ശാസ്ത്രജ്ഞന്‍, അംബാസഡര്‍, എഴുത്തുകാരന്‍, നയതന്ത്രജ്ഞന്‍, ബിസിനസുകാരന്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ പ്രതിഭ തെളിയിച്ച് പ്രശസ്തനായ ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ ജനിച്ചത് തികച്ചും സാധാരണമായ കുടുംബത്തിലായിരുന്നു. അദ്ദേഹം ജനിച്ചുവളര്‍ന്ന, ധാരാളം അംഗങ്ങളുണ്ടയിരുന്ന കുടുംബത്തിന്റെ വരുമാനമാര്‍ഗം ചെറിയ ഒരു മെഴുകുതിരി നിര്‍മാണ യൂണിറ്റും പ്രിന്റിങ് കടയുമായിരുന്നു. കുട്ടിക്കാലം മുതല്‍തന്നെ പ്രിന്റിങ് സ്ഥാപനത്തില്‍ ജോലിചെയ്യാന്‍ തുടങ്ങിയ ബെഞ്ചമിന്‍ ഒഴിവുസമയത്തെല്ലാം എഴുതാനും വായിക്കാനും സമയം കണ്ടെത്തി. കൂടെ ജോലിചെയ്തിരുന്നവര്‍ ഉച്ചഭക്ഷണത്തിന്‌ പോകുന്ന സമയവും അദ്ദേഹം അറിവ് സമ്പാദനത്തിനായി ഉപയോഗിച്ചു. സ്വന്ത പരിശ്രമത്തിലൂടെ വളര്‍ന്ന്, സ്വയം സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ക്ക് ഉദാഹരണമായി ഇന്ന് പലരും ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിൻ എന്ന അപൂര്‍വ വ്യക്തിത്വത്തെ ചൂണ്ടിക്കാണിക്കുന്നു.

സ്വയം സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ അഥവാ ‘സെല്‍ഫ് മെയ്ഡ് മാന്‍’ എന്നത് ഹെന്റി ക്ലേ 1832 ഫെബ്രുവരി രണ്ടാം തീയതി അമേരിക്കന്‍ സെനറ്റില്‍ ഉപയോഗിച്ച പദമാണ്. സ്വന്തം പരിശ്രമംകൊണ്ട് മാത്രം, അഥവാ പുറമെ നിന്നുള്ള യാതൊരു ഘടകത്തിന്റെയും പ്രേരണയോ സ്വാധീനമോ ഇല്ലാതെ വളര്‍ന്നുവരുന്ന വ്യക്തിത്വങ്ങളെ പരാമര്‍ശിക്കാനായിട്ടാണ് ഇന്ന് ഈ പദം ഉപയോഗിക്കപ്പെടുന്നത്. ദാരിദ്ര്യം സൃഷ്ടിക്കുന്ന ലളിതമായ ജീവിതസാഹചര്യങ്ങളുടെ പരമിതികളില്‍നിന്ന് ദൃഢനിശ്ചയം, അച്ചടക്കം, സ്വഭാവമഹിമ, പ്രതിബദ്ധത തുടങ്ങിയ നിയതമായ സ്വഭാവ സവിശേഷതകളിലൂടെയും വിദ്യാഭ്യാസം, തൊഴില്‍, ബിസിനസ്‌ എന്നിവയിലൂടെയും വളര്‍ന്നുവന്നവരെയും അഥവാ മറ്റേതങ്കിലും മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെയുമാണ് നമ്മള്‍ ഈ ശ്രേണിയില്‍ പെടുത്തുന്നത്.

സാമ്പത്തിക ശാസ്ത്രത്തില്‍ വ്യക്തികളുടേയും സമൂഹങ്ങളുടേയും സമഗ്രമായ വളര്‍ച്ചയ്ക്ക് നിദാനമായി രണ്ട് ഘടകങ്ങളെ വിശദമാക്കുന്നു. സാമ്പത്തിക ശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ ആര്‍തര്‍ ലൂയിസിന്റെ അഭിപ്രായത്തില്‍ സാമ്പത്തികവും സാമ്പത്തികേതരവുമായ ഘടകങ്ങള്‍ ചേര്‍ന്നാണ് വളര്‍ച്ചയും പുരോഗതിയും സാധ്യമാക്കുന്നത്. ഇതില്‍ ആദ്യത്തേത്, മനുഷ്യവിഭവശേഷി ഉപയോഗിച്ച് വ്യക്തികള്‍ സ്വയം സ്വീകരിക്കുന്ന നിയതമായ കാല്‍വയ്പുകളാണ്. രണ്ടാമത്തേത് പ്രകൃതിവിഭവങ്ങള്‍, ബാങ്കുകള്‍, സര്‍ക്കാര്‍, വിപണി, വിദേശവ്യാപാര ബന്ധങ്ങള്‍ എന്നിങ്ങനെ ബാഹ്യഘടകങ്ങളാണ്. ഏതൊരു ഉത്പാദന പ്രക്രിയയിലും ഇത്തരത്തിലുള്ള അടിസ്ഥാന ഘടകങ്ങളും പോഷക ഘടകങ്ങളും ഉണ്ട്. ഒരു വ്യക്തിയുടെ പരിശ്രമംകൊണ്ടുമാത്രം എപ്പോഴും വളര്‍ച്ചയുണ്ടാവണമെന്നില്ല, മറ്റ് അനുകൂല പോഷക ഘടകങ്ങളും അതില്‍പ്പെടുന്നു. എന്നാല്‍, വ്യക്തികള്‍ എടുക്കുന്ന തീരുമാനങ്ങളും നിലപാടുകളുമാണ് ഏറ്റവും പ്രധാനപ്പെട്ടത്.

അവയില്‍ മുഖ്യമായ ഘടകങ്ങള്‍ പ്രതിപാദിക്കാം:

1. കഠിനാദ്ധ്വാനം ചെയ്യാനും ജീവിതം മെച്ചപ്പെടുത്താനുമുള്ള ഒരുവന്റെ അഭിനിവേശം നിര്‍ണായക ഘടകമാണ്. അയാള്‍ സാഹചര്യങ്ങളെയോ സംവിധാനങ്ങളെയോ കുറ്റം പറഞ്ഞുകൊണ്ടിരിക്കാതെ, തനിക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്തുകൊണ്ടേയിരിക്കും.

2. പണത്തിന്റെ നിയന്ത്രിതവും വിവേകപൂര്‍ണവുമായ ഉപയോഗം വളരെ പ്രധാനപ്പെട്ടതാണ്. സാമ്പത്തികവിജയം നേടിയവരെല്ലാം സാമ്പത്തിക അച്ചടക്കവും ആസൂത്രണവും ഉള്ളവരാണെന്ന് ചരിത്രം തെളിയിക്കുന്നു.

3. പുതിയ അവസരങ്ങള്‍ തേടാനും പരീക്ഷിക്കാനുമുള്ള ആവേശം വലിയ മുതല്‍ക്കൂട്ടാണ്. നിങ്ങള്‍ പരാജയമെന്തെന്ന് അിറഞ്ഞിട്ടിെല്ലങ്കില്‍ ഒന്നും പുതുതായി പരീക്ഷിച്ചിട്ടില്ല എന്നും കൂടിയാണ് അർഥമാക്കുന്നത്.

4. വിദ്യയും അറിവും നിരന്തരമായി നേടാനുള്ള അഭിവാഞ്ഛ ഇക്കൂട്ടരുടെ മുഖമുദ്രയാണ്. ഔപചാരിക വിദ്യാഭ്യാസത്തിനു പുറമെ, വ്യക്തികളില്‍നിന്നും അനുഭവങ്ങളില്‍നിന്നും അവര്‍ നിരന്തരം പോസിറ്റീവായി പഠിച്ചുകൊണ്ടിരിക്കും.

5. ദീര്‍ഘക്ഷമയും സ്ഥിരോത്സാഹവും ഇക്കൂട്ടരില്‍ നിരന്തരമുണ്ടാവും. ഏറ്റെടുത്തിരിക്കുന്ന കാര്യങ്ങളോടുള്ള വിശ്വസ്തത ഇവരെ മുന്നോട്ട് നയിച്ചുകൊണ്ടേയിരിക്കും.

6. മറ്റുള്ളവര്‍ക്കും പ്രോത്സാഹനത്തിന്റെയും പ്രചോദനത്തിന്റെയും ആള്‍രൂപമായി ഇവര്‍ പ്രവര്‍ത്തിക്കും ഇവരുടെ സാമീപ്യംതന്നെ ഒരു പോസിറ്റീവ് ഊര്‍ജമായി അനുഭവപ്പെടും.

7. സ്വന്തം ശക്തിയും പോരായ്മകളും തിരിച്ചറിയാനും ശക്തമാക്കാന്‍ സാധിക്കുന്നവയെ വളര്‍ത്താനും പരമിതികളെ കുറച്ചുകൊണ്ടുവരാനുമുള്ള വിവേകം ഏറെ അത്യവശ്യമാണ്.

നമ്മളെക്കൊണ്ട് സാധിക്കാത്ത കാര്യങ്ങളെച്ചൊല്ലി അസ്വസ്ഥമായി ജീവിതം ദുഃഖസാന്ദ്രമാക്കേണ്ടെ കാര്യമില്ല. ‘മരത്തില്‍ കയറാനുള്ള കഴിവുകൊണ്ട് മത്സ്യത്തെ അളക്കരുത്‌’ എന്ന് ഐന്‍സ്റ്റീന്‍ പറഞ്ഞത് ഓര്‍ക്കാം.

സ്വയം സൃഷ്ടിക്കപ്പെട്ടത് എന്നത് കുറച്ച് നിഷേധാന്മകമായ ചിന്തയും കൂടിയാണ്. ആര്‍ക്കും തന്നെത്തന്നെ സ്വയം സൃഷ്ടിക്കാനാവുമോ എന്നതും ചിന്തിക്കേണ്ട വിഷയമാണ്. കാരണം, ഒരു പരസ്പരാശ്രിത സമ്പദ്‌വ്യവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നത്. അതിനാല്‍, ഓരോ വ്യക്തിയുടേയും വളര്‍ച്ച മറ്റു പല വ്യക്തികളെയും ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു.

‘ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കാശാ ഇത് എങ്ങനെ ചെലവാക്കണമെന്ന് ഞാന്‍ തീരുമാനിച്ചുകൊള്ളാം’ എന്നു തുടങ്ങിയ അഹങ്കാരത്തിന്റെ വാക്കുകളിലെ അല്‍പ്പത്വം സ്പഷ്ടമാണ്. സത്യത്തില്‍ ഇവിടെ ആരും സ്വയം സൃഷ്ടിക്കപ്പെട്ടവരല്ല, അനേകരുടെ സഹായം മൂലമാണ് എല്ലാവരും വളര്‍ന്നത്.

അതുകൊണ്ട്, ദരിദ്രനെയോ യാചകനെയോ ചുണ്ടിക്കാണിച്ച് ‘നീ നന്നായി പഠിച്ചില്ലെങ്കില്‍ ഇതുപോലെയാവും’ എന്ന് പറയാതെ ‘നീ നന്നായി പഠിച്ചാല്‍ ഇവരുടെ ജീവിതം കുറച്ചുകൂടി മെച്ചപ്പെടുത്താന്‍ നിനക്കാവും’ എന്ന പോസിറ്റീവ് ചിന്തയാണ് വളരുന്ന തലമുറയ്ക്ക് നല്‍കേണ്ടത്. അപ്പോള്‍ സ്വയം സൃഷ്ടിക്കപ്പെടുന്നവരും മറ്റുള്ളവരെ സൃഷ്ടിക്കുന്നവരും ഉണ്ടാവും.

ഓര്‍ക്കുക, വെള്ളമൊഴിച്ച് വളര്‍ത്തിയ ചെടികളെക്കാള്‍ സ്വയം ജലം അന്വേഷിച്ചുപോയി വേരുകള്‍ ബലപ്പെടുത്തിയവയാണ് വന്‍മരങ്ങളായിട്ടുള്ളത്. അവയില്‍ പലതും തണലും ഫലവും നല്‍കുന്നു.

ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്റെതന്നെ വാക്കുകളില്‍: ‘മറ്റുള്ളവരുടെ കണ്ടെത്തലിന്റെ ഫലങ്ങള്‍ നമ്മള്‍ ഉപയോഗിക്കുമ്പോള്‍, അവര്‍ക്കാവശ്യമായ കാര്യങ്ങള്‍ നിര്‍മിച്ചുനല്‍കാന്‍ നമ്മളും ബാധ്യസ്ഥരാണ്.’