‘എന്റെ മകനും ഞാനും തമ്മിൽ നിരന്തരം വഴക്കാണ്. അവന്റെ ആഗ്രഹങ്ങൾ പലതും തൃപ്തിപ്പെടുത്താൻ എനിക്കാവുന്നില്ല. അവന്റെ കൂട്ടുകാർക്കൊക്കെ നാലായിരം രൂപയുടെ ഷൂവും വിലകൂടിയ ബൈക്കും മൊബൈലും ഒക്കെയുണ്ട്. എന്റെ മകനോട് നമുക്ക് അത്രയും പണമില്ലാത്തതിനാൽ അതൊന്നും ഇപ്പോൾ വാങ്ങാൻ പറ്റില്ല എന്നു പറയുമ്പോൾ നിരാശ പിടിച്ചിരിക്കുന്ന മകനെ കാണുന്നത് എനിക്ക് അസ്വസ്ഥതയാണ്. അവൻ പറയുന്നതും ശരിയല്ലേ? ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് ടീച്ചർ പറഞ്ഞുതരുമോ?’ -ഒരു റേഡിയോ ഫോൺഇൻ പരിപാടിയിൽ എന്നോട് ഇങ്ങനെ ചോദിച്ച വീട്ടമ്മയുടെ സ്വരം ദയനീയമായിരുന്നു.

മാതാപിതാക്കൾ പറയുന്നത് അവർക്ക് കുട്ടിക്കാലത്ത് ലഭിച്ചിരുന്നതിനേക്കാൾ മെച്ചപ്പെട്ട ജീവിതസാഹചര്യമാണ് അവരുടെ മക്കൾക്കുള്ളതെന്നാണ്. അവർ കിലോമീറ്ററോളം നടന്നാണ് സ്കൂളിൽ പൊയ്‌ക്കൊണ്ടിരുന്നതെങ്കിൽ മക്കൾ വാഹനങ്ങളിലാണ് പോവുന്നത്. തങ്ങൾക്കുണ്ടായിരുന്നതിനേക്കാൾ ഏറെ വസ്ത്രവും ഭക്ഷണവൈവിധ്യവും മക്കൾക്കുണ്ട്.  സുഖസൗകര്യങ്ങൾ കൂടിപ്പോയോ എന്ന ചിന്തയിലാണ് തങ്ങൾ ജീവിക്കുന്നതെങ്കിൽ, മക്കൾക്ക് ഈ കാലഘട്ടത്തിനനുസൃതമായ തരത്തിൽ ഒന്നും തൃപ്തികരമായി ലഭിക്കുന്നില്ല എന്ന പരാതിയാണുള്ളത്.  

 ചുറ്റുവട്ടത്ത് നിരന്തരമായി കേൾക്കുന്ന ബൈക്ക് അപകടങ്ങൾ മാതാപിതാക്കളെ ഭയവിഹ്വലരാക്കുകയാണ്. അശ്രദ്ധകൊണ്ടും ഡ്രൈവിങ്ങിന്റെ ലഹരികൊണ്ടും അകാലത്ത് പൊഴിഞ്ഞുവീണ യുവജീവിതങ്ങൾ നിരവധിയാണ്. അതുപോലെതന്നെ മൊബൈൽ പോലുള്ള വസ്തുക്കളുടെ ദുരുപയോഗവും പല രൂപത്തിൽ മുതിർന്ന തലമുറയെ വിഷമിപ്പിക്കുകയാണ്.

മൂന്നുതരത്തിൽ ഉപഭോഗതൃഷ്ണ യുവജനങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഒന്നാമത്തേത്, വളരെ നിയതവും ഭാവാന്മകവുമായ തലമാണ്. ഷോപ്പിങ് മാളുകളിൽ കയറിയിറങ്ങിയ ഒരു യുവാവ്  പറഞ്ഞു ‘എനിക്ക് എന്നിതൊക്കെ വാങ്ങാൻ സാധിക്കും എന്ന ചിന്തയുണ്ടായി. അതിനായി നന്നായി പഠിച്ചുയരണം. എന്നിട്ട് പണവുമായി ഇവിടെയൊക്കെ വരണം.’ അന്നു സ്വപ്നംകണ്ടതുപോലെ ജീവിക്കാൻ ആ വ്യക്തിക്ക് ഇന്ന് സാധിക്കുന്നു.  

 രണ്ടാമത്തെ കൂട്ടർ, ഇപ്പോൾത്തന്നെ ഇതെല്ലാം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവർ  പഠനത്തോടൊപ്പം ചെറിയ ജോലിയുംകൂടി ചെയ്ത് അതിൽനിന്നു കിട്ടുന്ന വരുമാനമുപയോഗിച്ച് ഇൻസ്റ്റാൾമെന്റായി ഇവയൊക്കെ സ്വന്തമാക്കുന്നു. എന്നാൽ പഠിച്ചുയരേണ്ട പലരും ഡിഗ്രിപഠനം പോലും പൂർത്തിയാക്കാതെ പിൽക്കാലത്ത് ചെറിയ ജോലിയിൽത്തന്നെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഇടയാകുന്നു.

 മൂന്നാമത്തെ കൂട്ടർ, മാതാപിതാക്കളെ പഴിചാരി അവരോട് എന്നും വഴക്കുണ്ടാക്കുന്നവരാണ്. അവർ സമൂഹത്തോടും വ്യവസ്ഥിതിയോടും കലികയറി നിരാശയിൽ ജീവിതത്തോടു മൊത്തത്തിൽ നിഷേധാന്മക മനോഭാവം പുലർത്തുന്നവരാണ്. അവർ പലപ്പോഴും അക്രമാസക്തരാവുകയും കൊള്ള, കൊലപാതകം തുടങ്ങിയവയ്ക്ക് അടിമയാവുകയും സാമൂഹികവിരുദ്ധ പ്രസ്ഥാനത്തിലേക്ക് പോവുകയും ചെയ്യുന്നു. സ്വന്തം കുടുംബത്തിൽ എന്നും ഇക്കൂട്ടർ വിവിധരൂപത്തിൽ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യുന്നു.   

 സാമ്പത്തികശാസ്ത്രത്തെ മനുഷ്യന്റെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തിയത് ബ്രിട്ടീഷ് സാമ്പത്തികശാസ്ത്രജ്ഞനായ ആൽഫ്രഡ് മാർഷലാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ,   സാമ്പത്തികശാസ്ത്രം പ്രധാനമായും മനുഷ്യനെയും അവന്റെ ആവശ്യങ്ങളെയും പറ്റിയുള്ള പഠനശാഖയാണ്. ഇവിടെ മനുഷ്യബന്ധങ്ങളും അതിന്റെ പരിണാമവും എന്നും സാമ്പത്തിക വിഷയങ്ങൾ തന്നെയാണ്. വ്യക്തിയുടെ ഭൗതികമായ ആവശ്യങ്ങൾ ക്ഷേമത്തിനായുള്ള സാമൂഹികപരമായ പ്രവൃത്തികൾ മുന്നിൽക്കണ്ടു വേണം നിർണയിക്കേണ്ടത്. അതുകൊണ്ടുതന്നെ, ധനത്തെക്കാളേറെ മനുഷ്യനെക്കുറിച്ചുള്ള പഠനമായാണ് സാമ്പത്തികശാസ്ത്രം നിലനിൽക്കേണ്ടത് എന്നും അദ്ദേഹം പ്രതിപാദിക്കുന്നു.

വ്യക്തിപരമായും കുടുംബപരമായും സാമ്പത്തികബന്ധങ്ങളിൽ മാറ്റങ്ങൾ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. തലമുറകളുടെ വിടവ് എന്നത് കേവലം വൈകാരികമോ മാനസികമോ, ആശയവിനിമയപരമോ മാത്രമല്ല, ഉപയോഗിക്കുന്ന വസ്തുക്കളുടെ കാര്യത്തിലും ഇതു ശരിയാണ്. ആത്മാഭിമാനം എല്ലാവർക്കും വലുതാണ്. നമ്മുടെ മൂല്യം നമ്മൾ ഉപയോഗിക്കുന്ന സാധനങ്ങൾകൊണ്ട് അളക്കുന്ന സമൂഹത്തിൽ, ഇല്ലാത്തതിനെയോർത്ത് വിഷമിക്കുന്ന യുവത്വം വലിയ ചോദ്യചിഹ്നമാണ് ഉയർത്തുന്നത്. നമ്മുടെ കൈവശമുള്ള വസ്തുക്കളെ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യാൻ തുടങ്ങിയാൽ ബുദ്ധിമുട്ടാവും. ഉദാഹരണത്തിന്, ഒരു ഐ-ഫോൺ കിട്ടിയതിന്റെ സന്തോഷം അതിലും കൂടിയ ഒരെണ്ണം കൂട്ടുകാരന്റെ കൈയിൽ ഇരിക്കുന്നതുകാണുമ്പോൾ ഇല്ലാതാവരുത്.

ബജറ്റിന്റെ ഈ നാളുകളിൽ  ശ്രദ്ധിക്കേണ്ടത് ആവശ്യവും ആഗ്രഹവും തമ്മിലുള്ള വ്യത്യാസമറിയുക എന്നതാണ്. സർക്കാർ ബജറ്റുകളിൽ ചെലവനുസരിച്ച് വരവ് തീരുമാനിക്കുന്നതുപോലെ സ്വകാര്യവ്യക്തികൾക്ക് സാധിക്കില്ല. വരവനുസരിച്ച് ചെലവ് ക്രമീകരിക്കണം. വരവിന്റെ ഉറവിടങ്ങൾ കൂട്ടാം. പക്ഷേ ചെലവ് ആഗ്രഹാധിഷ്ഠിതമെന്നതിനേക്കാൾ ആവശ്യങ്ങളെ മുന്നിൽക്കണ്ടുകൊണ്ടായിരിക്കണം. മിക്ക കുടുംബങ്ങളും അവരുടെ മക്കൾക്ക് ആവശ്യമായത് നൽകുന്നതിൽ ബദ്ധശ്രദ്ധരാണ്. പക്ഷേ, സാധിച്ചുകൊടുക്കുന്ന രീതികൾ വ്യത്യസ്തമാണ്.  സ്നേഹത്തിന്റെ നൂലിഴകളാൽ കോർത്തിണക്കപ്പെട്ട മനോഹരമായ കിളിക്കൂടാണ് ഓരോ കുടുംബവും. അവിടത്തെ രാഗവും താളവും മക്കളാൽ ചവിട്ടിത്തേക്കപ്പെടരുത്.

ഷോലോം അലൈക്കിമിന്റെ അഭിപ്രായത്തിൽ, ‘പ്രതിഭകൾക്ക് ജീവിതം എന്നും ഒരു വിസ്മയമാണ്. വിഡ്ഢിക്ക് കളിയായും ധനികന് തമാശയായും ദരിദ്രന് ദുരന്തവുമായാണ് ജീവിതം അനുഭവപ്പെടുന്നത്.’എന്റെ പേഴ്‌സ് സവാള പോലെയാണ്, തുറക്കുന്തോറും കണ്ണീർ വരും എന്നതുകൊണ്ട്  ക്രെഡിറ്റ് കാർഡുകൾ ജീവിതം തീരുമാനിക്കുന്നതിലേക്ക് എത്തരുത് എന്നതാണ് നമ്മൾ മനസ്സിലാക്കേണ്ടത്.