രിക്കൽ മക്കളില്ലാത്ത ദമ്പതിമാരുടെ കോൺഫറൻസിൽ മോട്ടിവേഷണൽ പ്രസംഗത്തിന് പോയി... മൂവായിരത്തോളം ദമ്പതിമാർ നിറഞ്ഞ സദസ്സ്... ദുഃഖം ഘനീഭവിച്ചുനിന്ന ഓഡിറ്റോറിയത്തിൽ  അവരുടെ ജീവിതത്തോടുതന്നെയുള്ള നിഷേധാന്മകചിന്തകളെ പ്രസാദഭരിതമാക്കാൻ ഏറെ പാടുപെടേണ്ടിവന്നു. മക്കളില്ലാത്ത ദമ്പതിമാരുടെ എണ്ണം, വ്യത്യസ്ത കാരണങ്ങളാൽ ഏറുകയാണ്. 

വളരെ വ്യത്യസ്തവും രസകരവുമായ അനുഭവങ്ങളുള്ള ചില കുടുംബങ്ങളെയും ഈ നാളുകളിൽ  പരിചയപ്പെടാനിടയായി. ‘മക്കളാണ് സമ്പത്ത്’ എന്നു കണ്ടെത്തി ജീവിക്കുന്ന ചില കുടുംബങ്ങൾ... ആറും എട്ടും മക്കളുള്ളവർ... ഇനിയും വേണമെന്ന് ആഗ്രഹിക്കുന്നവർ... അവരെ പഠിപ്പിക്കാനും വളർത്തി ഉയർത്താനും അധ്വാനിക്കുന്ന മാതാപിതാക്കൾ... 
 
ഒരു കുഞ്ഞുമാത്രം ഉള്ളതിനാൽ, രണ്ടാമതൊരു കുഞ്ഞിനെ ദത്തെടുത്ത് വളർത്തുന്ന രണ്ടു കുടുംബങ്ങളെയും പരിചയപ്പെട്ടു. ഈ തീരുമാനത്തിന്റെ കാരണമാരാഞ്ഞപ്പോൾ, മറ്റൊരു അനാഥക്കുഞ്ഞിനും കൂടി ജീവിതം കൊടുക്കാനുള്ള അവരുടെ താത്‌പര്യം പങ്കുവച്ചു.  അതോടൊപ്പംതന്നെ ‘മക്കളേ വേണ്ട, കരിയറാണ് വലുത്‌...’ എന്നു ചിന്തിക്കുന്നവരെയും കണ്ടുമുട്ടിയ നാളുകളാണിത്. ‘ഒരു കുട്ടിതന്നെ ധാരാളം, അതിനെ പഠിപ്പിക്കാൻതന്നെ ചെലവ് താങ്ങാനാവുന്നില്ല...’ എന്നിങ്ങനെ ഇക്കാര്യത്തിൽ വിവിധ നിലപാടുകളുള്ളവരെയും ഞാൻ കണ്ടുമുട്ടുകയാണ്.  

ഇതിനിടയിലാണ് ജൂലായ്‌ 11-ാം തീയതി ‘ലോക ജനസംഖ്യാ ദിനം’ കടന്നുവന്നത്. ഭൂമിയിൽ വസിക്കുന്ന മനുഷ്യരുടെ ആകെ എണ്ണത്തെയാണ് ‘ജനസംഖ്യ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് 2011 ഒക്ടോബർ 31-ന് ലോക ജനസംഖ്യ 700 കോടി തികഞ്ഞു. 2025-ഓടെ ലോകത്തിലെ ജനസംഖ്യ 8 ബില്യനായി ഉയരുമെന്നാണ് ഐക്യരാഷ്ട്ര സംഘടന കണക്കുകൂട്ടുന്നത്. ശുദ്ധജലക്ഷാമം ഉൾപ്പെടെ ഗുരുതരമായ പ്രശ്നങ്ങളിലൂടെ ജീവിതം സങ്കീർണമാവുമെന്നും വിവിധ പഠനങ്ങൾ വിലയിരുത്തുന്നു.  
സാമ്പത്തികശാസ്ത്രത്തിൽ ജനസംഖ്യാപഠനം ‘ഡിമോഗ്രഫി’ എന്ന ശാസ്ത്രശാഖയിലാണ് ഉൾപ്പെടുത്തുന്നത്. വ്യത്യസ്തമായ സിദ്ധാന്തങ്ങളാണ് ഈ മേഖലയിലുള്ളത്. അതിലൊന്ന് ‘റോബർട്ട്‌ മാൽതൂസ്’ മുന്നോട്ടുവച്ച ചിന്തകളാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ,

‘ജനസംഖ്യാ വർധന ഗുണിതരൂപത്തിലും ഭക്ഷ്യ ഉത്‌പാദന വർധന അതിന് ആനുപാതികമല്ലാതെയും വളരുന്നതിന്റെ  ഫലമായി ഭക്ഷ്യക്ഷാമവും ദാരിദ്ര്യവും ഉണ്ടാവുന്നു’.
 
എന്നാൽ ഈ രംഗത്തുള്ള ‘ഒപ്റ്റിമം സിദ്ധാന്തം’ അനുസരിച്ച് ‘രാജ്യത്തിന്റെ സമ്പത്തും ജനസംഖ്യയും തമ്മിലാണ് ബന്ധപ്പെടുത്തേണ്ടത്‌’ എന്നും ‘ഭക്ഷ്യോത്‌പാദനവുമായി മാത്രമല്ല’ എന്നും വിലയിരുത്തുന്നു. ‘ഒരു രാജ്യം ഭൗതികമായി സമ്പന്നമാണെങ്കിൽ, ഭക്ഷണസാധനം ഇറക്കുമതി ചെയ്യാനാവും’ എന്ന് ആധുനിക സിദ്ധാന്തം പ്രതിപാദിക്കുന്നു. 

 ‘നിയോ ക്ലാസിക്കൽ’ സിദ്ധാന്തമനുസരിച്ച് ‘ജനസംഖ്യാ വർധന തൊഴിൽ ചെയ്യുന്നവരുടെ എണ്ണം വർധിപ്പിക്കുകയും ഉത്‌പാദനച്ചെലവ് കുറയ്ക്കുകയും ചെയ്യുന്നു’. സാമ്പത്തികശാസ്ത്രജ്ഞനായ ‘സൈമൺ കുസ്‌നെറ്റസ്’ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ. ഭാരതമുൾപ്പെടെയുള്ള 21 രാജ്യങ്ങളിൽ നടത്തിയ പഠനമനുസരിച്ച് ‘ജനസംഖ്യാ വർധനയും ആളോഹരി മൂലധന വളർച്ചയും തമ്മിൽ നിഷേധാത്മകപരമായ ബന്ധമൊന്നുമില്ല’ എന്ന് കണ്ടെത്തി. മാത്രവുമല്ല, ‘കോൺലിസ്ക്’, ‘ഹഡിൽ’ എന്നിവർ 25 വികസ്വര രാജ്യങ്ങളിൽ നടത്തിയ പഠനം ‘ജനസംഖ്യാ വർധന ആളോഹരി വരുമാനത്തിന് ഗണ്യമായ വളർച്ചയുണ്ടാക്കി’ എന്നാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, ‘ജനസംഖ്യാ വർധന മൊത്ത വരുമാനവളർച്ചയ്ക്ക് നല്ലതാണ്‌’ എന്ന് അനുമാനിക്കാൻ തിടുക്കം കൂട്ടരുതെന്നും ഇവർ വിലയിരുത്തുന്നു.  

ജനസംഖ്യാ വർധനയ്ക്ക്‌ അനുകൂലവും പ്രതികൂലവുമായ ധാരാളം വാദഗതികളുണ്ട്. ഭക്ഷണ ദൗർലഭ്യമാണ് മുഖ്യഭീഷണിയായി കരുതുന്നത്. അതോടൊപ്പം പാർപ്പിടവും ശുദ്ധജലം പോലുള്ള അടിസ്ഥാന ആവശ്യങ്ങളുടെ ലഭ്യതയും വെല്ലുവിളി ഉയർത്തുന്നതാണ്. ദാരിദ്ര്യം, തൊഴിലില്ലായ്മ, നഗരവത്‌കരണം, മുതിർന്ന പൗരന്മാരുടെ എണ്ണത്തിലുള്ള വർധന, പലായനവും കുടിയേറ്റവും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ എന്നിവയെല്ലാം ഇതോടനുബന്ധിച്ചുള്ള സാമ്പത്തിക വിഷയങ്ങളാണ്.
 
എന്താണ് ഒരു രാഷ്ട്രത്തിന്റെ സമ്പത്ത്...? അത് പ്രഥമമായും അവിടത്തെ പ്രകൃതിവിഭവങ്ങളും ഭൗതികസമ്പത്തും സാങ്കേതികവിദ്യയും അടിസ്ഥാന സൗകര്യങ്ങളുമാണ്. ഉത്‌പാദന ഘടകങ്ങൾ ഒന്നുകിൽ പൂർണമായി ഉപയോഗപ്പെടുത്തുന്നില്ല, അല്ലെങ്കിൽ വേണ്ടരീതിയിലും അളവിലുമല്ല ഉപയോഗിക്കപ്പെടുന്നത് എന്നത് വികസനമില്ലായ്മയുടെ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 
 
അതുകൊണ്ട്,  ഇവയെല്ലാം വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തുന്നതിനും സംരക്ഷിക്കപ്പെടുന്നതിനും വളർത്തുന്നതിനും ആവശ്യമായതാണ് ‘എച്ച്.ആർ.’ എന്ന ഹ്യൂമൻ റിസോഴ്‌സ് അഥവാ മനുഷ്യ വിഭവശേഷി. ഈ വിഭവത്തിന്റെ എണ്ണവും ഗുണമേന്മയും വളരെ പ്രധാനപ്പെട്ടതാണ്. ഗുണപ്രദമാവാൻ വിദ്യാഭ്യാസം, തൊഴിൽപരിശീലനം, സാങ്കേതികവിദ്യാ മികവ് എന്നിവ ആവശ്യമാണ്. വർധിക്കുന്ന ജനത്തെ വിഭവശേഷിയാക്കി മാറ്റുക എന്നതാണ് നമ്മുടെ മുന്നിലുള്ള സാധ്യതയും വെല്ലുവിളിയും.   സ്ഥിരോത്സാഹവും അച്ചടക്കവും ദേശസ്നേഹവുമുള്ള  ജനത ഏറ്റവും വലിയ സമ്പത്താണ്. 

ജനസംഖ്യാ വർധന ‘ജി.ഡി.പി.’ അഥവാ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്റെ അളവിനെ പലതരത്തിൽ സ്വാധീനിക്കുമെന്നും ഭാരതത്തിന്റെ ഉത്‌പാദന വളർച്ചയ്ക്ക് നിയതമായ കാരണങ്ങളിലൊന്ന് ജനസംഖ്യാ വർധനയാണെന്നും പഠനകേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. 
 
ജനിക്കുന്ന ഓരോ ശിശുവിനും വായ് മാത്രമല്ല, രണ്ട്‌ കരങ്ങളും കൂടിയുണ്ട് എന്ന വസ്തുതയെ ഓർമിപ്പിക്കുന്ന ചിന്തകളും ഉയർന്നുവരുന്നു. ഈ വിഭവസ്വരൂപണത്തിന് സർക്കാർ നടപ്പിലാക്കുന്ന വിവിധ മാർഗങ്ങൾ മാത്രം പോരാ, മറിച്ച് ഒരു കൂട്ടുത്തരവാദിത്വത്തിന്റെ സമവായം ആവശ്യമാണ്.  ഉത്തരവാദിത്വപൂർണമായ മാതൃത്വവും പിതൃത്വവും  വളരെ അത്യാവശ്യമാണ്. പണ്ടുകാലത്ത് ഏറെ എളുപ്പമുണ്ടായിരുന്നതും ഇന്ന് ഏറെ സങ്കീർണതകളുള്ളതുമായ ഒന്നാണ് ‘പേരന്റിങ്’. കാരണം, പണ്ട് മക്കൾ വളരുകയായിരുന്നു, ഇപ്പോൾ നമ്മൾ വളർത്തുകയാണ്.