കേരളം ഇപ്പോൾ ഒരു വലിയ ദുരിതമുഖത്താണ്... തീര-മലയോര മേഖലകളിൽ ‘ഓഖി’ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടവും ജീവഹാനിയുമാണ് വരുത്തിവച്ചത്. ജീവനോപാധിയുൾപ്പെടെ എല്ലാം നഷ്ടപ്പെട്ടവർ ഭാവിയെ നോക്കി വിറങ്ങലിച്ച് നിൽക്കുന്ന കാഴ്ച ദയനീയമാണ്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർ... മാനസികമായി തകർന്ന സ്ത്രീകളും കുഞ്ഞുങ്ങളും... അടിസ്ഥാന ആവശ്യങ്ങൾ പോലും നിർവഹിക്കാനാവാതെ കഷ്ടപ്പെടുന്നവർ... കുടിവെള്ള വിതരണം പോലും നഷ്ടപ്പെട്ട അവസ്ഥ... വ്യാപകമായ ഈ തകർച്ചയുടെ മുന്നിൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസവും തീരപ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കലും വലിയ സാമ്പത്തിക വിഷയമായി നിൽക്കുന്നു. 

സർക്കാർ വിവിധ തരത്തിലുള്ള സാമ്പത്തിക സഹായം നൽകുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ ആശ്രിതരിൽ ഒരാൾക്കെങ്കിലും മത്സ്യഫെഡിലും മത്സ്യബന്ധന വകുപ്പിന്റെ കീഴിലും തൊഴിൽ നൽകാനും മറ്റും പദ്ധതികളിടുന്നു. എന്നാൽ, സർക്കാരിന് ഇക്കാര്യത്തിൽ ഏറെ പരിമിതിയുണ്ട്.  ഇൻഷുറൻസ് പോലുള്ള പരിരക്ഷയ്ക്ക് കാലതാമസവും നിയമത്തിന്റെ കുരുക്കുകളും ധാരാളമുണ്ട്. അതിനു വേണ്ടിയുള്ള പരിശ്രമം തുടരുന്നുണ്ടെങ്കിലും  ഫലപ്രാപ്തിയിലെത്താൻ നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഏറെ കാര്യക്ഷമമായി നടപ്പിലാക്കാനാവുന്ന സാമ്പത്തിക സംവിധാനമാണ് ‘ക്രൗഡ് ഫണ്ടിങ്’.

എന്താണ് ക്രൗഡ് ഫണ്ടിങ് ? 
ഇന്റർനെറ്റ് വഴിയോ മറ്റു സാമൂഹിക മാധ്യമങ്ങളിലൂടെയോ വലിയ ഒരു ജനവിഭാഗത്തിൽനിന്ന് ചെറിയ തുക ധാരാളമായി സമാഹരിച്ച് ഒരു പ്രോജക്ടിനോ സംരംഭത്തിനോ  വലിയ തുക പണമായി നൽകുന്ന രീതിയാണ് ക്രൗഡ് ഫണ്ടിങ്.

ഇക്വിറ്റി ഫണ്ടിലൂടെയും ഓഹരികൾ നൽകിയും വിവിധ കമ്പനികൾ പ്രവർത്തിക്കുന്നതിനും  ക്രൗഡ് ഫണ്ടിങ് ഉപയോഗിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ സഹകരണ പ്രസ്ഥാനത്തിന്റെ ആരംഭവും വളർച്ചയും ഇതിന് ഒരു ഉദാഹരണമാണ്. ഇവയിൽ പലതും പ്രതിഫലം ലക്ഷ്യമാക്കിയുള്ള നിക്ഷേപമാണ്.  ക്രൗഡ് സോഴ്‌സിങ്, ജനകീയ ഫണ്ട് എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ ഇത് അറിയപ്പെടുന്നു.

സാമ്പത്തിക പ്രതിഫലേച്ഛയില്ലാതെ ഒരു നിശ്ചിത ലക്ഷ്യത്തിനായി സഹായിക്കാൻ തയ്യാറാവുന്ന സുമനസ്സുകളുടെ ഉണർത്തെഴുന്നേൽപ്പാണ് ക്രൗഡ് ഫണ്ടിങ്ങിന്റെ പിന്നിലെ പ്രധാന മനഃശാസ്ത്രം. സാമൂഹിക പ്രതിബദ്ധതയുള്ള ധാരാളം വ്യക്തികളും  പ്രസ്ഥാനങ്ങളും നമുക്ക് സുലഭമായിട്ടുണ്ട്. ആയിരം രൂപ വച്ച് നൽകാൻ സാധിക്കുന്ന പതിനായിരം പേരെ കണ്ടെത്തുക, അല്ലെങ്കിൽ പതിനായിരം രൂപ വച്ച് നൽകാൻ പറ്റുന്ന ആയിരം പേരെ കണ്ടെത്തുക എന്നിങ്ങനെ വിവിധങ്ങളായ രീതികൾ അവലംബിക്കാവുന്നതാണ്. 

മൂന്നു തരത്തിലുള്ള ആൾക്കാർ ഈ ശൃഖലയിൽ ചേരുന്നു. ആശയം മുന്നോട്ടു വയ്ക്കുന്നവരാണ് പദ്ധതിയുടെ തുടക്കക്കാർ. അതിനുള്ള വിത്ത് അവരുടെ കൈവശമുണ്ട്. രണ്ടാമത്തെ കൂട്ടർ വിത്തു വിതയ്ക്കുന്നവരാണ്. ഇതിൽ ഈ സംവിധാനത്തെ  പിന്തുണയ്ക്കുന്ന വ്യക്തികളും ഗ്രൂപ്പുകളുമായുള്ള ഒത്തുചേരലാണ് സംഭവിക്കുന്നത്. മൂന്നാമത്തെ വിഭാഗം ഇത് പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവരുന്നവരാണ്. അടിസ്ഥാനതലത്തിൽ പ്രവർത്തിക്കാൻ മനസ്സുള്ളവരാണ് ഇക്കൂട്ടർ.  
 
വിവിധ സാമൂഹിക മാധ്യമങ്ങളിൽ രോഗചികിത്സയ്ക്കും മറ്റും സഹായം തേടുന്നവരുടെ പരസ്യങ്ങൾ നമ്മൾ കാണാറുണ്ട്. നിരവധി സംശയങ്ങൾ ഇതുമായി ബന്ധപ്പെട്ട് സാധാരണജനങ്ങൾക്ക്‌ ഉണ്ടാവാറുണ്ട്. പ്രധാനമായും ഇവയുടെ നിജസ്ഥിതിയെക്കുറിച്ചാണ്. രണ്ടാമത്, ഈ പണം യഥാർഥ ആവശ്യക്കാരുടെ കൈയിൽത്തന്നെ എത്തുമോ എന്നുള്ളതാണ്. ഈ സംശയത്തിന്റെ പശ്ചാത്തലത്തിലും പണം ധാരാളമായി, അതുമായി ബന്ധപ്പെട്ട അക്കൗണ്ടിലേക്ക് എത്താറുണ്ടെന്നതാണ് അനുഭവം തെളിയിക്കുന്നത്. 

എന്നാൽ, ഇന്നത്തെ നമ്മുടെ ദുരന്തത്തിൽ നിജസ്ഥിതി പോയി മനസ്സിലാക്കാവുന്നതേയുള്ളു. മാത്രവുമല്ല, മാധ്യമങ്ങളിലൂടെ അതിന്റെ സത്യാവസ്ഥ എല്ലാവർക്കും മനസ്സിലായതുമാണ്. എന്നാൽ, അതിന്റെ ഗൗരവം മനസ്സിലാക്കണമെങ്കിൽ അവിടെ വ്യക്തിപരമായോ ഗ്രൂപ്പായോ സന്ദർശിക്കാവുന്നതാണ്. സാമ്പത്തിക സഹായം മാത്രമല്ല ആവശ്യമുള്ളത്, വിദ്യാർഥികൾക്ക് കൗൺസലിങ് പോലുള്ള സഹായം നൽകാൻ സന്നദ്ധതയുള്ളവരെയും വീടുനിർമാണത്തിനും പുനരധിവാസത്തിനും ശാരിരികമായി അദ്ധ്വാനിക്കാൻ തയ്യാറുള്ളവരെയും ആവശ്യമുണ്ട്. കോളേജിൽ വിദ്യാർഥികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രവർത്തിച്ചുതുടങ്ങി. 

ഇന്റർനെറ്റ് പോലുള്ള മാധ്യമങ്ങളിൽ ക്രൗഡ് ഫണ്ടിങ് കലയ്ക്കും സംഗീതത്തിനും പുസ്തക പ്രസിദ്ധീകരണത്തിനും ഉപയോഗിക്കുന്നു.  വ്യക്തികൾ അവരുടെ പദ്ധതികൾ ഓൺലൈൻ കൂട്ടായ്മകളിലൂടെ പങ്കുവച്ച് കൂടുതൽ പങ്കാളിത്തത്തിന് വഴിതെളിക്കുന്നു. അമേരിക്കൻ ഐക്യനാടുകളിൽ 2012-ലെ തൊഴിൽനിയമ പ്രകാരം ചെറിയ നിക്ഷേപകരുടെ വിശാലമായ സമാഹരണം അനുവദിക്കുന്നു. യുദ്ധബോണ്ടുകൾ സൈദ്ധാന്തികമായി ജനകീയ മുന്നേറ്റങ്ങളുടെ രൂപമാണ്. 

ഏവരെയും ഒരു പ്രത്യേക ലക്ഷ്യത്തിനായി ഒരുമയുടെയും സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും കുടക്കീഴിൽ അണിനിരത്തുക എന്നതാണ് വെല്ലുവിളി. ഒരുവൻ ചെയ്യേണ്ടതും ചെയ്യുന്നതും ചെയ്യാനാവുന്നതുമായ കാര്യങ്ങൾക്ക് വ്യത്യാസമുണ്ട്. പാർശ്വവത്‌കരിക്കപ്പെട്ടവർക്കായുള്ള ഏതൊരു പരിശ്രമത്തിനും ആത്മസാക്ഷാത്‌കാരത്തിന്റെ നിർവൃതിയാണ് ലഭിക്കുന്നത്. അതിനാൽ, ഇതിന്റെ പ്രതിഫലം സാമ്പത്തിക സൂചികകളാൽ അളന്നു തിട്ടപ്പെടുത്താനാവില്ല. അളന്നു തിട്ടപ്പെടുത്താനാവാത്തതിനെയാണല്ലോ അമൂല്യമെന്ന് വിളിക്കുന്നത്.