ഡിഗ്രി പഠനത്തിലേർപ്പെട്ടിരിക്കുന്ന കലാലയ വിദ്യാർഥികൾക്ക് യൂണിവേഴ്‌സിറ്റിതലത്തിൽ സർക്കാർ അംഗീകാരത്തോടെ ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ‘പ്രതിഭകളോടൊപ്പം നടക്കൂ’ അഥവാ, ‘വാക്‌ വിത്ത് എ സ്കോളർ’ (Walk with a Scholar -WWS) എന്ന പദ്ധതി. ഇതനുസരിച്ച് നല്ല മാർക്കോടെ കോളേജിൽ അഡ്മിഷൻ കരസ്ഥമാക്കിയ വിദ്യാർഥികൾ, ഡിഗ്രി പഠനകാലത്തുള്ള മൂന്നുവർഷവും പഠനത്തിൽ ഉഴപ്പാതെ അതിലും മികച്ച മാർക്കോടെ കലാലയത്തിൽനിന്ന് പുറത്തിറങ്ങണമെന്ന ആഗ്രഹത്തോടെ രണ്ടുരീതിയിലുള്ള ‘മെന്റർ’മാരെ അഥവാ, ‘ഉപദേഷ്ടാക്കളെ’ അവർക്കായി ഏർപ്പെടുത്തിയിരിക്കുന്നു. അതിൽ ഒന്നാമത്തെ വിഭാഗം അതേ കലാലയത്തിലുള്ള അധ്യാപകരാണ്.  രണ്ടാമത്തെ വിഭാഗം പുറമേനിന്നുള്ള അക്കാദമിക വിദഗ്ദ്ധരുടെ സംഘമാണ്. 

 ഇങ്ങനെ ബാഹ്യവും ആന്തരികവുമായ മെന്റർ സംവിധാനത്തിലൂടെ ഒരു വിദ്യാർഥി കടന്നുപോവുമ്പോൾ കൂടുതൽ മെച്ചപ്പെട്ട പ്രതിഭയായി മാറുന്നു. അതിനായി വിവിധ വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികളെ അഞ്ചോ ആറോ പേർ വീതം അടങ്ങുന്ന ചെറിയ ഗ്രൂപ്പുകളായി തിരിക്കുന്നു. ഓരോ ഗ്രൂപ്പും നിശ്ചിത മെന്റർമാരുടെ നേതൃത്വത്തിൽ പഠനം മുന്നോട്ട് കൊണ്ടുപോവുന്നു. അതോടൊപ്പം വ്യക്തിത്വ വികസനം, ആശയവിനിമയ നിപുണത, പബ്ലിക് സ്പീക്കിങ്, ഇന്റർവ്യൂ ടെക്നിക്കുകൾ തുടങ്ങിയ സോഫ്റ്റ് സ്കില്ലുകളുടെ പരിശീലനവും ബാഹ്യതലത്തിലുള്ള മെന്റർമാരിൽനിന്ന് ഈ വിദ്യാർഥികൾക്ക് ലഭിക്കുന്നു. 

 ഉന്നതവിദ്യാഭ്യാസ രംഗത്ത് വിജയകരമായി നടപ്പിലാക്കിവരുന്ന ഈ സംവിധാനത്തിന്റെ മാതൃകയിൽ സാമ്പത്തികരംഗത്തും പരിചയസമ്പന്നരും വിദഗ്ദ്ധരുമായ ഉപദേഷ്ടാക്കളെ ആവശ്യമുണ്ട്. സാമ്പത്തിക ശിക്ഷണവും ക്രമപ്പെടുത്തലും നടത്താൻ വ്യക്തിപരമായ മെന്റർ ആവശ്യമാണ്. കുടുംബപരമായ ബിസിനസുകൾ നടത്തിക്കൊണ്ടുപോകാനും ഇക്കൂട്ടരുടെ സഹായം ഉപകാരപ്രദമാണ്. 

 ഇവർ മറ്റുള്ളവർക്ക് സാമ്പത്തികമായി മാർഗനിർദേശം നൽകാൻ കെൽപ്പുള്ളവരും ഈ രംഗത്ത് അറിവും അനുഭവസമ്പത്തും കൈമുതലായിട്ടുള്ളവരുമാകണം. വിദേശത്ത്,  പ്രത്യേകിച്ച് വികസിത രാജ്യങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ പരിശീലനതലവും വിദ്യാഭ്യാസപ്രക്രിയ തന്നെയാണ്. നമ്മുടെ നാട്ടിൽ ഇക്കാര്യത്തിൽ വലിയ പ്രചാരം ഇന്നും കിട്ടിയിട്ടില്ല. 

അല്ലലില്ലാതെ ജീവിച്ചാൽ മാത്രം പോരാ, സാമ്പത്തികമായി മെച്ചപ്പെടണമെന്നും എല്ലാവരും ആഗ്രഹിക്കുന്നു. കേരള സമൂഹം പ്രത്യേകമായ വിധത്തിൽ അടുത്ത തലമുറയ്ക്കായിക്കൂടി കരുതാനും കൈമാറ്റം ചെയ്യാനും ആഗ്രഹിക്കുന്നവരുമാണ്. അതിനായി, അധ്വാനിക്കാനുള്ള മനസ്സും താത്‌പര്യവും ഉള്ളവരും ധാരാളമുണ്ട്. എന്നാൽ, ഇവരിൽ പലരെയും കുഴയ്ക്കുന്ന നിരവധി ചോദ്യങ്ങളും സാമ്പത്തിക അവസ്ഥാവിശേഷങ്ങളുമുണ്ട്. 

ഉദാഹരണത്തിന് ചില വരികൾ ശ്രദ്ധിക്കാം: ‘സാമ്പത്തികമായി വളരണമെന്ന് താത്‌പര്യമുണ്ട് പക്ഷേ, എങ്ങനെ തുടങ്ങണമെന്ന് അറിയില്ല’. ‘ധാരാളം സമയം പണിയെടുക്കുന്നുണ്ട്, പക്ഷേ, ഉദ്ദേശിക്കുന്ന ഫലം ലഭിക്കുന്നില്ല’, ‘കേവലം രണ്ടറ്റവും കൂട്ടിമുട്ടി മുന്നോട്ട് പോവുന്നതല്ലാതെ വലിയ മെച്ചപ്പെടലോ മേന്മയോ ഉണ്ടാവുന്നില്ല’. ‘നിക്ഷേപിക്കണമെന്നുണ്ട്, എവിടെ...? എങ്ങനെ...? ഒരു എത്തും പിടിയും കിട്ടുന്നില്ല’, ‘സാമ്പത്തികരംഗം മെച്ചപ്പെടുത്തണമെന്നുണ്ട്, പക്ഷേ, ഒരു ഉത്സാഹവും പ്രോത്സാഹനവും ലഭിക്കുന്നില്ല’, ‘എന്റെ സാമ്പത്തിക തകർച്ചകൾ മാനസികമായി വല്ലാതെ ഉലയ്ക്കുന്നു.

ആരെങ്കിലും ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ’, ‘സാമ്പത്തിക പിരിമുറുക്കം എന്റെ ഉറക്കം കെടുത്തുന്നു’, ‘എന്റെ റിട്ടയർമെന്റ് ജീവിതം അല്ലലില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ എന്തു ചെയ്യണം?’, ‘സാമ്പത്തിക അച്ചടക്കം കൈവരിക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്...?’ ഇങ്ങനെ നിരവധി സാമ്പത്തിക ചോദ്യങ്ങൾ മനസ്സിൽ ഉയരുമ്പോൾ സാമ്പത്തിക മെന്ററെ ആവശ്യമായി വരുന്നു. 

 കൂട്ടുകുടുംബ വ്യവസ്ഥയിലും മറ്റും പണ്ട് മുതിർന്നവർ അടുത്ത തലമുറയ്ക്ക് സാമ്പത്തിക ഉപദേശം നൽകുമായിരുന്നു. എന്നാൽ, ഇന്ന് തലമുറകളുടെ വിടവും സാമ്പത്തിക ഇടപാടുകളുടെ വ്യാപ്തിയും ഈ രംഗത്ത് അനുഭവസമ്പത്തുള്ളവരുടെ എണ്ണം വിരളമാക്കുന്നു. വികസിത രാജ്യങ്ങളിലെല്ലാം നിയമപരമായി അംഗീകൃതമായ സർട്ടിഫൈഡ് സാമ്പത്തിക മെന്റർമാർ ഉണ്ട്. അവർ നടത്തുന്ന സ്ഥാപനങ്ങളിൽ ഹ്രസ്വവും ദീർഘവുമായ കോഴ്‌സുകളിലൂടെ നൽകുന്ന പരിശീലനങ്ങളുമുണ്ട്.

 ഇവിടെയും ചില കമ്പനികൾ അവരുടെ ജീവനക്കാർക്ക് വ്യക്തിപരമായി സാമ്പത്തിക മെന്റർമാരുണ്ടാവണമെന്ന് നിഷ്കർഷിക്കാറുണ്ട്. അവർ വ്യക്തികളുടെ സാമ്പത്തികസ്ഥിതി അവലോകനം ചെയ്ത്, വളരെ ക്രമീകൃതമായ സാമ്പത്തിക ആസൂത്രണത്തിന് സഹായിക്കുന്നു.

 അമിതമായി ചെലവാക്കാനുള്ള പ്രവണതയെ തടഞ്ഞ് കടംകയറാതിരിക്കാൻ ഇത് സഹായിക്കുന്നു. തെറ്റായ നിക്ഷേപംമൂലം കൈവശമുണ്ടായിരുന്നത് നഷ്ടമാക്കിയവരും വലിയ പാഠപുസ്തകങ്ങളായി മുന്നിൽ നിൽക്കുമ്പോൾ സാമ്പത്തിക ഉപദേഷ്ടാക്കളുടെ ആവശ്യകത ഏറുകയാണ്.

 ഫിനാൻഷ്യൽ കൺസൽട്ടൻസിയും മെന്ററിങ്ങും തമ്മിൽ വ്യത്യാസമുണ്ട്. മെന്ററിങ് കുറച്ചധികം  നാളത്തേക്കുള്ള സഹായമായിരിക്കും നൽകുന്നത്. 

 ‘ഉചിതമായ ആസൂത്രണമില്ലായ്മ മൂലമുണ്ടാവുന്ന സാമ്പത്തിക പിടിപ്പുകേടുകളെ വിധി എന്നോ, തലവര എന്നോ വിശേഷിപ്പിക്കരുത്‌’ എന്ന് ‘കാൾ ജങ്’ എന്ന സാമ്പത്തിക വിദഗ്ധൻ അഭിപ്രായപ്പെടുന്നു. 
 ഫ്രാങ്ക് ഹെർബർട്ടിന്റെ അഭിപ്രായത്തിൽ ‘സാമ്പത്തിക രംഗത്ത് സ്വാതന്ത്ര്യമെന്നത് അച്ചടക്കമാണ്. അതിലൂടെ മാത്രമാണ് ആഗ്രഹങ്ങൾ പൂർത്തീകരിക്കാനാവുന്നത്.’  തനിക്കാവശ്യമുള്ളതിലധികം ഒരു ടിഷ്യൂപേപ്പർ പോലും അനാവശ്യമായി ഹോട്ടലിൽനിന്ന് എടുക്കാതെ അച്ചടക്കം കാത്തുസൂക്ഷിക്കുന്നവരുണ്ട്.

 ‘ഒരുവൻ ആർജിച്ച ധനത്തിലല്ല, മറിച്ച് അവൻ സമാഹരിച്ച സമ്പത്ത് കൈകാര്യം ചെയ്യുന്ന രീതിയിലാണ് സ്വയം അഭിമാനിക്കേണ്ടത്‌’ എന്ന സോക്രട്ടീസിന്റെ വാക്കുകൾ ശ്രദ്ധേയമാണ്. സാമ്പത്തിക ജീവിതാനുഭവങ്ങൾ ഏവരെയും  ഉപദേഷ്ടാക്കളാക്കുന്നുവെന്നതും മറക്കാതിരിക്കാം.