മുംബൈയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു ആഴ്ചപ്പതിപ്പിലായിരുന്നു രേവതി ജോലിചെയ്തിരുന്നത്... ജേണലിസത്തിലും മാസ് കമ്യൂണിക്കേഷനിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. വിവാഹശേഷം ചെന്നൈയിലേക്ക് താമസം മാറി. ഒരു കുഞ്ഞ് ജനിച്ചതിനു ശേഷം ഓഫീസിലെത്തി ജോലിചെയ്യുന്നത് ബുദ്ധിമുട്ടായി മാറി. എന്നാൽ, ജോലിചെയ്തിരുന്ന പ്രസിദ്ധീകരണത്തിലെ ചില ജോലികൾ വീട്ടിലിരുന്ന് ചെയ്തുകൊടുക്കാമെന്ന് തീരുമാനിച്ചു. ഇതിലൂടെ സ്വന്തം കരിയർജീവിതത്തിലെ വേറൊരു അദ്ധ്യായം തുറക്കപ്പെടുകയായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്.  

ഇന്ന് ചെന്നൈയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു അന്താരാഷ്ട്ര മാസികയുടെ മുഴുവൻ ജോലിയും ചെന്നൈയിലിരുന്നുതന്നെ രേവതി നടത്തുന്നു. അതിലെ ലേഔട്ടും ഡിസൈനിങ്ങും ഉള്ളടക്കവും വ്യത്യസ്ത രാജ്യങ്ങളിൽനിന്ന് പലരുംവഴിയായി നടത്തപ്പെടുന്നത് ഏകോപനം ചെയ്യുകയാണ് രേവതിയുടെ ജോലി. അതിലൂടെ രേവതിക്ക് തൊഴിൽ ചെയ്യുന്നതിൽനിന്ന്‌ കിട്ടുന്ന സന്തോഷത്തോടൊപ്പം നല്ല തുക വരുമാനമായും ലഭിക്കുന്നു. 

രാവിലെ കൃത്യസമയത്ത് ഓഫീസിലെത്തി പഞ്ച് ചെയ്യണം, അല്ലെങ്കിൽ ഒപ്പിടണം... അതുപോലെ, വൈകുന്നേരവും ആവർത്തിക്കുന്ന സമയബന്ധിതമായ തൊഴിലുകളുടെ കാലം അവസാനിക്കുന്നു. പ്രത്യേകിച്ച് സ്വന്തവും അനന്യവുമായ കഴിവും പ്രാഗത്ഭ്യവുമുള്ളവരുടെ ഇടയിൽ, തൊഴിൽസമയത്തിന് സ്ഥലകാല പരിമിതികൾ ഇല്ലാതാവുകയാണ്. 
 
എന്നാൽ, യാത്രയ്ക്കിടയിലും വിശ്രമവേളകളിൽപ്പോലും മണിക്കൂറുകൾ ഇക്കൂട്ടർ പണിയെടുക്കും പണമുണ്ടാക്കും. പിന്നീട് യഥേഷ്ടം വിശ്രമിക്കും. ഉല്ലാസയാത്രകൾ ചെയ്യും. ഇവരുടെ വേതനം ബാങ്ക് അക്കൗണ്ടിലേക്ക് വരികയും ചെയ്യുന്നു. ഇങ്ങനെ ജീവിതത്തെ വ്യത്യസ്തമായ രീതിയിൽ കണ്ട് ആസ്വദിക്കുന്നവരുടെ എണ്ണം നമ്മുടെ നാട്ടിലും ഏറിക്കൊണ്ടിരിക്കുന്നു.

സാമ്പത്തികശാസ്ത്രത്തിൽ തൊഴിൽഘടന എന്നത് വികസന സാമ്പത്തികശാസ്ത്രത്തിലെ ഒരു പ്രധാന സൂചികയാണ്. കാർഷിക, വ്യാവസായിക, സേവന മേഖലകൾ എന്നിങ്ങനെ പണ്ട് മൂന്നായാണ് സാമ്പത്തികശാസ്ത്രത്തിൽ തൊഴിൽഘടനയെ വിഭജിച്ചിരുന്നത്. പിന്നീടുണ്ടായ തൊഴിൽമേഖലയുടെ വളർച്ചയിൽ സാങ്കേതികവിദ്യ, വിതരണം എന്നീ മേഖലകളെയും കൂടി ഉൾപ്പെടുത്തി. എന്നാൽ, ഇന്ന് ‘ഫ്രീലാൻസിങ്’ മേഖല വളരെ വേഗത്തിലാണ് തൊഴിൽരംഗം പിടിച്ചടക്കുന്നത്. അമേരിക്കയിൽ 2018 -ൽ നടത്തിയ സർവേകളുടെ ഫലമനുസരിച്ച് യൂറോപ്പിലും അമേരിക്കയിലുമായി 162 മില്യൻ ആളുകൾ ഇപ്രകാരമുള്ള സ്വതന്ത്ര തൊഴിൽരംഗത്തേക്ക് കടന്നുവരുന്നു. ഇത് തൊഴിൽ ജനസംഖ്യയുടെ 30 ശതമാനത്തോളം ആണ്.  സാമ്പത്തികശാസ്ത്രജ്ഞനായ ‘ജഫ്‌റി എയിസ്‌നാക്കിൻ’ നടത്തിയ പഠനത്തിൽ സ്വതന്ത്ര തൊഴിലിൽ ഏർപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. 

എന്താണ് ഫ്രീലാൻസിങ്...? 
 ‘ഫ്രീലാൻസിങ്’ എന്നത് താത്‌കാലിക അടിസ്ഥാനത്തിലോ കരാറിലോ ജോലിചെയ്യുന്നതും ഒരു സംഘടനയിലോ സ്ഥാപനത്തിലോ അംഗമല്ലാത്തതും സ്വതന്ത്രമായ സമയനിഷ്ടയോടെ നിശ്ചിതമായ ജോലിചെയ്ത് തീർത്തുകൊടുക്കുന്നതും ആണ്. 
 കൂടുതൽ വ്യത്യസ്തമായ നിപുണതയുള്ളവർക്കായി കണ്ടന്റ് എഴുത്ത്, മെഡിക്കൽ, എൻജിനീയറിങ്, സാമ്പത്തിക മേഖലകളിൽ ഓൺലൈൻ കൺസൾട്ടേഷൻ എന്നിവ നടത്താൻ പ്രാഗത്ഭ്യമുള്ളവർക്ക് ധാരാളം അവസരങ്ങളുണ്ട്. വീഡിയോയിലൂടെ പഠനവും അറിവും പ്രദാനം ചെയ്യാൻ ഓൺലൈൻ മാധ്യമം ഉപയോഗിക്കുന്നവർക്കും ചിത്രകല, അനിമേഷൻ, ഗ്രാഫിക് ഡിസൈനിങ് തുടങ്ങി ആർട്ട്‌ കൺസൾ ട്ടൻസി വരെ സാങ്കേതിക മികവനുസരിച്ച് കലാകാരന്മാർക്കും അവസരങ്ങൾ കൂടുകയാണ്. വിവിധ പ്രോജക്ട് തയ്യാറാക്കാൻ കഴിവുള്ളവർ ഗവേഷണസഹായികൾ, ഫ്രീലാൻസ് ഗൈഡ്, എന്നിവർക്കും ഈ മേഖലയിൽ ഭാവിയുണ്ട്. 

നല്ല കലാവാസനയുള്ളവർക്കും പ്രത്യേക നിപുണതയുള്ളവർക്കും മാത്രമാണ് ഈ രംഗത്ത് ശോഭിക്കാനാവുന്നത്. സംഗീതം, രചന, അഭിനയം, വെബ് ഡിസൈൻ, തർജമ, ചിത്രകല, സിനിമ, വീഡിയോ നിർമാണം തുടങ്ങിയ കലാപരവും സാങ്കേതികപരവുമായ പ്രവർത്തനങ്ങൾക്കാണ് ഈ മേഖല കൂടുതലായും ഉപയോഗിക്കുന്നത്. അതോടൊപ്പം, ട്യൂഷൻ ക്ലാസുകൾ പോലുള്ള വിദ്യാഭ്യാസ പരിശീലനങ്ങൾക്കും ഇത് വലുതായി പ്രയോജനപ്പെടുത്തുന്നു. 
 
സംഘമായി ചേർന്ന് പ്രവർത്തിക്കാനാവുന്ന മേഖലകളിൽ കഴിവുകളുടെ സമന്വയത്തിലൂടെയും താത്‌പര്യമുള്ളവർക്ക് തങ്ങളുടേതായ സംഭാവന ചെയ്യാൻ സാധിക്കുന്നുവെന്നതും ഈ രംഗത്ത് സാധ്യതകളുടെ വളർച്ച സൃഷ്ടിക്കുന്നു. ചിലർക്ക് അവർ പറയുന്ന വേതനം നൽകേണ്ടതായിവരുന്ന സന്ദർഭവുമുണ്ട്. 
 
ബാക്ക് ടു വർക്ക്
 വിവിധ കാരണങ്ങളാൽ ജോലി ഉപേക്ഷിക്കേണ്ടിവന്ന വനിതകളുടെ തൊഴിൽ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടത്തുന്ന പരിശീലന കേന്ദ്രമാണ് ‘ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ്‌ ഓപ്പൺ സോഫ്‌റ്റ്‌വേർ’ (‘ഐസിഫോസ്’). ‘ബാക്ക് ടു വർക്ക്’ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിലൂടെ വിവാഹം, മാതൃത്വം, പ്രാദേശിക പരിമിതികൾ, കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ എന്നിവ കാരണം ജോലിയിൽനിന്ന് മാറിനിൽക്കേണ്ടിവന്ന പ്രതിഭാശാലികളായ വനിതകളുടെ ശാക്തീകരണത്തിനാണ് ‘ഐസിഫോസ്’ ഊന്നൽ നൽകുന്നത്. ഇത് ഇക്കൂട്ടരുടെ ഫ്രീലാൻസിങ്ങിന്  ഏറെ സഹായകരമാവുന്നു. 

ഈ മേഖലയിൽ സുരക്ഷിതവും സ്ഥിരവുമായ വരുമാനമുണ്ടെന്ന് പറയാനാവില്ല. സ്ഥിരവരുമാനക്കാർക്ക് ലഭിക്കുന്ന പി.എഫ്., ലീവ് ആനുകൂല്യങ്ങൾ, പെൻഷൻ, ഇൻഷുറൻസ് തുടങ്ങിയ ശമ്പളസ്കെയിലൊന്നും ഇതിന് അവകാശപ്പെടാനില്ല. ചെയ്യുന്ന ജോലിക്ക് ലഭിക്കുന്ന ന്യായമായ വേതനവും സമയത്തിലുള്ള വ്യതിയാന സാധ്യതകളും ആവശ്യാനുസൃത ഇടപെടലും മൂലം  ഈ മേഖല പുതുതലമുറയെ ആകർഷിക്കുന്നു. 

തൊഴിലും തൊഴിൽനിയമങ്ങളും മാറുകയാണ്. മുതലാളി-തൊഴിലാളി എന്നീ സങ്കല്പങ്ങളും വ്യത്യസ്തമാവുകയാണ്. ഇവിടെ ആര് ആരെ ചൂഷണം ചെയ്യുന്നു എന്ന് തിരിച്ചറിയാനാവാത്തവിധം സങ്കീർണമാക്കപ്പെടുകയുമാണ്.