കേരളത്തിലെ വളരെ പ്രശസ്തമായ കമ്പനി റിസപ്ഷനിസ്റ്റിന്റെ രണ്ടു ഒഴിവുകളിലേക്ക് പത്രപ്പരസ്യം കൊടുത്തു. മലയാളം ഇംഗ്ലീഷ്, ഹിന്ദി ഈ ഭാഷകളിൽ ആശയവിനിമയം സാധിക്കുന്നവരും കംപ്യൂട്ടറിന്റെ അടിസ്ഥാനപാഠങ്ങൾ അറിയാവുന്നവരും മാന്യവും സഭ്യവുമായ പെരുമാറ്റത്തിനുടമകളായവരുമായ ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം എന്നായിരുന്നു പരസ്യം.

ഏകദേശം നൂറിലേറെ അപേക്ഷകരിൽനിന്ന് നല്ല മാർക്കുള്ള അറുപതോളം പേരെ ഇന്റർവ്യൂവിന് ക്ഷണിച്ചു. പക്ഷേ പലർക്കും ഇന്റർവ്യൂവിൽ വിജയിക്കാനായില്ല. ഏട്ടിലെ പശു പുല്ലു തിന്നില്ലല്ലോ എന്നു പറഞ്ഞതുപോലെ സർട്ടിഫിക്കറ്റിൽ ഉയർന്ന മാർക്കുണ്ടായിട്ടും ആശയവിനിമയത്തിനുള്ള ശരിയായ കഴിവില്ലായ്മയാണ് പലരെയും പരാജയപ്പെടുത്തിയത്. അതോടൊപ്പം ആകർഷണീയമായ വ്യക്തിത്വത്തിന്റെ അഭാവവും വിനയായി.  
 
ടീച്ചർ പഠിപ്പിച്ച വിദ്യർഥികളിൽ നിന്ന് ആരെയെങ്കിലും തരാമോ എന്ന അവരുടെ ചോദ്യമാണ് ഈ ഗൗരവമായ വിഷയത്തെക്കുറിച്ച് എഴുതാൻ പ്രേരകമായത്. സർട്ടിഫിക്കറ്റിലെ മാർക്കു മാത്രം നോക്കി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്ന കാലം അതിക്രമിച്ചു. ഇന്ന് പല സർട്ടിഫിക്കറ്റിലും മാർക്ക് ധാരാളമുണ്ട്. അത് പുതിയ മൂല്യനിർണയത്തിന്റെ പ്രത്യേകതയാണ്. പക്ഷേ അതു മാത്രം കണക്കിലെടുത്ത് ജോലിക്ക് ആളെ നിയമിക്കാൻ ബുദ്ധിമുട്ട് ഏറെയാണ്. ചെയ്യുന്ന ജോലിയിൽ അഭിരുചിയും അഭിനിവേശവുമില്ലാത്തതുമൂലം ഉദ്യോഗദാതാക്കളാണ് ഏറെ വിഷമിക്കുന്നത്. കമ്പനിയുടെ താത്‌പര്യങ്ങൾക്കൊത്ത് ജീവനക്കാർക്ക് ഉയരാനാവാത്തതുമൂലം രണ്ടുകൂട്ടർക്കും പരസ്പരം അസ്വസ്ഥതയാണ് ഫലത്തിൽ സംഭവിക്കുന്നത്. 

എംപ്ലോയബിലിറ്റി എന്നത് ഇന്ന് തൊഴിൽമേഖലയിൽ  ഒരു പ്രധാനപ്പെട്ട ഘടകമാണ്. ഒരു തൊഴിൽ നേടുവാനും അതിൽ നിലനിൽക്കാനും സഹായകരമായ ചില കഴിവുകളുടേയും സാധ്യതകളുടേയും സമുച്ചയമാണത്. അതിൽ തൊഴിൽ വൈദഗ്ദ്ധ്യത്തിനൊപ്പം മൃദുവായ ചില ലൈഫ് സ്കിൽസും കൂടി അടങ്ങിയിരിക്കുന്നു. ഉദാഹരണത്തിന് ആശയവിനിമയത്തിനുള്ള കഴിവ്, തർക്കപരിഹാരക്കഴിവ്, ധാർമിക ചിന്തകൾ, വിമർശനാത്മക ചിന്തകൾ, ടീം സ്പിരിറ്റ് എന്നിങ്ങനെ തൊഴിൽ നിപുണതയുമായി ബന്ധപ്പെട്ട കഴിവുകളുള്ളവരെയാണ് തൊഴിൽ ദാതാക്കൾ അന്വേഷിക്കുന്നത്. 

ഇന്ന് തൊഴിൽ അന്വേഷകർക്ക് പരിശീലനം നൽകുന്ന ധാരാളം പഠനകേന്ദ്രങ്ങളുണ്ട്. പ്രത്യേകിച്ച്‌ മനുഷ്യവിഭവശേഷികാര്യാലയങ്ങൾ, എച്ച്.ആർ. പരിശീലനകേന്ദ്രങ്ങൾ എന്നിവയെ ഉപയോഗപ്പെടുത്തുന്നതും കരിയർ വിദഗ്ധരുടെ സഹായം തേടുന്നതും വിദ്യാഭ്യാസസ്ഥാപനങ്ങളിൽ കരിയർ ഗൈഡൻസ് സെമിനാറുകൾ സംഘടിപ്പിക്കുന്നതും മെച്ചപ്പെട്ട കരിയർ ആസൂത്രണത്തിന് സഹായകരമാകും. എന്നാൽ ഇവയെല്ലാം സ്വയം കണ്ടെത്തി ഉപയോഗിക്കുന്നവരിലേക്കാണ് അവസരങ്ങൾ എത്തിച്ചേരുന്നത്. തൊഴിൽ അന്വേഷകരും തൊഴിലവസരങ്ങളും സമ്മേളിക്കുന്ന വേദികൾ ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. 

മാതാപിതാക്കൾക്ക് ഇക്കാര്യത്തിൽ വളരെ പരിമിതിയുണ്ട്. ഒരാൾ തന്റെ മക്കളെ പഠിപ്പിക്കുമ്പോൾതന്നെ,  പ്രത്യേകിച്ച് സി.ബി.എസ്‌. ഇ. പോലുള്ള സിലബസ് അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസത്തോടൊപ്പം ഒരു പ്രൊഫഷനൽ ഡിഗ്രി എടുത്ത് കഴിയുമ്പോൾ ഏകദേശം ഒരു കോടിയോളം രൂപ 20 വർഷം കൊണ്ട് ചെലവാക്കിയിട്ടുണ്ടാവും. വിദ്യാഭ്യാസത്തിന് അധികം ചെലവില്ലാതിരുന്ന കാലഘട്ടത്തിൽ കുടുംബസ്വത്തിന്റെ ഓഹരി മക്കൾക്ക് നൽകുമായിരുന്നു.

ഇന്ന് വിദ്യാഭ്യാസച്ചെലവ് അതിക്രമിച്ചതിനാൽ മറ്റൊന്നും നൽകേണ്ടതില്ല എന്ന നിലപാടിലേക്ക് മാതാപിതാക്കളുടെ തലമുറ ചിന്തിച്ചുതുടങ്ങി. മാത്രവുമല്ല മക്കൾക്കുവേണ്ടി സമ്പാദിച്ചുകൂട്ടി സ്വന്തം ജീവിതം നഷ്ടപ്പെട്ട അനേകം പേർ ചുറ്റുപാടും വിഷമിച്ചുനടക്കുന്നത് പതിവ് കാഴ്ചയായി മാറി. അധ്വാനിക്കാതെ ലഭിച്ച സ്വത്ത് മക്കൾ വ്യയം ചെയ്യുന്ന രീതികണ്ട് വേവലാതിപ്പെടുന്നവരും വയസ്സുകാലത്ത് മക്കളാൽ ഉപേക്ഷിക്കപ്പെട്ടവരും ധാരാളമുണ്ട്. കൂടുതൽ  സമ്പാദിച്ചുകൊടുത്തതിന്റെ അനന്തരഫലത്തെക്കുറിച്ചും ഇന്ന് മലയാളിസമൂഹം ബോധവാന്മാരായിത്തുടങ്ങി. എന്നാൽ സാധ്യമായ വിദ്യാഭ്യാസം നൽകുക എന്ന പ്രാഥമിക ഉത്തരവാദിത്വത്തിൽനിന്ന് മാതാപിതാക്കൾക്ക് ഒഴിവു കഴിവുമില്ല. 

അതുകൊണ്ട് പഠനം കഴിയുമ്പോൾ നല്ല ജോലി കിട്ടാൻ സ്വയം തയ്യാറാവുക എന്നതാണ് പ്രധാനപ്പെട്ടത്. ശക്തമായ കാമ്പസ് റെക്കോഡും എഴുത്തുപരീക്ഷ എന്ന കടമ്പയും കഴിഞ്ഞാലും ഉദ്യോഗാർത്ഥികൾ അഭിമുഖീകരിക്കേണ്ട ഒരു സുപ്രധാനമേഖലയാണ് ഇന്റർവ്യൂ. ഒരു വ്യക്തിയുടെ അറിവിനേയും വ്യക്തിപ്രാഭവത്തേയും അളക്കാൻ പറ്റിയ നിർണായകമായ രീതിയാണ് വ്യക്തിപരമായ അഭിമുഖം അഥവാ ഇന്റർവ്യൂ.

അതുകൊണ്ട് ഓരോ ജോലിക്കും വ്യത്യസ്തമായതും ആ ജോലിക്ക് ഉപയോഗപ്രദമായ കാര്യങ്ങൾ അടങ്ങിയിട്ടുള്ളതുമായ രീതിയിൽ നല്ല ഒരു ബയോഡേറ്റാ തയ്യാറാക്കാൻ പഠിക്കുക. ഒറ്റനോട്ടത്തിൽ തന്നെ നിങ്ങൾക്ക് ആ ജോലി നൽകാൻ തക്കവിധത്തിലുള്ള കഴിവും അഭിരുചിയും താത്‌പര്യവും  അനുഭവസമ്പത്തുമുണ്ടെന്ന് ഉദ്യോഗദാതാവിന് തോന്നണം. നിങ്ങൾക്കില്ലാത്ത കാര്യങ്ങളൊന്നും എഴുതിപ്പിടിപ്പിച്ച് സ്വയം തരംതാഴ്ത്തരുത്. ഇന്റർവ്യൂവിന് ഹാജരാകുന്ന നിങ്ങളുടെ വസ്ത്രധാരണവും പെരുമാറ്റവും ഉത്തരം പറയുന്ന രീതിയും മാന്യവും ആകർഷണവുമായിരിക്കണം.

ചുരുക്കത്തിൽ സർട്ടിഫിക്കറ്റോ മാർക്കോ മാത്രമല്ല  സ്വായത്തമാക്കേണ്ടത്‌. മറ്റു ചില നൈപുണ്യം കൂടി  സ്വായത്തമാക്കണം. അതുകൊണ്ട് ആധാരത്തിലുണ്ട് അത്താഴത്തിനില്ല എന്ന അവസ്ഥ കൈവരരുത്.  അല്ലെങ്കിൽ സർട്ടിഫിക്കറ്റുംകൊണ്ട് വെറുതെ തെക്ക് വടക്ക് നടക്കാമെന്ന് മാത്രം. കംപ്യൂട്ടർ പ്രാവീണ്യവും  രണ്ടോ മുന്നോ ഭാഷകളും സ്വന്തമാക്കുക എന്നത് ഇന്ന് ഏറെ പ്രധാനപ്പെട്ടതാണ്. നിങ്ങൾക്ക് ചുറ്റും ധാരാളം അവസരങ്ങളുള്ളതിനാൽ ചുരുങ്ങിയതും പരിമിതമായതിലും സംതൃപ്തിപ്പെടരുത്. ഓർക്കുക വെള്ളമൊഴിച്ച് വളർത്തപ്പെട്ടവയല്ല, സ്വയം വേരുകൾ കണ്ടെത്തി വളർന്നവ മാത്രമേ വൻവൃക്ഷമായിട്ടുള്ളു.