പ്രവീൺ നഗരത്തിലെ ടെക്സ്റ്റൈൽ ഷോറൂമിൽ മാനേജരായിരുന്നു. വളരെ ഊർജസ്വലനായ ചെറുപ്പക്കാരൻ. വീട്ടുകാർക്കും നാട്ടുകാർക്കും വളരെ പ്രിയങ്കരനായിരുന്നു. ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന സന്തുഷ്ട കുടുംബം. ഓരോ ദിവസത്തെയും വരവ്‌-ചെലവ് കണക്കുകൾ എഴുതുമ്പോൾ തന്റെ കടയുടമസ്ഥന്റെ വരുമാനം അയാളെ അദ്‌ഭുതപ്പെടുത്തി. തനിക്കും ഒരിക്കൽ ഇതുപോലെ ഒരു ഷോപ്പിന്റെ ഉടമയാവണം. അയാൾ കണക്കുകൂട്ടി.

സംരംഭങ്ങൾ തുടങ്ങാൻ ബാങ്കുവായ്പ കിട്ടുമല്ലോ എന്ന്‌ അയാൾ ഓർത്തു. സ്വന്തം വീടും സ്ഥലവും ഈടുകൊടുത്ത് അറുപത് ലക്ഷം രൂപ ലോണെടുത്തു. മൂന്നു ലക്ഷം രൂപ വാടകയിൽ മൂന്നുനില കെട്ടിടം വാടകയ്ക്കെടുത്ത് എ.സി.യുമൊക്കെ വച്ച് ഷോറൂം നവീകരിച്ചാണ് സംരംഭത്തിന് തുടക്കമിട്ടത്. താഴത്തെ നിലയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഡ്രസുകൾ, രണ്ടാം നിലയിൽ പുരുഷന്മാർക്കുള്ളത്, മൂന്നാമത്തെ നിലയിൽ പൊതുവായി വീടുകൾക്കാവശ്യമുള്ള െബഡ്ഷീറ്റുകൾ, കർട്ടനുകൾ തുടങ്ങിയ തുണിത്തരങ്ങൾ എന്നിങ്ങനെ വ്യക്തമായി പ്ലാൻ ചെയ്ത് ക്രമീകരിച്ചു. വസ്ത്രനിർമാണ കമ്പനികളും തുണിമില്ലുകാരും കടമായി തുണിത്തരങ്ങൾ എത്തിച്ചുകൊടുത്തു. 
 
എന്നാൽ, വിചാരിച്ചതുപോലെ കച്ചവടം നടന്നില്ല. വാടകയും ജീവനക്കാരുടെ ശമ്പളവും മറ്റ് ചെലവുകളും എല്ലാംകൂടി മാസാമാസം നൽകേണ്ട തുകയ്ക്ക് ആനുപാതികമായി വിറ്റുവരുമാനമില്ലാത്തതുകൊണ്ട് വീണ്ടും വ്യക്തികളിൽനിന്ന് അമിത പലിശയ്ക്ക് കടം മേടിച്ചുകൂട്ടി. ഒടുവിൽ കടം കുന്നുകൂടി. ഒരുനാൾ പ്രവീൺ നാടുവിട്ടു. വിടും സ്ഥലവും ബാങ്കുകാർ ജപ്തിചെയ്തു. ഭാര്യയും കുട്ടികളും വാടകവീട്ടിലേക്ക്‌ മാറി. ഇന്നും പ്രവീൺ എവിടെയെന്നറിയാതെ കുടുംബം നിരാശയിൽ കഴിയുന്നു. കടം കൊടുത്തവർ കടയിൽ ഉണ്ടായിരുന്നതും അവശേഷിച്ചതുമായ സാധനങ്ങൾ എടുത്തുകൊണ്ടുപോയി. ചെറുതായി തുടങ്ങി വലുതാവാൻ ശ്രമിച്ചിരുന്നെങ്കിൽ ഈ വിനാശത്തിൽനിന്ന് ഒഴിവാകാമായിരുന്നു. 
   
ക്രെഡിറ്റ് ഇക്കോണമിയുടെ വളർച്ച സാമ്പത്തികചരിത്ര പ്രയാണത്തിൽ നിർണായകമായ നാഴികക്കല്ലാണ്. പല സംരംഭങ്ങളും ഉടലെടുക്കുന്നതും വളരുന്നതും പണം കടമായി ലഭിക്കുന്നതുകൊണ്ടുകൂടിയാണ്. എന്നാൽ, പിന്നീട് പണം കൊടുത്താൽ മതിയല്ലോ എന്നോർത്ത് സാധനങ്ങൾ വാങ്ങിക്കൂട്ടരുത്. ആദ്യ പന്ത്രണ്ട് മാസത്തേക്ക് പലിശയില്ല എന്നിങ്ങനെയുള്ള നിബന്ധനകളുടെ നിജസ്ഥിതി മനസ്സിലാക്കുക. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വായ്പയിലുള്ള വളർച്ചയും ആസ്തിയിലുള്ള വളർച്ചയും ആനുപാതികമായിരിക്കണം. 
 
എന്റെ 30 വർഷത്തിലേറെയുള്ള സാമ്പത്തികശാസ്ത്ര അധ്യാപന പരിചയവും അനേകം വ്യക്തികളുടെ സാമ്പത്തിക ഇടപെടലുകളിൽ കൺസൽട്ടന്റ് ആയി ഏർപ്പെട്ട അനുഭവങ്ങളും സാമ്പത്തികമായി വിജയിച്ചവരുടെയും പരാജയപ്പെട്ടവരുടെയും  ജീവിതങ്ങളുടെ നേർക്കാഴ്ചകളും നിറഞ്ഞ അനുഭവസമ്പത്താണ് സാമ്പത്തിക കോളമെഴുതാൻ പ്രചോദനമായത്. ഏതെങ്കിലുമൊക്കെ ജീവിതങ്ങളെ തൊട്ടുണർത്താൻ സഹായിക്കുക എന്ന അധ്യാപനധർമത്തിൽ നിന്നാണ് വരുമാനവും ചെലവും കടവും സമ്പാദ്യവും കൈകാര്യം ചെയ്യാൻ പഠിപ്പിക്കുക എന്ന ഉദ്യമത്തിലെത്തിയത്. 
 
കടം മൂലം ജീവിതം ഹോമിച്ചവരുടെ നീണ്ടനിര എന്റെ കൺമുന്നിലുണ്ട്. എന്തുകൊണ്ട് ഇപ്രകാരം സംഭവിക്കുന്നു ? എന്താണ് കടവും വരുമാനവും തമ്മിലുള്ള നിരക്ക് ? ഒരുദാഹരണത്തിലൂടെ വ്യക്തമാക്കാം. ഒരാൾക്ക് 25,000 രൂപ അറ്റ വരുമാനമുണ്ടെന്ന് വിചാരിക്കുക. പ്രതിമാസം വീട്ടേണ്ട കടം നാലായിരമാണെങ്കിൽ, നാലായിരത്തിനെ 25,000 കൊണ്ട് ഹരിച്ച് കിട്ടുന്ന തുക അതായത് 0.16 അഥവാ 16 ശതമാനമാണ് അയാളുടെ വായ്പാ നിരക്ക്. അറ്റവരുമാനത്തിന്റെ 16 ശതമാനം കടമെടുക്കാമെന്ന് സാരം. സാമ്പത്തിക ഉപദേഷ്ടാക്കളുടെ അഭിപ്രായത്തിൽ ഈ നിരക്ക് 20 ശതമാനത്തിൽ താഴെയായിരിക്കണം. ഇതിനകത്ത് ഭവനവായ്പ മുതലായവ ഉൾപ്പെടുന്നില്ല. കാരണം, അറ്റവരുമാനത്തിൽ നിന്നാണ് നമ്മൾ ഈ കണക്കുകൂട്ടൽ നടത്തുന്നത്. െക്രഡിറ്റ് കാർഡ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്നത് ഈ മാനദണ്ഡത്തിലായിരിക്കണം.
 
കടം ഉണ്ടാവുന്നിൽ തെറ്റില്ല. എന്നാൽ, കടം ഉണ്ടായതെങ്ങനെയെന്ന് ചിന്തിക്കുക. വരുമാനത്തിലുമധികം ചെലവാക്കുന്നവർ, തെറ്റായ ഉപദേശത്തിന്റെ പിന്നാലെ പോയവർ, കൂട്ടുകാർക്കും ബന്ധുക്കൾക്കും വിവേകമില്ലാതെ കടം കൊടുത്തവർ,  ക്രെഡിറ്റ് കാർഡിന്റെ ഉപയോഗത്തിൽ വീഴ്ച പറ്റിയവർ, താഴ്ന്ന ക്രെഡിറ്റ് സ്കോറുള്ളവർ, സമ്പാദിക്കാനറിയാത്തവർ, മറ്റുള്ളവരുടെ ജീവിതരീതി കണ്ട് അനുകരിക്കാൻ പോവുന്നവർ, പാകമാകുന്നതിനു മുമ്പേ പഴുക്കാൻ ശ്രമിച്ചവർ, ആരെയോ കാണിക്കാൻവേണ്ടി മാത്രം വലിയ വീടും കാറും കടത്തിലൂടെ സ്വന്തമാക്കിയവർ, ഇ.എം.ഐ. അടച്ചുതീർക്കാൻവേണ്ടി മാത്രം ജീവിക്കുന്നവർ തുടങ്ങിയ ശ്രേണിയിൽ എവിടെയാണ് ഞാനും പെട്ടിട്ടുള്ളത് എന്നാണ് അന്വേഷിക്കേണ്ടത്. 
 
കടം വാങ്ങി സംരംഭങ്ങളിൽ ഏർപ്പെട്ടവരിൽ വിജയിച്ചവരും ധാരാളമുണ്ട്. അബ്ദുൾ കലാമിന്റെ വാക്കുകൾ ഓർക്കാം. ‘വിജയിച്ചവരുടെ കഥകൾ മാത്രം വായിച്ചിട്ടു കാര്യമില്ല, കാരണം അവ നമുക്ക് ചില സന്ദേശങ്ങൾ മാത്രം നൽകും. എന്നാൽ, പരാജിതരുടെ കഥകൾ ആശയങ്ങൾ തരും. അവ പാഠപുസ്തകമാക്കാം. പരാജയകഥകൾ കേട്ട് പിന്നോട്ട് പോവുകയുമരുത്. ചെലവാക്കുന്നതിലെ മിതത്വമാണ് വിജയത്തിന്റെ ഒരു അടിസ്ഥാനം’. ഖലീൽ ജിബ്രാൻ പറഞ്ഞതുപോലെ ‘തനിക്കാവുന്നതിലധികം നൽകുന്നത് ഔദാര്യമാണ്. എന്നാൽ, ആവശ്യത്തിൽ കുറച്ചുമാത്രം ഉപയോഗിക്കുന്നത് അഭിമാനവും’. അതുകൊണ്ട് ജീവിക്കാൻ പഠിക്കുക എന്നതാണ് സാമ്പത്തികാസൂത്രണത്തിൽ പ്രധാനപ്പെട്ടത്.