ഡിഗ്രിക്ക് തന്റെകൂടെ പഠിച്ച യുവാവുമായുള്ള വിവാഹത്തിന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, അച്ഛൻ അയാളുടെ വീട്ടിൽ പോയി കല്യാണം ആലോചിക്കാമെന്ന് സമ്മതിച്ചതിൽ ചിന്നു അതീവ സന്തോഷത്തിലായിരുന്നു... എന്നാൽ, അയാളുടെ വീട്ടിൽ പോയി തിരിച്ചുവന്ന അച്ഛന്റെ മുഖത്തെ സന്തോഷമില്ലായ്മ അവളെ അസ്വസ്ഥയാക്കി.  അവളോട് സ്നേഹപൂർവം അച്ഛൻ പറഞ്ഞു: ‘‘അവൻ ജീവിക്കാൻ അറിയാൻ പാടില്ലാത്തവനാണ്.’’  

 ‘‘മൂന്നുവർഷം കൂടെ പഠിച്ച എനിക്കാണോ, അഞ്ചു മിനിറ്റ്‌ മാത്രം കണ്ട അച്ഛനാണോ അയാളെക്കുറിച്ച് മനസ്സിലാവുന്നത്?’’ എന്ന മറുചോദ്യം അവൾ ചോദിച്ചു. 

 അവസാനം അവളുടെ ശാഠ്യത്തിനു മുന്നിൽ അച്ഛൻ വഴങ്ങി വിവാഹം നടത്തിക്കൊടുത്തു. ആവശ്യത്തിനുള്ള സ്വർണവും പത്തു സെന്റ് സ്ഥലവും മകൾക്ക് ഷെയറായി നൽകി. 
വിവാഹം നടത്തിയ വകയിൽ തന്റെ ഭർത്താവിന് നല്ല കടമുണ്ടെന്ന് വിവാഹം കഴിഞ്ഞ ആദ്യദിവസങ്ങൾക്കുള്ളിൽ ചിന്നു മനസ്സിലാക്കി.  വിവാഹത്തലേന്ന് സുഹൃത്തുക്കൾക്കായി നടത്തിയ ആഡംബരസദ്യയും പാർട്ടിയും വിവാഹവുമായി ബന്ധപ്പെട്ട് വാങ്ങിയ ഡ്രസ്സുകളും ഒക്കെ കടമായിരുന്നുവെന്ന് മനസ്സിലാക്കിയപ്പോൾ ആരും അറിയാതെതന്നെ കുറച്ച് സ്വർണം വിറ്റ്  കടംവീട്ടാൻ അവർ തീരുമാനിച്ചു. പക്ഷേ, തന്റെ ഭർത്താവ് പി. എഫിൽനിന്നും മറ്റുമായി ധാരാളം ലോൺ എടുത്തിരുന്നതിനാൽ, മിച്ചം കിട്ടുന്ന ശമ്പളം ചെലവിന് തികയാതെ വന്ന്‌ വീണ്ടും എല്ലാ മാസവും കടം ആവർത്തിക്കുകയാണുണ്ടായത്. 

 തന്റെ ഭർത്താവിന് ശമ്പളത്തിൽ ഒതുങ്ങി ജീവിക്കാനാവുന്നില്ല എന്നും ചെലവ് എന്നും വരുമാനത്തേക്കാൾ അധികമാണ് എന്നുമുള്ള സത്യം വിഷമത്തോടെയാണെങ്കിലും പതുക്കെ അവൾ മനസ്സിലാക്കി. അധികം വൈകാതെ തന്നെ അവൾക്ക്‌ ഓഹരിയായി കിട്ടിയ സ്ഥലവും വിൽക്കേണ്ടിവന്നു. അച്ഛൻ പറഞ്ഞ വാക്കുകളുടെ പൊരുൾ മനസ്സിലാക്കി ഇന്നും വാടകവീട്ടിൽ കഴിയുന്നു. 

 സാമ്പത്തിക സാക്ഷരതയെക്കുറിച്ചും സമ്പാദ്യശീലം കുട്ടികളിൽ, സാമ്പത്തിക അച്ചടക്കം യുവാക്കളിൽ എന്നിങ്ങനെ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടും സാമ്പത്തിക ലേഖനങ്ങൾ എഴുതാനും ക്ലാസുകൾ നയിക്കാനും എന്നോട് പലരും ആവശ്യപ്പെടാറുണ്ട്.  എന്നാൽ, ചിലർ ഈ വിഷയങ്ങൾക്കുനേരേ ‘ഇതൊക്കെ എന്തിനു പഠിക്കണം’ എന്ന തരത്തിൽ പിന്തിരിഞ്ഞു നിൽക്കുന്നതും കാണാറുണ്ട്. സാമ്പത്തിക കാര്യങ്ങൾ എല്ലാവരുടേയും ജീവിതവുമായി ബന്ധപ്പെട്ട വിഷയമാണ്. 
 
ഏതു പ്രായത്തിലാണ് സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ഒരുവൻ അവബോധം നേടേണ്ടത്? അഥവാ സാമ്പത്തിക വിദ്യാഭ്യാസം ലഭിക്കേണ്ട പ്രായം ഏതാണ്? എവിടെനിന്ന്, എങ്ങനെയാണ് അത് ലഭിക്കേണ്ടത്? തുടങ്ങിയ നിരവധി ചോദ്യങ്ങൾ നിർണായകവുമാണ്. 
 
നമ്മുടെ സ്കൂൾ പാഠ്യപദ്ധതിയിൽ സാമൂഹിക ശാസ്ത്രത്തിൽ പൗരധർമത്തോടൊപ്പം പണത്തെക്കുറിച്ചും ചെറിയ പരാമർശമുണ്ട്. മാനവിക വിഷയങ്ങൾ ഐച്ഛികമായി എടുത്തു പഠിക്കുന്നവർ, കറൻസി സമ്പ്രദായവും ബാങ്കിങ് സംവിധാനങ്ങളും പഠിക്കുന്നു. സാമ്പത്തികശാസ്ത്രം പ്രധാന പഠനവിഷയമായി ഡിഗ്രി പഠനം നടത്തുന്നവർക്ക് ഇതൊക്കെ കുറേശ്ശെയായി പഠിക്കാനാവുന്നു. 

സാമ്പത്തിക സാക്ഷരതയും വിദ്യാഭ്യാസവും ഔപചാരികമായി ലഭിക്കുന്നതു മാത്രമല്ല, അത് വീട്ടിൽ തുടങ്ങുന്നു. കൊച്ചുകുട്ടികളെ കുടുക്കയിൽ പണമിടാൻ ശീലിപ്പിക്കുന്നതും വീട്ടിൽ വരുന്ന യാചകർക്ക് പണം നൽകിക്കുന്നതും ആരാധനാലയങ്ങളിൽ അവരെക്കൊണ്ട് പണമിടീക്കുന്നതും സാമ്പത്തിക വിദ്യാഭ്യാസം തന്നെയാണ്. മാതാപിതാക്കൾ പണം സൂക്ഷിക്കുന്ന രീതിയും അത് കൈകാര്യം ചെയ്യുന്ന വിധവും അവയെക്കുറിച്ച് സംസാരിക്കുന്ന രീതിയുമൊക്കെ ഏറെ പ്രധാനപ്പെട്ട പഠന രീതികളാണ്.  ഇതെല്ലാം സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ  അനൗപചാരിക തലങ്ങളാണ്. 

സാമ്പത്തിക അഭിവൃദ്ധിയിലേക്കുള്ള ആദ്യപടിയാണ് സാമ്പത്തിക സാക്ഷരത. വിദ്യാഭ്യാസമുണ്ടായതുകൊണ്ട് സാമ്പത്തിക സാക്ഷരത ഉണ്ടാവണമെന്നില്ല എന്ന്, ചിലരുടെ ജീവിതാനുഭവങ്ങൾ നമ്മളെ പഠിപ്പിക്കുന്നു. പല സ്കീമുകളിലും വൻതുകകൾ നിക്ഷേപിച്ച് വിഡ്ഢികളായവരിൽ വിദ്യാഭ്യാസം ഏറെയുള്ളവരും ഉണ്ട്. 

റിസർവ് ബാങ്ക് എല്ലാ വർഷവും ഒരാഴ്ച സാമ്പത്തിക വാരമായി ആചരിക്കാറുണ്ട്. സാമ്പത്തിക സാക്ഷരതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ബാങ്കുകളിൽ പ്രദർശിപ്പിക്കുക, പൊതുജനങ്ങൾക്കായി സാമ്പത്തിക സാക്ഷരതാ ക്ലാസുകൾ സംഘടിപ്പിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘ഫിനാൻഷ്യൽ ഇൻക്ലൂഷൻ’ എന്ന പേരിൽ ക്ലാസുകൾ നടത്തുക എന്നിവയാണ് ഈ വാരാഘോഷത്തിലെ പ്രവർത്തനങ്ങൾ.

കഴിഞ്ഞ വർഷം ഈ വാരാചരണവുമായി ബന്ധപ്പെട്ട് നടത്തിയ ശ്രമങ്ങളിൽ പണമിടപാടുകാരെ അറിയുക, വായ്പാ അച്ചടക്കം, ഡിജിറ്റൽ പരിശീലനം, പരാതി പരിഹാര സംവിധാനങ്ങൾ തുടങ്ങിയ വിഷയങ്ങളായിരുന്നു പരിഗണിച്ചിരുന്നത്.. സാമ്പത്തിക സാക്ഷരത സ്കൂൾ പാഠ്യപദ്ധതിതലത്തിൽ ഉൾപ്പെടുത്തണമെന്ന് റിസർവ് ബാങ്കിന്റെ നിർദേശമുണ്ടെങ്കിലും നടപ്പിലാക്കപ്പെട്ടിട്ടില്ല.  

കടംകയറി ജീവിതത്തകർച്ചയെ നേരിടുമ്പോഴല്ല പണവിനിയോഗത്തെക്കുറിച്ച് പഠിക്കേണ്ടത്. വരുമാനം, ചെലവ്, കടം, സമ്പാദ്യം, നിക്ഷേപം, വ്യാപാരം, ബജറ്റ്,  ഇൻഷുറൻസ്,  ടാക്സ്, റിട്ടയർമെന്റ് പ്ലാൻ ആരോഗ്യ സംരംക്ഷണം, പരിസ്ഥിതി എന്നിങ്ങനെ വിവിധ സാമ്പത്തിക സൂചികകൾ മനസ്സിലാക്കുന്നതിൽ സ്വയംപര്യാപ്തതയും പക്വതയുമുണ്ടാവണം.  
 
പണത്തിന് സന്തോഷം വാങ്ങിത്തരാനാവില്ല എന്നും ദാരിദ്ര്യത്തിന് ഒന്നുംതന്നെ വാങ്ങിത്തരാനാവില്ല എന്നും നമുക്കറിയാം. പണമുണ്ടെങ്കിൽ അതെക്കുറിച്ച് വിഷമിക്കേണ്ടതില്ലല്ലോ എന്ന സമാധാനമെങ്കിലും ഉണ്ടെന്ന് ജോണി കാർസൻ അഭിപ്രായപ്പെടുന്നു. ജി. കിൻഡലറിന്റെ അഭിപ്രായത്തിൽ പണമല്ല ജീവിതത്തെ നയിക്കുന്നത്, പണം മാനേജ് ചെയ്യുന്ന രീതിയാണ്. സാമ്പത്തിക പക്വതയെന്നത് പണവുമായി ബന്ധപ്പെട്ട ആന്തരിക സംഘർഷം ഇല്ലാതാക്കി പണവിനിയോഗം വിവേകപൂർവം നിസ്സാരമാവുന്ന അവസ്ഥയാണ്.