കെ.വൈ.സി. എന്ന പ്രയോഗം മിക്കവർക്കും സുപരിചിതമാണ്. നമ്മൾ ഒരു ബാങ്കിടപാടിനോ മറ്റെന്തെങ്കിലും ആവശ്യത്തിനോ ഒരു സ്ഥാപനത്തെ സമീപിക്കുമ്പോൾ നമ്മളെക്കുറിച്ചുള്ള വിവരങ്ങൾ അവർക്ക് അറിയാനായി പൂരിപ്പിച്ചുകൊടുക്കേണ്ട അപേക്ഷാ ഫോമാണ് കെ.വൈ.സി. നിങ്ങളുടെ ഉപഭോക്താവിനെ അറിയുക അഥവാ നോ യുവർ കസ്റ്റമർ എന്നതാണ് അതിന്റെ പൂർണരൂപം. അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് കെ.വൈ.പി. അഥവാ നോ യുവർ പ്രോഡക്ട്. ഉത്പന്നത്തെ അറിയുക എന്നത് ഉപഭോക്താവിന്റെ ആവശ്യമായതിനാൽ അവർതന്നെ ഉത്സാഹിച്ച് പരിശ്രമിച്ച് നേടേണ്ട അറിവാണിത്. 

പദാർത്ഥങ്ങളുടെ അഥവാ, ഉത്പന്നങ്ങളുടെ കണ്ടുപിടിത്തവും വിപണനവും കമ്പോളത്തെ നിരന്തരം സജീവമാക്കുന്നു. ഉപഭോക്താവിന് ആവശ്യമുള്ളതെല്ലാം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ വിപണി ഉണരുമ്പോൾ ‘ഉപഭോക്താവാണ് രാജാവ്’ എന്നത് കേവലം ആലങ്കാരികം മാത്രമായി മാറാതിരിക്കണമെങ്കിൽ ഉപഭോക്താവ് താൻ വാങ്ങുന്ന ഉത്പന്നത്തിന്റെ നിജസ്ഥിതി മനസ്സിലാക്കിയിരിക്കണം. വിപണിയുടെ ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഉത്പന്നങ്ങളുടെ വൈവിധ്യമാണ്. ലാഭം മാത്രം ലക്ഷ്യമാക്കി നീങ്ങുന്ന വിപണിയെ ഉപഭോക്താവിന് സ്വാധീനിക്കാനാവും. വിപണിയുടെ ചൂക്ഷണത്തിൽനിന്ന് ഉപഭോക്താവിനെ രക്ഷിക്കാനായി 1986-ൽ ഭാരതത്തിൽ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽവന്നു. എങ്കിലും അത് പ്രയോഗത്തിൽ വരുത്തുന്നവരുടെ എണ്ണം ഉപഭോക്താക്കളുടെ എണ്ണത്തിന് ആനുപാതികമായി കുറവാണ്. 

സാമ്പത്തികശാസ്ത്രത്തിൽ എച്ച്.എച്ച്. ഹോസൻ എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്റെ  ഉപഭോക്തൃ സംതൃപ്തിയുടെ രണ്ടാം നിയമം എന്ന പേരിൽ അറിയപ്പെടുന്ന സിദ്ധാന്തമനുസരിച്ച് ഒരു ഉപഭോക്താവ് തന്റെ കൈയിലുള്ള പണം വിവിധ വസ്തുക്കൾക്കായി ഉപയോഗിക്കുമ്പോൾ അവ ഓരോന്നിൽ നിന്നും കിട്ടുന്ന സംതൃപ്തിയെ തുല്യമാക്കാനും പരമാവധിയാക്കാനും ശ്രമിക്കുന്നു എന്ന് വിശദീകരിക്കുന്നു. ഉപഭോക്താവിന് പരമാവധി സംതൃപ്തി എന്ന അവസ്ഥയിൽ എത്തണമെങ്കിൽ വിപണിയും ഉത്പന്നവും വിലയും കൃത്യമായും വ്യക്തമായും മനസ്സിലാക്കിയിരിക്കണമെന്ന് ഈ നിയമം പ്രസ്താവിക്കുന്നു.  

ബാർ കോഡ് എന്നത് ഉത്പന്നങ്ങളെ കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്ന സംവിധാനമാണ്. അതിൽ ഉത്പന്നത്തെ കുറിച്ചുള്ള പൂർണവിവരങ്ങൾ അടങ്ങിയിരിക്കുന്നു. ആധുനിക സാങ്കേതികവിദ്യയുടെ വളർച്ചയുടെ ഫലമായി ഇലക്‌ട്രോണിക് രീതിയിലാണ് ഇത് രേഖപ്പെടുത്തുന്നത്. ഓരോ വരയും ഓരോതരം അക്കങ്ങളെ സൂചിപ്പിക്കുന്നു. ഈ അക്കങ്ങൾ പ്രതിനിധാനം ചെയ്യുന്നത് ഉത്പന്നത്തിന്റെ വില, ഉത്പാദന യൂണിറ്റ്, തീയതി തുടങ്ങിയ വിവിധ തലങ്ങളെയാണ്. 

ഓരോ ഉത്പന്നത്തിന്റെയും വൈവിധ്യമനുസരിച്ച്  വില, ഗുണമേന്മ, ഉപയോഗ കാലാവധി, വിൽപ്പനാനന്തര സേവനം തുടങ്ങിയവ വ്യത്യസ്തമാണ്. ഉദാഹരണത്തിന് ഉത്പന്നം ദൈനംദിന ആഹാരപദാർത്ഥമാണെങ്കിൽ അതിന്റെ നിർമിതി മുതൽ വിഷമയമായ മായം പോലുള്ള വസ്തുക്കൾ അടങ്ങിയിട്ടുണ്ടോ എന്നതാണ് അറിയേണ്ടത്. ചിലപ്പോഴെങ്കിലും പലർക്കും ഇതൊക്കെ അറിയാമെങ്കിലും വാങ്ങിക്കാനും ഉപയോഗിക്കാനും വ്യത്യസ്ത കാരണങ്ങളാൽ നിർബന്ധിതരാവുന്നു. 

വാഹനമാണെങ്കിൽ അതിന്റെ ഉത്പാദന വൈദഗ്ദ്ധ്യം, കമ്പനിയുടെ വിശ്വാസ്യത, ഫ്യൂവൽ ഉപയോഗം, വില തുടങ്ങിയവ വളരെ പ്രധാനപ്പെട്ടതാണ്. പല കമ്പനികളും അവരുടെ ഉത്പന്നത്തിന്റെ പ്രത്യേകതകൾ വിവരിച്ചുകൊണ്ടുള്ള ലഘുലേഖകളും ബ്രോഷറുകളും നൽകാറുണ്ട്. വാഹനം വാങ്ങിക്കുന്നതിനുമുമ്പ് പല കമ്പനികളുടെയും ഇതുപോലുള്ള പ്രസിദ്ധീകരണങ്ങൾ സംഘടിപ്പിച്ച് താരതമ്യം ചെയ്തു നോക്കുക ഉപഭോക്താവിന്റെ ഉത്തരവാദിത്വമാണ്. 

ഇൻഷുറൻസ് പോലുള്ള ഉത്പന്നമാണെങ്കിൽ അതിന്റെ കാലാവധി, പ്രീമിയം, ആനുകൂല്യങ്ങൾ, നൽകുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത എന്നിവയോടൊപ്പം ഇതിനുമുമ്പ് ഈ ഉത്പന്നം ഉപയോഗിച്ച്‌ മുൻകാല അനുഭവമുള്ളവരെ തേടി കാര്യങ്ങൾ വിശദമായി മനസ്സിലാക്കുന്നത് പിന്നീട് കബളിപ്പിക്കപ്പെടാതിരിക്കാൻ ഇടയാകും. 

ഓഹരിവിപണിയാണെങ്കിൽ റിസ്കുള്ളതിനാൽ അനുഭവസമ്പത്ത് പ്രധാനപ്പെട്ടതാണ്. എല്ലാ നിക്ഷേപ സാധ്യതകളും എല്ലാവർക്കും അനുയോജ്യമല്ല. മാത്രവുമല്ല, ഓരോരുത്തരുടെയും റിസ്ക് ടോളറൻസ് ലെവലും വ്യത്യസ്തമാണ്. ഓഹരിവിപണിയിലൂടെ പണം സമ്പാദിച്ചവരും ഉള്ളത് നഷ്ടപ്പെട്ടവരും ധാരാളമുണ്ട്. ദീർഘകാലം, ഹ്രസ്വകാലം എന്നിങ്ങനെ വിവിധങ്ങളായ നിക്ഷേപസാധ്യതകളുള്ളതിനാൽ ജാഗ്രതയോടെ വിപണി പഠിക്കുക എന്നതാണ് പ്രധാനപ്പെട്ടത്. 

വിദ്യാഭ്യാസ ഉത്പന്നമാണെങ്കിൽ സർട്ടിഫിക്കറ്റ് നൽകുന്ന സ്ഥാപനത്തിന്റെ നിലവാരവും ആ കോഴ്‌സ് പഠിച്ചാലുള്ള തൊഴിൽസാധ്യതകളും അറിയേണ്ടതുണ്ട്. കോഴ്‌സ് പഠിക്കാനുള്ള ചെലവും വിദ്യാഭ്യാസവായ്പ ലഭിക്കാനുള്ള സാധ്യതകളെക്കുറിച്ചുള്ള അന്വേഷണവും പ്രധാനപ്പെട്ടതാണ്. 

ഭൂമി പോലുള്ള റിയൽ എസ്റ്റേറ്റ് മേഖലയിൽ പിൽക്കാല വിൽപ്പനസാധ്യതകളും ആ പ്രദേശത്തെ പുരോഗമനസാധ്യതകളും പരിഗണിക്കേണ്ടതുണ്ട്.  ആശുപത്രി, ആരാധനാലയം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി സമീപത്തുള്ള അവശ്യസ്ഥാപനങ്ങളുടെ ലഭ്യതയും പ്രധാനപ്പെട്ടതാണ്. അപ്പാർട്ട്‌മെന്റാണ് വാങ്ങുന്നതെങ്കിൽ കെട്ടിടം പണിതിട്ട് എത്ര വർഷമായെന്നും ജലം പോലുള്ള അവശ്യ വസ്തുക്കളുടെ ലഭ്യതയും ആ ഭൂപ്രദേശത്തിന്റെ പ്രത്യേകതകളും വളരെ പ്രധാനപ്പെട്ടതാണ്. 

ഉപഭോക്താവ് എന്നും പരമാവധി സംതൃപ്തിയും വിൽപ്പനക്കാർ എപ്പോഴും മുന്തിയ ലാഭവും ലക്ഷ്യം വയ്ക്കുന്നതിനാൽ രണ്ടുംകൂടി സന്തുലിതമായ അവസ്ഥയിലാണ് വിൽപ്പന നടക്കുന്നത്. അതുകൊണ്ടുതന്നെ ഉപഭോക്താവിന് ആവശ്യമുള്ളതാണ് ഉത്പാദകൻ വിപണിയിലെത്തിക്കുന്നത്. എന്നാൽ, നല്ല പെയിന്റാണെന്നും പറഞ്ഞ് വീട് മേടിക്കുന്നതുപോലെ വിഡ്ഢിത്തങ്ങളിലേക്ക് സ്വയം ചാടുന്ന ഉപഭോക്താക്കളുമുണ്ട്. ഉത്പന്നങ്ങൾ വിറ്റഴിക്കാൻ വിവിധ തന്ത്രങ്ങൾ വിൽപ്പനക്കാർ മെനയുന്നു. അത് വിപണിയുടെ ആവശ്യവുമാണ്.  എന്നാൽ ‘മിക്കായേൾ ലിബോഫ്’  അഭിപ്രായപ്പെട്ടതുപോലെ ഏറ്റവും വലിയ ബിസിനസ് തന്ത്രം സംതൃപ്തനായ ഉപഭോക്താവാണ്.