ലോകപ്രശസ്തനായ ബാസ്കറ്റ്‌ബോൾ താരം ‘മൈക്കിൾ ജെഫ്രി ജോർഡൻ’ എക്കാലത്തെയും ഏറ്റവും മികച്ച ബാസ്കറ്റ് ബോൾ കളിക്കാരനായിട്ടാണ് അറിയപ്പെടുന്നത്. ഹൈസ്കൂൾ പഠനത്തിന്റെ രണ്ടാംവർഷം പൊക്കം കുറവാണെന്ന കാരണം പറഞ്ഞ് അദ്ദേഹത്തെ ടീമിൽ എടുത്തില്ല. കഠിനപരിശ്രമത്തിലൂടെ അടുത്ത വർഷം നാലിഞ്ച് പൊക്കം വർധിപ്പിച്ച് ടീമിൽ ഇടംനേടി. 
 
പിന്നീടുണ്ടായ വിജയങ്ങളിൽ ‘ഒരു നക്ഷത്രം ജനിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് മാധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ‘സഹകളിക്കാരെ തെല്ലും സഹായിക്കുന്നില്ല’ എന്ന പരാതി അദ്ദേഹത്തെക്കുറിച്ച് മറ്റുള്ളവരിൽനിന്ന് ഉയർന്നപ്പോൾ, പിന്നീട് നന്നായി കളിക്കുന്നതിനോടൊപ്പം സഹകളിക്കാർക്ക് പ്രചോദനമേകാനും പറ്റിയ വിധത്തിൽ സ്വഭാവത്തെ മാറ്റിയെടുത്തു ഈ പ്രതിഭ. മികച്ച കളിക്കാരൻ എന്നതിന്‌ പുറമെ, കായികലോകത്തെ കഴിവുകൾ സമൃദ്ധമായി വിപണനം ചെയ്യുന്നതിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. 

എന്നാൽ, കളിയോടൊപ്പംതന്നെ അദ്ദേഹത്തെ കൂടുതൽ ജനമനസിലേക്ക് വളർത്തിയത് ജോർഡാൻ നൽകിയ പ്രചോദനാന്മക ചിന്തകളാണ്. അദ്ദേഹത്തിന്റെ വാക്കുകളിൽ: ‘‘ഏകദേശം മുന്നൂറ് കളികളിൽ ഞാൻ പരാജയപ്പെട്ടിട്ടുണ്ട്. ഒമ്പതിനായിരത്തിലധികം ഷോട്‌സ് ഞാൻ നഷ്ടമാക്കിയിട്ടുണ്ട്. പക്ഷേ, ഓരോ തോൽവിയിൽനിന്നും ഞാൻ വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരുന്നു. അനുഭവങ്ങളിലൂടെ പഠിക്കാനാവുക എന്നത് വലിയ നേട്ടമാണ്. കാരണം, തോൽവി സൃഷ്ടിക്കുന്ന വേദന വളരെ നല്ല അധ്യാപകനാണ്. എനിക്ക് തോൽവിയെ  സ്വീകരിക്കാനും നെഞ്ചിലേറ്റാനും ആവും. കാരണം, എല്ലാവരും എപ്പോഴെങ്കിലും പരാജയപ്പെട്ടവരാണ്. വീണ്ടും പരിശ്രമിക്കാതിരിക്കുന്നതാണ് യഥാർഥ പരാജയം. ചില ആളുകൾ പലതും സംഭവിച്ചു കാണാൻ ആഗ്രഹിക്കുന്നു. ചിലർ മറ്റുള്ളവരോട് അത് ആവശ്യപ്പെടുന്നു. എന്നാൽ വേറെ ചിലർ അത് സംഭവിപ്പിക്കുന്നു.’’  
 
ജീവിതത്തിൽ വിജയിച്ച എല്ലാ വ്യക്തികളും പരാജയങ്ങളുടെ കയ്പ് ഒരിക്കലെങ്കിലും അറിഞ്ഞവരാണ്. വിജയപരാജയങ്ങൾ ജീവിതത്തിന്റെ ഒരു ‘ടോട്ടാലിറ്റി’യിൽ അഥവാ ആകെത്തുകയിൽ കാണാനാവണം. അപ്പോൾ ഒരു പരീക്ഷയിൽ തോറ്റതുകൊണ്ടോ, മാർക്ക് കുറഞ്ഞതുകൊണ്ടോ ഒന്നും സംഭവിക്കുന്നില്ല എന്ന് മനസ്സിലാവും. ജീവിതത്തിനെ ഒരു ‘ടൈം ലൈനി’ൽ വരയ്ക്കുകയാണെങ്കിൽ ഒരു പരാജയമെന്നത് വെറും സ്പോട്ട് മാത്രമാണ്. വിജയവും ഇതുപോലെ തന്നെയാണ്. 

‘ഫുൾ എ പ്ലസ്‌’ കൊണ്ട് അടുത്ത അഡ്മിഷൻ എളുപ്പമായി എന്നുമാത്രം. ജീവിതത്തിൽ ഫുൾ എ പ്ലസ് നേടുക എന്നതാണ് പ്രധാനപ്പെട്ടത്.  അത് ലഭിക്കുന്നത് വിജയപരാജയങ്ങളുടെ അനവധി നിമിഷങ്ങളിലൂടെയാണ്. 
സാമ്പത്തിക ശാസ്ത്രത്തിൽ ‘ഉത്‌പാദന സാധ്യതാവക്രം’ എന്ന ഒരു ആശയമുണ്ട്. പോൾ എ. സാമുവൽസൺ എന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ ഈ ആശയത്തെ തന്റെ ‘വളർച്ചാ സിദ്ധാന്ത’വുമായി ബന്ധപ്പെടുത്തി വിവരിക്കുന്നു. ഉത്‌പാദന സാധ്യതാവക്രം’ എന്നത് ‘ഒരു വ്യക്തിയോ സ്ഥാപനമോ സംവിധാനങ്ങളോ ലഭ്യമായ വിഭവങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുമ്പോൾ സൃഷ്ടിക്കുന്ന വളർച്ചയുടെ പരമാവധി’ ആണ്.  അതിലെത്താനുള്ള പരിശ്രമങ്ങളെയാണ് സാമ്പത്തിക വ്യവസ്ഥിതി ഉപയോഗിക്കേണ്ടത്. ഈ ഉപയോഗത്തിൽ ചിലപ്പോൾ ശക്തമായ തിരിച്ചടികൾ നേരിടുന്നവർ നിരവധിയുണ്ട്. 
 
സാമ്പത്തിക ശാസ്ത്രത്തിന്റെ അതികായനായ ആഡം സ്മിത്ത് ‘ഇൻവിസിബിൾ ഹാൻഡ്’ അഥവാ ‘അദൃശ്യകര’ത്തിന്റെ ഇടപെടലുകൾ വിപണിയിലെ പരിശ്രമങ്ങളിൽ സംഭവിക്കുന്നതായി പ്രസ്താവിക്കുന്നു. വ്യക്തികൾ അവരുടെ പരിശ്രമങ്ങൾ അഭംഗുരം തുടർന്നുകൊണ്ടിരിക്കുമ്പോൾ, ഈ അദൃശ്യകരം ക്രമാനുഗതമായി ഇടപെട്ട് വളർച്ച സൃഷ്ടിക്കുന്നു. അപ്പോൾ ബിസിനസിലും തൊഴിലിലും പഠനത്തിലും പ്രതീക്ഷിക്കാത്ത വാതായനങ്ങൾ തുറന്നുകിട്ടുന്നു. വ്യവസായം, ഉത്‌പാദനം, തൊഴിൽ, വ്യാപാരം, വരുമാനം, ഉപഭോഗം എന്നിവയൊക്കെയുമായി ബന്ധപ്പെടുത്തി വളർച്ചയുണ്ടാവുകയും അത് വ്യക്തിപരവും സാമൂഹ്യവുമായ മാറ്റത്തിന് നിദാനമാവുകയും ചെയ്യുന്നു. 
 
പരാജയങ്ങൾ നമ്മെ പല കാര്യങ്ങളും പഠിപ്പിക്കുന്നു. അത് മനസ്സിലാക്കിയാൽ തോൽവികളെ വലിയ മുതൽകൂട്ടാക്കി മാറ്റാം. 

 1. ഒരു തോൽവിയും ജീവിതയാത്രയുടെ അവസാനമല്ല. മുന്നോട്ടുള്ള യാത്രയ്ക്ക് ആവശ്യമായ ഇച്ഛാശക്തിയുടെ ഉണർത്തുപാട്ടാണത്. 
2. എല്ലാവരും എല്ലാക്കാര്യവും ചെയ്യേണ്ടവരല്ല. അതുകൊണ്ട്, ഓരോ തോൽവിയും ജീവിതത്തിൽ വ്യക്തിപരമായി സ്വീകരിക്കേണ്ട മുൻഗണനകൾ ക്രമീകരിക്കാൻ സഹായിക്കുന്നു.
3. ഓരോരുത്തരുടേയും ജീവിതത്തിന് ആവശ്യമുള്ളതും മൂല്യമുള്ളതും വിലയേറിയത് എന്തെന്നുള്ളതുമായ വ്യത്യാസം മനസ്സിലാക്കാൻ സാധിക്കുന്നു. 
4. ജീവിതത്തിൽ ഒരിക്കലെങ്കിലും തോൽവി നേരിട്ടുള്ളവർക്ക് മറ്റുള്ളവരോട്, പ്രത്യേകിച്ച് പരാജിതരോട് അനുകമ്പ ഉണ്ടാവുകയും അവരിൽ മനുഷ്യത്വം പ്രകടമാവുകയും ചെയ്യുന്നു.
5. ഓരോരുത്തരിലെയും ‘ഈഗോ’ അഥവാ ‘ഞാൻഭാവം’ എന്ന അഹന്ത കുറയാൻ തോൽവികൾ സഹായിക്കുന്നു. 
6. കൃത്യമായ അനുപാതത്തിൽ വസ്തുക്കളെയും ബന്ധങ്ങളെയും യഥാസ്ഥാനത്ത് പ്രതിഷ്ഠിക്കാൻ തോൽവികൾ ഇടയാക്കുന്നു. 
6. സമയത്തിന്റെയും മറ്റ് വിഭവങ്ങളുടേയും ഉപയോഗത്തിന്റെ കാര്യത്തിൽ ജീവിതത്തിൽ പുലർത്തേണ്ട സമീപനങ്ങൾ പുനഃക്രമീകരിക്കാൻ സഹായിക്കുന്നു. 

‘‘നിങ്ങൾ പരാജയപ്പെട്ടോ എന്നതിനെ ചൊല്ലിയല്ല എന്റെ ആകുലത, മറിച്ച് നിങ്ങൾ ആ പരാജയത്തിൽ തൃപ്തിപ്പെട്ടുകൊണ്ടിരിക്കുകയാണോ എന്നതാണ് എന്നെ അസ്വസ്ഥമാക്കുന്നത്.’’ -തോൽവികൾ ധാരാളം ഏറ്റുവാങ്ങിയ എബ്രഹാം ലിങ്കന്റെ ഈ വാക്കുകൾ ശ്രദ്ധേയമാണ്. 
 
അതുകൊണ്ട്, പരാജയങ്ങളിൽ തളരുകയോ ജീവിതത്തിൽനിന്ന് ഒളിച്ചോടുകയോ അരുത്. ഓർക്കുക, പ്ലാൻ ‘എ’ പരാജയപ്പെട്ടാൽ ‘ബി മുതൽ  ഇസഡ് വരെ’ വീണ്ടും വേറെ ഇരുപത്തഞ്ച് അക്ഷരങ്ങൾകൂടി ഉണ്ട്. മാത്രവുമല്ല, ഏത്  ഇരുളിനെയും കീറിമുറിക്കാൻ തക്കവിധത്തിൽ പ്രകാശകിരണങ്ങൾ സൂര്യനെപ്പോലെ കടന്നുവരും.