ഗരത്തില്‍ ഓട്ടോറിക്ഷ ഓടിക്കുകയാണ് രവി. നല്ല ഉത്സാഹിയും കഠിനാദ്ധ്വാനിയുമാണ്. അതിരാവിലെ ട്രിപ്പ് തുടങ്ങും. െറയില്‍വേസ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേക്ക് ഓട്ടം ഏല്‍പ്പിച്ചവരുടെ വീട്ടുപടിക്കല്‍ വെളുപ്പിന് നാലുമണിക്ക് എത്തും. രാത്രി മിക്കവാറും പതിനൊന്ന് മണിവരെ ജോലി തുടരും. ഓണ്‍ലൈന്‍ ടാക്‌സി സംവിധാനങ്ങളൊന്നും തന്നെ ബാധിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഉച്ചഭക്ഷണം സാധിക്കുമെങ്കില്‍ വീട്ടില്‍തന്നെ വന്ന് കഴിക്കും. അതിനുശേഷം പത്ത് മിനിറ്റ്‌ ഒന്ന് കിടക്കും. ഈ ദിനചര്യ മക്കള്‍ പ്രായപൂര്‍ത്തിയായിട്ടും തുടരുന്നു.

രവിക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. മൂത്തവന്‍ എം.സി.എ.ക്ക് പഠിക്കുന്നു. രണ്ടാമന്‍ ബി.ടെക്. പഠനം പൂര്‍ത്തിയായി. തുടര്‍ന്ന് പഠിക്കണമെന്ന ആഗ്രഹത്തിലാണ്. രണ്ടുപേരും സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളിലാണ് പഠിക്കുന്നത്. ഓരോ സെമസ്റ്ററിലും മക്കള്‍ക്ക് ഫീസ് അടയ്ക്കാന്‍ ലോണ്‍, ചിട്ടി എന്നിവയെ രവി ആശ്രയിക്കും. ഒരു ലോണ്‍ ആറു മാസം തവണ അടച്ചു കഴിയുമ്പോഴേക്കും അതിന്മേല്‍ കൂട്ടി പുതിയത് എടുക്കും. രവിയുടെ കണക്കുകൂട്ടലനുസരിച്ച് ദിവസവും കുറഞ്ഞത് ആയിരം രൂപയ്ക്കെങ്കിലും വണ്ടി ഓടിയാല്‍ കാര്യങ്ങള്‍ ഒരുവിധം കുഴപ്പമില്ലാതെ മുന്നോട്ട് പോവും.

അതിരാവിലെ അച്ഛന്‍ ഉണര്‍ന്ന് ജോലിക്ക് പോവുമ്പോഴും പ്രായപൂര്‍ത്തിയായ മക്കള്‍ സുഖകരമായ ഉറക്കത്തിലായിരിക്കും. പ്രഭാതത്തില്‍ ഉറങ്ങുന്നതിന്റെ സുഖം അവര്‍ക്ക് നന്നായി അറിയാം. ചില ദിവസങ്ങളില്‍ അയാള്‍ അവരെ പഠിക്കാന്‍ വിളിച്ചെഴുന്നേല്‍പ്പിച്ചാലും അവര്‍ വീണ്ടും കിടന്ന് ഉറങ്ങാറാണ് പതിവ്. ഇത്രയൊക്കെ കഷ്ടപ്പെട്ട് മക്കളെ പഠിപ്പിക്കണമോ എന്ന് ചോദിച്ചാല്‍ അവര്‍ പഠിച്ച് ഒരു കരയ്ക്ക് അടുത്താല്‍ പിന്നെ നമുക്ക് സമാധാനിക്കാമല്ലോ എന്നാണ് രവിയുടെ മറുപടി. എനിക്കോ പഠിക്കാന്‍ പറ്റിയില്ല. അതുകൊണ്ട് മക്കളെങ്കിലും പഠിക്കട്ടെ എന്നും അദ്ദേഹം കൂട്ടിചേര്‍ക്കും.

വിദ്യാഭ്യാസമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞ വലിയ സമൂഹം ഇന്ന് നമുക്ക് ചുറ്റമുണ്ട്. വിദ്യാഭ്യാസത്തിന്റെ മൂല്യം ഭൂമിയുടെ വില നിശ്ചയിക്കുന്നതുപോലെയോ ഓഹരികളുടെ ലാഭം നിര്‍ണയിക്കുന്നതുപോലെയോ അല്ല എന്നും നമുക്ക് അറിയാം. ഉന്നതവിദ്യാഭ്യാസം നേടുന്നതിന് ആവശ്യമായ പണം സമാഹരിക്കുക എന്നത് ഈ രംഗത്തെ ഏറ്റവും വലിയ കടമ്പയാണ്. ഫീസ്, പുസ്തകങ്ങള്‍, യാത്രാച്ചെലവ് എന്നിവയ്ക്ക് പുറമെ വിവിധങ്ങളായ പ്രായോഗിക ചെലവുകളും അതില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ കേരളത്തിലെ എല്ലാ അഫിലിയേറ്റഡ് കോളേജുകളിൽ നിന്നും ബിരുദ ബിരുദാനന്തര വിദ്യാർഥികള്‍ക്ക് 2019-19 അദ്ധ്യയന വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വര്‍ഷം 1,000 സ്‌കോളര്‍ഷിപ്പുകളാണ് അനുവദിക്കുന്നത്. 2018 ഡിസംബര്‍ മൂന്നു മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ബിരുദ പഠനത്തിന് ഒന്നാം വര്‍ഷം 12,000 രൂപയും രണ്ടാം വര്‍ഷം 18,000 രൂപയും മൂന്നാംവര്‍ഷം 24,000 രൂപയും വച്ച് യഥാക്രമം ലഭിക്കും. ബിരുദാനന്തര ബിരുദത്തിന് ഒന്നാം വര്‍ഷം 40,000 രൂപയും രണ്ടാം വര്‍ഷം 60,000 രൂപയും സ്‌കോളര്‍ഷിപ്പ് ലഭിക്കും. വിശദ വിവരങ്ങള്‍ കൗണ്‍സിലിന്റെ http//kshec.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഇതുപോലെ നിരവധി സ്‌കോളര്‍ഷിപ്പുകള്‍ സര്‍ക്കാര്‍, സര്‍ക്കാതിര സ്ഥാപനങ്ങള്‍ നല്‍കി വരുന്നു. അസ്‌പെയര്‍, പ്രതിഭ, ജെ.ആര്‍.എഫ്. എന്നിവ അവയില്‍ ചില ഉദാഹരണങ്ങളാണ്. കോളേജുകളില്‍ സ്‌കോളര്‍ഷിപ്പുകള്‍ക്കായി തന്നെ പ്രവര്‍ത്തിക്കുന്ന വിഭാഗമുണ്ട്. ഇതെക്കുറിച്ച് അന്വേഷിക്കാനും കണ്ടെത്തുവാനുമുള്ള ഉത്സാഹം വിദ്യാർഥികളില്‍ കുറവാണ് എന്നതാണ് വാസ്തവം.

വിദ്യാഭ്യാസം എന്നത് പൊതുവസ്തുവാണ്. അത് ലഭ്യമാക്കേണ്ടത് പൊതുസംവിധാനത്തിന്റെ കടമയാണ്. എന്നാല്‍, അത് സര്‍ക്കാരിന്റെ ബാധ്യതയായി മാത്രം പരിഗണിക്കരുത്. പ്രാഥമിക വിദ്യാഭ്യാസം പ്രത്യേകിച്ച് പതിനാല് വയസ്സുവരെയുള്ളത് നിര്‍ബന്ധിതവും സൗജന്യവുമാണ്. അത് ക്ഷേമരാഷ്ട്രം എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി ക്രമീകരിച്ചിട്ടുള്ളതാണ്. എന്നാല്‍, ഉന്നതവിദ്യാഭ്യാസം സ്വായത്തമാക്കേണ്ടത് വ്യക്തിപരമായ തീരുമാനമാണ്. അതിന് മക്കളെ സജ്ജരാക്കുക എന്നത് മാതാപിതാക്കളുടെ പ്രാഥമിക ഉത്തരവാദിത്വങ്ങളിഫപ്പെട്ടതുതന്നെയാണ്.

ഏകദേശം ഇരുപത് വയസ്സിനു ശേഷമുള്ള വിദ്യാഭ്യാസച്ചെലവ് ഭാഗികമായെങ്കിലും കുട്ടികള്‍ സ്വയം കണ്ടെത്തണം എന്ന അവസ്ഥയിലേക്കുള്ള വളര്‍ച്ച ആവശ്യമാണ്. നമ്മുടെ കുടുംബബന്ധങ്ങളുടെ പ്രത്യേകതകള്‍ വച്ചുകൊണ്ട് വിദേശരാജ്യങ്ങളിലെ കുടുംബബന്ധങ്ങളെ ഏറെ വിമര്‍ശിക്കുമ്പോഴും മക്കളെ സ്വയം കാര്യപ്രാപ്തിയിലേക്ക് നയിക്കുന്ന തരത്തില്‍ അവരുടെ ഇക്കാര്യത്തിലുള്ള സമീപനം ശ്ലാഘനീയമാണ്. ഉന്നത വിദ്യാഭ്യാസം കൂട്ടുത്തരവാദിത്വമായി മാറണം. അപ്പോള്‍ മാത്രമേ ഇത്തരത്തിലെ പഠനാനുകൂല്യങ്ങളെക്കുറിച്ച് അന്വേഷിച്ചറിയാന്‍ ഉത്സാഹമുണ്ടാവുകയുള്ളു. പഠനത്തോടൊപ്പം ജോലിയെടുക്കുകയും പണം നേടുകയും ചെയ്യുന്നവര്‍ പണം പലപ്പോഴും പഠനത്തിനായിട്ടല്ല ഉപയോഗിക്കുന്നത് എന്ന് കണ്ടെത്താറുണ്ട്.

വിദേശ സര്‍വകലാശാലകളും പഠനത്തോടൊപ്പം സ്‌കോളര്‍ഷിപ്പുകളും വര്‍ക്ക്‌പെര്‍മിറ്റുകളും നല്‍കിവരുന്നു. പഠനത്തില്‍ ഉഴപ്പാതെ തന്നെ ഇവയെ സമീപിക്കുന്നവര്‍ നിരവധിയാണ്. അതുകൊണ്ട് വലിയ സാമ്പത്തികസ്ഥിതിയില്ലാത്ത മാതാപിതാക്കള്‍ സ്വയം ഉള്‍വലിഞ്ഞ് മക്കളെ പഠിപ്പിക്കണമോ എന്നതാണ് ചിന്തനീയമാക്കേണ്ടത്. മാതാപിതാക്കളുടെ കഷ്ടപ്പാടിന്റെ വില അറിയാത്ത മക്കളുടെ എണ്ണം ചുറ്റുപാടും ഏറുകയാണ്. ഓര്‍ക്കുക വിദ്യാഭ്യാസം ചെലവേറിയതാണ്. അതുപോലെ തന്നെ അറിവില്ലായ്മയ്ക്കും നമ്മള്‍ വില കൊടുക്കേണ്ടിവരും.
content highlight: education expense and parents