ഹരീന്ദ്രന്‍ ചെറുപ്പത്തില്‍ത്തന്നെ വളരെ ഉത്സാഹിയായ ബിസിനസുകാരനായിരുന്നു... തന്റെ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനായി കിണഞ്ഞുപരിശ്രമിച്ചു. നല്ല വീടും വസ്തുവകകളും സ്വന്തമാക്കി. വിവാഹം കഴിച്ച് കുടുംബമൊക്കെയായപ്പോഴും ഉത്സാഹത്തിനും കഠിനാദ്ധ്വാനത്തിനും കുറവുവന്നില്ല. എന്നാല്‍, നാല്‍പ്പത് വയസ്സ് കഴിഞ്ഞപ്പോള്‍ ചിന്താഗതിയില്‍ മാറ്റംവന്നു. ഇനിയല്‍പ്പം വിശ്രമിക്കണമെന്നും ജീവിതം ആസ്വദിക്കണമെന്നുമുള്ള മോഹം ഉടലെടുത്തു. അപ്പോള്‍ അതനുസരിച്ചുള്ള കൂട്ടുകാരും അവരോടൊപ്പംചേര്‍ന്ന് ഒരു രസത്തിന് ചെറിയതോതില്‍ മദ്യപാനവും തുടങ്ങി. താന്‍ സ്വന്തമായി ഉണ്ടാക്കിയ മുതല്‍തന്നെ ധാരാളമുണ്ടല്ലോ എന്ന ചിന്തയും മദ്യപാനം ആവര്‍ത്തിക്കാന്‍ പ്രേരകമായി.
പതുക്കെ സാമ്പത്തിക ഗ്രാഫ് താഴാന്‍ തുടങ്ങി. ബിസിനസില്‍ തകര്ച്ചകളുണ്ടായി. കൂട്ടുബിസിനസിലെ പങ്കാളികളില്‍നിന്ന് ചതിവും തിരിച്ചടികളുമുണ്ടായി. നഷ്ടംനേരിടാന്‍ വാങ്ങിയ സ്ഥലം പലതും വില്‍ക്കേണ്ടിവന്നു. ഇതിനിടയില്‍ തികഞ്ഞ മദ്യപാനിയായി അയാള്‍ മാറിക്കഴിഞ്ഞിരുന്നു. തന്റെ എല്ലാ തകര്‍ച്ചകള്‍ക്കും കാരണം മറ്റുള്ളവരാണെന്നും ബന്ധുക്കളും മിത്രങ്ങളുമെല്ലാം തന്നെ ചതിക്കുകയായിരുന്നുവെന്നും മക്കളും ഭാര്യയും തനിക്കെതിരാണെന്നും ഒക്കെപ്പറഞ്ഞ് എല്ലാവരില്‍നിന്നും മാറി അന്തര്‍മുഖനായി ഇപ്പോള്‍ അയാള്‍ കഴിയുന്നു.
ഇപ്രകാരം തന്റെ സാമ്പത്തികത്തകര്‍ച്ചയുടെ കാരണം മറ്റുള്ളവരില്‍ പഴിചാരി രക്ഷപ്പെടുന്ന അനേകരെ കണ്ടെത്താന്‍ കഴിയും. സാമ്പത്തികനേതൃത്വം ഏറ്റെടുക്കാന്‍ മടിക്കുന്നവരെ കുടുംബത്തിലും സംവിധാനങ്ങളിലും സ്ഥാപനങ്ങളിലും കണ്ടെത്താനാവും. നേതൃത്വമെന്ന് പറയുമ്പോള്‍ പൊതുവെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിലെ നേതൃത്വമാണ് പലരുടേയും മനസ്സിലേക്ക് വരുന്നത്. എന്നാല്‍, സാമ്പത്തികനേതൃത്വമെന്നത് വ്യക്തിജീവിതത്തിലും കുടുംബത്തിലും സ്ഥാപനങ്ങളിലും സംവിധാനങ്ങളിലും സര്‍ക്കാര്‍വരെ നീളുന്ന സംവിധാനമാണ്.
ഒരാള്‍ സാമ്പത്തികമായി വിജയിക്കണമെങ്കില്‍ സാമ്പത്തികനേതൃത്വം ഏറ്റെടുക്കണം. ഒരു കാലഘട്ടംവരെ അത് തുടര്‍ന്നുകൊണ്ടുപോവുകയും പിന്നീട് അടുത്ത അവകാശികള്‍ക്ക് കൈമാറുകയും ചെയ്യണം. എല്ലാക്കാലവും താന്‍തന്നെ സാമ്പത്തികം കൈകാര്യം ചെയ്യണമെന്ന് ചിന്തിക്കുന്നത് മൗഢ്യമാണ്.
മക്കള്‍ക്ക് ഫാമിലി ബിസിനസ് കൈമാറുമ്പോഴും അവരുടെ തീരുമാനങ്ങളില്‍ ശ്രദ്ധയും ജാഗ്രതയും ആവശ്യാനുസൃത ഇടപെടലുകളും ഉണ്ടാവണം. പിതൃദായക സംവിധാനത്തില്‍ സാമ്പത്തികനേതൃത്വം ഏറ്റെടുക്കുന്നത് ഗൃഹനാഥനാണ്. എന്നാല്‍, ഇന്ന് പല കുടുംബങ്ങളിലും സ്ത്രീകളും കൂടി ജോലിചെയ്ത് സാമ്പത്തിക ഉത്തരവാദിത്വങ്ങള്‍ പങ്കിടുന്നു.
* എന്താണ് സാമ്പത്തികനേതൃത്വം?
‘സാമ്പത്തികനേതൃത്വം’ എന്നത് സാമ്പത്തിക ഉത്തരവാദിത്വം ഏറ്റെടുക്കലാണ്. മഹത്തായ സ്ഥാപനങ്ങളെല്ലാം കെട്ടിപ്പടുക്കപ്പെട്ടത് ചിലര്‍ വ്യക്തിപരമായും സംഘാതമായും കൈക്കൊള്ളുന്ന സാമ്പത്തികനേതൃത്വത്തിലൂടെയാണ്. നമ്മള് ഇന്ന് കാണുന്ന പല നേട്ടങ്ങളും അടിസ്ഥാനസൗകര്യങ്ങളും അവരുടെ ദീര്‍ഘവീക്ഷണത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയുംകൂടി ഫലമായാണ്.
സാമ്പത്തികനേതൃത്വത്തിന്റെ ഉത്തരവാദിത്വത്തിന് ‘ധാര്‍മികം’, ‘നിയമപരം’, ‘സാമൂഹികം’ എന്നിങ്ങനെ പല തലങ്ങള്‍ ഉണ്ട്. കേവലം ലാഭേച്ഛ മാത്രം ലക്ഷ്യംവയ്ക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ ധാര്‍മിക ഉത്തരവാദിത്വത്തിന്റെ തലത്തില്പ്പെടുന്നു. വിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നിവയ്ക്കുള്ള സര്‍ക്കാര്‍ ചെലവുകള്‍ ഉദാഹരണങ്ങളാണ്. പ്രസിഡന്റ്, സെക്രട്ടറി എന്ന നിലയില്‍ നിയമപരമായി പ്രവര്‍ത്തിക്കുമ്പോള്‍, ആവശ്യത്തിലധികം കടമെടുത്ത് പിന്നീട് അടുത്ത ഭരണസമിതിയുടെ മേല്‍ അതിന്റെ ഭാരംവച്ചിട്ട് സ്ഥാനമൊഴിയുന്നവരുണ്ട്. സാമൂഹികസംവിധാനം എന്ന നിലയില്‍ ചിലപ്പോള്‍ വികേന്ദ്രീകൃതവും അല്ലാത്തതുമായ സമീപനങ്ങള്‍ സാഹചര്യമനുസരിച്ച് നേതൃത്വത്തിന് എടുക്കേണ്ടിവരും.
സാമ്പത്തികശാസ്ത്രത്തില്‍, പ്രത്യേകിച്ച് ക്ഷേമ സാമ്പത്തികശാസ്ത്രത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന സാമ്പത്തിക സിദ്ധാന്തമാണ് ‘പേരറ്റോ ഒപ്റ്റിമാലിറ്റി’. ചില വികസന തീരുമാനങ്ങള്‍ എല്ലാവരെയും തൃപ്തിപ്പെടുന്നതാവില്ല എന്ന സത്യം തിരിച്ചറിഞ്ഞ ക്ലാസിക്കല്‍ ലിബറല്‍ സാമ്പത്തികശാസ്ത്രജ്ഞനായ ‘വില്‍ഫ്രഡ് പേരറ്റോ’ മുന്നോട്ടുവച്ച സിദ്ധാന്തമാണത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ‘മറ്റൊരു വ്യക്തിയെയും മോശം അവസ്ഥയിലേക്ക് തള്ളിവിടാത്തതും ഇതിനെക്കാളും ഭേദമായി ആരെയും മികച്ചതാക്കാന്‍ കഴിയാത്തതുമായ ഒരു സംവിധാനം പരമാവധി സാമ്പത്തിക സംതൃപ്തി അനുഭവിക്കുന്നു’. എന്നാല്‍, ഇത്തരമൊരു അവസ്ഥയിലെത്തിച്ചേരുക എന്നത് വികസന സാമ്പത്തികശാസ്ത്രമനുസരിച്ച് ബുദ്ധിമുട്ടേറിയതുമാണ്. കാരണം, ഏതു തീരുമാനവും ചിലര്‍ക്ക് ദോഷമായും മറ്റു ചിലര്‍ക്ക് അനുകൂലമായും മാറുന്നതുകൊണ്ട്, കൂടുതല്‍ പൊതുനന്മ ലക്ഷ്യമാക്കിയാവണം വികസന തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത്.
* സാമ്പത്തികനേതൃത്വം ഏറ്റെടുക്കുന്ന വ്യക്തികളുടെ പ്രത്യേകതകള്‍ എന്തെല്ലാമായിരിക്കും ?
ഒന്നാമതായി താന്‍ പ്രതിനിധാനം ചെയ്യുന്ന സ്ഥാപനത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തേണ്ടത് തന്റെ ഉത്തരവാദിത്വമാണ് എന്ന ബോധ്യമുണ്ടാവുക എന്നതാണ്. രണ്ടാമതായി ഈ ബോധ്യത്തിനനുസരിച്ചുള്ള ചുവടുവയ്പുകള്‍ അതീവ ജാഗ്രതയോടും ശ്രദ്ധയോടും നടപ്പിലാക്കുക എന്നതാണ്. ഇതിന് റിസ്ക് എടുക്കാന്‍ തയ്യാറാകലാണ് ആവശ്യമായിരിക്കുന്നത്. മൂന്നാമതായി വിജയത്തെയും പരാജയത്തെയും വൈകാരിക പക്വതയോടെ സമീപിക്കാനുള്ള മനഃസാന്നിദ്ധ്യമാണ് ഉണ്ടാവേണ്ടേത്... അപ്പോള്‍ മാത്രമാണ് സ്ഥിരോത്സാഹത്തോടെ കാര്യങ്ങളെ സമീപിക്കാന്‍ സാധിക്കുക.
ഒരു യഥാര്‍ത്ഥ നേതാവ് പരാജയങ്ങള്‍ ഒരിക്കലും മറ്റൊരാളിന്റെമേല്‍ ആരോപിക്കാനോ ഒഴിവുകഴിവുകള്‍ നിരത്താനോ ശ്രമിക്കാറില്ല. മറിച്ച്, എല്ലാറ്റിന്റെയും ആത്യന്തികമായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. അതിന് നേതാവിന് രണ്ട് തരത്തിലുള്ള ദൃഷ്ടിയുണ്ടാവണം. അത് കാര്യങ്ങള്‍ ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയില്‍ കാണാനാവുന്ന ‘ഹ്രസ്വദൃഷ്ടി’യും പിന്നീടാകേണ്ട അവസ്ഥയെക്കുറിച്ചുള്ള ആന്തരിക കാഴ്ചയുടെ ‘ദീര്‍ഘദൃഷ്ടി’യുമാണ്. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുകയാണ് പ്രധാനപ്പെട്ടത്.
സാമ്പത്തികവിദഗ്ദ്ധനായ ‘റിക് വാരന്റെ’ അഭിപ്രായത്തില്‍ ‘നേതൃത്വമെന്നത് ഒരുവന്റെ കഴിവോ പ്രകടനമോ അല്ല, അത് തന്റെ ഉത്തരവാദിത്വമാണ് എന്ന് മനസ്സിലാക്കുന്നിടത്ത് ആരംഭിക്കുന്നതും താന്‍ എല്ലാറ്റിന്റെയും കാര്യസ്ഥനും കാവല്‍ക്കാരനുമാണ് എന്ന ചിന്തയില്‍ വളരുന്നതുമാണ്.’
drkochurani@gmail.com