‘ആഗ്രഹിച്ചതുപോലെ ഒന്നും ജീവിക്കുന്നില്ലെന്ന് മാത്രമല്ല ആഗ്രഹമില്ലാത്തതു പലതും ചെയ്തുകൊണ്ടിരിക്കുന്നു’ - ജയ്‌പാല്‍ തന്റെ ജീവിതകഥ വിവരിച്ചു തുടങ്ങിയത് ഇപ്രകാരമായിരുന്നു. സാമ്പത്തിക പരാധീനതകളുള്ള സാധാരണ കുടുംബത്തിലാണ് താന്‍ ജനിച്ച് വളര്‍ന്നത്. കുട്ടിക്കാലം മുതല്‍ നേതൃത്വഗുണമുണ്ടായിരുന്നു.

പ്രസംഗം, ഉപന്യാസം എന്നിവയില്‍ സമ്മാനം നേടുമായിരുന്നു. സ്‌കൂള്‍ ലീഡര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ ലഭിച്ചു. അധ്യാപകരുടെ കണ്ണിലുണ്ണിയായി വളര്‍ന്നു. എല്ലാവരും തന്നില്‍ ഒരു ഐ.എ.എസുകാരനെ സ്വപ്നം കണ്ടു. താനും സമൂഹത്തിന് എന്തങ്കിലും ഗുണകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ലക്ഷ്യം വച്ചു.

ഡിഗ്രി പഠനത്തിനിടെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ചില ചെറിയ ജോലികള്‍ ഏറ്റെടുത്ത് ചെയ്യുവാന്‍ തുടങ്ങി. വാചകകസര്‍ത്തുകൊണ്ടാവണം മാര്‍ക്കറ്റിങ് മേഖലയില്‍ ഏറെ തിളങ്ങി. ചില കരാര്‍ ജോലികളും ഏറ്റെടുത്ത് കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ചെയ്തുകൊടുത്തു.

ആവശ്യത്തിന് പണം കൈയില്‍ വന്നതോടെ തുടര്‍വിദ്യാഭ്യാസം മുടങ്ങി. സമ്പന്നകുടുംബത്തിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. പിന്നീട് അവരെക്കാളും പണമുണ്ടെന്ന് വരുത്തിതീര്‍ക്കുവാന്‍ കഠിനാദ്ധ്വാനിയായി. വലിയ കൊട്ടാരം പോലുള്ള വീട് വച്ചു. ശരീരത്തിലും ആവശ്യത്തിലധികം സ്വര്‍ണമണിഞ്ഞ് ഒരു പൊങ്ങച്ചസംസ്‌കാരത്തിലെ കാഴ്ചവസ്തുപോലെ സ്വയം മാറി.

’ഇന്ന് എനിക്ക് ഇപ്പോള്‍ എന്നോട് തന്നെ പുച്ഛം തോന്നുന്നു. കുട്ടിക്കാലത്ത് താന്‍ പ്രസംഗിച്ച ആദര്‍ശവും പരസ്‌നേഹവും തന്നെ നോക്കി പരിഹസിക്കുന്നതുപോലെ തോന്നുന്നു. ഇപ്പോള്‍ ഏര്‍പെട്ടിരിക്കുന്ന ദാനധര്‍മപ്രവര്‍ത്തികളെല്ലാംതന്നെ കപടമാണെന്ന തോന്നല്‍ എന്നെ ഭരിക്കാറുണ്ട്. എനിക്ക് പഴയ ആളാവണം. നടക്കുമോ ടീച്ചര്‍?’ നിഷ്‌കളങ്കത കൈമോശം വന്നിട്ടില്ല എന്ന് ഓര്‍മിപ്പിക്കുംവിധം ജയ്പാല്‍ സംഭാക്ഷണം നിര്‍ത്തി.

കുടുംബത്തിന്റെ ഉത്തരവാദിത്വം ചുമലില്‍ ആവുമ്പോള്‍ സാമ്പത്തിക അബദ്ധങ്ങള്‍ പലര്‍ക്കും സംഭവിക്കാറുണ്ട്. ഈ അബദ്ധങ്ങള്‍ പലര്‍ക്കും പല രീതിയിലാണ് കടന്നുവരുന്നത്. ഉദാഹരണത്തിന്, ഇഷ്ടമില്ലാത്ത ജോലിയില്‍ പ്രവേശിക്കുന്നത്, ഉചിതമല്ലാത്ത സമ്പാദ്യനിക്ഷേപരീതികളില്‍ ചേരുന്നത്, ആഗ്രഹിക്കാത്ത വീട് പണിയുന്നത്, ഉചിതമല്ലാത്ത വിവാഹബന്ധത്തിലേക്ക് പ്രവേശിക്കുന്നത്, അനുചിതമല്ലാത്ത സൗഹൃദങ്ങളില്‍ ചെന്ന് പെടുന്നത്, പണമുണ്ടാക്കുവാനായി സാമൂഹികവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് എന്നിങ്ങനെ നിരവധി തലങ്ങള്‍ കണ്ടെത്താനാവും. ഇതിലേതെങ്കിലും മേഖലയില്‍ സാമ്പത്തിക അബദ്ധത്തില്‍ പെട്ടുപോയവരാണ് മിക്കവരും.

ചിലപ്പോള്‍ കുടുംബ ഉത്തരവാദിത്വം മൂലമല്ലാതെതന്നെ തെറ്റായ മൂല്യങ്ങളും അതനുസരിച്ചുള്ള നിലപാടുകളും ഒരുവനെ സാമ്പത്തിക അബദ്ധങ്ങളില്‍ എത്തിക്കാറുണ്ട്. സാമ്പത്തിക ശാസ്ത്രത്തില്‍ കോണ്‍സ്പിക്കസ് കണ്‍സപ്ഷന്‍ എന്ന ആശയമുണ്ട്. വില കൂടിയ സാധനങ്ങള്‍ സ്വന്തമാക്കി പ്രദര്‍ശിപ്പിക്കുന്നതിലൂടെ താന്‍ സമൂഹത്തിലെ പ്രധാനപ്പെട്ട വ്യക്തിയായി പപരിഗണിക്കപ്പെടുമെന്ന് ചിന്തിച്ച് മറ്റുള്ളവര്‍ക്കുള്ളതിനേക്കാളും വിലയുള്ള വസ്തുക്കള്‍ കൈവശം വച്ച് ഉപയോഗിക്കുന്ന പ്രവണതയാണത്. അനുകരണമനോഭാവം എന്നും ഇതിനെ വിളിക്കാറുണ്ട്.

സാമ്പത്തിക സാമൂഹ്യ ശാസ്ത്രജ്ഞനായ തോര്‍സ്റ്റൈന്‍ വെബ്ലന്‍ ഈ ആശയത്തെ അല്‍പംകൂടി മുന്നോട്ട് കൊണ്ടുപോയി കൊണ്‍സ്പീക്കസ് കമ്പാഷന്‍ എന്ന ആശയം മുന്നോട്ട് വച്ചു. അതനുസരിച്ച് സ്വന്തം പേരും പെരുമയും വര്‍ദ്ധിപ്പിക്കുവാനായി ദാനധര്‍മപ്രവൃത്തികളില്‍ ഏര്‍പെടുന്നവര്‍ മറ്റൊരു വിധത്തിലുള്ള പൊങ്ങച്ചസംസ്‌കാരത്തിന്റെ തന്നെ ഉടമകളാണ്. അനുകമ്പ അര്‍ഹിക്കുന്നവരിലേക്ക് എത്തുന്നതിനേക്കാളുപരി അവര്‍ അവരില്‍തന്നെ ചുരുങ്ങിപ്പോവുന്നവരാണ്.

നന്നായി ജീവിക്കാനും നല്ല രീതിയല്‍ ജീവിതം നയിക്കുവാനുമാണ് എല്ലാവരും അധ്വാനിക്കുന്നത്. അതിനുവേണ്ടിയുള്ള പരിശ്രമങ്ങളില്‍ അയല്‍വക്കത്തുകാരന്‍ കടന്നുവരുമ്പോഴാണ് പ്രദര്‍ശനമനേഭാവം ഉടലെടുക്കുുന്നത്. ഇത് ഒരു ദൂഷിതവലയമാണ്. ഒന്നുകില്‍ ജോണസ്സിനോട് ഒപ്പമെത്തുക, അല്ലെങ്കില്‍ ജോണസ്സിനെ മറി കടക്കുക എന്ന പദപ്രയോഗത്തില്‍ ജോണസ്സ് എന്നത് അയല്‍ക്കാരനെ പ്രതിനിധാനം ചെയ്യുന്ന ഒരു പ്രതീകമാണ്.

ഏതൊരു വീഴ്ചയില്‍നിന്നും നമുക്ക് ഉണര്‍ന്നെഴുന്നേല്‍ക്കാമെന്ന ചിന്തയാണ് സാമ്പത്തികഅബദ്ധങ്ങളുടെ മുന്നില്‍ അടിപതറാതെ മുന്നോട്ട് പോവാനുള്ള ശക്തിസ്‌ത്രോതസ്സാവുന്നത്. ഓരോ വീഴ്ചയില്‍നിന്നും എന്തെങ്കിലും പെറുക്കിയെടുക്കാനാവുക എന്നതാണ് പ്രധാനപ്പെട്ടത്. നല്ല മനുഷ്യരും തെറ്റായ തീരുമാനങ്ങള്‍ എടുക്കാറുണ്ട്. പക്ഷെ സ്വയം ശിക്ഷിക്കാതെ പിന്നീട് തിരുത്തും. നല്ല തീരുമാനങ്ങള്‍ ഉണ്ടാവുന്നത് ഓരോ അനുഭവങ്ങളില്‍നിന്നാണ്. അനുഭവങ്ങള്‍ ചിലപ്പോള്‍ തെറ്റായ തീരുമാനത്തില്‍ നിന്നുമാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തെറ്റുകളെ അംഗീകരിക്കുക, അതില്‍നിന്ന് പഠിക്കുക, ആവര്‍ത്തിക്കാതിരിക്കുക എന്നതാവണം ജീവിതവിജയത്തിന്റെ ആപ്തവാക്യം.

മറ്റുള്ളവര്‍ പണം ചിലവാക്കുന്നതോര്‍ത്ത് വിഷമിക്കുന്ന സമ്പാദ്യശീലക്കാര്‍ ഉണ്ട്. മറ്റുള്ളവരുടെ സാമ്പത്തികതീരുമാനങ്ങളില്‍ നമുക്ക് നിയന്ത്രണം വക്കുവാന്‍ പ്രയാസമാണ് എന്നത് ചെലവിന്റെ കാര്യത്തില്‍ നമ്മള്‍ മനസ്സിലാക്കേണ്ട മറ്റൊരു പ്രധാന വസ്തുതയാണ്. നമ്മുടെ സ്വന്തം കാര്യത്തില്‍ അത് സാധ്യവുമാണ്. വാരന്‍ ബുഫെറ്റ് അഭിപ്രായപ്പെട്ടതുപോലെ നിങ്ങള്‍ ആവശ്യമില്ലാത്തത് വാങ്ങികൂട്ടുകയാണെങ്കില്‍ പിന്നീട് ജീവിക്കാന്‍ വേണ്ടി നിങ്ങള്‍ക്ക് ആവശ്യമുള്ള വസ്തുക്കള്‍ വില്‍ക്കേണ്ടിവരും.

സാമ്പത്തിക അബദ്ധങ്ങള്‍ക്ക് മറ്റുള്ളവരെ പഴിചാരാതെ ഉത്തരവാദിത്വം ഏറ്റടുക്കുക. അബദ്ധങ്ങളുള്‍പ്പെടെ, ജീവിതത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്ന നിമിഷത്തില്‍തന്നെ എല്ലാം നിഷ്പ്രയാസം മാറ്റാന്‍ പറ്റും എന്നാണ് ഹാല്‍ എല്‍റോഡ് അഭിപ്രായപ്പെടുന്നത്. സാമ്പത്തികവളര്‍ച്ചയുടെ പടവുകളില്‍ കൈമോശം വന്ന ആദര്‍ശങ്ങള്‍ക്ക് വിടരാന്‍ ഇനിയും സമയം അനുവദിക്കുക. അങ്ങനെ കുട്ടിക്കാലം മുതല്‍ നെയ്തുതുടങ്ങിയ സ്വപ്നങ്ങള്‍ക്ക് നിറം ചാര്‍ത്താനാവും.