ന്റെ സാമ്പത്തികലേഖനങ്ങളിൽ ആകൃഷ്ടനായ ഒരു കോളേജ് അധ്യാപകൻ ഒരിക്കൽ എന്നെ സന്ദർശിച്ചപ്പോൾ പങ്കുവച്ച ഒരു ജീവിതാനുഭവം സാമ്പത്തിക ആസൂത്രണചിന്തകൾക്ക് വ്യത്യസ്തത പകരുന്നതായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സ്വർണാഭരണങ്ങൾ ഇടയ്ക്കിടെ മാറ്റിവാങ്ങുന്നത് ഇഷ്ടമായിരുന്നു. എന്നാൽ അത് വളരെ സാമ്പത്തികനഷ്ടമുണ്ടാക്കുന്നതാണെന്ന കാര്യം അവളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ അധ്യാപകൻ പരിശ്രമിച്ചു.

വിലയിൽ മാറ്റമില്ലാതിരിക്കുമ്പോഴും പണിക്കൂലി, പണിക്കുറവ് എന്നിങ്ങനെ വിവിധ കാരണങ്ങളാൽ പഴയ സ്വർണം മാറ്റി പുതിയത് വാങ്ങുന്നതിനെതിരേ അദ്ദേഹം ഭാര്യയുമായി തർക്കിച്ചു. അപ്പോൾ ഭാര്യ പറഞ്ഞു. ‘ഞാൻ ഉപയോഗിക്കാത്ത സാധനം വെറുതെ വീട്ടിൽ ഇരിക്കുന്നതിലും ഭേദമല്ലേ ഉപയോഗിക്കുന്ന സാധനം മാറ്റിവാങ്ങുന്നത്. വെറുതെ വച്ചിട്ട് എന്താണ് പ്രയോജനം’. അവസാനം അവളുടെ ഇഷ്ടത്തെ ഓർത്തും കുടുംബസമാധാനത്തെ പരിഗണിച്ചും ഞാൻ സമ്മതിക്കും.

ഇവിടെ ആസൂത്രണമോ ഒന്നുമല്ല പ്രധാനപ്പെട്ടത്. ഞാൻ ഒരു പെൺകോന്തനായതുകൊണ്ടോ അല്ല.  സാമ്പത്തികകാര്യ വിട്ടുവീഴ്ചകൾ പലപ്പോഴും വ്യക്തിബന്ധങ്ങളിൽ അസ്വസ്ഥതകൾക്ക് പകരം വലിയ സമാധാനത്തിന് വഴിതെളിക്കാറുണ്ട്. 

ഉപയുക്തത അഥവാ യൂട്ടിലിറ്റി എന്നത് സാമ്പത്തികശാസ്ത്രത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന പദമാണ്. ഒരു വസ്തുവിന് അത് ഉപയോഗിക്കുന്ന ആളിന്റെ ആവശ്യത്തെ തൃപ്തിപ്പെടുത്തുവാനുള്ള കഴിവിനെയാണ് യൂട്ടിലിറ്റി എന്നു പറയുന്നത്. അത് കേവലം സംതൃപ്തിയല്ല. തൃപ്തിയും ഉപയുക്തതയും രണ്ട് വ്യത്യസ്ത അർത്ഥങ്ങളിലാണ് സാമ്പത്തികശാസ്ത്രത്തിൽ ഉപയോഗിക്കുന്നത്.

വെറും വൈകാരിക സംതൃപ്തിയിൽനിന്ന് ഉപരിയായി ഒരു ആവശ്യാധിഷ്ഠിത മൂല്യചിന്തയിലേക്കാണ് ഇത് ഉപയോഗിക്കപ്പെടുന്നത്. വിവാഹവസ്ത്രത്തിന് പണം ചെലവാക്കുമ്പോൾ ഈ ചിന്ത കടന്നുവരാറുണ്ട്. ഒരു ദിവസത്തേക്ക് മാത്രമുപയോഗിക്കുന്നതും പിന്നീട് ആവശ്യവുമില്ലാത്ത ചെലവ് വേണമോ വേണ്ടയോ എന്നിങ്ങനെയുള്ള ചിന്തകൾ ബൗദ്ധികമായി ഉടലെടുക്കുമ്പോഴും  ഉപയുക്തത എന്ന ചിന്തയാണ് കൂടുതൽ പ്രബലപ്പെടാറുള്ളത്. 

യൂട്ടിലിറ്റി എന്നത് തികച്ചും വ്യക്തിപരവും സ്ഥലകാലഭേദമെന്യേ വ്യത്യസ്തവുമായ ആശയമാണ്. അത് ആ വസ്തു ഉപയോഗിക്കുന്ന വ്യക്തിയെയും സാഹചര്യങ്ങളെയും സമയത്തെയുമൊക്കെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഉദാഹരണത്തിന് ഏറെ തണുപ്പുള്ള പ്രദേശങ്ങളിൽ കമ്പിളിവസ്ത്രങ്ങൾക്ക് ഉപയുക്തത കൂടുതലാണ്. ഉപയുക്തതയുടെ മൂല്യം കാലഘട്ടമനുസരിച്ച് വ്യത്യാസപ്പെടുന്നു. കഴിഞ്ഞ തലമുറ ഉപയോഗിച്ച പല വസ്തുക്കൾക്കും പുതിയ തലമുറയ്ക്ക് ഉപയുക്തത ഉള്ളതായി തോന്നാറില്ല. പണത്തിന്റെ മൂല്യത്തിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ ഉപയുക്തതയെയും ബാധിക്കുന്നു.  

ജെറമി ബെൻതാം എന്ന സാമ്പത്തികശാസ്ത്രജ്ഞൻ കൂട്ടായ ഉപയുക്തതയും അതിന്റെ ഉന്നതപരിധിയും നിർണയിക്കുന്ന സിദ്ധാന്തം ആവിഷ്കരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ചെലവുകൾ നിജപ്പെടുത്തുമ്പോൾ പരമാവധി ആളുകൾക്ക് പരമാവധി സന്തോഷം നൽകുന്ന തരത്തിലായിരിക്കണം പണവിനിയോഗം നടത്തേണ്ടത്.  
സർക്കാർ നേരിട്ട് നടപ്പിലാക്കുന്ന ക്ഷേമപ്രവർത്തനങ്ങളെ ഈ ആശയമാണ് നയിക്കുന്നത്. ചില ക്ഷേമപ്രവർത്തനങ്ങൾ മൂലം ചെറിയ ഒരു വിഭാഗം ആളുകൾക്ക് പ്രതികൂലമായ അനുഭവങ്ങളുണ്ടാവാറുണ്ട്.

കൂടുതൽ പേർക്ക് ഉപയുക്തത ഉണ്ടാവുമ്പോൾ കുറച്ചുപേർക്ക് ബുദ്ധിമുട്ട് ഉണ്ടാവുക സ്വാഭാവികമാണ്. ഉദാഹരണത്തിന് ഒരു റെയിൽവേ പാളം നിർമിക്കുമ്പോൾ ആ പ്രദേശത്ത് നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നു. അതുകൊണ്ടാണ് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസവും അവരുടെ അനുബന്ധ ക്ഷേമപ്രവർത്തനങ്ങളും സർക്കാരിന്റെ വികസന അജൻഡയിൽ പെടുത്തുന്നത്. 

സാമ്പത്തികവിനിയോഗത്തിന്റെ കാര്യത്തിൽ ഓരോ വ്യക്തിയും എങ്ങനെ പണം ചെലവാക്കുന്നു എന്നത് പ്രധാനപ്പെട്ടതാണ്. പ്ലാൻ ചെയ്തിട്ട് ഒന്നും ഒരു കാര്യവുമില്ല. ജീവിതം എന്നും ആകസ്മികതകളുടേയും അതിശയങ്ങളുടേയും ആകത്തുകയാണ്. നമ്മൾ പ്ലാൻ ചെയ്യുന്നതുപോലെയൊന്നുമല്ല കാര്യങ്ങൾ സംഭവിക്കുന്നത്. അതുകൊണ്ട് ഒന്നും കാര്യമായി ആസൂത്രണം ചെയ്യാതിരിക്കുന്നതാണ് നല്ലത്. എല്ലാം വരുന്നിടത്തുവച്ച് കാണാം. ഞാൻ നിരന്തരമായി വിവിധ ഭാഗങ്ങളിൽ നിന്നും കേൾക്കുന്ന പല്ലവിയാണിത്. പക്ഷെ എന്നുവച്ച് ഒന്നും പദ്ധതി ചെയ്യാതിരിക്കുന്നത് വിഡ്ഢിത്തമാണ്. കാരണം ഓരോ പ്രായത്തിലും സംഭവിക്കുന്ന സാമ്പത്തിക അബദ്ധങ്ങൾ നിരവധിയാണ്. ഉദാഹരണത്തിന്, ഒരാൾ തന്റെ പ്രായത്തിന്റെ ഇരുപതുകളിൽ സമ്പാദ്യത്തിന് പ്രാധാന്യം നൽകില്ല, മുപ്പതുകളിൽ സമ്പാദിക്കുമെങ്കിലും അത് ശരിയായ രീതിയിലായിരിക്കില്ല. കൂട്ടുകാരുടേയും മറ്റുള്ളവരുടേയും നിർദേശമനുസരിച്ചായിരിക്കും.

നാൽപ്പതുകളിൽ ലോണും മറ്റ് കടബാധ്യതകളും ഏറിയ ചെലവും മൂലം സമ്പാദ്യത്തെക്കുറിച്ച് ചിന്തിക്കാൻ പോലും പറ്റാതാവുന്നു. അമ്പതുകളിൽ റിട്ടയർമെന്റ് ഉദ്ദേശ്യത്തിനുള്ള തുക മറ്റ് പലതിനും ഉപയോഗിക്കും. സാമ്പത്തിക താളപ്പിഴകൾ ഒഴിവാക്കാൻ വ്യക്തിപരമായ ആസൂത്രണത്തിലും ഉപയുക്തത ഏറെ പ്രധാനപ്പെട്ട പദമാണ്.
ഉപയുക്തതയെ അടിസ്ഥാനപ്പെടുത്തിയാണ് വസ്തുക്കളും സേവനങ്ങളും വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യേണ്ടത്.

ചില വസ്തുക്കൾ, ഉദാഹരണത്തിന് കാർ പോലുള്ള മോട്ടോർ വാഹനങ്ങൾ വിൽക്കാൻ ശ്രമിക്കുമ്പോൾ മേടിച്ച വിലയിലും താഴെയായിട്ടായിരിക്കും വില നിശ്ചയിക്കപ്പെടുന്നത്. എത്ര വർഷം ഉപയോഗിച്ചു എന്നതിനനുസരിച്ച് വിലയിൽ ഇടിച്ചിൽ ഉണ്ടാവുന്നു. എന്നാൽ ഭൂമി പോലുള്ള റിയൽ എസ്റ്റേറ്റ് സംരംഭങ്ങളിൽ വിലയിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുമെങ്കിലും വലിയ രീതിയിൽ വില താഴോട്ട് പോവാതെ ഉയർന്നുകൊണ്ടേയിരിക്കും സ്വർണവും ഏതു സമയത്തും പണമാക്കി മാറ്റാവുന്ന ഒരു നല്ല നിക്ഷേപമാണ്. 
ഒരുവൻ ഉപയുക്തതയുടെ അടിസ്ഥാനത്തിൽ വസ്തുക്കളോടും പണത്തോടും എടുക്കുന്ന നിയതമായ നിലപാടുകളാണ് സാമ്പത്തിക ആസൂത്രണത്തിന് നിദാനമായിരിക്കുന്നത്. അത് തികച്ചും വ്യക്തിപരവും താരതമ്യം ചെയ്യാനാവാത്തതുമാണ്.