മാത്യൂസ് 63 വയസ്സുള്ള ഒരു റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ്... ഒരു സ്വകാര്യ ഇന്‍ഷുറന്‍സ് സ്കീമില്‍ ചേര്‍ന്നതിന്റെ ഭാഗമായി അതില്‍നിന്ന് പെന്‍ഷന്‍ ലഭിക്കുന്നുണ്ട്... രോഗഭയമാണ് അദ്ദേഹത്തിന്റെ പ്രശ്നം. എല്ലാ ആഴ്ചയിലും പോയി രക്തം പരിശോധിക്കും. ഷുഗര്‍ കൂടിയോ, കുറഞ്ഞോ എന്ന ആധിയാണ്. എങ്ങാനും കൂടുതലായി കണ്ടാല്‍ ആ ലാബിന്റെ കുഴപ്പമാണെന്നും പറഞ്ഞ് മറ്റൊരു ലാബിലേക്ക് ഓടിപ്പോകും. വര്‍ഷത്തിലൊരിക്കല്‍ ‘എക്സിക്യുട്ടീവ് ചെക്കപ്പ്’ എന്ന പേരില്‍ മുഴുവന്‍ ശരീരപരിശോധനയും നടത്തും. രോഗവിവരം ഡോക്ടര്‍മാരോട് പറഞ്ഞാല്‍ മാനസികപ്രശ്നമാണെന്നും വലിയ അസുഖങ്ങളൊന്നുമില്ലെന്നും പറഞ്ഞ് വെറുതെ വിടും. രോഗം മൂര്‍ച്ഛിച്ചതിനുശേഷം മാത്രമേ ഇവര്‍ പറയുകയുള്ളോ എന്ന ആധിയും അദ്ദേഹത്തില്‍ വർധിച്ചുവരുന്നു.

ആരോഗ്യം ആഗ്രഹിക്കാത്തവരായി ആരാണുള്ളത്...? പണ്ട് ‘രോഗമില്ലാത്ത അവസ്ഥ’യെയാണ് ‘ആരോഗ്യം’ എന്ന് വിളിച്ചിരുന്നത്. എന്നാല്‍, ഇന്ന് ലോകാരോഗ്യ സംഘടന ആരോഗ്യത്തെ കേവലം രോഗരഹിതമായ അവസ്ഥയായി മാത്രം കരുതുന്നില്ല. മറിച്ച്, ‘ആരോഗ്യമെന്നത് ഒരു വ്യക്തിയുടെ സമ്പൂര്‍ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി’യായാണ് നിര്‍വചിക്കുന്നത്. ഈ നിര്‍വചനത്തെ കുറച്ചുകൂടി വിപുലീകരിച്ച് ‘ആരോഗ്യത്തെ സമ്പൂര്‍ണ ദൈനംദിന ജീവിതത്തിനുള്ള ഉപാധി’യായി പരിഗണിക്കുന്നു. ‘പൊതുജനാരോഗ്യം’ എന്ന പദപ്രയോഗവും ഈ വിപുലീകരണത്തിന്റെ ഫലമാണ്.

സാമ്പത്തികശാസ്ത്രത്തില്‍ ‘ഇക്കണോമിക്സ് ഓഫ് ഹെല്‍ത്ത് കെയര്‍’ അഥവാ ‘ആരോഗ്യ സാമ്പത്തികശാസ്ത്രം’ എന്ന ശാഖയുണ്ട്. ആരോഗ്യസംരക്ഷണ മാര്‍ഗങ്ങളുടെയും രോഗചികിത്സയുടെയും ചെലവും കാര്യക്ഷമതയും മൂല്യവും രോഗചികിത്സാ സംവിധാനങ്ങളുടെയും ഉപകരണങ്ങളുടെയും ഉത്പാദനവും ഉപഭോഗവും എല്ലാം പഠനവിഷയമാകുന്ന ശാസ്ത്രശാഖയാണിത്. ‘കെന്നത്ത് ആരോ’ എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ ആരോഗ്യ സാമ്പത്തികശാസ്ത്രത്തിലെ ചെലവിനെ സ്വാധീനിക്കുന്ന ഘടകങ്ങളെ പ്രതിപാദിക്കുന്നു. ആരോഗ്യസംരക്ഷണ സാമ്പത്തികശാസ്ത്രത്തിന് മൂന്ന് തലങ്ങളുണ്ട്. അവ ‘മെഡിക്കല്‍ സാമ്പത്തികശാസ്ത്രം’, ‘മാനസികാരോഗ്യ സാമ്പത്തികശാസ്ത്രം’, ‘ബിഹേവിയറല്‍ സാമ്പത്തികശാസ്ത്രം’ എന്നിവയാണ്.

ഒരു രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിതി അളക്കുന്ന സാമ്പത്തിക സൂചികകളായ ‘ഹ്യൂമന്‍ ഡവലപ്‌മെന്റ് ഇന്‍ഡക്സ്’ (എച്ച്.ഡി.ഐ.) അഥവാ ‘മനുഷ്യവികസന സൂചിക’, ‘ഫിസിക്കല്‍ ക്വാളിറ്റി ഓഫ് ലൈഫ് ഇന്‍ഡക്സ്’ (പി.ക്യു.എല്‍.ഐ.) അഥവാ ‘ജീവിത ഭൗതിക ഗുണമേന്മാ സൂചിക’ എന്നിവയും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടാണ് ഉപയോഗിക്കുന്നത്. ഈ സൂചികകളുടെ അടിസ്ഥാനത്തില്‍ രാജ്യങ്ങളുടെ വികസനത്തെ അതിന്റെ തോതനുസരിച്ച് ക്രമീകരിച്ച് നിശ്ചിതപ്പെടുത്തുന്നു.

ഉത്പാദിത വസ്തുക്കളുടെ പട്ടികയില്‍ ആരോഗ്യപരിപാലനത്തെ സാമ്പത്തികശാസ്ത്രത്തില്‍ ‘മെറിറ്റ് വസ്തുക്കള്‍’ എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ഒരു വസ്തുവിന്റെ ഉപയോഗം അത് ഉപയോഗിക്കുന്ന ആള്‍ക്കുമാത്രമല്ല, ഒരു സമൂഹത്തിന് മൊത്തത്തില്‍ പ്രയോജനകരമാവുമ്പോഴാണ് അതിനെ ‘മെറിറ്റ് വസ്തു’ എന്ന് വിളിക്കുന്നത്. അതുകൊണ്ട്, മെറിറ്റ് വസ്തുക്കള്‍ സ്വകാര്യമേഖലയിലും പൊതുമേഖലയിലും ഇത് രണ്ടുംകൂടി ചേര്‍ന്ന മേഖലയിലും സുലഭമായി ലഭ്യമാക്കേണ്ടതാണ്. ഇവിടെയാണ് ആരോഗ്യപരിപാലനം ഒരു പൊതുസ്വത്തായി പരിഗണിച്ച് ലഭ്യമാക്കേണ്ടതിന്റെ ഉത്തരവാദിത്വം വർധിക്കുന്നത്.

ഭരണഘടനയുടെ 21-ാം വകുപ്പനുസരിച്ച്, ‘ഒരുവന്റെ ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോള്‍ ആരോഗ്യസംരക്ഷണം അടിസ്ഥാന അവകാശമാണ്’. എന്നാല്‍ ഇത് അടിസ്ഥാനപരമായ ആവശ്യമായി ഇന്നും മാറിയിട്ടില്ല. ഇത് സാധ്യമാകാന്‍ വ്യക്തിപരമായ ചുവടുകള്‍ എടുക്കുന്നതോടൊപ്പം, അതിനായുള്ള സാമൂഹ്യവും ഘടനാപരവുമായ ചുവടുവയ്പുകള്‍കൂടി നടപ്പിലാക്കണം.

ഒന്നാമതായി, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ സ്വകാര്യമേഖലയിലും സര്‍ക്കാര്‍തലത്തിലും പ്രബലമാക്കുക എന്നതാണ്. രണ്ടാമതായി, ആരോഗ്യപരിപാലനം എന്നത് വികസനസൂചിക ആയതിനാല്‍ ഈ രംഗത്തുള്ള നിക്ഷേപം പ്രധാനപ്പെട്ടതാണ്. ‘ഹെല്‍ത്ത് ടൂറിസ’ത്തിന്റെ സാധ്യതകളിലേക്ക് നൂതന ചികിത്സാമാര്‍ഗങ്ങള്‍ വളര്‍ത്തിയെടുക്കാവുന്നതാണ്. അതോടൊപ്പം, ഈ മേഖലയിലുള്ള വിപണിനിയമങ്ങള്‍ കര്‍ശനമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാകണം. മൂന്നാമതായി, സോഷ്യല്‍ ഇന്‍ഷുറന്‍സ് സ്കീമുകളിലൂടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ്. വിവിധ ഇന്‍ഷുറന്‍സ് പാക്കേജുകള്‍ പൗരാവകാശത്തിന്റെ ഭാഗമാക്കണം. നാലാമതായി, രോഗഭയമില്ലാതെ ജീവിക്കാനുതകുന്ന മാനസിക ആരോഗ്യത്തിലേക്ക് ഉയരുക എന്നതാണ്. ആയുര്‍ദൈര്‍ഘ്യത്തിന്റെ വളര്‍ച്ച, മാരകരോഗങ്ങള്‍, ശരീരത്തിന്റെ അമിതഭാരം, തെറ്റായ ഭക്ഷണരീതികള്‍ വ്യായാമക്കുറവ് എന്നിവ ഈരംഗത്ത് കാണുന്ന ഘടകങ്ങളാണ്.

വർധിച്ചുവരുന്ന ആരോഗ്യപരിപാലന ചെലവുകള്‍ സാമ്പത്തികപ്രശ്നമാണ്. രോഗഭയംമൂലം നടത്തുന്ന രോഗപ്രതിരോധ ചികിത്സാച്ചെലവ് പലര്‍ക്കും ഭാരമേറിയതാവുന്നു. വികസിത രാജ്യങ്ങളില്‍ വിവിധങ്ങളായ സാമൂഹ്യസുരക്ഷിതത്വ പദ്ധതികളിലൂടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നു. അവിടെ സമ്പന്നര്‍, ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ അഥവാ ജി.ഡി.പി.യുടെ മൂന്ന് ശതമാനമാണ് ആരോഗ്യസുരക്ഷയ്ക്കായി ഉപയോഗിക്കുന്നതെങ്കില്‍ കുറഞ്ഞ വരുമാനക്കാരുടെ ഇടയില്‍ ഇത് 20-80 ശതമാനത്തിനും ഇടയിലായാണ് കണ്ടുവരുന്നത്.

ഓര്‍ക്കുക, ‘ആരോഗ്യം ധനമാണ്... അത് വലിയ സമ്പത്തുമാണ്.’ ഒരു ഇറ്റാലിയന്‍ പഴഞ്ചൊല്ല് പറയുന്നതനുസരിച്ച് ‘ആരോഗ്യമുള്ളവന്‍ ഏറ്റവും വലിയ ധനവാനാണ്, പക്ഷേ, അവന്‍ അതറിയുന്നില്ല.’ പീന്‍ ചൈ യോയുടെ അഭിപ്രായത്തില്‍ ‘ആളുകള്‍, വർധിച്ചുവരുന്ന രോഗങ്ങളെക്കുറിച്ച്‌ ഭയപ്പെടുമ്പോള്‍, ഡോക്ടര്‍മാര്‍ രോഗചികിത്സയ്ക്ക് അനുയോജ്യമായ പ്രതിവിധികളുടെ അപര്യാപ്തതയെക്കുറിച്ചാണ് അസ്വസ്ഥരാവുന്നത്’. ‘കുറച്ച് ഭക്ഷിക്കുക, ആഴത്തില്‍ ശ്വസിക്കുക, മനസ്സ് എപ്പോഴും സന്തോഷകരമായിരിക്കാന്‍ പരിശ്രമിക്കുക, നന്മ ചെയ്യാനാവുക’ തുടങ്ങിയവ ഈ രംഗത്തുള്ള ചില കുറുക്കുവഴികളാണ്.

ബഞ്ചമിന്‍ ഡിസ്രായേലിയുടെ വാക്കുകളില്‍, ‘ഒരു രാജ്യത്തിന്റെ ശക്തിയും സന്തോഷവും അവിടത്തെ ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.’