രോ കാലഘട്ടത്തിന്റെയും സ്പന്ദനം മനസ്സിലാക്കി ദേശപരിധിക്കതീതമായി മനുഷ്യവിഭവശേഷിയെ വാർത്തെടുക്കുന്ന വിദ്യാഭ്യാസം ചെലവേറിയതായാൽ സാധാരണക്കാരന്റെ കൈപ്പിടിയിൽ ഒതുങ്ങാതെ പോവും. ‘മനസ്സ് നിറയെ സ്വപ്നങ്ങളും കൈ നിറയെ ദാരിദ്ര്യവും’ എന്ന അവസ്ഥ വിദ്യാഭ്യാസ കാലഘട്ടത്തിൽ നേരിടുന്ന ഒത്തിരി വ്യക്തിത്വങ്ങളുണ്ട്.

വിദ്യാഭ്യാസമെന്ന സ്വപ്നം സാക്ഷാത്കരിക്കാതെ പോയാൽ അസ്വസ്ഥമാവുന്ന തലമുറ സമാധാനപരമായ സഹവർത്തിത്വത്തിന് ഭീക്ഷണിയാണ്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസം ഏവർക്കും ലഭ്യമാക്കാനുള്ള പരിശ്രമങ്ങൾ നിരവധിയാണ്. സർക്കാർ, സ്വകാര്യ ബാങ്കിങ് മേഖലകളും പ്രമുഖ വ്യവസായ സ്ഥാപനങ്ങളും വിദേശ ഏജൻസികളും നൽകുന്ന പരിശ്രമങ്ങൾ ഇതിൽപ്പെടുന്നു.

ഈ രംഗത്ത് സൗത്ത് ഇൻഡ്യൻ ബാങ്ക് ചില ചുവടു വയ്പുകൾ നടത്തുകയാണ്. ‘അടുത്ത തലമുറയുടെ ബാങ്ക്’ എന്ന ആപ്തവാക്യം പ്രാവർത്തികമാക്കുന്ന പദ്ധതിയാണ് ബാങ്ക് നൽകുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ. ബിരുദ വിദ്യാർഥികൾക്ക് സൗത്ത് ഇൻഡ്യൻ ബാങ്ക് ട്യൂഷൻഫീസ് മുഴുവനായി നൽകുകയോ വിദ്യാർഥി അടയ്ക്കുന്ന ഫീസിന് 100 ശതമാനം റിഇംബേഴ്‌സ്‌മെന്റ് നൽകുകയോ ചെയ്യുന്നു.

കൂടാതെ 4000 രൂപ വീതം പ്രതിമാസ ജീവിതച്ചെലവായോ ഹോസ്റ്റൽചെലവായോ നൽകും. അപേക്ഷിക്കുന്ന വിദ്യാർഥികൾ സർക്കാർ സ്കൂളുകളിൽനിന്ന് 85 ശതമാനം മാർക്കോടെ പ്ലസ് ടു പാസ്സായിരിക്കണം. കൂടാതെ 2017 -18 അദ്ധ്യയനവർഷത്തിൽ അഡ്മിഷൻ നേടിയവരായിരിക്കണം. സർക്കാർ, എയ്‌ഡഡ്, സ്വാശ്രയ കോളേജുകളിലെ റഗുലർ വിദ്യാർഥി യുമായിരിക്കണം. അവർ ബി.പി.എൽ കുടുംബ ങ്ങളിൽ നിന്നുള്ളവരും കുടുംബ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കുറവുള്ളവരുമായിരിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.southindianbank.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
 
വിദ്യാഭ്യാസരംഗത്ത് മിടുക്കരെ തേടി കെ.സി. മഹീന്ദ്ര സ്ഥാപിച്ച മഹീന്ദ്രാ വിദ്യാഭ്യാസ ട്രസ്റ്റും വിവിധ സാമ്പത്തികസഹായവുമായി അഖിലേന്ത്യാ തലത്തിൽ ഈ രംഗത്തുണ്ട്. സാമ്പത്തികശേഷി കുറഞ്ഞ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാവണം എന്നതാണ് ട്രസ്റ്റിന്റെ ലക്ഷ്യം. ഡിഗ്രി മൂന്നാം വർഷ വിദ്യാർഥികളിൽ കഴിഞ്ഞ നാലു സെമസ്റ്ററിലും 60 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവരും കുടുംബത്തിലെ പ്രതിശീർഷ വരുമാനം രണ്ടു ലക്ഷത്തിൽ കുറവുള്ളവരും ഇതിനർഹരാണ്. കൂടാതെ നിരവധി വിദ്യാഭ്യാസ സഹായ സ്കീമുകളും ട്രസ്റ്റിന്റെ കീഴിൽ നടത്തിവരുന്നു. ഇതിനോടകം 444 മില്യൻ രൂപയിലധികം വിവിധ സ്കോളർഷിപ്പായും ഗ്രാന്റായും ലോണായും നൽകിക്കഴിഞ്ഞു. മഹീന്ദ്രാ കമ്പനി ഗ്രൂപ്പാണ് പ്രധാന ദാതാക്കൾ. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ http://www.kcmet.org.

ഒട്ടും പണച്ചെലവില്ലാതെ വിദേശത്ത് പഠിക്കാനുതകുന്ന സംവിധാനങ്ങളുമുണ്ട്. വിദേശത്ത് ഉന്നതപഠനം പൂർത്തിയാക്കാനാഗ്രഹിക്കുന്നവർക്കായി നോർവെ, ഓസ്ട്രിയ, ജർമനി, ഫിൻലൻഡ്‌, സ്വീഡൻ എന്നീ രാജ്യങ്ങൾ പഠനച്ചെലവ് പൂർണമായും ഒഴിവാ ക്കുകയോ നിസ്സാരമായ ഫീസ് മാത്രം ഈടാക്കുകയോ ചെയ്യുന്നു. അന്താരാഷ്ട്ര വിദ്യാർഥികളെ ആകർഷിക്കുക എന്ന ഉദ്ദേശ്യത്തോടെ സർവകലാശാല നൽകുന്ന സ്കോളർഷിപ്പിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.

പഠനത്തോടൊപ്പം സമയബന്ധിതമായ രീതിയിൽ ജോലിയും ലഭിക്കുന്നു. ഇതിനുള്ള സാധ്യതകൾ സ്വന്തമാക്കുക എന്നത് പലരും വിവിധകാരണ ങ്ങളാൽ പാതിവഴിയിൽ ഉപേക്ഷിക്കാറുണ്ട്. സ്ഥിരോത്സാഹത്തോടെ മുന്നേറുക എന്നതാണ് അഭിലഷണീയമായിട്ടുള്ളത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ സ്കോളർഷിപ്പുകളും സേവനങ്ങളും പൊതുജനസമക്ഷം ലഭ്യമാക്കുന്ന ഏകജാലക സംവിധാനമാണ് https://scholarships.gov.in ഈ വർഷത്തേക്കുള്ള സ്കോളർഷി പ്പുകൾക്കായി വിവിധ സ്ഥാപനങ്ങൾക്ക് മാർച്ച് 31 നു മുമ്പ് അപേക്ഷിക്കാവുന്നതാണ്.

ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രത്യേകിച്ച് ഗവേഷണരംഗത്ത് ചുവടുറപ്പിക്കാനാഗ്രഹിക്കുന്ന പ്രതിഭകൾക്കായി അന്താരാഷ്ട്രാടിസ്ഥാനത്തിൽ നൽകിവരുന്ന സ്കോളർഷിപ്പാണ് ഫുൾബ്രൈറ്റ് ഫെലോഷിപ്പുകൾ. അടുത്ത 2019- 22 കാലഘട്ടത്തിൽ പഠിക്കാനാഗ്രഹിക്കുന്നവർക്കായി അപേക്ഷകൾ ക്ഷണിച്ചുകഴിഞ്ഞു. അമേരിക്കയിലെ വിവിധ സർവകലാശാലകളിലും മറ്റു അക്കാദമിക കേന്ദ്രങ്ങളിലും പഠിക്കാം. വിവിധ വിഷയങ്ങൾക്ക് ഐശ്ചികമായും വിവിധ വിഷയങ്ങൾ സംയോജിപ്പിച്ചുകൊണ്ടുള്ള ഇന്റർ ഡിസിപ്ലിനറി പഠനരീതിക്കും ഇത് ഉപകരിക്കുന്നു. ഓരോ വർഷവും 155 രാജ്യങ്ങളിൽനിന്നായി 4000 ഗുണഭോക്താക്കൾ ഇതിന്റെ പ്രയോജനം നേടുന്നു. ആരോഗ്യ ഇൻഷുറൻസും സ്റ്റൈപ്പൻഡും വിമാന യാത്രാക്കൂലിയും ഇതിൽ പെടുന്നു.

പൊതുവായും ഓരോ രാജ്യത്തിന് പ്രത്യേകമായും വെബ്‌സൈറ്റുകൾ ഇതിനായി പ്രവർത്തിക്കുന്നു. ഓരോ രാജ്യത്തിനും വ്യത്യസ്തമായ തിരഞ്ഞെടുപ്പ് ക്രമങ്ങളാണുള്ളത്. കൂടുതൽ അറിയുവാൻ അന്വേഷിക്കുക .http://foreign.fulbrightonline.org. വിദ്യാഭ്യാസസ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പണം തടസ്സമാവരുത് എന്ന ലക്ഷ്യത്തോടെ വിവിധ സാമ്പത്തികസ്ഥാപനങ്ങൾ നൽകിവരുന്ന ഇത്തരം സഹായങ്ങൾ സ്വയം കണ്ടെത്തി മുന്നോട്ട് പോവുകയാണ് വേണ്ടത്. ഉന്നത വിദ്യാഭ്യാസം ചെലവേറിയതാണെന്നും പറഞ്ഞ് പിന്തിരിഞ്ഞുപോ കരുത്. ഇന്നത്തെ യുവജനം ധാരാളം സമയം ഇന്റർനെറ്റിൽ ചെലവഴിക്കുന്നവരാണ്. എന്നാൽ അവരുടെ ഭാവി കരുപിടിപ്പിക്കാനുതകുന്ന അന്വേഷണം നടത്താനുള്ള ആർജവം ആണുണ്ടാവേണ്ടത്.

ഇതിന് സഹായകരമായ ഏജൻസികളും അവർ നടത്തുന്ന സംവിധാനങ്ങളും വിവിധ വിദ്യാഭ്യാസ സെമിനാറുകളിൽ ഉണ്ടാവാറുണ്ട്. വിദ്യാഭ്യാസം ഒരുവന് അഡ്രസും അന്തസ്സും മാന്യതയും നൽകുന്നു. സ്കോളർഷിപ്പുകൾ ആത്മവിശ്വാസം വർദ്ധിപ്പിക്കും. അത് ലക്ഷ്യബോധത്തിലേക്ക് നടന്നടുക്കുവാനുള്ള ഊർജം നൽകുന്നു. ഇതിലുപരിയായി ജീവിതം നൽകുന്ന വിദ്യാഭ്യാസം ഏറെ വലുതാണ്. കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിച്ചിട്ട് പരീക്ഷയിടുന്നു. ജീവിതത്തിൽ ഓരോ പരീക്ഷയിലൂടെയാണ് നമ്മൾ പലതും പഠിക്കുന്നത്.