ഒരു കമ്പനിയിൽ സ്റ്റാഫ് ട്രെയിനിങ് പ്രോഗ്രാം നടത്തുമ്പോൾ എപ്പോഴും നെഗറ്റീവ് കമന്റുകളുമായി ഒരാൾ കൂടെയെത്തുമായിരുന്നു. കമ്പനി ഉദ്യോഗസ്ഥർ ഞങ്ങളെ സഹായിക്കുവാനായി അയാളെ ഏർപെടുത്തിയതായിരുന്നു. എന്നാൽ അയാൾ സൃഷ്ടിച്ച നെഗറ്റീവ് എനർജി ഗ്രൂപ്പിനെ ബാധിക്കാതിരിക്കുവാൻ നല്ലതുപോലെ പാടുപെടേണ്ടിവന്നു. അതിന്റെ കാരണം എന്തായിരിക്കുമെന്ന്  ഞാൻ മറ്റുള്ളവരോട് ആരാഞ്ഞപ്പോഴാണ് അയാളും ഒരു ട്രെയിനർ ആണെന്ന് മനസ്സിലായത്. ഈ മേഖലയിൽ തുടക്കകാരനായതുകൊണ്ട് അയാൾക്ക് അറിയാവുന്നത് മാത്രമാണ് ശരിയെന്ന മനോഭാവമാണ് നിഴലിക്കുന്നത്. ഏതൊരു മേഖലയിലും തുടക്കകാരന്റെ പ്രശ്നമാണിത്. 
 
ഒരു ബിസിനസ് സംരംഭം തുടങ്ങുന്നവരും അത് വിജയകരമായി വർഷങ്ങളായി മുന്നോട്ട് കൊണ്ടുപോവുന്നവരും തമ്മിൽ മാനോനിലയിൽ വലിയ വ്യത്യാസമുണ്ട്. അതുപോലെതന്നെ പുതുതായി ജോലിക്കു ചേർന്നവരും വളരെ സീനിയറായി അതേ കമ്പനിയിൽ ജോലി ചെയ്യുന്നവരും തമ്മിലും ഈ വ്യത്യാസമുണ്ട്. പുതുപ്പണക്കാരനും പരമ്പരാഗതമായി നല്ല സാമ്പത്തികനിലയിൽ ജീവിച്ചവരും തമ്മിലും ഈ വ്യത്യാസം പ്രകടമാണ്.  
 
ബിസിനസ്‌രംഗത്തും തൊഴിൽമേഖലയിലും വിവിധ തലമുറയിൽപെട്ടവരെ കോർത്തിണക്കി സംരംഭത്തെ മുന്നോട്ട്‌ കൊണ്ടുപോവുക എന്നത് മാനേജ്‌മെന്റ് രംഗത്തുള്ളവർക്ക് വലിയ വെല്ലുവിളിയാണ്.  ‘അവർക്കെന്തിനാ ഇത്രയും ശമ്പളം കൊടുക്കുന്നത്,  പണിയെടുക്കുന്നത് ഞങ്ങളല്ലേ’ എന്ന് ചോദിക്കുന്ന പുതുതലമുറയേയും നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ തക്കവിധം അനുഭവസമ്പത്തുള്ള മുതിർന്ന തലമുറയേയും പ്രസ്ഥാനത്തോട് ചേർത്തുനിർത്തി കൊണ്ടുപോവാൻ സാധിക്കുന്നിടത്താണ് മാനേജ്‌മെന്റുകൾ വിജയിക്കുന്നത്. 
 
യഥാർത്ഥത്തിൽ കൂറും ആന്മാർത്ഥതയും ആർക്കാണ്  എന്നതും തർക്കമറ്റ വിഷയമാണ്. ഒരുതരത്തിൽ ചിന്തിച്ചാൽ എല്ലാവരേയും ആവശ്യമാണ്. എന്നാൽ മറ്റൈാരു വീക്ഷണകോണിൽ ആരേയും വലിയ അത്യാവശ്യമില്ല. മനുഷ്യപ്രകൃതിതന്നെ ആവശ്യത്തിന് പറ്റിയ സജ്ജീകരണങ്ങൾ നടത്തും. തൊഴിലിടങ്ങൾ എന്നും മാറ്റത്തിന് വിധേയമാണ്. അത് വ്യക്തികളുടെ കാര്യത്തിലും ഉത്പാദനപ്രക്രിയയിലും ഉത്പന്നങ്ങളുടെ വ്യത്യാസത്തിലും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കും. ഇതിൽ ഏറ്റവും സവിശേഷമായ തലമാണ് ജീവനക്കാരുടെ മനോഭാവത്തിലും എണ്ണത്തിലും കഴിവിലുമുള്ള മാറ്റം. പണ്ട് മുപ്പത് വർഷത്തെ കാലയളവാണ് തലമുറയുടെ വിടവ് എന്ന് കണ്ടെത്തിയിരുന്നത്. ഇന്നത് അഞ്ച് വർഷത്തിൽ താഴെയാണ്.  

പുതുതലമുറയ്ക്ക്  മുതിർന്ന തലമുറയോടുള്ള പുച്ഛം നിഴലിക്കുന്നത് വാക്കുകളിലറിയാം. ഒരിക്കൽ ഒരു പൊതുമേഖലാസ്ഥാപനത്തിൽ ജോലിക്ക് കയറിയ ചെറുപ്പക്കാരി തന്റെതന്നെ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥനെക്കുറിച്ച് പറഞ്ഞതിപ്രകാരമാണ്. ‘എല്ലാമറിയാമെന്നാണ് ഭാവം, ഡി.ജി.എമ്മിന് ഒരു എക്സൽ ഷീറ്റ് വരക്കാൻ പോലുമറിയില്ല.’ ഇപ്രകാരം  വീമ്പിളക്കുന്ന പുതുതലമുറക്കാരുടെ അല്പത്തരത്തിന് എന്താണ് മറുപടി പറയേണ്ടത് ?
 
ഇനി പഴയ തലമുറയുടെ ചിന്തയോ ? അവരില്ലെങ്കിൽ ഇവിടെ ഒന്നും സംഭവിക്കുകയില്ല എന്നാണ്. ഗൗളിയെപ്പോലെ താൻ ആഞ്ഞുപിടിച്ചിരിക്കുന്നതുകൊണ്ടാണ് മേൽക്കൂര താഴെ വീഴാത്തത് എന്ന് ചിന്തിക്കുന്ന ഗൗളി സിൻഡ്രോമുള്ളവർ നിരവധിയാണ്.  
ഓരോ തലമുറയ്ക്കും വ്യത്യസ്തമായ നേതൃത്വപാടവവും ആശയവിനിമയരീതികളും സംരംഭക വികസനമാനങ്ങളുമാണുള്ളത്. അതുകൊണ്ട് എല്ലാവർക്കും സാഗതാർഹവും ഊഷ്മളവുമായ തൊഴിലിടങ്ങൾ സൃഷ്ടിക്കുവാൻ പ്രാപ്തമായ മാനേജ്‌മെന്റ് വൈദഗ്ദ്ധ്യം ഏറെ പ്രധാനപ്പെട്ടതും കാലഘട്ടത്തിന്റെ ആവശ്യവുമാണ്.  ആജ്ഞാപിച്ച് അനുസരിപ്പിക്കുന്ന കാലം കഴിഞ്ഞതിനാൽ  വിവിധ വിഭാഗക്കരെ കോർത്തിണക്കി ശക്തമായ ടീം സ്പിരിറ്റിൽ കൂട്ടായ പ്രവർത്തനത്തിന് സജ്ജമാക്കുക എന്നതാണ് നൂതന വെല്ലുവിളി.  

പരസ്പരമുള്ള ബന്ധങ്ങൾ ഊഷ്‌ളമാകാൻ വിവിധ മാർഗങ്ങൾ ആവിഷ്കരിക്കാം. ഉദാഹരണത്തിന്, ആശയവിനിമയത്തിന് സഹായകരമായ വർക്ക്‌ ഷോപ്പുകൾ, സ്കിൽ വികാസത്തിനുതകുന്ന സെമിനാറുകൾ എന്നിവ സംഘടിപ്പിക്കുക, ഒന്നിച്ചുള്ള യാത്രകൾ, വിനോദങ്ങൾ, കലാകായിക പ്രവർത്തനങ്ങൾ  ഇവയൊക്കെ മാനേജ്മന്റ് ധർമത്തിൽ പെടുന്നു. അതിന് വലിയ തുക ഈവക കാര്യങ്ങൾക്കായി മാറ്റിവയ്ക്കേണ്ടിവരും. വ്യക്തികളെ മാനേജ്‌ ചെയ്യുക എന്നത് മണി മാനേജ്‌മെന്റിന്റെ ഭാഗമാണ്. കാരണം, മനുഷ്യവിഭവശേഷിയാണ് ഏറ്റവും വലിയ സമ്പത്ത്. കുറച്ച് പേരെക്കൊണ്ട് കൂടുതൽ പണിയെടുപ്പിക്കുക എന്ന മാനേജ്‌മെന്റ് പശ്ചാത്തലത്തിൽ ഇപ്രകാരം വേറിട്ടുള്ള ചിന്തയും പ്രധാനപ്പെട്ടതാണ്.
 
സാമ്പത്തികരംഗത്തും തലമുറകളുടെ വിടവ്  രസകരമായ കാഴ്ചകളാണ് സൃഷ്ടിക്കുന്നത്. കഴുത്തിലും കാതിലും കൈയ്യിലും ഘനമേറിയ സ്വർണാഭരണമണിഞ്ഞുനടക്കുന്ന പുതുപ്പണക്കാരായ പുരുഷന്മാർ തലമുറകളുടെ വിടവിന്റെ മറ്റൊരു ചിത്രവും കൂടിയാണ്. പരമ്പാരാഗത പണക്കാരൻ കുറച്ചുകൂടി പക്വമായ രീതിയിൽ വ്യാപരിക്കുന്നത് കാണാം. പണമാണ് എല്ലാമെന്ന് ചിന്തിക്കുന്നവർക്കിടയിൽ അവർ വ്യത്യസ്തരായിരിക്കും. അതുപോലെ മാതാപിതാക്കൾ നിർമിച്ച വീടും സാഹചര്യവും മറ്റും പുച്ഛത്തോടെ നോക്കി ഇവരെ എന്തിനു കൊള്ളാമെന്ന് ചിന്തിക്കുന്ന പുതുതലമുറ മക്കളുമുണ്ട്.  അല്പം പണം വന്നുചേർന്ന്കഴിയുമ്പോൾ എല്ലാം മറക്കുന്നവർ. കലാരംഗത്തും സംഘടനകളുടെ ഔദ്യോഗികസ്ഥാനത്തും സമാനമായ ചിന്താഗതിയുടെ വിഭിന്നരംഗങ്ങൾ ദൃശ്യമാണ്. 

ജോർജ് ഓർവെല്ലിന്റെ അഭിപ്രായത്തിൽ ഓരോ തലമുറയും അവർ മുമ്പത്തെ തലമുറയേക്കാൾ ബുദ്ധിയുള്ളവരും വരാൻ പോവുന്ന തലമുറയേക്കാലൾ വിവേകമുള്ളവരും ആണെന്നാണ് ചിന്തിക്കുന്നത്. ഓർക്കുക, ഓരോ കാലഘട്ടത്തിലും വ്യത്യസ്ത മൂല്യങ്ങൾക്കായാണ് മനുഷ്യൻ പണിയെടുക്കുന്നത്. അതിൽ പണം കൊടുത്ത് വാങ്ങിക്കേണ്ട സാധനങ്ങളും വാങ്ങാൻ പറ്റാത്തവയുമുണ്ട്. വാങ്ങിക്കേണ്ടെ സാധനങ്ങൾക്ക് പണമുണ്ടാവണം. പണം നൽകിയാൽ ലഭിക്കാത്ത സാധനങ്ങളും ജീവിതത്തിൽ നഷ്ടപ്പെട്ടിട്ടില്ല എന്നുറപ്പാക്കുകയും വേണം. ഇത് എല്ലാ തലമുറയ്ക്കും ബാധകമാണ്.