മറ്റുള്ളവരുടെ കൈയിലെ പണം എങ്ങനെ കൈവശപ്പെടുത്താം-എന്ന് ചിന്തിച്ചുനടക്കുന്നവര്‍ അപകടകാരികളാണ്. ആര്‍ത്തിപൂണ്ട ജീവിത വ്യഗ്രതയുടെ ഉടമകളാണ് ഇക്കൂട്ടര്‍. പണം ഇല്ലാത്തവരെ ഇവര്‍ എപ്പോഴും കുറ്റപ്പെടുത്തുകയും പുച്ഛിക്കുകയും ചെയ്യും.

ജിത്തു ക്ലാസിൽ എന്നെ ഏറെ വിസ്മയിപ്പിച്ച വിദ്യാർഥിയാണ്. കോളേജിലെ അധ്യാപക - രക്ഷാകർതൃസമിതിയുടെ സെക്രട്ടറി എന്ന നിലയിൽ അർഹനായ ഒരു വിദ്യാർഥിക്ക് സമിതിയുടെ നേതൃത്വത്തിൽ വീട് നിർമിച്ചുകൊടുക്കാനുള്ള നിയോഗമുണ്ടായി. അതിനായി ഞാൻ ജിത്തുവിനെ കണ്ടെത്തി. അവനോട് കാര്യങ്ങൾ സംസാരിച്ചു.

എന്നാൽ, അവന്റെ മറുപടി എന്നെ ഞെട്ടിച്ചു. ‘എന്നേക്കാൾ അർഹത നമ്മുടെ തന്നെ ക്ലാസിലെ സഞ്ജുവിനാണ് ടീച്ചറെ. അവൻ റെയിൽവേയുടെ പുറമ്പോക്കിലാണ്  താമസിക്കുന്നത്’. ശരി ഞാൻ സഞ്ജുവിനോട് സംസാരിക്കാമെന്ന് പറഞ്ഞു. പക്ഷേ, അത് സ്വന്തമായി ഭൂമിയുള്ളവർക്ക് മാത്രം വീട് നിർമിച്ചു നൽകാനുള്ള പദ്ധതിയായിരുന്നു. അതിനാൽ ആ തീരുമാനം വീണ്ടും ജിത്തുവിലെത്തി. മാത്രവുമല്ല, ഞാൻ ജിത്തുവിനോട് പറഞ്ഞു. ‘എന്തുകൊണ്ടും നീ തന്നെ ഇതിന് യോഗ്യൻ. നിന്റെ ഈ മനോഭാവം തന്നെ അതിന് കാരണമായി ഞാൻ കരുതുന്നു’. 

സാമ്പത്തികശാസ്ത്രത്തിൽ കുറയുന്ന സീമാന്തോപയുക്തത അഥവാ ഡിമിനിഷിങ് മാർജിനൽ യൂട്ടിലിറ്റി എന്ന ഒരു സിദ്ധാന്തമുണ്ട്. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ആൽഫ്രഡ് മാർഷലിന്റെ അഭിപ്രായത്തിൽ ഏതെങ്കിലും വസ്തുക്കൾ കൂടുതലായി നമ്മൾ ഉപയോഗിക്കുന്തോറും അതിൽ നിന്ന് കിട്ടുന്ന ഉപയുക്തത കുറഞ്ഞുകൊണ്ടേയിരിക്കും.

ഉദാഹരണത്തിന് ഒരാൾക്ക് ദാഹിച്ചാൽ അയാൾ കുടിക്കുന്ന ആദ്യത്തെ ഒരു ഗ്ലാസ് വെള്ളം നൽകുന്ന തൃപ്തി തുടർന്ന് അപ്പോൾത്തന്നെ കുടിക്കുന്ന രണ്ടാമത്ത ഗ്ലാസ് വെള്ളത്തിന് ഉണ്ടാവണമെന്നില്ല. പിന്നീട് ‘മതി’ എന്ന അവസ്ഥയിലേക്ക് എത്തും. വീണ്ടും വെള്ളം കുടിച്ചാൽ നെഗറ്റീവായ തൃപ്തിയായിരിക്കും ലഭിക്കുന്നത്. വളരെ വിശപ്പോടെ നമ്മൾ ഒരു സദ്യയ്ക്ക് ഇരുന്നാൽ ആദ്യത്തെ ഉരുള ചോറിന്റെ രുചി പോലെയായിരിക്കില്ല, വയറ് നിറഞ്ഞതിനു ശേഷം കഴിക്കുന്ന ഭക്ഷണത്തിന്റേത്. അവസാനം എനിക്ക് മതിയായി എന്ന് പറഞ്ഞ് നമ്മൾ എഴുന്നേൽക്കുന്നു. 

വസ്ത്രത്തിന്റെയും മറ്റ് പല സാധനങ്ങളുടെയുമൊക്കെ കാര്യത്തിൽ ഈ നിയമം ശരിയാണ്. ഒരു പുതിയ വസ്ത്രം ഉപയോഗിക്കുന്നതിലെ താത്പര്യം മറ്റൊരു പുതിയ വസ്ത്രം ലഭിക്കുമ്പോൾ ക്രമേണ കുറയുന്നു. ഈ സിദ്ധാന്തത്തിന് സാർവത്രിക പ്രാധാന്യമുണ്ടെങ്കിലും വ്യക്തിപരമായും സ്ഥലകാലദേശ വ്യത്യാസമനുസരിച്ചും ഇതിന്റെ പ്രായോഗികതയ്ക്ക് വ്യത്യാസമുണ്ട്. എങ്കിലും ചില പൊതുസ്വഭാവങ്ങൾ ദർശിക്കാനാവും. 

എന്നാൽ,  പണം ഈ നിയമത്തിന് അപവാദമാണ്. കിട്ടുന്തോറും വീണ്ടും വാരിക്കൂട്ടാനുള്ള ആക്രാന്തം ഏറുന്നവരാണ് പലരും. പണം എന്ന പദാർത്ഥത്തെ ഒരുവൻ ഏതു രീതിയിലാണ് സമീപിക്കുന്നത് എന്നതാണ് പ്രധാനപ്പെട്ടത്. അതുകൊണ്ടുതന്നെ അതിന്റെ ശേഖരണവും സംരക്ഷണവും വളർത്തലും കൈമാറ്റം ചെയ്യലും വിവിധ രീതിയിലാണ് നടത്തപ്പെടുന്നത്. വ്യക്തിപരമായ സമീപനവും കാഴ്ചപ്പാടുമനുസരിച്ച് പണത്തിന്റെ കാര്യത്തിൽ ഈ നിയമം വ്യത്യസ്തമാവുന്നു.  

ചിലർ പണം സിരകളിൽ ഉള്ളവരാണ്. ഇവർ ഏറെ അപകടകാരികളാണ്. കാരണം മറ്റുള്ളവരുടെ കൈയിലെ പണം എങ്ങനെ തങ്ങളുടെ കൈവശം എത്തിച്ചേർക്കാമെന്ന് ഇക്കൂട്ടർ എപ്പോഴും ആലോചിക്കുന്നു. അതിനായി തന്ത്രങ്ങൾ മെനയുന്നു. ആർത്തിപൂണ്ട ജീവിതവ്യഗ്രതയുടെ ഉടമകളാണ് ഇക്കൂട്ടർ. പണം ഇല്ലാത്തവരെ ഇവർ എപ്പോഴും കുറ്റപ്പെടുത്തുകയും പുച്ഛിക്കുകയും ചെയ്യും. 

പണം തലച്ചോറിൽ ഉള്ളവരാണ് രണ്ടാമത്തെ കൂട്ടർ. ഇവർ എന്നും കണക്കുകൂട്ടലുകൾ നടത്തുന്നു. മരണവീട്ടിൽ ചെന്നാലും ഇവിടെ ഇപ്പോൾ സെന്റിന് എന്ത് വിലയുണ്ടെന്ന് അന്വേഷിക്കും. എന്നിട്ട് തന്റെ കൈവശമുള്ളതിനെ വിൽക്കുന്നതിനെയും വേറെ വാങ്ങുന്നതിനെയും കുറിച്ച് മാത്രമായിരിക്കും അവിടെയിരുന്നും ചിന്തിക്കുന്നത്. രാത്രിയുടെ യാമങ്ങളിലും ഇവർ ലാഭ, നഷ്ട കണക്കുകൾ എഴുതിവയ്ക്കാൻ എഴുന്നേൽക്കും. പണപ്പെട്ടിയുടെ താക്കോലുകൾ പല പ്രാവശ്യം തപ്പുകയും സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യും. 

മൂന്നാമത്തെ കൂട്ടർ പണം മനസ്സിൽ കൊണ്ടുനടക്കുന്നവരാണ്. കിഴിക്കലും കൂട്ടലും കഴിഞ്ഞ് വർഷങ്ങളോളം ഇവർ പക മനസ്സിൽ സൂക്ഷിക്കുന്നവരാണ്. ഞാൻ ഇനി ഈ വീട്ടിൽ കയറുന്ന പ്രശ്‌നമേയില്ല,  അല്ലെങ്കിൽ അവനോട് ഇനി മിണ്ടത്തേയില്ല എന്ന് തീരുമാനമെടുത്തവർ. താൻ മാത്രമല്ല തന്റെ ഭാര്യയും മക്കളും അവരുമായി ഒരു അടുപ്പവും പുലർത്താൻ പാടില്ല എന്ന് ഇക്കൂട്ടർ വാശി പിടിക്കുന്നു. കുടുംബസമാധാനമോർത്ത് മാത്രം പലരും ഇയാളെ അനുസരിക്കാൻ നിർബന്ധിതരാവുന്നു. 

എന്നാൽ, പണത്തെ നിർത്തേണ്ടിടത്ത് നിർത്തുന്നവൻ പണത്തോടൊപ്പം ഹൃദയബന്ധങ്ങളെയും കാത്തുസൂക്ഷിക്കുന്നു. ജീവിക്കാൻ പണം വേണം. എന്നാൽ പണത്തിനുവേണ്ടി മാത്രം ജീവിക്കരുത്. അവനവന് ആവശ്യമായ പണം ന്യായമായി സമാഹരിക്കാനും വിവേകത്തോടെ ചെലവഴിക്കാനും ഇവർ ശ്രദ്ധാലുക്കളാണ്. അതോടൊപ്പം ബന്ധങ്ങളെ നിലനിർത്താനും അപരനെ പരിഗണിക്കാനും പരിശ്രമിക്കുന്നു. വിവേകത്തോടെ മനസ്സിലും സ്നേഹത്തോടെ ഹൃദയത്തിലും പണം കൊണ്ടുനടക്കുന്നതാണ് അഭികാമ്യമായിട്ടുള്ളത്.

പണം, സ്വത്ത് തുടങ്ങിയ സാമ്പത്തിക സൂചികകളെ ആകെ തകിടം മറിച്ചുകൊണ്ടാണ് പ്രളയം കടന്നുവന്നത്. അതിനെ തുടർന്നുണ്ടായ ആനുകൂല്യങ്ങളും ലഭിച്ചു തുടങ്ങുകയാണ്. എന്നേക്കാളും അർഹതയുള്ളവരുണ്ട് എന്ന കരുതൽ നമ്മളെ ഏറെ മനുഷ്യത്വമുള്ളവരാക്കും. മിഗുയേൽ ഡി സെർവാന്റിസിന്റെ വാക്കുകൾ ശ്രദ്ധിക്കുക: ‘നിങ്ങൾക്ക് പരിശ്രമിച്ച് നേടാനാവുന്നത് ഒരിക്കലും യാചിച്ച് മേടിക്കരുത്.’