സാമ്പത്തികനിക്ഷേപലോകത്ത് ശ്രദ്ധിക്കപ്പെട്ട അതികായനാണ് വാരന്‍ ബുഫെറ്റ്. അദ്ദേഹം ആറാമത്തെ വയസ്സില്‍ സ്വന്തം മുത്തച്ഛന്റെ കടയില്‍നിന്ന് ആറു പാക്കറ്റ് ‘കൊക്കക്കോള’ പാനീയം വാങ്ങി മറിച്ചുവിറ്റ് ലാഭമുണ്ടാക്കികൊണ്ടാണ് ബിസിനസ്‌ ആരംഭിച്ചത്. പതിനൊന്നാമത്തെ വയസ്സില്‍ ഷെയര്‍ ബിസിനസില്‍ ആദ്യചുവടുവയ്പ് നടത്തി.

13-ാമത്തെ വയസ്സില്‍ സ്വന്തമായി ബിസിനസ്‌ തുടങ്ങി, ഹൈസ്കൂള്‍ ക്ലാസില്‍ എത്തിയപ്പോഴേക്കും ബിസിനില്‍നിന്ന് ലാഭമുണ്ടാക്കി 40 ഏക്കര്‍ ഭൂമി സ്വന്തമായി വാങ്ങി. ലോകത്തിലെ ഏറ്റവും വലിയ ധനാഢ്യന്‍ എന്ന സ്ഥാനം 2008-ല്‍ അദ്ദേഹത്തിന് ലഭിച്ചു. എന്നാല്‍ അദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത് സ്വരുക്കൂട്ടിയ സമ്പത്തിന്റെ പേരിലല്ല, മറിച്ച് പണത്തിന്റെ വിവേകപൂര്‍ണമായ ഉപയോഗത്തെക്കുറിച്ച് മുന്നോട്ടുവച്ച ആശയങ്ങളുമായി ബന്ധപ്പെട്ടാണ്.

‘ബിസിനസ് തുടങ്ങണമെന്നുണ്ട്, പക്ഷേ, മൂലധനം വേണ്ടേ...?’ പലരും ചോദിക്കുന്ന ചോദ്യമാണിത്. ബിസിനസില്‍ ഏറ്റവും ആവശ്യമായിരിക്കുന്ന മൂലധനം വിഭവങ്ങളുടെ സമാഹരണവും അവയുടെ കൃത്യമായ ഉപയോഗവും നടത്താനുള്ള ആര്‍ജവമാണ്.

* എന്താണ് മൂലധനം അഥവാ ക്യാപിറ്റല്‍?

ഉത്‌പാദനത്തിനും സാമ്പത്തികമായ വളര്‍ച്ചയ്ക്കും ഉപയോഗിക്കാവുന്നതും തൊഴില്‍ ലഭ്യമാക്കുന്നതും വരുമാനം സൃഷ്ടിക്കാന്‍ ഉതകുന്നതുമായ നൈസര്‍ഗികവും ഉത്‌പാദിതവുമായ ഏതൊരു വസ്തുവിനെയും ‘മൂലധനം’ എന്ന് വിളിക്കാം. ഒരു വേട്ടക്കാരന്‌ തന്റെ അമ്പും വില്ലും എന്നതുപോലെ ഒരു നഗരവാസിക്ക് പൊതുറോഡുകളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും മൂലധനമായി പരിഗണിക്കപ്പെടുന്നു.

സാമ്പത്തികശാസ്ത്രത്തില്‍ മൂലധനത്തെ വിവിധ സാമ്പത്തികശാസ്ത്രജ്ഞന്മാര്‍ വ്യത്യസ്തമായ രീതിയിലാണ് വിഭജിച്ചിട്ടുള്ളത്. അതില്‍ പ്രധാനപ്പെട്ടത് ‘ഭൗതികവും ഭൗതികേതരവുമായ മൂലധനം’ എന്ന വിഭജനമാണ്. ഭൂമിപോലുള്ള അടിസ്ഥാനഘടകങ്ങള്‍ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ വിഭജനം നടത്തിയത്. പ്രകൃതിവിഭവങ്ങള്‍ സ്വഭാവികമായ ഭൗതികമൂലധനമാണ്. നിര്‍മിക്കപ്പെട്ടതും ഉപയോഗിച്ച്‌ തീര്‍ന്നുപോവാത്തതും പുനരുപയോഗിക്കാനാവുന്നതുമായ വിഭവങ്ങളുടെ വളര്‍ച്ചയിലൂടെയാണ് ഭൗതികവളര്‍ച്ചയും സാധ്യമാവുന്നത്.

സാമ്പത്തികശാസ്ത്രജ്ഞനായ ‘ആഡം സ്മിത്ത്’ പുനരുപയോഗിക്കാന്‍ സാധിക്കുന്ന ഏതൊരു ഉത്‌പാദിത വസ്തുവിനെയും മൂലധനമായി കണക്കാക്കുന്നു. അദ്ദേഹം മൂലധനത്തെ ‘സാമ്പത്തികം’ എന്നും ‘സാമ്പത്തികേതരം’ എന്നും വിഭജിച്ചിട്ടുണ്ട്. മൂലധനമെന്നാല്‍ ‘പണം’ എന്നാണ് പൊതുവായ ധാരണ. പണം ഒരു അടിസ്ഥാനമൂലധനമാണുതാനും. മൂലധനങ്ങളുടെ ശ്രേണിയില്‍ പണത്തിന് മുഖ്യസ്ഥാനമാണുള്ളത്. ബിസിനസ്‌ ലോകത്ത് വ്യക്തിപരവും സംഘാതാന്മകവുമായ വായ്പകളെ സാമ്പത്തിക മൂലധനമെന്ന് വിളിക്കുന്നു. എന്നാല്‍ സാമ്പത്തികേതര ഘടകങ്ങളുടെ നിയതവും ക്രമവുമായ ഉപയോഗത്തിലൂടെയും സമ്പത്ത് സൃഷ്ടിക്കാനാവുന്നു. കാരണം, പണം നല്ലരീതിയില്‍ ഉപയോഗിക്കുന്നവര്‍ക്കുവേണ്ടി പണവും അധ്വാനിച്ചുകൊണ്ടേയിരിക്കും.

മാര്‍ക്സിയന്‍ സാമ്പത്തികശാസ്ത്രത്തില്‍ ‘സ്ഥിരമൂലധനം’ എന്നും ‘വ്യതിയാനമൂലധനം’ എന്നുമുള്ള വിഭജനമുണ്ട്. തൊഴില്‍ശക്തി പോലുള്ള ഘടകങ്ങള്‍ ഉപയോഗിക്കപ്പെടുന്നതിനനുസരിച്ച് എന്നും വ്യതിയാനപ്പെടുന്ന മൂലധനമാണ്. അതിന്റെ ഉപയോഗം ഉത്‌പാദനപ്രക്രിയയില്‍ നിര്‍ണായകമാണെന്നും അതിനാല്‍ത്തന്നെ അത് ചൂഷണാതീതമാകണമെന്നും അദ്ദേഹത്തിന്റെ സംയോജിത സമവാക്യം വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ ‘മിച്ചമൂല്യ’ സിദ്ധാന്തത്തില്‍ ഉപയോഗിക്കപ്പെടാത്ത യന്ത്രങ്ങള്‍ മൂലധനമേ അല്ല എന്നും സമർഥിക്കുന്നു.

* എന്താണ് ആര്‍ജിത മൂലധനം?

വിവിധ മൂലധനങ്ങളില്‍ ആര്‍ജിത മൂലധനമാണ് ഏറെ പ്രധാനപ്പെട്ടത്. അത് ‘മനുഷ്യവിഭവവശേഷി’യുടെ ആസൂത്രിതമായ വളര്‍ച്ചയിലൂടെ സാധ്യമാവുന്നതാണ്. അതുകൊണ്ട്, മനുഷ്യവിഭവശേഷിയാണ് ഏറ്റവും പ്രധാനപ്പെട്ട മൂലധനമായി പരിഗണിക്കുന്നത്. വിദ്യാഭ്യാസം, സാങ്കേതികപരിജ്ഞാനം, വിവിധങ്ങളായ കഴിവുകള്‍, സിദ്ധികള്‍ എന്നിവയുടെ നിയതമായ ഉപയോഗത്തിലൂടെ പ്രകൃത്യാ ഉള്ളതും ആര്‍ജിച്ചെടുത്തതുമായ മനുഷ്യവിഭവശേഷിയെ ‘ആര്‍ജിത മൂലധനം’ എന്ന് വിളിക്കാം. വ്യക്തികളുടെ ആരോഗ്യം, അറിവ്, അനുഭവസമ്പത്ത്, പ്രചോദനാന്മകത, മറ്റ് നിപുണതകള്‍ ഇവയെല്ലാം മാനുഷിക മൂലധനത്തെ പോഷിപ്പിക്കുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിദ്യാഭ്യാസത്തിലൂടെയും പരിശീലനത്തിലൂടെയുമുള്ള വളര്‍ച്ചയാണ്. സമയവും ശക്തമായ മൂലധനമാകയാല്‍ ക്രമാനുസൃതവും വിവേകപൂര്‍ണമായ ഉപയോഗവും ഈ ആര്‍ജിത മൂലധനത്തെ ശക്തമാക്കുന്നു.

വ്യക്തിബന്ധങ്ങളില്‍നിന്ന് ഉരുത്തിരിയുന്ന നൂതനമായ കണ്ടുപിടിത്തങ്ങളും ആശയങ്ങളും അവ തമ്മിലുള്ള അനുസ്യൂതവും പരസ്പരബന്ധിതവുമായ വളര്‍ച്ചയെയുമാണ് ‘സാമൂഹ്യമൂലധനം’ എന്ന് പറയുന്നത്. സ്വയം മെച്ചപ്പെടാനും പരസ്പരം മെച്ചപ്പെടുത്താനുമുള്ള അഭിവാഞ്ഛയും അടിസ്ഥാന സൗകര്യങ്ങളുടെ വളര്‍ച്ചയിലൂടെ സാമൂഹ്യമൂലധനം സൃഷ്ടിക്കുന്നതിന് ഇടവരുത്തുന്നു. റിസ്ക് എടുക്കാനുള്ള കഴിവും മൂലധന ഉത്‌പാദനത്തിലേക്ക് നയിക്കുന്നു. വാസ്തവത്തില്‍ വിപണിയിലെ അനശ്ചിതത്വങ്ങള്‍ ശക്തമായ പ്രചോദനങ്ങളാവണം. കാരണം, എത്ര സുഖകരമായ നിക്ഷേപം തേടുന്നുവോ അത്രയും ലാഭം കുറയുന്നതായിരിക്കും ഓരോ നിക്ഷേപവും.

ഉത്‌പാദനപ്രക്രിയയില്‍ മൂലധനം എന്നത് ഒരേസമയം വിഭവവും ഉത്‌പാദനഘടകവുമാണ്. അത് ഉത്‌പാദിതവസ്തുവുമാകാം. ഇപ്രകാരം വ്യത്യസ്തമായ വിവിധ മൂലധനങ്ങളെ വിവേകപൂര്‍വം സംയോജിപ്പിക്കുന്നതിലാണ് സാമ്പത്തികവളര്‍ച്ചയും പുരോഗതിയും അടങ്ങിയിരിക്കുന്നത്. ഓരോ മൂലധനത്തിന്റെയും ഉപയോഗത്തിലും ഫലത്തിലും അനശ്ചിതാവസ്ഥയുണ്ട്. അതിനാല്‍, നിക്ഷേപകര്‍ വ്യത്യസ്ത നിഗമനങ്ങളില്‍ എത്തിച്ചേരുന്നു. ജെ.കെ. ഗാള്‍ബ്രെയ്ത്തിന്റെ അഭിപ്രായത്തില്‍, ‘ഒന്നുമറിയാത്തവരും തനിക്ക് ഒന്നുമറിയില്ല എന്ന അറിവില്ലാത്തവരും അനിശ്ചിതാവസ്ഥയില്‍ പലതരത്തിലുള്ള നിഗമനങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു. പണം സൂക്ഷിച്ചുവച്ചാല്‍ ഭാവിയില്‍ സുരക്ഷിതത്വം ലഭിക്കുമെന്നാണ് പലരും ചിന്തിക്കുന്നത്.

എന്നാല്‍ വിദ്യാഭ്യാസം, അറിവ്, ജ്ഞാനം, ഇവ സംയോജിപ്പിക്കാനുള്ള കഴിവുകള്‍ എന്നിവയാണ് യഥാർഥത്തില്‍ ആവശ്യമായിരിക്കുന്നത്.’ ഹെന്റി ഫോര്‍ഡിന്റെ ചിന്തകളില്‍, ഇവയുടെ അഭാവത്തില്‍ സൂക്ഷിച്ചുവക്കപ്പെട്ട പണത്തിന് ശരിയായ ഉപയോഗം സാധ്യമല്ല. ഓര്‍ക്കുക, വിപണിയിലെ ഓരോ അവഗണനയും വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള അവസരമാണ് സൃഷ്ടിക്കുന്നത്. അതിനാല്‍, മേല്‍ക്കൂര പണിയാനുള്ള സമയം സൂര്യന്‍ ഉദിച്ചുനില്‍ക്കുമ്പോഴാണ് എന്ന് മനസ്സിലാകുന്നിടത്താണ് ആര്‍ജിത മൂലധനത്തിന്റെ പ്രയോഗവും പ്രസക്തിയും വ്യക്തമാവുന്നത്.