‘നിങ്ങള്‍ക്കിതു വായിക്കാന്‍ സാധിക്കുന്നുവെങ്കില്‍ നിങ്ങളുടെ അദ്ധ്യാപകരെ ഓര്‍ക്കുക’ - വളരെ അര്‍ത്ഥവത്തായ ഈ ചിന്തയുടെ അനുസ്മരണമാണ് ഓരോ അദ്ധ്യാപക ദിനവും പേറുന്നത്. ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 അധ്യാപക ദിനമായി എല്ലാ വര്‍ഷവും ആചരിക്കുന്നു. ‘ഗുരു ഇരുട്ട് അകറ്റുന്നവനും ആചാര്യന്‍ ചരിക്കേണ്ട വഴി കാണിച്ചുകൊടുക്കുന്നവനും’ എന്നുമാണ് നമ്മള്‍ വിവക്ഷിക്കുന്നത്. അതുകൊണ്ട് അധ്യാപനം ഒരു തൊഴില്‍ എന്നതിനെക്കാളുപരി ദൈവദത്തമായ ഒരു നിയോഗമായി കരുതിയാല്‍ മാത്രമേ ഈ പുണ്യപ്രവൃത്തിയുടെ മാഹാത്മ്യം മനസ്സിലാവുകയുള്ളു.
വിദ്യയാണ് ഏറ്റവും വലിയ സമ്പത്ത്. വിദ്യാഭ്യാസം എന്നും ഏറ്റവും ഉയര്‍ന്ന നിക്ഷേപവുമാണ്. ഈ നിക്ഷേപ മേഖല കാലാനുസൃതമായി പരിണാമ വിധേയമാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസവും ഹോം സ്കൂളിങ്ങും ഉണ്ടെങ്കിലും ഔപചാരിക വിദ്യാഭ്യാസത്തിന്റെ മര്‍മ പ്രധാനമായ ഘടകമാണ് അദ്ധ്യാപകര്‍. കുട്ടികള്‍ വിദ്യാലയത്തിലൂടെ കടന്നുപോവുകയല്ല, മറിച്ച് വിദ്യ അവരിലൂടെ കടന്നുപോവുകയാണ് വേണ്ടത്. അതിനുള്ള ചാലകശക്തിയാണ് അദ്ധ്യാപകന്‍. കാരണം വസ്തുക്കളെയല്ല വ്യക്തികളെയാണ് ഒരു അദ്ധ്യാപകന്‍ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ തകര്‍ന്നുപോകാന്‍ സാധ്യതയുണ്ട്.
ലോക ചരിത്രത്തിന്റെ ആരംഭത്തില്‍ അദ്ധ്യാപനം ഒരു പ്രത്യേക തൊഴിലായി കണക്കാക്കപ്പെട്ടിരുന്നില്ല. വിദ്യാഭ്യാസത്തിന്റെ പരമ ലക്ഷ്യം ആധ്യാത്മിക ജ്ഞാനമാണെന്നും വിജ്ഞാനം അതിലേക്കുള്ള മാര്‍ഗമാണെന്നും വിശ്വസിക്കപ്പെട്ടിരുന്നതുകൊണ്ട് ആധ്യാത്മിക ആചാര്യന്മാരെ അദ്ധ്യാപകരായി അംഗീകരിച്ചിരുന്നു. വിദ്യാഭ്യാസം സാര്‍വത്രികമായപ്പോഴാണ് അദ്ധ്യാപകര്‍ എന്ന പ്രത്യേക വര്‍ഗമുണ്ടായത്. ഭാരതത്തില്‍ നളന്ദ, തക്ഷശില തുടങ്ങിയവ വിശ്വ വിഖ്യാതമായ വിദ്യാഭ്യാസ കേന്ദ്രങ്ങളായിരുന്നു.
ഞാന്‍ ഈ ലേഖനമെഴുതുന്നത് യു.കെ.യിലിരുന്നുകൊണ്ടാണ്. ലണ്ടനിലെ വിശ്വപ്രസിദ്ധമായ ഓക്സ്ഫഡ്, കേംബ്രിജ് സര്‍വകലാശാലകളും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ് എന്ന ബൃഹത്തായ സാമ്പത്തികശാസ്ത്ര പഠനകേന്ദ്രവും ഈ ദിവസങ്ങളില്‍ സന്ദര്‍ശിക്കുകയുണ്ടായി. വിദ്യാഭ്യാസത്തിന്റെ സാര്‍വത്രിക മാനം അടുത്തറിയാനും ഒപ്പിയെടുക്കാനും സാധിച്ചപ്പോള്‍ ഈ വര്‍ഷത്തെ എന്റെ അധ്യാപക ദിന ചിന്തകള്‍ ഏറെ നിറച്ചാര്‍ത്തുള്ളവയായി അനുഭവപ്പെടുന്നു.
വിദ്യാഭ്യാസ രംഗം ഇന്ന് മുമ്പത്തേക്കാളധികം മത്സരാധിഷ്ഠിത കമ്പോളമായിക്കൊണ്ടിരിക്കുന്നു. ഓരോ സ്ഥാപനവും അവരുടെ ഉത്പന്നത്തിന്റെ ഗുണമേന്മയും വ്യതിരിക്തതയും പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യു.ജി.സി), നാഷണല്‍ അസെസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷന്‍ കമ്മിറ്റി (എന്‍.എ.സി.സി. അഥവാ നാക്) തുടങ്ങിയ സംവിധാനങ്ങള്‍ ഭാരതത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെ പരിരക്ഷിക്കാന്‍ ഉണ്ടാക്കിയവയാണ്.
താത്ത്വികമായി ഇതെല്ലാം നല്ലതിനാണെങ്കിലും അവയുടെ നിബന്ധനകളും നാഷണല്‍ റാങ്കിങ്ങില്‍ സ്ഥാനം ലഭിക്കാനും മറ്റുമുള്ള പരിശ്രമങ്ങളും ഉന്നത വിദ്യാഭ്യാസത്തെ വിപണി അധിഷ്ഠിതമാക്കിയിരിക്കുന്നു. ഈ മത്സരാധിഷ്‍ഠിത കമ്പോളത്തില്‍ സമ്മര്‍ദമേറുന്നത് അദ്ധ്യാപകര്‍ക്കാണ്. അധ്യാപകരുടെ ജോലിയെ യു.ജി.സി. അദ്ധ്യാപനം, ഗവേഷണം, എക്സ്‌റ്റെന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. ചെയ്തുതീര്‍ക്കേണ്ട പ്രോജക്ടുകളുടെയും നടത്തേണ്ട സെമിനാറുകളുടെയും പ്രസിദ്ധീകരിക്കേണ്ട ലേഖനങ്ങളുടെയും സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടുകളുടെയും സമ്മര്‍ദത്താല്‍ പരസ്പരം സംസാരിക്കാന്‍ പോലും സമയമില്ലാതെ കുഴയുന്ന കോളേജ് അദ്ധ്യാപകരെ കാണുമ്പോള്‍ മനഃശാസ്ത്രജ്ഞന്മാരെ കോളേജില്‍ അത്യാവശ്യമാണല്ലോ എന്ന് തോന്നിപ്പോവാറുണ്ട്. വിദ്യാര്‍ഥികളെ ഹൃദയംകൊണ്ട് കേള്‍ക്കാന്‍ സാധിക്കാത്ത വിധം അവരുടെ ജീവിതം തിരക്കേറിയതാകുന്നു. കുളിപ്പിച്ച് കൊച്ച് ഇല്ലാതാകുന്നുണ്ടോ എന്ന സംശയം ഉണ്ടായിപ്പോകുന്നു.
വിദ്യാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും സ്വഭാവ രീതിയിലും ജീവിതാഭിമുഖ്യത്തിലും വന്ന മാറ്റവും മയക്കുമരുന്ന് പോലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരികയും ശിക്ഷയുടെയും ശിക്ഷണത്തിന്റെയും രീതികള്‍ മാറുകയും ചെയ്തതിനാലും അദ്ധ്യാപകനായിരിക്കുക എന്നത് വളരെയേറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. ചില അദ്ധ്യാപകര്‍ക്ക് ജോലി അനായാസമായ ഒരു ഒഴുക്കാണ്. ഏറ്റവും നല്ല അദ്ധ്യാപകന്‍ പഠിപ്പിക്കുന്നത് ഗ്രന്ഥങ്ങളില്‍ നിന്നല്ല, ഹൃദയത്തില്‍ നിന്നായിരിക്കും. അദ്ധ്യാപക - വിദ്യാര്‍ഥി ബന്ധം മെച്ചമാകാന്‍ വിദ്യാര്‍ഥിയുടെ ഭവനസന്ദര്‍ശനം ഒരു നല്ല മാര്‍ഗമാണ്. അങ്ങനെയാകുമ്പോള്‍ അദ്ധ്യാപനം കേവലം ചില മണിക്കൂറുകളില്‍ ഒതുക്കിനിര്‍ത്താവുന്നതല്ല.
എജ്യുക്കേഷന്‍ എന്ന പദം ‘പുറത്തുകൊണ്ടുവരിക’ എന്നര്‍ത്ഥമുള്ള എജ്യുക്കാരേ എന്ന ലത്തീന്‍ പദത്തില്‍ നിന്നാണ് ഉത്ഭവിച്ചത്. അദ്ധ്യാപകന്‍ അടിസ്ഥാനപരമായി പ്രചോദകനാണ്. കുട്ടികള്‍ സ്രഷ്ടാക്കളാണ്, കേവലം ഉപഭോക്താക്കളല്ല എന്ന വസ്തുത അംഗീകരിക്കണം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അതിര്‍ത്തിയും മതില്‍ക്കെട്ടും കെട്ടിടം പണിതവരുടെയോ ഉടമയുടെയോ മാത്രം പരിഗണനയിൽ പെട്ടതാണ്. വിദ്യാർഥിക്ക് അത് കടന്നുപോവുന്ന തലം മാത്രം. ക്ലാസ് മുറി വിട്ടുകഴിഞ്ഞും സിലബസ് മറന്നുകഴിഞ്ഞും കുട്ടികളില്‍ അവശേഷിക്കേണ്ട സനാതനമൂല്യങ്ങള്‍ സന്നിവേശിപ്പിക്കേണ്ടത് അദ്ധ്യാപകന്റെ ജോലിയാണ്. നല്ല ഒരു അദ്ധ്യാപകന്‍ എന്നും നല്ല ഒരു വിദ്യാര്‍ഥിയും കൂടിയാകണം.
വളര്‍ച്ചയുടെ ഓരോ പടവ് കഴിയുമ്പോഴും വിദ്യാർഥിയുടെ ജീവിതത്തില്‍ അദ്ധ്യാപകന്റെ പങ്ക് കുറഞ്ഞുകൊണ്ടേയിരിക്കണം. എപ്പോഴും ഒരു ഗുണഭോക്താവിന്റെ അവസ്ഥയില്‍ നിര്‍ത്താതെ സ്വതന്ത്രവും തനതുമായ തീരുമാനങ്ങള്‍ എടുക്കാന്‍ വിദ്യാര്‍ഥി അതിനോടകം വളര്‍ന്നിരിക്കണം. കാരണം ഒരു യഥാര്‍ത്ഥ നേതാവ് അനുയായികളെയല്ല സൃഷ്ടിക്കേണ്ടത്, മറിച്ച് നേതാക്കളെ തന്നെയാണ്. അബ്ദുള്‍ കലാമിനെപ്പോലെ മഹാത്മരായ പല വ്യക്തികളും തങ്ങളുടെ ജീവിതത്തിന് അവരുടെ അദ്ധ്യാപകരോട് കടപ്പെട്ടിരിക്കുന്നതായി പറയാറുണ്ട്. മഹാനായ അലക്‌സാണ്ടറുടെ അഭിപ്രായത്തില്‍ ‘എനിക്ക് ജീവന്‍ തന്നത് സ്വന്തം മാതാപിതാക്കളാണ്, എങ്കിലും ജീവിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ചത് അദ്ധ്യാപകരാണ്.’