വിശ്വപ്രശസ്തനായ നോവലിസ്റ്റാണ് സ്റ്റീഫൻ കിങ്. അദ്ദേഹത്തിന്റെ മിക്ക നോവലുകളും സിനിമയായിട്ടുണ്ട്. വളരെ ദരിദ്രമായ ജീവിതസാഹചര്യമാണ് ബാല്യത്തിൽ അദ്ദേഹത്തിനുണ്ടായിരുന്നത്. കുട്ടിക്കാലത്ത് ജീവിതനിവൃത്തിക്കുപോലും വഴിയില്ലാതെ അലഞ്ഞിട്ടുണ്ട്. പിന്നീട് ഇംഗ്ലീഷ് ഭാഷാധ്യാപകനായി ജോലിചെയ്തു. മാസികകളിൽ ചെറുകഥകൾ എഴുതി കിട്ടുന്ന വരുമാനംകൊണ്ട്‌ വളരെനാൾ ജീവിച്ചു.

അദ്ദേഹത്തിന്റെ ആദ്യനോവലായ ‘ക്യാരി’ മുപ്പതു  പ്രാവശ്യം പ്രസാധകരാൽ നിരസിക്കപ്പെട്ടതാണ്. ഒരിക്കൽ അദ്ദേഹംതന്നെ തന്റെ നോവലിന്റെ കൈയെഴുത്തുപ്രതി മാലിന്യക്കൊട്ടയിലേക്ക് വലിച്ചെറിഞ്ഞിട്ടുള്ള സംഭവവുമുണ്ടായിട്ടുണ്ട്. പക്ഷേ അവിടംകൊണ്ട് അദ്ദേഹം തന്റെ പരിശ്രമം അവസാനിപ്പിച്ചില്ല. തുടർന്ന് അൻപത്തിനാല്   നോവലുകൾ എഴുതി. ഇന്ന് 350 മില്യൻ കോപ്പികൾ വീതം വിറ്റുപോവുന്ന തലത്തിലേക്ക് അദ്ദേഹത്തിന്റെ രചനകൾ മാറി. മുപ്പതു തവണ പരാജയപ്പെട്ടിട്ടും തുടർന്നും പ്രസാധകരെ സമീപിക്കാനുള്ള മനഃശക്തിയാണ് സ്റ്റീഫൻ കിങ്ങിന്റെ ജീവിതവിജയത്തിന് നിദാനമായത്.

എബ്രഹാം ലിങ്കണിന്റെ ജീവിതസമരപോരാട്ട കഥയും നമ്മളിൽ പലർക്കും മനഃപാഠമാണ്. തന്റെ 21-ാം വയസ്സിൽ ബിസിനസിലേക്ക് കടന്ന് വലിയ രീതിയിൽ പരാജയം നേരിട്ടു. പഞ്ചായത്ത്, പാർലമെന്റ്, സെനറ്റ് എന്നീ തിരഞ്ഞെടുപ്പുകളിലെല്ലാം തോൽവി നേരിട്ടു. വൈസ് പ്രസിഡന്റായും മത്സരിച്ചു തോറ്റ ലിങ്കൺ പിന്നീട് സ്ഥിരോത്സാഹവും കഠിന പരിശ്രമവും മൂലം അമേരിക്കൻ പ്രസിഡന്റ് പദവിയിലെത്തി.

സമാനമായ അനുഭവങ്ങളുള്ള അനേകം വ്യക്തികളെ നമുക്ക് സുപരിചിതമാണ്. ലോകം കണ്ട വലിയ ബാസ്കറ്റ് ബോൾ കളിക്കാരനായ മിഖായേൽ ജോർദാൻ തനിക്ക്‌ സ്കൂൾ ബാസ്കറ്റ് ബോൾ ടിമിൽപോലും പ്രവേശനം നിഷേധിച്ചതറിഞ്ഞ് സ്വന്തം  മുറിയിലിരുന്ന് കരഞ്ഞുപോയ വ്യക്തിയാണ്. ടെലിവിഷൻ സ്ക്രീനിന് അനുയോജ്യയല്ല എന്നുപറഞ്ഞ് അവതാരകയുടെ ജോലി നിഷേധിക്കപ്പെട്ട ഓപ്രാ വിൻഫ്രി, വാൾട്ട് ഡിസ്‌നിയും സ്റ്റീവ് ജോബ്‌സും ആൽബർട്ട് ഐൻസ്റ്റീനും നാരായണമൂർത്തിയുമെല്ലാം സ്വന്തം കർമ മണ്ഡലങ്ങളിൽ തിരിച്ചടികൾ ഏറ്റുവാങ്ങിയവരാണ്.    

 സാമ്പത്തികരംഗത്തും ശക്തമായ തിരിച്ചടികൾ നേരിടുന്നവർ നിരവധിയുണ്ട്. ബിസിനസിൽ പരാജയപ്പെട്ടവർ, ഉത്‌പന്നത്തിന് വിപണി കണ്ടെത്താനാവാത്തവർ, ജോലി നഷ്ടപ്പെടുന്നവർ, അപ്രതീക്ഷിത ആഘാതങ്ങൾമൂലം കടക്കെണിയിൽപ്പെട്ട് ഉഴലുന്നവർ. എല്ലാ കണക്കുകൂട്ടലുകളും പിഴയ്ക്കുന്ന നിമിഷങ്ങൾ, കൂട്ടുബിസിനസ് തുടങ്ങി കൂടെനിന്ന് പാര പണിതവർ നൽകിയ മാനസികവും സാമ്പത്തികവുമായ ആഘാതങ്ങൾ, കടമായി മേടിച്ചുകൊണ്ടുപോയ പണം തിരിച്ചുതരാത്ത ബന്ധുക്കൾ എന്നിങ്ങനെ  വിവിധങ്ങളായ സാമ്പത്തികപരാജയ നിമിഷങ്ങളുണ്ട്. സർക്കാർനയങ്ങളിൽ വരുന്ന മാറ്റവും വ്യവസായ സംരംഭങ്ങളെ തളർത്താറുണ്ട്.

സാമ്പത്തികശാസ്ത്രത്തിന്റെ അതികായനായ ആഡം സ്മിത്ത് ‘ഇൻവിസിബിൾ ഹാൻഡ്’ അഥവാ അദൃശ്യ കരം എന്ന ആശയത്തിന്റെ ഉപജ്ഞാതാവാണ്. വ്യക്തിതാത്‌പര്യാധിഷ്ഠിതമായ പ്രവർത്തനങ്ങൾ അപ്രതീക്ഷിത സാമൂഹികനേട്ടവുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹം ഈ പദം ഉപയോഗിക്കുന്നത്. വ്യക്തികളുടെ പരിശ്രമങ്ങൾ അഭംഗുരം തുടർന്നുകൊണ്ടിരിക്കുമ്പോൾ അത് വ്യവസായം, ഉത്‌പാദനം, തൊഴിൽ, വ്യാപാരം  ഇവയൊക്കെയുമായി ബന്ധപ്പെടുത്തി നിർവചിക്കാനാവുകയും സാമൂഹികമാറ്റത്തിന് നിദാനമാവുകയും ചെയ്യും.

സാമ്പത്തികശാസ്ത്രത്തിൽ വിപണിയെന്നത് ഒരു പ്രത്യേകമായ നിശ്ചിത സ്ഥലമല്ല. അത് ആവശ്യക്കാരനും നൽകാൻ സാധിക്കുന്നവനും തമ്മിൽ നടക്കുന്ന ഇടപാടുകളാണ്. ഫോൺ വഴിയോ സാമൂഹികസമ്പർക്ക മാധ്യമങ്ങളിലൂടെയോ ഓൺലൈൻ ആയോ വിപണി പ്രവർത്തിക്കുന്നു. അതുകൊണ്ടുതന്നെ വിപണി എന്നും അനിശ്ചിതാവസ്ഥയുടെ തലമാണ്. വിപണിസാധ്യതകളും വിപണിപരാജയങ്ങളും നിത്യ സാമ്പത്തികസംഭവമായി മാറാറുണ്ട്. അതിനാൽ ഏതു സംരംഭവും അത് കലാപരമോ, നിർമാണവസ്തുക്കളോ എന്തുമാകാം മാറിവരുന്ന വിപണി സാഹചര്യങ്ങളുടെ വ്യതിയാനങ്ങൾക്ക് വിധേയമാണ്.

ഉത്‌പാദിത വസ്തുക്കൾക്ക് ഡിമാൻഡ് ഉണ്ടാവാതിരിക്കുകയും ഡിമാൻഡ് അനുസരിച്ച് ഉത്‌പാദിപ്പിക്കാതിരിക്കുകയും വിഭവങ്ങളെ കാര്യക്ഷമമായി പുനർവികേന്ദ്രീകരണം നടത്താതിരിക്കുകയും ചെയ്യുമ്പോൾ വിപണി പരാജയം നേരിടുന്നു. അതുപോലെ വ്യക്തിജീവിതത്തിൽ സർഗാത്മകമായുള്ള വിഭവങ്ങളുടെ നിരന്തരമായ ഉപയോഗത്തിലൂടെ ആവശ്യാനുസൃത ഉത്‌പന്നമാക്കി മാറ്റാനുള്ള കഴിവാണ് ബിസിനസിൽ അനിവാര്യമായിരിക്കുന്നത്. അതിന് വിപണി പഠിക്കുക എന്നതാണ് പ്രധാനപ്പെട്ടത്. ചിലപ്പോൾ ഇപ്പോൾ ആവശ്യമില്ലായെന്ന് വിപണി തള്ളിക്കളഞ്ഞ ആശയങ്ങളും വസ്തുക്കളും പിന്നീട് ഏറ്റവും ഡിമാൻഡുള്ളതായി മാറിയേക്കാം. അതുകൊണ്ട് ഉത്‌പാദനവും വിതരണവും നിരന്തരമായ തപസ്യയായിരിക്കണം.

ജീവിതത്തിൽ വിജയിക്കണമെന്ന് ആഗ്രഹമില്ലാത്തവരില്ല. നിങ്ങൾ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല എങ്കിൽ ഒന്നും പുതുതായി പരീക്ഷിച്ചിട്ടില്ല എന്നാണർഥമാക്കുന്നത്. പരാജയം നൽകുന്ന ഊർജമാണ് ഏറ്റവും നല്ല അധ്യാപകൻ. വ്യക്തികളെയും വ്യക്തിബന്ധങ്ങളെയും  സാഹചര്യങ്ങളെയും കുറിച്ച് ഏറ്റവും നന്നായി മനസ്സിലാക്കാൻ സാധിക്കുന്നത് പരാജയപ്പെട്ടുവെന്ന് തോന്നുന്ന നിമിഷങ്ങളിലാണ്. വിജയത്തിൽ കൂടെ ആഹ്ലാദിക്കാൻ ധാരാളം പേർ ഉണ്ടാവും. ‘പരാജയത്തിൽ സ്വന്തം നിഴൽ മാത്രം’ എന്ന ചൊല്ല് അർഥവത്താണ്. ‘മഴയത്ത് നിൽക്കാൻ എനിക്കിഷ്ടമാണ്. അപ്പോൾ ഞാൻ കരയുന്നത് ആരും കാണുന്നില്ലല്ലോ’ എന്ന്‌ ലോകത്തെ മുഴുവൻ ചിരിപ്പിച്ച ‘ചാർളി ചാപ്ലിന്റെ’ വാക്കുകൾ ഇതിനോട് കൂട്ടിച്ചേർത്ത് വായിക്കാവുന്നതാണ്.

ഏതൊരു വീഴ്ചയിൽനിന്നും എന്തെങ്കിലും പെറുക്കിയെടുക്കാൻ പഠിക്കുക എന്നതാണ് പ്രധാനപ്പെട്ടത്. കാരണം പരാജയം എന്നത് വിജയം നീട്ടിവെച്ചിരിക്കുന്നു എന്നതാണ്. പരാജയത്തെ ഏറ്റവും നല്ല ശക്തിസ്രോതസ്സാക്കി മാറ്റുകയാണ് വേണ്ടത്. ഓർക്കുക,‘പ്ലാൻ എ’ പരാജയപ്പെട്ടാൽ ഇംഗ്ലീഷ് അക്ഷരമാലയിൽ ഇനിയും 25 അക്ഷരങ്ങൾ കൂടിയുണ്ട്.