രാജേഷ് സ്വന്തം നാട്ടിലെ കല-സാംസ്കാരിക സംഘടനയുടെ ട്രഷറർ ആണ്. ധാരാളം പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന സംഘബലം കൂട്ടിനുണ്ട്. എന്നാൽ, ഓരോ പരിപാടി കഴിയുമ്പോഴും അയാൾ അസ്വസ്ഥനാവുന്നത് കാണാം. താൻ ഉദ്ദേശിച്ചതുപോലെ കാര്യങ്ങൾ ഭംഗിയാക്കാനുള്ള സാമ്പത്തികം കൈകാര്യം ചെയ്യാൻ സ്വാതന്ത്ര്യമില്ല എന്നതാണ് പരാതി. സംഘടനയുടെ നിയമാവലി അനുസരിച്ച് ഓരോ പണമിടപാടും പ്രസിഡന്റും സെക്രട്ടറിയും കൂടി അറിഞ്ഞുമാത്രമേ ചെയ്യാനാവുകയുള്ളൂ. അവർ രണ്ടുപേരും പണം ചെലവാക്കുന്ന കാര്യത്തിൽ വ്യത്യസ്ത സ്വഭാവക്കാരായതിനാൽ, അവരുടെ പല അഭിപ്രായങ്ങളോടും തനിക്ക് യോജിക്കാനാവില്ല എന്നതാണ് രാജേഷിന്റെ വാദം. 

 ‘സാമ്പത്തികസ്വാതന്ത്ര്യം’ എന്നത് കൈയിൽ കുറച്ച് പണമുണ്ടാവുകയും അത് നമുക്ക് ഇഷ്ടമുള്ള രീതിയിൽ ചെലവാക്കാനാവുകയും ചെയ്യുക എന്നതല്ല... ഓരോരുത്തർക്കും സാമ്പത്തികസ്വാതന്ത്ര്യം പലതാണ്. ‘വ്യക്തിപര’മായും ‘സംഘാത’മായുമുള്ള സ്വാതന്ത്ര്യമുണ്ട്. മൂന്നുതലങ്ങളിൽ നമുക്ക് ഇതിനെ വിവക്ഷിക്കാനാവും. ഉദാഹരണത്തിന്, ‘വ്യക്തികൾക്ക് തനിക്കാവശ്യമായ വസ്തുക്കൾ ആരെയും ആശ്രയിക്കാതെ മേടിക്കാനാവുന്ന അവസ്ഥയെ സാമ്പത്തികസ്വാതന്ത്ര്യം’ എന്ന് പറയാം. മറ്റൊരു രീതിയിൽ പറഞ്ഞാൽ ‘സ്വകാര്യവ്യക്തികൾക്ക് ധനം സമാഹരിക്കുന്നതിനും വിനിമയം ചെയ്യുന്നതിനും സമൂഹത്തിൽ നിലനിൽക്കുന്ന സ്വാതന്ത്ര്യം’ ആണ്‌ അത്. ഭാര്യാഭർത്താക്കന്മാർ പരസ്പരം കലഹിക്കുമ്പോൾ, ‘എനിക്കിവിടെ ഒരു സാമ്പത്തികസ്വാതന്ത്ര്യവും ഇല്ല’ എന്ന് പരിതപിക്കുന്നത് സ്ഥിരം കേൾക്കാറുള്ളതാണ്.

  രണ്ടാമത്തേത്, സംഘടനകൾപോലുള്ള പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുത്തി ചിന്തിക്കാം. അവയുടെ പ്രവർത്തനത്തിന് ആവശ്യമായ സാമ്പത്തികമുണ്ടെങ്കിൽ ഭാരവാഹികൾക്ക് സാമ്പത്തികസ്വാതന്ത്ര്യം ലഭ്യമാവുന്നു. പക്ഷേ, എങ്ങനെ പണം സമാഹരിക്കണമെന്നും ചെലവാക്കണമെന്നും തീരുമാനിക്കുന്നത് ടീമായിട്ടായിരിക്കും.  

 മൂന്നാമതായി, സർക്കാർപോലുള്ള സംവിധാനങ്ങളുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോൾ, വ്യക്തികളുടെ ജീവിതാവശ്യങ്ങളെ സംരക്ഷിക്കാനും രാജ്യത്തെ മൊത്തത്തിൽ കണ്ട് എല്ലാവരുടെയും ക്ഷേമത്തെ പരിഗണിക്കാനുമാവണം. ലോകബാങ്കും ഐ.എം.എഫും സാമ്പത്തികസ്വാതന്ത്ര്യത്തെ  ‘നിക്ഷേപത്തിന്റെയും ബിസിനസിന്റെയും സ്വത്തവകാശത്തിന്റെയും സ്വാതന്ത്ര്യം’ ആയി വിവരിക്കുന്നു. ഇത് നയപരവും രാഷ്ട്രിയപരവുമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ രാജ്യത്തിന് സ്വാതന്ത്ര്യം നൽകുന്നു. 

 സാമ്പത്തികശാസ്ത്രത്തിൽ പണത്തിന്റെ നയപരവും പ്രായോഗികവുമായ സിദ്ധാന്തങ്ങൾ നൽകിയ മിൽട്ടൻ ഫ്രിഡ്മാന്റെ അഭിപ്രായത്തിൽ ‘ഒരു സാമ്പത്തിക വ്യവസ്ഥിതിയിൽ എത്രത്തോളം പണം സൃഷ്ടിക്കണമെന്നതും എപ്രകാരം അതിന്റെ ക്രയവിക്രയം നടക്കണമെന്നതും വളരെ പ്രധാനപ്പെട്ട തീരുമാനമാണ്.’ ഓരോ രാജ്യത്തിന്റെയും  കേന്ദ്രബാങ്ക് എടുക്കുന്ന ഈ തീരുമാനം അവിടത്തെ രാഷ്ട്രീയവും വികസനപരവും നയപരവുമായ വിവേകത്തെയും ഇച്ഛാശക്തിയെയും ആശ്രയിച്ചിരിക്കുന്നു. 

 വ്യക്തികൾ കൂടുന്നതാണ് സമൂഹമെന്നതുകൊണ്ട് വ്യക്തിതലത്തിൽ ഈ സ്വാതന്ത്ര്യത്തെ വിലയിരുത്തുന്നത് ഏറെ ഉപകാരപ്രദമായിരിക്കും. ‘സാമ്പത്തികസ്വാതന്ത്ര്യം എന്നത് തോന്നുന്നത് ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല. അതിനെ തോന്ന്യവാസം എന്നാണ് പറയുന്നത്.’ 

 സാമ്പത്തികസ്വാതന്ത്ര്യം പണത്തിനോടുള്ള വിവേകപൂർണമായ സമീപനമാണ്. വ്യക്തികൾക്ക് സാമ്പത്തികസ്വാതന്ത്ര്യം ഉണ്ടായാൽ സമാധാനപരമായ ജീവിതവീക്ഷണമുണ്ടാവും. അനാവശ്യമായി ആരോടും മത്സരിക്കില്ല. ആരുമായും താരതമ്യം ചെയ്യില്ല. തനിക്കാവശ്യമുള്ളതെല്ലാം അധ്വാനത്തിലൂടെ നേടിയെടുക്കാൻ പരിശ്രമമുണ്ടാവും. ആവശ്യങ്ങളുടെ അതിർത്തിരേഖ നിശ്ചയിക്കാനാവും. ഇക്കൂട്ടർ വ്യക്തികളിൽനിന്നും വസ്തുക്കളിൽനിന്നും തുല്യ അകലം പാലിക്കും. അപ്രകാരം സംതൃപ്തമായ മനസ്സുകളുടെ ഉടമകളായി നമുക്കുചുറ്റും സ്വസ്ഥവും ശാന്തവുമായി കഴിയുന്നവരെ കാണാനാവും. അതോടൊപ്പം തന്റെ ഇല്ലായ്മകളെ ഓർത്ത് വ്യസനിച്ചിരിക്കാതെ, ജീവിതം കുറച്ചുകൂടി മെച്ചപ്പെടാനുതകുന്ന പ്രചോദനാത്മകമായ കാര്യങ്ങളിൽ അവർ ഏർപ്പെടും. 

 വ്യക്തികൾക്ക് സാമ്പത്തികസ്വാതന്ത്ര്യം ഇല്ലാതാകുമ്പോഴാണ് ഖേദകരമായ കാര്യങ്ങൾ സംഭവിക്കുന്നത്. കൊട്ടാരസമാനമായ വീടുണ്ടെങ്കിലും അവർ അസംതൃപ്തരായിരിക്കും. ‘എനിക്കുമാത്രം ഒന്നുമില്ല, മറ്റുള്ളവർക്കൊക്കെ സുഖമാണ്’ എന്ന ചിന്ത അവരെ ഭരിക്കും. അതിന്റെ ഫലമായി അസൂയ, അമർഷം, ദേഷ്യം, കലി, വൈരാഗ്യം  എന്നുതുടങ്ങി കൊലപാതകത്തിൽവരെ എത്തിനിൽക്കും. 

 എല്ലാ യുദ്ധങ്ങളും പോരാട്ടങ്ങളും ആദ്യം തുടങ്ങുന്നത് ആരുടെയെങ്കിലും മനസ്സുകളിലാണ്. യുദ്ധങ്ങളുടെ അടിസ്ഥാനകാരണം രാഷ്ട്രീയമല്ല, സാമ്പത്തികമാണ്.
 വ്യക്തികൾ തമ്മിലും രാഷ്ട്രങ്ങൾ തമ്മിലുമുള്ള സാമ്പത്തിക അന്തരം നിരന്തരം വളരുകയാണ്. സാമ്പത്തിക സ്വാതന്ത്ര്യവും അസമത്വത്തിലാണ് വളരുന്നത്. ലോക സാമ്പത്തികചരിത്രം പഠിക്കുമ്പോൾ, സമ്പത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിൽ എന്നും കലഹങ്ങളുണ്ടായിട്ടുണ്ട് എന്ന് കാണാനാവും. 

 വ്യത്യസ്ത വരുമാനം പുരോഗതിയുടെ അടയാളമാണ്. കാരണം, എല്ലാവർക്കും ഒരേ വരുമാനമായാൽ വളർച്ചയുണ്ടാവുകയില്ല. കൂടുതൽ മെച്ചപ്പെടണമെന്ന അവസ്ഥയുണ്ടാവുന്നത് ഈ അന്തരം മൂലമാണ്. ‘സോഷ്യലിസം’ പോലുള്ള ആശയങ്ങൾ പ്രായോഗികതലത്തിൽ പരാജയപ്പെടുന്നതും അതുകൊണ്ടാണ്. 

 ‘സ്വാതന്ത്ര്യത്തെക്കാളും വലുതായി സമത്വത്തെ പരിഗണിക്കുന്ന രാജ്യത്തിന് ഒന്നും ലഭിക്കില്ല’ എന്നും ‘തിരിച്ചായാൽ രണ്ടും ലഭിക്കുന്നു’ എന്നും മിൽട്ടൻ ഫ്രീഡ്മാൻ അഭിപ്രായപ്പെടുന്നു. എന്നാൽ, മുതലാളിത്ത കമ്പോള വ്യവസ്ഥിതിയുടെ ഫലമായി ഒരു രാജ്യത്തിലെ വലിയൊരു വിഭാഗം ജനവും ദാരിദ്ര്യത്തിലും ദുരിതത്തിലുമാണ് കഴിയുന്നതെങ്കിൽ, ആ സമൂഹത്തിൽ സന്തോഷം അധികനാൾ നിലനിൽക്കുകയില്ല. 

 സാമ്പത്തികസ്വാതന്ത്ര്യം മനുഷ്യന്റെ അടിസ്ഥാന അവകാശമാണ്. അത് നടപ്പിലാക്കേണ്ടത് നിയമപരമായ ആവശ്യവുമാണ്. അതില്ലായെങ്കിൽ രാഷ്ട്രീയ സ്വാതന്ത്ര്യവുമില്ല. കടമില്ലാത്ത അവസ്ഥ സൃഷ്ടിക്കുന്ന സ്വാതന്ത്ര്യം വളരെ വലുതാണ്. 

പക്ഷേ, നിങ്ങളുടെ ജീവിതത്തിലെ ബുദ്ധിമുട്ടും പ്രയാസമേറിയതുമായ നിമിഷങ്ങളിൽ  നിങ്ങളിൽനിന്ന് ഓടിപ്പോകാതെ പറ്റിച്ചേർന്നുനിൽക്കുന്ന വ്യക്തി, നിങ്ങളുടെ കടക്കാരനായിരിക്കുമെന്നതും രസകരമായ ചിന്തയാണ്.  

 ‘ജീവിതത്തിലുടനീളം പുലർത്തുന്ന സ്വഭാവേനയുള്ള സംതൃപ്തിയേക്കാളും തേജസ്സാർന്ന മറ്റൊന്നുമില്ല’ എന്ന   ആഡം സ്മിത്തിന്റെ അഭിപ്രായവും ഇതോടൊപ്പം കൂട്ടിവായിക്കാം. 

drkochurani@gmail.com