രിക്കല്‍ ഒരു പൊതുമേഖലാ ബാങ്കിന്റെ ബ്രാഞ്ചില്‍ ബാങ്കിടപാടുകള്‍ക്കായി ചെന്നപ്പോള്‍ അവിടത്തെ ഭിത്തിയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന പരസ്യവാചകം ശ്രദ്ധയിൽപ്പെട്ടു. ‘നിങ്ങള്‍ ഈ സ്ഥാപനത്തില്‍ നല്ലതായി എന്തെങ്കിലും കണ്ടെത്തിയാല്‍ അത് മറ്റുള്ളവരോട് പറയുക. എന്നാല്‍, മോശമായി എന്തെങ്കിലും മനസ്സിലാക്കിയാല്‍ അത് ഞങ്ങളോട് നേരിട്ട് പറയുക’. ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായ ഒന്നായി ഇത് മനസ്സിലാക്കിയതുകൊണ്ടാവും ഉപഭോക്താക്കള്‍ ശ്രദ്ധിക്കാനായി ഇപ്രകാരമുള്ള പ്രചോദനാന്മകമായ പരസ്യവാചകം പ്രദര്‍ശിപ്പിക്കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായത്. മാത്രവുമല്ല, ഉപഭോക്താക്കളുടെ സര്‍ഗാന്മകമായ ഇടപെടലുകള്‍ ഏതൊരു വിപണിയെയും സ്വാധീനിക്കുന്ന പ്രധാന ഘടകവുമാണ്.

ലോക സാമ്പത്തികമേഖലയുടെ ചരിത്രപരമായ വളര്‍ച്ചയില്‍ നിര്‍ണായകമായ കണ്ടുപിടിത്തമാണ് വിപണി. ഇന്ന് മത്സരാധിഷ്ഠിത കമ്പോള സാമ്പത്തികവ്യവസ്ഥിതിയാലാണ് ഓരോ വിപണിയും നയിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഓരോ ഉത്‌പാദകരും തങ്ങളുടെ ഉത്‌പന്നങ്ങളും സേവനങ്ങളും മറ്റുള്ളവരുടേതില്‍നിന്ന് മെച്ചപ്പെട്ടതും വ്യത്യസ്തവുമാണെന്ന് സ്ഥാപിക്കാനും സ്ഥാപനത്തിന്റെ നേട്ടങ്ങള്‍ നിലനിര്‍ത്താനും മറ്റുള്ളവരിലേക്ക് അവ എത്തിക്കാനും പരിശ്രമിക്കുന്നു. വിലയിലും ഉത്‌പന്ന വൈവിധ്യത്തിലുമുള്ള തീരുമാനങ്ങള്‍ അതനുസരിച്ച് ക്രമീകരിക്കുന്നതില്‍ ശ്രദ്ധാലുവാകുന്നു.

സാമ്പത്തികശാസ്ത്രത്തില്‍ പൂര്‍ണ മത്സരമെന്നും അപൂര്‍ണ മത്സരമെന്നും വിപണിയെ പൊതുവായി തരംതിരിച്ചിരിക്കുന്നു.

അപൂര്‍ണ മത്സരത്തിന്‌ ഉദാഹരണമായി ‘ഒലിഗോപൊളി’ എന്ന പേരില്‍ അറിയപ്പെടുന്ന മത്സര കമ്പോളമുണ്ട്. ഈ ഗ്രീക്ക് പദത്തില്‍ ‘ഒലിഗോ’ എന്ന വാക്കിന്റെ അര്‍ത്ഥം കുറച്ച് എന്നും ‘പോളി’ എന്ന വാക്കിന്റെ അര്‍ത്ഥം വില്പനക്കാര്‍ എന്നുമാണ്. അതിനാല്‍ പേര് സൂചിപ്പിക്കുന്നതുപോലെ വളരെ കുറച്ച് വില്പനക്കാര്‍ മാത്രമാണ് ഈ വിപണിയിലുള്ളത്. നിയമപരമായോ മറ്റ് മാര്‍ഗങ്ങളിലൂടെയോ ഈ മേഖലയിലേക്കുള്ള പ്രവേശനം നിയന്ത്രിതമായിരിക്കും. ഉത്‌പന്നങ്ങള്‍ ഏകദേശം സാമ്യമുള്ളതും കുറഞ്ഞ ഇലാസ്തികത ഉള്ളവയുമായിരിക്കും. അതായത്, വിലയിലുള്ള ചെറിയ വ്യത്യാസങ്ങള്‍ വില്പനയെ വലുതായി സ്വാധീനിക്കില്ല. എയര്‍ലൈന്‍സ് ഉത്‌പന്നങ്ങള്‍ ഇതിനുദാഹരണമാണ്.

വിപണിയെ സ്വാധീനിച്ച് നിലനിര്‍ത്താന്‍ ഉത്‌പാദകര്‍ ശ്രദ്ധിക്കുന്ന ഒരു മേഖല വിലയിലുള്ള നേതൃത്വം ഏറ്റെടുക്കലാണ്. പലതരം നേതൃത്വത്തെക്കുറിച്ച് നമുക്കറിയാം. അവയില്‍ നമുക്ക് സുപരിചിതമായിട്ടുള്ളത് രാഷ്ട്രീയ-സാമൂഹിക -സാംസ്കാരിക-ആത്മീയ മേഖലകളിലെ നേതൃത്വമാണ്.

എന്താണ് വിലനേതൃത്വം അഥവാ പ്രൈസ് ലീഡര്‍ഷിപ്പ് ?

ഒരേ വസ്തു ഉത്‌പാദിപ്പിക്കുന്ന വിവിധ കമ്പനികളില്‍, പ്രഗത്ഭരായ കമ്പനിയാണ് വിലനേതാവാകുന്നത്. സ്വന്തം ഉത്‌പന്നത്തിനും സേവനത്തിനും ഒരു നിശ്ചിത വില ആ കമ്പനി തീരുമാനിക്കും. മറ്റുള്ളവര്‍ അതിനെ പിന്തുടരും. ചിലപ്പോള്‍ ചെറിയ വ്യത്യാസം വാഗ്ദാനം ചെയ്തുകൊണ്ട് വിപണി കീഴടക്കാന്‍ അനുബന്ധ കമ്പനികളും പരിശ്രമിക്കും.

വിലനേതൃത്വം അഥവാ, പ്രൈസ് ലീഡര്‍ഷിപ്പ് എന്നത് ഒലിഗോപൊളിയുടെ പ്രധാന ഘടകങ്ങളില്‍ ഒന്നാണ്. വിലനേതൃത്വം മൂന്ന്‌ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ആദ്യത്തേതിനെ ‘ബാരോമെട്രിക്’ നേതൃത്വം എന്ന് വിളിക്കുന്നു. ഇതില്‍ ഏതെങ്കിലും ഒരു കമ്പനി ഉത്‌പാദനച്ചെലവിന്റെയോ മറ്റെന്തെങ്കിലും കാരണങ്ങളാലോ വില തീരുമാനിക്കുകയും മറ്റുള്ളവര്‍ അത് അനുകരിക്കുകയും ചെയ്യുന്നു. രണ്ടാമത്തേത് സംയോജിത നേതൃത്വമാണ്. പരസ്പരാശ്രയത്വം തിരിച്ചറിയുന്ന കമ്പനികള്‍ പൊതു ധാരണയോടെ വിലയിലും ഉത്‌പന്നത്തിന്റെ സവിശേഷതകളിലും ഒന്നിച്ച് തീരുമാനമെടുത്ത് മുന്നോട്ടുപോവുന്ന രീതിയാണിത്. മൂന്നാമത്തേത് ആധിപത്യത്തിന്റേതാണ്. ഇത് ഏതെങ്കിലും കമ്പനി മറ്റുള്ളവയുടെ താത്‌പര്യങ്ങള്‍ പരിഗണിക്കാതെ കുത്തകവിപണി പോലെ അവയുടെ മേല്‍ ആധിപത്യം പുലര്‍ത്തുന്ന രീതിയാണ്. ഓരോ മാര്‍ഗവും എങ്ങനെയെങ്കിലും വിപണി കീഴടക്കാനുള്ള ഉത്‌പാദകന്റെ പരിശ്രമത്തിന്റെ ഫലമാണ്.

വിപണി ഒരു സംസ്കാരമാണ്. ഈ സംസ്കാരം സൃഷ്ടിക്കപ്പെടുന്നത് ഉത്‌പാദകനും വില്പനക്കാരനും ഉപഭോക്താവും ചേര്‍ന്നാണ്. ഇവിടെ ആര്, ആരുടെ മേല്‍ ആധിപത്യം പുലര്‍ത്തുന്നു എന്നതാണ് പ്രധാനപ്പെട്ടത്. വിപണിയില്‍ ഉത്‌പാദകന് വലിയ പ്രാധാന്യമുണ്ട്. ഉത്‌പാദകര്‍ സംരംഭകരാണ്. അവരാണ് കമ്പോളത്തെ ചലനാന്മകമാക്കുന്നത്. അവരുടെ റിസ്ക് എടുക്കാനുള്ള നിശ്ചയദാർഢ്യവും പണംമുടക്കാനുള്ള സന്നദ്ധതയുമാണ് ഉത്‌പാദനത്തിന് നിദാനമാവുന്നത്.

ഒരു സ്ഥാപനം നടത്തിക്കൊണ്ടുപോവുന്നവര്‍ക്ക് അതിന്റെ നിലനില്പും വളര്‍ച്ചയും ഏറെ പ്രധാനപ്പെട്ടതാണ്. അവിടെ ജോലിചെയ്യുന്ന തൊഴിലാളിയേക്കാള്‍ പതിന്മടങ്ങ് ചിന്താഭാരം അതിന്റെ ഉടമസ്ഥനാണുള്ളത്. അദ്ദേഹത്തിന്റെ തീരുമാനങ്ങളെടുക്കാനുള്ള കഴിവും നേതൃത്വഗുണങ്ങളുമാണ് സ്ഥാപനത്തെ വളര്‍ത്തുന്നത്. അസംസ്കൃത വസ്തുക്കളുടെ കൃത്യമായ വിനിയോഗത്തിലൂടെ വിപണിക്ക് ആവശ്യമായ ഉത്‌പന്നങ്ങളെ സൃഷ്ടിക്കാനുള്ള കഴിവാണ് ഉത്‌പാദനരംഗത്ത് നേതൃത്വത്തെ സൃഷ്ടിക്കുന്നത്. അതുകൊണ്ട് ഉപഭോക്താവാണ് രാജാവ് എന്നതാണ് വ്യാപകമായ ചിന്തയെങ്കിലും ഉത്‌പാദകരെ വളര്‍ത്താനുതകുന്ന വിപണിസംസ്കാരവും ആവശ്യമായിരിക്കുന്നു.

വിപണി എന്നും അനശ്ചിതാവസ്ഥയുടെ തലമാണ്. വിപണിസാധ്യതകളും വിപണിപരാജയങ്ങളും നിത്യ സാമ്പത്തികസംഭവമായി മാറാറുണ്ട്. ഇവിടെയാണ് ഉത്‌പാദകനോടുള്ള നീതിശാസ്ത്രം മാറ്റുരയ്ക്കപ്പെടേണ്ടത്. ഉപഭോക്താവിനെ മാത്രമല്ല, ഉത്‌പാദകരെയും സംരക്ഷിച്ചില്ലെങ്കില്‍ ഉത്‌പാദനത്തെ പ്രതികൂലമായി ബാധിക്കും. ഉത്‌പാദനം കുറയുന്നത് തൊഴിലിനെയും അതുവഴി വരുമാനത്തെയും നിഷേധാത്മകമായി മാറ്റും. പോള്‍ ജെ. മേയറുടെ അഭിപ്രായത്തില്‍ ഉത്‌പാദനവളര്‍ച്ചയെന്നത് ആകസ്മികമായി സംഭവിക്കുന്ന ഒന്നല്ല, ബുദ്ധിപൂര്‍വമായ ആസൂത്രണത്തിന്റെയും കേന്ദ്രീകൃതമായ പ്രവര്‍ത്തനമികവിന്റെയും ഫലമാണ്. അതുകൊണ്ട് ഉത്‌പാദകരെ പ്രോത്സാഹിപ്പിച്ച് സംരക്ഷിച്ച് വളര്‍ത്തി നിലനിര്‍ത്തുന്നതിലുംകൂടിയാണ് വിപണിയുടെ നീതിശാസ്ത്രം അടങ്ങിയിരിക്കുന്നത്. അതിന് ഓരോ സ്ഥാപനത്തിന്റെയും നേട്ടങ്ങള്‍ എല്ലാവരോടും, പോരായ്മകള്‍ അവരോടും നേരിട്ട്‌ പറയുന്ന മാര്‍ക്കറ്റിങ് സമീപനമുണ്ടാവണം.