ത്രിതല ഭരണസംവിധാനങ്ങള്‍ക്കും കുറയും. ആഗോളവ്യാപാര രംഗത്ത് തുറന്ന സമ്പദ്‌വ്യവസ്ഥയായതിനാല്‍ കയറ്റുമതിയിലും ഇറക്കുമതിയിലും വന്‍വീഴ്ചകള്‍ക്ക് ഇടയാവുന്നു. രാജ്യങ്ങളുടെ അന്താരാഷ്ട്ര വ്യാപാരനിരക്ക് പ്രതികൂലമാവും. അത് ആഭ്യന്തരവിപണിയില്‍ നിഷേധാന്മകമായ സമ്മര്‍ദങ്ങള്‍ സൃഷ്ടിക്കും. സ്വകാര്യവ്യക്തികള്‍ക്കും വിവിധ സാമ്പത്തിക പ്രയാസങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്നു. വിമാനക്കമ്പനികള്‍ നൂറുകണക്കിന് സര്‍വീസുകള്‍ നിര്‍ത്തലാക്കുമ്പോള്‍ കമ്പനികള്‍ക്ക് മാത്രമല്ല, അവിടത്തെ ജീവനക്കാര്‍ക്കും വലിയ സാമ്പത്തികനഷ്ടങ്ങള്‍ ഉണ്ടാവുന്നു. ഓഹരിവിപണിയും വ്യത്യസ്തമായ തിരിച്ചടികള്‍ നേരിടുന്നു. സ്വര്‍ണവില താഴുന്നു.
സ്റ്റോക്ക് ചെയ്ത് മാറ്റിവെക്കാവുന്ന വിപണിയും പെട്ടെന്ന് നശിച്ചുപോവുന്ന സാധനങ്ങളുടെ വിപണിയും വ്യത്യസ്തമായ പ്രശ്നങ്ങള്‍ നേരിടുന്നു. വിവാഹം പോലുള്ള ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ വ്യവസായശൃംഖലകള്‍ തൊഴിലില്ലായ്മയെ നേരിടുന്നു. ആഗോള, ആഭ്യന്തര, സംസ്ഥാന, പ്രാദേശിക തലത്തില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളെ നമ്മള്‍ നേരിടേണ്ടിയിരിക്കുന്നു.
സാമ്പത്തികശാസ്ത്രത്തില്‍ ട്രേഡ് സൈക്കിള്‍ അഥവാ ബിസിനസ് സൈക്കിള്‍ എന്ന സാമ്പത്തിക സിദ്ധാന്തമുണ്ട്. പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞനായ ജെ.എ. ഷുമ്പീറ്റര്‍ ഇതിന് മാറിമാറിവരുന്ന നാല് തലങ്ങളുണ്ടെന്ന് പ്രസ്താവിക്കുന്നു.
ഒന്നാമത്തേത് അഭിവൃദ്ധിയുടെ തലമാണ്. മറ്റുള്ളവ പ്രതിസന്ധി (റിസഷന്‍) മാന്ദ്യം (ഡിപ്രഷന്‍), വീണ്ടെടുക്കല്‍ (റിക്കവറി) എന്ന് അറിയപ്പെടുന്നു. സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ കുറച്ചുകാലത്തേക്ക് മന്ദീഭവിക്കുന്ന അവസ്ഥയാണ് റിസഷന്‍. തൊഴില്‍, വരുമാനം, ചെലവ്, സമ്പാദ്യം, നിക്ഷേപം, വ്യാപാരനിരക്ക്, ജി.ഡി.പി. തുടങ്ങിയ എല്ലാ സാമ്പത്തികസൂചികകളും മന്ദഗതിയിലാവുന്ന അവസ്ഥയാണത്. പണപ്പെരുപ്പം പോലുള്ള സാമ്പത്തികപ്രശ്നങ്ങള്‍ നിക്ഷേപ ആത്മവിശ്വാസത്തെയും സാമ്പത്തിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും
1930-കളിലാണ് (1929-33) മഹത്തായ സാമ്പത്തിക തകര്‍ച്ച എന്ന ഗ്രേറ്റ് ഡിപ്രഷന്‍ ഉണ്ടായത്. മൊത്തം വാങ്ങല്‍ശേഷിയിലെ കുറവായിരുന്നു അതിന്റെ പ്രധാന കാരണമായിരുന്നത്. 2008-ലും അത്രയും തീവ്രമല്ലെങ്കിലും സമാനമായ പ്രതിസന്ധി നേരിട്ടു. നിശ്ചിത സാമ്പത്തികനയത്തിലൂടെ ലോകരാഷ്ട്രങ്ങള്‍ അതിനെയും അതിജീവിച്ചു.
സാമ്പത്തികം ചിന്തിച്ചുകൊണ്ടിരിക്കാതെ യാഥാര്‍ത്ഥ്യബോധത്തോടെ രാജ്യനന്മയ്ക്കായി ത്യാഗംചെയ്യേണ്ട സമയമാണിത്. വ്യക്തികള്‍ തമ്മിലുള്ള സാമൂഹ്യം അകലം (സോഷ്യല്‍ ഡിസ്റ്റന്‍സിങ്) ആണ് പ്രധാന പ്രതിവിധി. പ്രളയവും നിപയും അതിജീവിച്ച കേരളം ഇതിനെയും മറികടക്കും. അതിനുതകുന്ന ചിന്തകളിലേക്കാണ് ഉയരേണ്ടത്. ഐ.എം.എഫിന്റെ സാരഥിയായിരുന്ന ക്രിസ്റ്റീന്‍ ലാഗാര്‍ഡിന്റെ വാക്കുകളില്‍ ‘പ്രതിസന്ധികള്‍ക്ക് മുന്നിലാണ് കൂട്ടായ ഉത്തരവാദിത്വത്തിന്റെയും പ്രതിബദ്ധതയുടെയും സമൂഹമനഃസാക്ഷി ഉണരേണ്ടത്. സമയം ഒട്ടും താമസിപ്പിച്ചുകൂടാ, നേരിടാനായി ഉണര്‍ന്ന് പ്രവര്‍ത്തിക്കുകതന്നെ വേണം.’