ഭാരതത്തില്‍ സാമൂഹികപ്രവര്‍ത്തനം നടത്തിയ മദര്‍ തെരേസയുടെ ജീവചരിത്രത്തില്‍ ഹൃദയസ്പര്‍ശിയായ ഒരു രംഗത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഒരിക്കല്‍ അവര്‍ ഒരു ദരിദ്രകുടുംബത്തിലെ സ്ത്രീയുടെ വീട്ടില്‍ പോയി അവര്‍ക്ക് കുറച്ച് അരി കൊടുത്തു. പെട്ടെന്നുതന്നെ ആ സ്ത്രീ ഒരു സഞ്ചിയുമായി ഓടിപ്പോവുന്നത് കണ്ടു. തിരിച്ചെത്തിയപ്പോള്‍ അവര്‍ പറഞ്ഞു. ‘ഇവിടത്തേക്കാളും പട്ടിണിയുള്ള മറ്റൊരു സ്ത്രീ അടുത്ത വീട്ടിലുണ്ട്. അവള്‍ക്ക് കുറച്ച് അരി ഇതില്‍നിന്ന് കൊടുക്കാന്‍ പോയതാണ്’.

ദാരിദ്ര്യത്തിന്റെ വ്യാപ്തി മനസ്സിലാക്കാനും അത് മനുഷ്യനിലേക്ക് നന്മയായി എത്തിച്ചേരാനും സഹായിക്കുന്ന രണ്ട് അന്താരാഷ്ട്ര ദിനങ്ങളാണ് ഈ ആഴ്ചയില്‍ ഐക്യരാഷ്ട്ര സംഘടന ലോകമെമ്പാടും ആചരിക്കുന്നത്. ഒക്ടോബര്‍ 16-ാം തീയതി ലോക ഭക്ഷ്യദിനവും 17-ാം തീയതി ദാരിദ്ര്യനിര്‍മാര്‍ജന ദിനവുമാണ്. 1987 ഒക്ടോബര്‍ 17-ന് പാരീസില്‍ നടന്ന മനുഷ്യാവകാശ സമ്മേളനത്തെ തുടര്‍ന്നാണ് ദാരിദ്ര്യനിര്‍മാര്‍ജന ദിനാചരണത്തിന് തുടക്കം കുറിച്ചത്.

അത്യാവശ്യ വസ്തുക്കളുടെ അഭാവം മൂലം കഷ്ടപ്പെടുന്ന അവസ്ഥയാണ് ദാരിദ്ര്യം. എന്തൊക്കെയാണ് അത്യാവശ്യ വസ്തുക്കള്‍? അവ ആവശ്യത്തിനുള്ള ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവയാണ്. ഇതുകൂടാതെ ശുദ്ധജലം, ആരോഗ്യ സുരക്ഷ, വിദ്യാഭ്യാസം, തൊഴില്‍, സ്വാതന്ത്ര്യം ഇവയും ജീവിതത്തിന് അത്യാവശ്യമാണ്. ഇവയുടെ അഭാവവും ദാരിദ്ര്യത്തിന്റെ പൊതു സ്വഭാവമായി പരിഗണിക്കുന്നു. ‘ക്ഷേമം എന്ന പദവുമായി ബന്ധപ്പെടുത്തിക്കൊണ്ട് അന്തസ്സോടെയും ക്ലേശരഹിതമായും ജീവിക്കാനാവശ്യമായുള്ള വസ്തുക്കളുടെ നിരാകരണമാണ് ദാരിദ്ര്യ’മെന്ന് ലോകബാങ്ക് നിര്‍വചിക്കുന്നു.

ദാരിദ്ര്യത്തിന്റെ പ്രഥമവും പ്രധാനവുമായ തലം ഭക്ഷ്യ ദൗര്‍ലഭ്യമായതിനാല്‍ ഭക്ഷണവുമായി ബന്ധപ്പെട്ടാണ് ദാരിദ്ര്യത്തെ പ്രധാനമായും നിര്‍വചിക്കുന്നത്. ദരിദ്രവിഭാഗത്തില്‍ പെട്ടവരെ മറ്റുള്ളവരില്‍നിന്ന് വേര്‍തിരിക്കാനായി നിര്‍വചിക്കപ്പെട്ട സൂചികയാണ് ‘ദാരിദ്ര്യരേഖ’. ഒരു ദിവസം 2400 കലോറി പോഷകാഹാരം ലഭിക്കുന്ന ഗ്രാമവാസിയും 2100 കലോറി പോഷകാഹാരം ലഭിക്കുന്ന നഗരവാസിയും ദാരിദ്ര്യരേഖയ്ക്ക് മുകളിലാണ്. ഏഷ്യന്‍ വികസനബാങ്കിന്റെ കണക്കനുസരിച്ച് ഭാരതത്തില്‍ 21.9 ശതമാനം പേര്‍ ദേശീയ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്.

സാമ്പത്തികശാസ്ത്രം ദാരിദ്ര്യത്തെ ‘അബ്‌സൊല്യൂട്ട്’ എന്നും ‘റിലേറ്റീവ്’ എന്നും രണ്ടായി തരംതിരിക്കുന്നു. ആദ്യത്തെ തലത്തില്‍ ജീവിക്കാനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തിന്റെ പരമോന്നത അവസ്ഥയാണ്. രണ്ടാമത്തെ തലം താരതമ്യ പഠനവുമായി ബന്ധപ്പെട്ടാണ്. മറ്റ് വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോഴുണ്ടാവുന്ന ദരിദ്രാവസ്ഥയാണത്. വിപണിയുടെ സന്തുലിതാവസ്ഥയെ ഹനിക്കുന്ന ഒന്നായിട്ടാണ് ദാരിദ്ര്യത്തെ സാമ്പത്തിക ശാസ്ത്രജ്ഞനായ മോറീസ് ഡോബ് വിവരിക്കുന്നത്.

ദാരിദ്ര്യത്തിന് പ്രഥമവും ദ്വിതീയവുമായ അവസ്ഥകള്‍ ഉണ്ട്. ആദ്യത്തേത് സ്വന്തം ജീവിതാവശ്യങ്ങള്‍ നിറവേറ്റിക്കൊണ്ടുപോകാനുള്ള വരുമാനം ഇല്ലാത്തതാണ്. ദ്വിതീയതയില്‍ അനാവശ്യവും ആഡംബരവുമായതില്‍ പണം ചെലവാക്കുന്നതുമൂലം അത്യാവശ്യ കാര്യങ്ങള്‍ നടക്കാതെ പോവുന്ന അവസ്ഥയാണ്.

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ എഴുപതാം വാര്‍ഷികം ആചരിക്കുന്ന ഈ വര്‍ഷം ദാരിദ്ര്യവും മനുഷ്യാവകാശവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ വെളിച്ചത്തില്‍ ദാരിദ്ര്യത്തിനെതിരേയുള്ള പരിശ്രമങ്ങള്‍ക്ക് ദിശാബോധം നല്‍കാനാണ് പരിശ്രമിക്കുന്നത്. ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തവരുടെ എണ്ണം കഴിഞ്ഞ പതിറ്റാണ്ടുകളായി ആഗോളതലത്തില്‍ കുറഞ്ഞുവരുന്നുണ്ട്. എങ്കിലും, ഊര്‍ജസ്വലവും അന്തസ്സുള്ളതുമായ ജീവിതം നയിക്കാന്‍ ലോകത്തില്‍ ഒമ്പതിലൊരാള്‍ക്ക് ഇപ്പോഴും സാധിക്കുന്നില്ല എന്നതും ദാരിദ്ര്യത്തിന്റെ പൊരുത്തക്കേടിനെ എടുത്തുകാണിക്കുന്നു.

ദാരിദ്ര്യമെന്നത് കേവലം ഭക്ഷണത്തിന്റെ തലത്തില്‍ മാത്രം ഒതുക്കാവുന്നതല്ല. കാരണം, ദാരിദ്ര്യവും വിശപ്പും രണ്ട് അവസ്ഥകളാണ്. മനുഷ്യജീവിതം മെച്ചപ്പെടുത്താന്‍ അടിസ്ഥാനപരമായി ആവശ്യമായിരിക്കുന്ന ഏതൊന്നിന്റെയും അഭാവം ദാരിദ്ര്യമാണ്. ഉദാഹരണത്തിന്, അറിവിന്റെ, സ്നേഹത്തിന്റെ, പരിഗണനയുടെ, അംഗീകാരത്തിന്റെ, വിദ്യാഭ്യാസത്തിന്റെ, എഴുതാനും വായിക്കാനും സാധിക്കുന്നതിന്റെ, ചികിത്സയുടെ, തൊഴിലിന്റെ, വിനോദത്തിന്റെ ഒക്കെ അഭാവം ദാരിദ്ര്യത്തിന്റെ തലങ്ങളാണ്. ഒറ്റപ്പെടലാണ് ഏറ്റവും വലിയ ദുഃഖവും ദരിദ്രാവസ്ഥയും. അതുകൊണ്ടുതന്നെ ഒരു രോഗിയുടെ ഏറ്റവും വലിയ പ്രശ്നം രോഗത്തെക്കാളുപരി അതുമൂലം അനുഭവിക്കുന്ന അവഗണനയും ഏകാന്തതയുമാണ്.

ദാരിദ്ര്യം സൃഷ്ടിക്കുന്നതിൽ വ്യക്തിപരവും സാമൂഹികവുമായ മാനങ്ങളുണ്ട്. സ്വയം സൃഷ്ടിച്ച ദാരിദ്ര്യ ചട്ടക്കൂട്ടില്‍ ജീവിക്കുന്നവരുണ്ട്. ഒരിക്കലും അതില്‍നിന്ന് പുറത്തുവരാന്‍ പരിശ്രമിക്കാതെ എന്നും ഒരു ഗുണഭോക്താവിന്റെ അവസ്ഥയില്‍ത്തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവരുണ്ട്. എന്നാല്‍, കഴിവും ആഗ്രഹവും പരിശ്രമവും ഉണ്ടായിട്ടും ജീവിതം ദുസ്സഹമായിട്ടുള്ളവര്‍ സാമൂഹിക പരിഗണന ഏറെ അര്‍ഹിക്കുന്നു. വിക്ടര്‍ ഹ്യൂഗോയുടെ വാക്കുകളില്‍ ‘സമൂഹത്തിലെ താഴ്ന്ന വിഭാഗത്തില്‍പ്പെട്ടവരുടെ കഷ്ടപ്പാട് സാമ്പത്തികമായി ഉയര്‍ന്ന ശ്രേണിയിലുള്ളവരുടെ മനുഷ്യത്വത്തെക്കാളും അധികമാണ്’.

ചുരുക്കത്തില്‍ ദാരിദ്ര്യമെന്നത് ഒരുവന് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കലാണ്. അതുകൊണ്ട് സാമ്പത്തികം എന്നതിനേക്കാളുപരിയായി ദാരിദ്ര്യത്തിന് രാഷ്ട്രീയ, സാമൂഹിക, മനഃശാസ്ത്ര, മാനവിക മാനങ്ങളുണ്ട്. സ്ഥലകാലവ്യത്യാസമനുസരിച്ച് ദാരിദ്ര്യത്തിന്റെ അളവിനും ദാരിദ്ര്യരേഖയുടെ മാനദണ്ഡത്തിനും വ്യത്യാസമുണ്ട്.

പുരോഗതിയുടെ സൂചിക എന്നത് ഉള്ളവന് വീണ്ടും കൂടുതല്‍ ലഭിക്കുന്നതിലല്ല, ഇല്ലാത്തവന് എന്തെങ്കിലുംകൂടി നല്‍കുന്നതിലാണ്. അതില്ലെങ്കില്‍ അരാജകത്വവും കുറ്റകൃത്യങ്ങളും വര്‍ധിക്കും. കാരണം, ‘അരിസ്റ്റോട്ടിലി’ന്റെ അഭിപ്രായത്തില്‍ ഏതൊരു വിപ്ലവത്തിന്റെയും അക്രമത്തിന്റെയും അടിസ്ഥാനകാരണം ദാരിദ്ര്യമാണ്. ഹിംസയുടെ ഏറ്റവും ശോചനീയമായ അവസ്ഥയായിട്ടാണ് ‘ഗാന്ധിജി’ ദാരിദ്ര്യത്തെ വീക്ഷിക്കുന്നത്.

അതുകൊണ്ട് വിവേകപൂര്‍വമായ സാമൂഹിക നയരൂപവത്‌കരണവും നടപ്പാക്കലും ആണ് സുസ്ഥിര വികസനത്തിന് അവശ്യമായിരിക്കുന്നത്. ഓര്‍ക്കുക, ഒരു വിഭാഗത്തിന് ഭാവിയെക്കുറിച്ചുള്ള ഭയവും അനിശ്ചിതത്വവും നിലനില്‍ക്കുമ്പോള്‍ ദാരിദ്ര്യത്തിന് വലിയ വില കൊടുക്കേണ്ടിവരും.