രിക്കൽ ഒരാൾ തന്റെ മകനോട് ചോദിച്ചു: ‘നീ ഞാൻ പറയുന്ന പെൺകുട്ടിയെ കല്യാണം കഴിക്കണം’.  ‘സാധ്യമല്ല’ എന്ന് മകൻ മറുപടി പറഞ്ഞു. ‘അവൾ ബിൽഗേറ്റ്‌സിന്റെ മകളാണ്’ എന്ന് അച്ഛൻ പറഞ്ഞപ്പോൾ, ‘എങ്കിൽ തയ്യാറാണ്’  എന്നായി മകന്റെ ഉത്തരം. 
 
തുടർന്ന് അദ്ദേഹം ബിൽഗേറ്റ്‌സിന്റെ അടുക്കൽ ചെന്ന് ‘താങ്കളുടെ മകളെ എന്റെ മകന് വിവാഹം കഴിച്ചുതരണം’ എന്നാവശ്യപ്പെട്ടു. ‘സാധ്യമല്ല’ എന്ന് ബിൽഗേറ്റ്‌സ് മറുപടി പറഞ്ഞു. ‘എന്നാൽ തന്റെ  മകൻ ലോകബാങ്കിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറാണ്‌’ എന്ന്  പറഞ്ഞപ്പോൾ ബിൽഗേറ്റ്‌സ് സമ്മതിച്ചു. 
 
തുടർന്ന് അദ്ദേഹം ലോകബാങ്കിൽ ചെന്ന്, ‘എന്റെ മകനെ ഈ ബാങ്കിന്റെ സി.ഇ.ഒ. ആക്കണം’ എന്ന് പറഞ്ഞു. ‘സാധ്യമല്ല’ എന്ന് അവർ പറഞ്ഞപ്പോൾ, ‘അയാൾ ബിൽഗേറ്റ്സിന്റെ മരുമകനാണ്’ എന്നു പറഞ്ഞു. അപ്പോൾ അവർ അതിന് സമ്മതിച്ചു. 

ബിസിനസ്‌ രംഗത്ത് കാര്യങ്ങൾ നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ പ്രചാരം ലഭിച്ച വിചിത്രമെന്നു തോന്നുന്ന ഈ കഥയിൽ, കഥ വിട്ടുകളഞ്ഞ് കാര്യത്തിലേക്ക് വരുമ്പോൾ ബിസിനസിനെ എങ്ങനെ നേരിടണമെന്ന് മനസ്സിലാവുന്നു. ബിസിനസ് സമ്മർദം ഏറിവരുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. സമ്മർദം ലഘൂകരിക്കാനുള്ള ഗുളികൾക്കായി ഡോക്ടർമാരെ തേടിയെത്തുന്ന ബിസിനസുകാരുടെ എണ്ണം ഏറുകയാണ്. മാനസികമായ പിരിമുറുക്കം അനുഭവിക്കാത്ത ഒരു ബിസിനസുകാരനുമില്ല. 
 
സ്ഥിര വരുമാനക്കാരുടേയും ഉദ്യോഗസ്ഥരുടേയും ജീവിതം കൃത്യമായും ക്രമമായും സാമ്പത്തികമായി വലിയ ഉയർച്ചതാഴ്ചകളില്ലാതെ മുന്നോട്ടു പോവും.  എന്നാൽ, ബിസിനസുകാരുടെ അവസ്ഥ അങ്ങനെയല്ല, ചിലപ്പോൾ സാമ്പത്തികമായി വലിയ ഉയർച്ചയുണ്ടാകും മറ്റു ചില അവസരങ്ങളിൽ അനുഭവം നേരെ തിരിച്ചാണ്, എന്തു ചെയ്യണമെന്ന്  അറിയാതെ ആകെ സംഘർഷപൂരിതമാവുന്ന അവസ്ഥയുണ്ടാവാറുണ്ട്. 

സാമ്പത്തിക ശാസ്ത്രത്തിൽ ‘ട്രേഡ് സൈക്കിൾ’ അഥവാ ‘ബിസിനസ് സൈക്കിൾ’ എന്നൊരു സിദ്ധാന്തമുണ്ട്. അതനുസരിച്ച് വ്യാപാരം നാല് വ്യത്യസ്ഥ അവസ്ഥകളിലൂടെ മാറി മാറി കടന്നുപോവും. ഒന്നിന് പുറകെ മറ്റൊന്ന് എന്ന രീതിയിൽ ചംക്രമണം നടക്കുന്നതു കൊണ്ടാണ് ഇതിനെ ‘സൈക്കിൾ’ എന്ന് പേരിടുന്നത്. 
 
സമൃദ്ധി, മാന്ദ്യം, തകർച്ച, തിരിച്ചുവരവ്  എന്നിവയാണ് ഈ നാല് അവസ്ഥകൾ. സമൃദ്ധിയുടെ കാലഘട്ടമെന്നത് ബിസിനസ് വളരെയധികം വളർന്ന് പന്തലിച്ചു നിൽക്കുന്ന അവസ്ഥയാണ്.  പെട്ടെന്നുതന്നെ ആ അവസ്ഥയ്ക്ക് മങ്ങലേൽക്കുമ്പോൾ ഏവർക്കും സുപരിചിതമായ ‘റിസഷൻ’ അഥവാ മാന്ദ്യത്തിന്റെ തുടക്കമാവുന്നു. മാന്ദ്യം ക്രമേണ രൂക്ഷമാവുന്ന അവസ്ഥയാണ് ‘ഡിപ്രഷൻ’ അഥവാ തകർച്ചയുടെ കാലഘട്ടം. എന്നാൽ ഏതൊരു തകർച്ചയിൽനിന്നും ക്രമേണ മാറി  കാര്യങ്ങൾ മെച്ചപ്പെടുന്ന കാലഘട്ടമാണ് ‘റിക്കവറി’ അഥവാ തിരിച്ചുവരവിന്റെ കാലഘട്ടം.  

ക്ഷേമ സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട് സാമ്പത്തിക ശാസ്ത്രജ്ഞന്മാർ ഈ  അവസ്ഥാന്തരങ്ങൾക്ക് സാമ്പത്തികവും സാമ്പത്തികേതരവുമായ നിരവധി കാരണങ്ങൾ മുന്നോട്ട് വയ്ക്കുന്നു. അവയിൽ ആർതർ സെസിൽ പിഗോ നൽകിയ വിശദീകരണം ശ്രദ്ധേയമാണ്.  അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ‘ഈ സൈക്കിൾ ഉണ്ടാവുന്നതിൽ മനഃശാസ്ത്രപരമായ ഘടകങ്ങൾ ഏറെ സ്വാധീനിക്കുന്നു.

ശുഭാപ്തിവിശ്വാസവും അശുഭപ്രതീക്ഷകളും വ്യാപാര സംക്രമണത്തിന്റെ പ്രധാന കാരണമാണ്’. അത് സൃഷ്ടിക്കുന്ന  മാനസികമായ വ്യതിയാനങ്ങളാണ് ബിസിനസിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാവുന്നത്.’  സമൃദ്ധിയുടെ നാളുകളിൽ  ശുഭാപ്തിവിശ്വാസം കൂടുതലായിരിക്കും. അപ്പോൾ ചില കാര്യങ്ങൾ കാര്യമായി ശ്രദ്ധിക്കാതെ വരുമ്പോൾ ഉത്പാദനം കുറയുകയും മാന്ദ്യം ആരംഭിക്കുകയും ചെയ്യുന്നു. തുടർന്ന്  നിക്ഷേപം കുറക്കുകയും ഉത്പാദനം മന്ദഗതിയാവുകയും ചെയ്യും. അങ്ങനെ തകർച്ച സംഭവിക്കുന്നു. എന്നാൽ, അവിടെ തകർന്നടിഞ്ഞു കിടക്കാൻ ഒരു നല്ല ബിസിനസുകാരന് സാധിക്കില്ല. അവൻ ഉയർച്ചയിലേക്കുള്ള പടവുകൾ കണ്ടെത്തി, ആസൂത്രണം ചെയ്ത് ബിസിനസ് തിരിച്ചുപിടിക്കുന്നു. വീണ്ടും  ശുഭാപ്തിവിശ്വാസം വളർച്ചയിലേക്കും അശുഭപ്രതീക്ഷകൾ മാന്ദ്യത്തിേലേക്കും വഴിതുറക്കുന്നു.

ബിസിനസ് ഭയം നിങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ടോ?  ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സമ്മർദത്തിലാണോ? മാനസികസമ്മർദം ബിസിനസിനെയാണോ തളർത്തുന്നത് അതോ ബിസിനസ് മൂലം മാനസികസമ്മർദം ഉണ്ടാവുകയാണോ ചെയ്യുന്നത് എന്നു നിരീക്ഷിക്കുക. മാനസിക സമ്മർദങ്ങളെ പൂർണമായി ഒഴിവാക്കാനാവില്ലെന്നും എന്നാൽ, അതിനെ ലഘൂകരിക്കാനാവുമെന്നും മനസ്സിലാക്കി അതിനെ ബിസിനസിന്റെതന്നെ ഭാഗമായി അംഗീകരിച്ച് ഉൾക്കൊള്ളുകയാണ് വേണ്ടത്. 

എല്ലാക്കാര്യങ്ങളും താൻ തന്നെ ചെയ്യണമെന്ന് ചിന്തിക്കാതെ പലതും വിട്ടുകൊടുക്കുക. ചില വൻബിസിനസ് മേധാവികൾ കാര്യങ്ങൾ വികേന്ദ്രീകരിച്ച് നൽകി സ്വസ്ഥമായി ഇരിക്കുന്നത് കാണാനാവും. അത്  നേതൃത്വപാടവമാണ്. എല്ലാം വിട്ടുകൊടുക്കുമ്പോഴും മേൽനോട്ടം ഉണ്ടാവണം. സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറരുത്. 
 
ചെറിയ തോതിൽ തുടങ്ങി പിന്നീട് വലുതാവുന്നതാണ് തിരിച്ചാവുന്നതിനേക്കാൾ ഭേദമായിട്ടുള്ളത്. ചിലർ ആകസ്മികമായി ബിസിനസിൽ എത്തപ്പെട്ടവരാണ് ചിലർക്ക് ബിസിനസ് എന്നത് കുടുംബപരമായി, പരമ്പരാഗതമായി ലഭിച്ചതാണ്. മറ്റു ചിലർ വളരെ ആസൂത്രിതമായി ബോധപൂർവം ബിസിനസ് രംഗത്തേക്ക് കടന്നുവരുന്നവരുന്നവരാണ്. ബിസിനസിൽ. ഒന്നുകിൽ വളർച്ചയിലേക്ക് കുതിച്ചുയരാം, അല്ലെങ്കിൽ റിസ്ക് ഒഴിവാക്കി സുരക്ഷിതത്വത്തിലേക്ക് ഒതുങ്ങിക്കൂടാം. തീരുമാനം നിങ്ങളുടേതാണ്. 
 ഓർക്കുക, നിങ്ങളുടെ സ്വപ്നങ്ങൾക്കായി നിങ്ങൾ പരിശ്രമിച്ചില്ലെങ്കിൽ മറ്റുള്ളവരുടെ സ്വപ്നങ്ങൾക്കായി നിങ്ങൾ ഉപയോഗിക്കപ്പെടും.