ളരെ ദരിദ്രമായ സാഹചര്യത്തിലാണ് സിജി ജനിച്ചുവളർന്നത്. മാതാപിതാക്കൾ കൂലിപ്പണി ചെയ്ത് പുലർത്തിയിരുന്ന കുടുംബത്തിലെ അംഗമായിരുന്നു അവൾ. പഠിക്കാൻ മിടുക്കിയായിരുന്നതിനാൽ മറ്റുള്ളവരുടെ സഹായത്താലും ലോൺ എടുത്തും മാതാപിതാക്കൾ സിജിയെ നഴ്‌സിങ് ബിരുദത്തിന് പഠിപ്പിച്ചു. ഉയർന്ന മാർക്കോടെ പാസ്സായ അവൾക്ക്, വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലി ലഭിച്ചു. തുടർന്ന് വീടിന്റെ സാമ്പത്തിക സ്ഥിതി ഉയരാൻ തുടങ്ങി. നല്ല ഒരു ഭവനം പണിതു. മാതാപിതാക്കളെ കൂലിപ്പണിക്ക് വിടാതെ, ജീവിതച്ചെലവിനും അനുജന്റെ പഠനാവശ്യങ്ങൾക്കുമായി എല്ലാ മാസവും കൃത്യമായ തുക അവൾ അയയ്ക്കാൻ തുടങ്ങി. അതിനിടയിൽ, സമ്പന്നകുടുംബത്തിൽ നിന്നുള്ള യുവാവുമായി വിവാഹവും നടന്നു. 

പക്ഷേ, സിജിയുടെ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. വിദേശത്ത് ജോലിയുള്ള പെൺകുട്ടിയുടെ മാസവരുമാനവും കൂടി കണക്കുകൂട്ടിയാണ് ഭർത്താവിന്റെ വീട്ടുകാർ ഈ ബന്ധത്തിന് മുതിർന്നത്. അവരുടെ കുടുംബ ബിസിനസ് മുന്നോട്ട്‌ കൊണ്ടുപോകാനുള്ള ഒരു മാർഗമായാണ് അവർ ഈ വിവാഹത്തെ കണ്ടത്.  അതുകൊണ്ട്, സിജി സ്വന്തം വീട്ടിലേക്ക് പണമയയ്ക്കുന്നതുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങൾ ഉണ്ടായി. അവളുടെ സഹോദരന് ജോലി ആവുന്നതുവരെ തന്റെ മാതാപിതാക്കളുടെ സംരക്ഷണവും ജീവിതച്ചെലവും താൻതന്നെ നൽകണമെന്നവൾ പറഞ്ഞു. എന്നാൽ, ശമ്പളം ജോയിന്റ് അക്കൗണ്ടിലേക്ക് മാറ്റണമെന്നും പണം പിൻവലിച്ചാൽ താൻ അറിയണമെന്ന നിലയിൽ ഭർത്താവിന്റെ ഫോൺനമ്പർ ബാങ്കിടപാടിലെ സന്ദേശങ്ങൾക്ക് നൽകണമെന്നുമുള്ള ഭർത്താവിന്റെ ആവശ്യത്തിനു മുന്നിൽ സിജി വിഷമിച്ചു. താൻ ഒട്ടും ആഗ്രഹിക്കാത്ത വിവാഹമോചനത്തിനു വരെ തയ്യാറാണെന്ന് സിജി പറഞ്ഞപ്പോൾ, ദുഖവും നിർവികാരതയും ഒരേസമയം എനിക്ക് ആ കണ്ണുകളിൽനിന്ന് വായിച്ചെടുക്കാമായിരുന്നു.

സ്വന്തം മാതാപിതാക്കളെ ഭാര്യ നോക്കണമെന്ന് ഏതൊരു ഭർത്താവും ആഗ്രഹിക്കുന്നതു പോലെതന്നെ, തന്റെ മാതാപിതാക്കളെ ഭർത്താവ് കരുതണമെന്ന് സ്ത്രീയും ആഗ്രഹിക്കുന്നു. മാത്രവുമല്ല, തന്റെ മാതാപിതാക്കളെ സ്നേഹിക്കുന്ന ഭർത്താവ് ഏതൊരു സ്ത്രീയുടെ മനസ്സിലും ദൈവത്തോളം ഉയരുമെന്നതും സത്യമാണ്. പണ്ട് ധാരാളം മക്കൾ ഉണ്ടായിരുന്നപ്പോൾ ബന്ധങ്ങളുടെ സമവാക്യം വ്യത്യസ്തമായിരുന്നു. പെൺമക്കൾ മറ്റ് കുടുംബങ്ങളിലേക്കുള്ളവരാണെന്ന അവബോധത്തിൽ വളർത്തിയിരുന്നു. എന്നാൽ, ഇന്ന് രണ്ടു പെൺമക്കൾ മാത്രമുള്ള കുടുംബങ്ങളും സ്ത്രീകളാൽ സാമ്പത്തികമായി നടത്തപ്പെടുന്ന കുടുംബങ്ങളുടെ എണ്ണവും വർധിച്ചു.

നോബൽ സമ്മാന ജേതാവും ഭാരതീയ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യാ സെന്നിന്റെ ‘ക്ഷേമ സാമ്പത്തികശാസ്ത്രം’ പ്രധാനമായും ലിംഗസമത്വവും അസമത്വവും എപ്രകാരം ക്ഷേമത്തെ ബാധിക്കുന്നു എന്നതുമായി ബന്ധപ്പെട്ടുള്ളതാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സാമ്പത്തിക ശാസ്ത്രത്തിന്റെ ആശങ്കകൾ പ്രധാനമായും നീതിയുടെയും ന്യായത്തിന്റെയും ആശങ്കകളുമായി എന്നും ബന്ധപ്പെട്ടാണിരിക്കുന്നത്. വിദ്യാഭ്യാസവും ശക്തീകരണ പ്രവർത്തനങ്ങളും വഴിയായി സ്ത്രീയുടെ സാമ്പത്തിക പങ്കാളിത്തം വർധിച്ചു. സമൂഹം ഇന്നും പിതൃദായക വഴികളിലൂടെ മാത്രം ചലിക്കുന്നതിനാൽ അസമത്വം ഉണ്ടാവുകയും അത് അരാജകത്വത്തിലേക്ക് വഴിതെളിക്കുകയും ചെയ്യുന്നു. 

നമ്മുടെ കുടുംബബന്ധങ്ങളിൽ വന്ന മാറ്റം ചിന്തനീയമാണ്. പണ്ട് കുടുംബങ്ങളിൽ വരുമാനമുണ്ടായിരുന്നത് പുരുഷനായിരുന്നു, അതുകൊണ്ടുതന്നെ അധികാരമുള്ളവനും. തീരുമാനങ്ങളെടുത്തിരുന്നതും പുരുഷനായിരുന്നു. ഒരാൾ തീരുമാനമെടുക്കുകയും മറ്റുള്ളവർ അനുസരിക്കുകയും ചെയ്യുന്നതുമൂലം പുറമെ നോക്കുമ്പോൾ കുടുംബങ്ങൾ സമാധാനപരമായി കാണപ്പെടുമെങ്കിലും അകത്ത് അനീതിയും നീരസങ്ങളും അന്നും ഉണ്ടായിരുന്നു. പോകാൻ വേറെ ഇടമില്ലാതിരുന്നതിനാലും ജീവിക്കാൻ വേറെ മാർഗമില്ലാതിരുന്നതിനാലും വിവാഹമോചനത്തെക്കുറിച്ച് പണ്ട് സ്ത്രീകളാരുംതന്നെ ചിന്തിച്ചിട്ടേയില്ല.

രണ്ടുപേരും വരുമാനമുണ്ടാക്കുകയും തീരുമാനമെടുക്കുകയും ചെയ്തതിലേക്ക് കുടുംബങ്ങൾ വളർന്നപ്പോൾ, സാമ്പത്തികഭദ്രത കൂടിയെങ്കിലും താൻപോരിമയും അഹങ്കാരവും ചില സ്ത്രീകളെയെങ്കിലും ഭരിക്കാൻ തുടങ്ങി. സ്ത്രീകൾക്ക്‌ മൊത്തത്തിൽ വന്ന മാറ്റം ഉൾക്കൊള്ളാനോ അതനുസരിച്ച് മാറാനോ പുരുഷന്മാർക്കും സമൂഹത്തിനും സാധിക്കാതെ വരുന്നതുകൊണ്ട് സാമ്പത്തിക പ്രശ്നങ്ങളാൽത്തന്നെ വിവാഹമോചനങ്ങൾ ഏറുകയാണ്. മറ്റ് വൈകാരിക പ്രശ്നങ്ങളും ഇതിനോടനുബന്ധിച്ചാണ് നിലകൊള്ളുന്നത്. അതുകൊണ്ട്, മുതിർന്നവരുടെ കുടുബജീവിത രീതികളെ കോപ്പിയടിക്കാതെ കാലാനുസൃതവും വിവേകപരവുമായ സമീപനം ആവശ്യമാണ്. 

മുതിർന്ന പൗരന്മാരുടെ ജീവിതക്ഷേമവുമായി ബന്ധപ്പെട്ട 2007-ലെ ആക്ടനുസരിച്ച് മാതാപിതാക്കളുടെ ജീവിതക്ഷേമത്തിന് മകൾക്കും  തുല്യബാധ്യതയും ഉത്തരവാദിത്വവുമാണുള്ളതെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. കോടതിവിധികളുടെ അടിസ്ഥാനത്തിൽ, ഇതിന്റെ ലംഘനം  ശിഷാർഹമായ കുറ്റമായും പരിഗണിക്കപ്പെടുന്നു. പക്ഷേ, ഈ ആക്ടിന് വേണ്ട പ്രചാരണം ഇന്നും ലഭിച്ചിട്ടില്ല. 

ഇതിന് ഒരു മറുവശം കൂടിയുണ്ട്, ‘പെൺമക്കളിൽനിന്ന് കിട്ടുന്നതു മുഴുവനും പോരട്ടെ’ എന്നു ചിന്തിക്കുന്നവരും അവധിക്കു വരുമ്പോൾ എന്തെങ്കിലും കാരണം പറഞ്ഞ് മകളുടെ കല്യാണം നീട്ടിക്കൊണ്ടുപോകുന്നവരും ധാരാളമായി നമ്മുടെ ഇടയിലുണ്ട്. ആവശ്യങ്ങളുടെ നീണ്ട പട്ടികയുണ്ടാക്കുന്നവർ മക്കളെ സ്നേഹിക്കുകയല്ല, ഉപയോഗിക്കുകയാണ് ചെയ്യുന്നത്. മക്കളിൽനിന്ന് ഒന്നും പ്രതീക്ഷിക്കാതെ മാതാപിതാക്കൾക്ക് ജീവിക്കാനായാൽ ജീവിതം കുറച്ചുകൂടി  ആയാസകരമാവും. 
 
‘എന്റെ പണം’, ‘നിന്റെ പണം’ എന്ന് ദമ്പതിമാർ ചിന്തിക്കാതെ, ‘നമ്മുടെ പണം’ എന്ന ചിന്തയിലേക്ക് ഉയരുക എന്നതാണ് അഭികാമ്യമായിരിക്കുന്നത്. ഇതേ ചിന്ത ‘എന്റേത്’, ‘നിന്റേത്’ എന്ന വ്യത്യസമില്ലാതെ മാതാപിതാക്കളുടെ സംരംക്ഷണത്തിന്റെ കാര്യത്തിലുമുണ്ടാവണം. 
 
ഓർക്കുക, നമ്മൾ മുതിർന്നവരുടെ അഭിപ്രായങ്ങൾ മാനിക്കുന്നത്, അവർ അത് അർഹിക്കുന്നതുകൊണ്ടോ അത് എപ്പോഴും ശരിയായതുകൊണ്ടോ അല്ല. മറിച്ച്, അവരുടെ തെറ്റായ അനുഭവങ്ങളിൽനിന്നു കൂടി അവർ സംസാരിക്കുന്നതുകൊണ്ടും കൂടിയാണ്. എന്നാൽ, സ്വന്തം മാതാപിതാക്കളെ ബഹുമാനിക്കാത്തവർക്ക് ആരോടും ബഹുമാനമുണ്ടാവുകയില്ല.