കേരളത്തിലെ ഒരു കടലോരഗ്രാമത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ എം.ബി.എ. റാങ്ക്ജേതാവിനെ അനുമോദിക്കാനുള്ള യോഗത്തിൽ ഞാൻ സംബന്ധിക്കുകയായിരുന്നു. പണമില്ലാത്തതിന്റെ പേരിൽ ഒരു വിദ്യാർഥിയുടേയും പഠനം മുടങ്ങരുത് എന്ന അവിടത്തെ മൈക്രോഫിനാൻസ് സംരംഭങ്ങളുടെ തീരുമാനത്തിന്റെ ഫലമായി വിദ്യാഭ്യാസരംഗത്ത് വലിയ വളർച്ച അനുഭവിച്ച ഒരു ഗ്രാമപ്രദേശമായിരുന്നു അത്. എൻജിനീയറിങ്ങിനും എം.ബി.എ.യ്ക്കും പഠിക്കാൻ പണം വായ്പയായി കൊടുക്കുന്ന വിധത്തിലേക്ക് ആ ഗ്രാമത്തിലെ മൈക്രോഫിനാൻസ് സംരംഭങ്ങൾ വളർന്നതിന്റെ സൂചികയും കൂടിയായിരുന്നു ആ സമ്മേളനം. ‘സാമ്പത്തിക ഉൾപ്പെടുത്തലും ഉൾച്ചേരലും’  എന്ന ആശയം പ്രയോഗികമായി നടപ്പിലാക്കുന്ന വികസന പങ്കാളിത്തമാണ് എനിക്ക് അവിടെ ദർശിക്കാനായത്. 
 
ഒരു ജനതയുടെ സാമ്പത്തികവളർച്ച രണ്ടു തലങ്ങളിലൂടെയാണ് വ്യാപരിക്കുന്നത്. ഒന്നാമത്തേത് സാമ്പത്തിക ഉൾപെടുത്തലാണ്. രണ്ടാമത്തേത് അതിൽ ഉൾചേരലാണ്. ഇതിൽ ആദ്യത്തേത് ബാഹ്യമായ സാമ്പത്തികശക്തികളാൽ ക്രമീകൃതമാക്കപ്പെടുന്നതാണ്. രണ്ടാമത്തേത് വ്യക്തിപരമായ ആന്തരചോദനയാൽ നയിക്കപ്പെടുന്നതുമാണ്. എല്ലാവർക്കും മാന്യമായി ജീവിക്കാനുതകുന്ന രീതിയിൽ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുക എന്നത് കേവലനീതിയുടെ വിതരണത്തിന്റെ ഭാഗമാണ്. രണ്ടു പ്രക്രിയയും സമ്മിശ്രമായി ഒരേപോലെ മുന്നേറിയാൽ മാത്രമേ വളർച്ച സ്വായത്തമാവുകയുള്ളു. 

ലോകബാങ്കിന്റെ അഭിപ്രായത്തിൽ ദാരിദ്ര്യവും സാമ്പത്തിക ഉൾപ്പെടുത്തലും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഐക്യരാഷ്ട്ര സംഘടന മൂന്നു തലത്തിലായാണ് ഈ ഉൾപ്പെടുത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന ബാങ്കിങ് സൗകര്യങ്ങൾ, വായ്പാ പദ്ധതികൾ, ഇൻഷുറൻസ് പോലുള്ള സംവിധാനങ്ങളുടെ ലഭ്യത എന്നിവയാണ് ഈ മൂന്നു കാര്യങ്ങൾ. ഇത് പ്രധാനമായും പ്രാഥമികവും അടിസ്ഥാനപരവുമായ സാമ്പത്തിക സൗകര്യങ്ങൾ മാത്രമാണ്. സുതാര്യവും സുരക്ഷിതവുമായ സാമ്പത്തിക സ്ഥാപനങ്ങളുടെ ലഭ്യതയും നിക്ഷേപങ്ങൾക്ക് തുടർച്ചയും സുസ്ഥിരതയും ഉറപ്പാക്കൽ തുടങ്ങിയ അവസ്ഥകളും ഇവക്ക് ഉപോദ്ബലകങ്ങളായ ഘടകങ്ങളാണ്. 

സാമ്പത്തിക വിനിമയ രംഗത്ത് അദ്ഭുതാവഹമായ മാറ്റങ്ങൾ ആണ് ഈ നാളുകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വസ്തുക്കൾക്ക് പകരം വസ്തുക്കൾ കൈമാറ്റം ചെയ്തുകൊണ്ടിരുന്ന ‘ബാർട്ടർ’ സമ്പ്രദായത്തിൽനിന്ന്  സാമ്പത്തിക വ്യവഹാരങ്ങൾ പിന്നീട് പണ വ്യവസ്ഥയിലേക്കും തുടർന്ന് െക്രഡിറ്റ് ഇക്കോണമിയിലേക്കും വളർന്നു. അതിന്റെ ഫലമായി സാമ്പത്തിക വളർച്ച വരുമാനമില്ലാത്തവരുടെ ഇടയിലേക്കും വായ്പാരൂപത്തിൽ എത്തി.  ഇന്ന് ഡിജിറ്റൽ യുഗത്തിൽ കാഷ്‌ലെസ് ഇക്കോണമിയിലേക്ക് കടക്കുമ്പോൾ വളർച്ചയുടെ പടവുകളിൽ  വലിയ ഒരു വിഭാഗം തഴയപ്പെടുന്നുണ്ടെങ്കിൽ അത് ജനാധിപത്യപരമായ വളർച്ചയാവില്ല. സാമ്പത്തികമായി ഉള്ളവനും ഇല്ലാത്തവനും തമ്മലുള്ള അന്തരം വർധിക്കുന്നത് മുന്നോട്ടുള്ള വളർച്ചയ്ക്ക് വിഘാതമാണ്. അതുകൊണ്ട്, പണവിനിമയ രംഗത്ത് ബോധപൂർവകമായ  ഉൾച്ചേർക്കലുകൾ, പ്രത്യേകിച്ച് താഴ്ന്ന വരുമാനക്കരെയും കൂടി ചേർത്ത് നടത്തണം. ഈ ഉൾച്ചേർക്കലുകൾ വിവിധ തലങ്ങളിലായാണ് നടക്കേണ്ടത്.

എല്ലാവർക്കും ബാങ്ക് അക്കൗണ്ട്: 
ഒന്നാമത്തെ തലം ബാങ്കിങുമായി ബന്ധപ്പെട്ടതാണ്. ഏതൊരു സാമ്പത്തിക ഉൾച്ചേർക്കലിന്റെയും പ്രഥമതലം ബാങ്കിങ് ആണ്. ഭാരതത്തിൽ അടുത്ത നാളുകളായി ബാങ്കിങ് രംഗത്ത് പുതിയ അംഗങ്ങളെ ചേർക്കൽ ദ്രുതഗതിയിൽ നടക്കുന്നുണ്ട്. അവികസിത ഗ്രാമപ്രദേശത്തേക്കും ബാങ്ക് ശാഖകൾ വ്യപിപ്പിക്കാനുള്ള പരിശ്രമം തുടരുകയാണ്. ആശാവഹമായ ഒരു മാറ്റമാണിത്. എന്നാൽ ഇക്കാര്യത്തിൽ നമുക്ക് ഇപ്പോഴും സമ്പൂർണ ബാങ്കിങ് സാക്ഷരത അവകാശപ്പെടാനാവില്ല. 

മൈക്രോഫിനാൻസ്: 
 രണ്ടാമത്തെ തലം ചെറുകിട സമ്പാദ്യവും നിക്ഷേപവും വായ്പയും ഉറപ്പാക്കുന്ന മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട വളർച്ചയാണ്. ഗാർഹികദാരിദ്ര്യം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയതാണെങ്കുലും ഇന്നു പലതും വൻവരുമാന സ്രോതസ്സായി മാറിക്കഴിഞ്ഞു. സ്വയം തൊഴിൽ സംരംഭങ്ങളിലൂടെ തൊഴിൽസാധ്യതകളും വർധിച്ചു. 

ചെറുകിട വ്യവസായ യൂണിറ്റുകൾ: 
 ലഘുനിക്ഷേപത്തിൻമേൽ വ്യവസായം തുടങ്ങാനാവുമെന്നതാണ് ചെറുകിട യൂണിറ്റുകളുടെ പ്രത്യേകത. ക്ലസ്റ്റർ രൂപത്തിൽ ധാരാളം സ്ഥാപനങ്ങൾ തുടങ്ങാനും ബ്രാൻഡ് മാർക്കറ്റിങ്ങിലേക്ക് വഴിതെളിക്കാനും സാധിച്ചാൽ സാമ്പത്തിക ഉൾച്ചേരൽ എളുപ്പത്തിൽ സാധിക്കും.  

സാമ്പത്തിക ഉത്‌പന്നങ്ങളുടെ വൈവിധ്യവും ലഭ്യതയും മത്സരവും: 
കൃത്യമായ തിരഞ്ഞെടുപ്പ് നടത്താനാവാത്തവിധം വിവിധ സമ്പാദ്യ സ്കീമുകൾ, വായ്പാ പദ്ധതികൾ, ഇൻഷുറൻസ് സംവിധാനങ്ങൾ എന്നിവയും ഈ പ്രക്രിയയുടെ ഉപഘടകങ്ങളാണ്. ഏതാണ് മെച്ചപ്പെട്ടത് എന്ന് തീർത്തുപറയാനാവാത്ത വിധത്തിൽ സ്കീമുകളും ഉത്‌പന്നങ്ങളും സാമ്പത്തിക വിപണിയിലുണ്ടെന്ന് ഉറപ്പാക്കുകയാണ് ചെയ്യേണ്ടത്. 

സാമ്പത്തിക സാങ്കേതികവിദ്യ: 
സാമ്പത്തിക വിനിമയത്തിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വളർച്ച പ്രധാനപ്പെട്ടതാണ് ‘ഫിൻടെക്’ എന്നറിയപ്പെടുന്ന ഈ രംഗത്ത് ഡിജിറ്റൽ സംവിധാനങ്ങളുടെ ഉപയോഗം വ്യപകമാവുകയാണ് ചെയ്യുന്നത്. കാഷ്‌ലെസ് ഇക്കോണമിയും ലെസ്‌ കാഷ് ഇക്കോണമിയും സജീവമാവണമെങ്കിൽ സാങ്കേതികവിദ്യയിലുള്ള അഭ്യസനം എല്ലാവർക്കും സാധ്യമാവണം. ബാങ്കിടപാടുകൾ സുതാര്യതയും സുരക്ഷിതത്വവും ഇതുവഴി ഉറപ്പാക്കാവുന്നതാണ്. 
 
ഉൾപ്പെടുത്തലും ഉൾചേർക്കലും എന്ന രണ്ടു പ്രക്രിയയിലും ക്രത്യമായ അവലോകനം ആവശ്യമാണ്. കാരണം, വ്യക്തിപരമായും സംരംഭപരമായു ഈ സംവിധാനങ്ങൾ മൂലം സാമ്പത്തികബാധ്യത കൂടുകയണോ ചെയ്തത് എന്നത് വിലയിരുത്തി, ആവശ്യമായ നിയന്ത്രണവും ഈ രംഗത്ത് ഏർപ്പെടുത്തണം. കാരണം, സാമ്പത്തിക ഇടപാടുകൾ ജനകീയമാവുമ്പോൾ അതിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങളും ഉടലെടുക്കുന്നു. എന്നാൽ, ഐക്യരാഷ്ട്ര സംഘടനയുടെ മുൻ സെക്രട്ടറി ജനറലായിരുന്ന  കോഫി അന്നൻ ഒരിക്കൽ പ്രസ്താവിച്ചതുപോലെ ‘സാമ്പത്തിക രംഗത്ത് ഇന്നത്തെ വെല്ലുവിളിയും ആവശ്യവും എല്ലാവരെയും ഉൾപ്പെടുത്തുക എന്നതുതന്നെയാണ്‌.’