എം.ബി.എ. ബിരുദധാരിയായ നവ്യ അധ്യാപികയാകണമെന്നാണ് ആഗ്രഹിച്ചത്. പക്ഷേ, പഠനം പൂർത്തിയായ ഉടൻതന്നെ മറ്റ് രണ്ടു ജോലികൾക്കുള്ള അവസരം ലഭിച്ചു.  ഒന്ന് ഒരു ഐ.ടി. കമ്പനിയിലും മറ്റേത് ഒരു പൊതുമേഖലാ ബാങ്കിലുമായിരുന്നു. ഏതു തിരഞ്ഞെടുക്കണമെന്നതായിരുന്നു അടുത്ത സംശയം.

കൂട്ടുകാർ പറഞ്ഞു.  ഐ.ടി കമ്പനി മതി. അതാകുമ്പോൾ കാമ്പസ് ജീവിതത്തിന്റെ തുടർച്ചയായിട്ടേ തോന്നുകയുള്ളു. സമപ്രായക്കാരുമായുള്ള  അടിപൊളി ജീവിതം തുടരാം. മാത്രവുമല്ല വിവരസാങ്കേതികരംഗത്തെ നൂതനപ്രവണതകളുമായി ചേർന്ന് മുന്നോട്ട് പോവാം.

എന്നാൽ മാതാപിതാക്കളും ബന്ധുക്കളുമടങ്ങിയ മുതിർന്ന തലമുറ ബാങ്ക് ജോലി തിരഞ്ഞെടുക്കാൻ ഉപദേശിച്ചു. ദീർഘകാല സുരക്ഷിതത്വവും തൊഴിലുറപ്പും അതിന് ന്യായമായി അവർ നിരത്തി. അവസാനം ഏതിന്റെ ഓഫർ ലെറ്റർ ആദ്യം ലഭിക്കുമോ അത് തിരഞ്ഞെടുക്കാമെന്ന് നവ്യ തീരുമാനിച്ചു. അങ്ങനെ പൊതുമേഖലാബാങ്കിൽ ജോലിക്കു ചേർന്നു.

ജോലി തുടങ്ങിയ നാളുകളിൽ വിരസതയും മടുപ്പും ജോലിയിൽ ഉണ്ടായി. താൻ തെറ്റായ തിരഞ്ഞെടുപ്പാണ് നടത്തിയതെന്ന് സംശയിച്ചു. പിന്നീട് കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുകയും ബാങ്ക് ലോൺ എടുത്ത് വീട് പണിയുകയും ചെയ്തു. സ്റ്റാഫ് ലോൺ ആയതുകൊണ്ട് നിസ്സാരപലിശയിലാണ് വായ്പ ലഭിച്ചത്. അതിനാൽതന്നെ മാസാമാസം അടയ്ക്കേണ്ട  ഇ.എം. ഐ. തുക വളരെ ചെറുതായിരുന്നു. അതോർത്തപ്പോൾ പതുക്കെ പതുക്കെ ജോലി ഇഷ്ടപ്പെടുകയും ചെയ്തു. നവ്യയുടെ അഭിപ്രായം ഭവനവായ്പ എടുത്താൽ നമ്മൾ അറിയാതെതന്നെ ജോലിയെ സ്നേഹിച്ചുകൊള്ളും എന്നാണ്. 

തികച്ചും സ്വാർത്ഥപരമായ ചിന്തയെന്നും പറഞ്ഞ് ഈ മനോഭാവത്തെ തള്ളിക്കളയാനാവില്ല. കാരണം പലർക്കും ജോലിയോടുള്ള പ്രതിപത്തിക്ക് വിവിധ കാരണങ്ങളാണുള്ളത്. അഥവാ പലർക്കും ജോലി ഹരമാവുന്നത് വിവിധ മാനദണ്ഡങ്ങളാലാണ്. ചിലർ ജോലിസ്ഥലത്ത് നല്ല തൊഴിൽ സംസ്കാരം ഉണ്ട് എന്ന് പറഞ്ഞ് ജോലിയിൽ സംതൃപ്തരാവുന്നു. മറ്റ് ചിലർ നല്ല വേതനമാണെന്നും മനസ്സിണങ്ങിയ തൊഴിലാണെന്നും അതുകൊണ്ട് തൃപ്തി ലഭിക്കുന്നു എന്നുമൊക്കെ വ്യത്യസ്ത കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നു. 

സാമ്പത്തികശാസ്ത്രത്തിൽ ഉത്‌പാദനഘടകങ്ങളെ നാലായി തരം തിരിച്ചിരിക്കുന്നു. അവ ഭൂമി, തൊഴിൽശക്തി, മൂലധനം, സംഘാടനകഴിവ് എന്നിവയാണ്.  ഇതിൽ എല്ലാത്തിലും തൊഴിൽശക്തിയും തൊഴിലാളിയും ഇടം നേടിയിട്ടുമുണ്ട്. ഉദാഹരണത്തിന് സാമ്പത്തികശാസ്ത്രത്തിൽ ഭൂമിയെന്നത് പ്രകൃതി ദാനമായി നൽകുന്ന വിഭവമാണ്. അതിന്റെ ചിട്ടയും ക്രമവുമായ ഉപയോഗം സുസ്ഥിരവികസനത്തിന് വഴിതുറക്കുന്നു. വിവേകപൂർവം ഇത് ഉപയോഗിക്കുന്നത് മനുഷ്യപങ്കാളിത്തത്തിലൂടെ മാത്രമേ സാധിക്കുകയുള്ളു. മറ്റ് മൂന്ന് വിഭവങ്ങളും തൊഴിലാളിയുടെ പങ്കാളിത്തവുമായി നേരിട്ട് ബന്ധപ്പെട്ടവയാണ്. 

തൊഴിൽ, തൊഴിലാളി ഇവ തമ്മിലുള്ള അർഥവ്യത്യാസം പ്രധാനപ്പെട്ടതാണ്. സാമ്പത്തികശാസ്ത്രത്തിൽ തൊഴിൽശക്തിയെ നിർവചിക്കുന്നത് സാമ്പത്തികമായ നേട്ടത്തിനായി തൊഴിലാളിയുടെ ഉപയോഗിക്കപ്പെടുന്ന ശക്തിയെയാണ്. വീട്ടിലിരുന്ന് വെറുതെ പാടുന്ന പാട്ട് തൊഴിൽശക്തിയല്ല. എന്നാൽ അതേ പാട്ട് പാടുന്നതിലൂടെ സാമ്പത്തികമായ വരുമാനം ലഭ്യമാവുന്നുണ്ടെങ്കിൽ അത് സാമ്പത്തികശാസ്ത്രത്തിൽ തൊഴിൽശക്തിയായി പരിഗണിക്കുന്നു. അമ്മ സ്വന്തം കുഞ്ഞിനെ നോക്കുന്നത് തൊഴിലല്ല, എന്നാൽ അതേ ജോലി ഒരു ആയയാണ് ചെയ്യുന്നതെങ്കിൽ അത് തൊഴിൽശക്തിയായി പരിഗണിക്കപ്പെടുകയും സാമ്പത്തിക പ്രതിഫലം ലഭിക്കുകയും ചെയ്യുന്നു. 

എങ്ങനെയാണ് തൊഴിൽശക്തി അളക്കപ്പെടേണ്ടത്?. ആഡം സ്മിത്തിനുശേഷം ബ്രിട്ടീഷ് സാമ്പത്തികശാസ്ത്ര മേഖലയിലെ ഏറ്റവും ശക്തമായ സാന്നിധ്യമായിരുന്നു ഡേവിഡ് റിക്കാർഡോ. അദ്ദേഹത്തിന്റെ ലേബർ തിയറി ഓഫ് വാല്യു അഥവാ മൂല്യനിർണയ സിദ്ധാന്തമനുസരിച്ച് തൊഴിൽശക്തിയുടെ മൂല്യം നിർണയിക്കുന്നത് ഉത്‌പാദന പ്രക്രിയയിൽ തൊഴിലാളി ഉപയോഗിക്കുന്ന അധ്വാനസമയം അടിസ്ഥാനപ്പെടുത്തിയാണ്.

എന്നാൽ ഇന്ന് തൊഴിൽശക്തി അളക്കാൻ സമയത്തോടൊപ്പം വിഭവശേഷിയുടെ കാര്യക്ഷമതയും ചേർക്കപ്പെടുന്നു. അതുകൊണ്ടാണ് വ്യത്യസ്ത വേതന നിരക്കുകൾ ഉണ്ടാവുന്നത്. ഉത്‌പാദനം, വരുമാനം, ഉപഭോഗം, പ്രദാനം, ചോദനം, ചെലവ്, ഉപയുക്തത, സ്വതന്ത്രകമ്പോളം, ആഗോളവിപണി തുടങ്ങിയ വിവിധ സാമ്പത്തിക സൂചികകളിൽ തൊഴിലിന്റെ വിവിധ മാനദണ്ഡങ്ങളും ഇഴചേർക്കപ്പെട്ടിരിക്കുന്നു.വാച്യാർഥത്തിൽ വാക്കുകളെ പരിശോധിക്കുമ്പോൾ തൊഴിലാളി തൊഴിലിനെ ലാളിക്കുന്നവൻ ആണ് അല്ലെങ്കിൽ അങ്ങനെ ആകേണ്ടവനാണ്. എല്ലാ വർഷവും മെയ് ഒന്നാം തീയതി ആചരിക്കുന്ന ലോക തൊഴിലാളിദിന സന്ദേശം അതുംകൂടി ഉൾപ്പെട്ടതാണ്.