ളരെ അവിചാരിതമായിട്ടാണ് ഞാന്‍ വിനുവിനെ വിദേശത്തുവച്ച് കണ്ടുമുട്ടിയത്. ഒരു സ്കൂളിന്റെ മുന്‍വശത്ത് നില്‍ക്കുന്ന എന്നെ കണ്ടുകൊണ്ട് വണ്ടി നിര്‍ത്തി ഇറങ്ങിവന്നതാണ് അവന്‍. ‘നിനക്കിവിടെ എന്താ പണി’, ഞാന്‍ ചോദിച്ചു. പ്ലസ്ടു പാസായി എന്നല്ലാതെ വലിയ വിദ്യാഭ്യാസമൊന്നും അവനില്ലായെന്ന് എനിക്കറിയാമായിരുന്നു. അവന്‍ പറഞ്ഞു ‘ടീച്ചറായതുകൊണ്ട് സത്യം പറയാമല്ലോ, രാവിലെ 11 മണി വരെ ഞാന്‍ ഒരു പെട്രോള്‍ പമ്പില്‍ ജോലി ചെയ്യും.

11 മുതല്‍ വൈകീട്ട് അഞ്ചുവരെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലാണ് പണി. അതിനുശേഷം 7 മണി മുതല്‍ ഒരു വൈന്‍ പാര്‍ലറില്‍ വൈന്‍ ഒഴിച്ചുകൊടുക്കുന്ന പണിയാണ് ചെയ്യുന്നത്’. ഇറ്റാലിയന്‍ വൈന്‍, ഫ്രഞ്ച് വൈന്‍ എന്നിങ്ങനെ വിവിധ വൈന്‍ ബ്രാൻഡുകളെ കുറിച്ചും അതിന് അണിയുന്ന പ്രത്യേക യൂണിഫോമിനെ കുറിച്ചും അവന്‍ വാചാലനായി. എല്ലാംകൂടി നിനക്ക് എന്ത് വരുമാനമുണ്ടെന്ന എന്റെ അന്വേഷണത്തിനും അവന്‍ മറുപടി നല്‍കി. പാര്‍ലറില്‍നിന്നു കിട്ടുന്ന വരുമാനം കൊണ്ട് ഞാന്‍ ഇവിടെ ജീവിക്കും. ബാക്കി രണ്ടു സ്ഥലത്തെയും വരുമാനം ഞാന്‍ മിച്ചം പിടിക്കും. അതു വച്ച് നാട്ടില്‍ ചെറിയ നിക്ഷേപവും സാധിച്ചു.

‘ടീച്ചറ് ഇതൊന്നും ചെന്ന് നാട്ടില്‍ചെന്ന് പറയരുത്. എനിക്ക് മള്‍ട്ടിനാഷണല്‍ കമ്പനിയിലാ ജോലിയെന്നാണ് ഞാന്‍ നാട്ടില്‍ പറഞ്ഞിരിക്കുന്നത്’. അവിടെയും ഇവിടെയും പറഞ്ഞുനടക്കുന്ന സ്വഭാവം എനിക്കില്ലെന്നും പറഞ്ഞാലും പബ്ലിക് ആയിട്ട് എന്റെ പ്രസംഗത്തിലൂടെയോ എഴുത്തിലൂടെയോ പറയുകയുള്ളൂ എന്നും ഞാന്‍ മറുപടി നല്‍കി.

എനിക്ക് അവനില്‍ വലിയ അഭിമാനം തോന്നി. കാരണം തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായിരുന്ന നാളുകളില്‍ ജീവിക്കാനായി നാടുവിട്ടവനാണ് അവന്‍. ഇതുപോലെ ജീവിതം പച്ചപിടിക്കാനായി ശ്രമിച്ചവരുടെ ധാരാളം അനുഭവകഥകള്‍ നമുക്ക് ചുറ്റുമുണ്ട്. അതിജീവനത്തിന്റെ വഴികള്‍ തേടാന്‍ മലയാളി എന്നും മുന്നിലാണ്. ലോകമെമ്പാടും മലയാളികള്‍ ഉള്ളതുതന്നെ അതിജീവനത്തിനായുള്ള പാച്ചിലിന്റെ ഫലമാണ്.

അതിജീവനം മലയാളിക്ക് പുതിയ അനുഭവമല്ല. കുടിയേറ്റങ്ങള്‍ ഏറ്റവും കൃത്യമായ ഉദാഹരണമാണ്. ജീവിക്കാനുള്ള സമ്മര്‍ദത്തിന്റെ പേരില്‍ മലബാറിലും ഹൈറേഞ്ചിലും ചേക്കേറിയ നിരവധി കുടുംബങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. കാട് വെട്ടിത്തെളിച്ച് മണ്ണിനോടു പടവെട്ടി കാട്ടാനയെയും പ്രകൃതിക്ഷോഭങ്ങളെയും വരുതിയില്‍ നിര്‍ത്തി കരുത്ത് തെളിയിച്ചവര്‍ നിരവധിയാണ്.

അതിജീവനം കേവലം മലബാറിലോ ഹൈറേഞ്ചിലോ ഒതുങ്ങിയില്ല. തുടര്‍ന്ന് കടന്നുവന്നത് വിദേശ കുടിയേറ്റങ്ങളായിരുന്നു. പലരും വിദ്യാഭ്യാസത്തിനനുസൃതമായ തൊഴിലന്വേഷിച്ച് നാടുവിട്ടു. അത്യാവശ്യം പണമുണ്ടാക്കി തിരിച്ചുപോരണമെന്ന് ആഗ്രഹിച്ചുകൊണ്ടാണ് നാട് വിട്ടത്. പിന്നീട് വിവാഹവും കുടുംബവും ഒക്കെയായി വിദേശവാസം തുടര്‍ന്നു.

ഗള്‍ഫ് മാത്രമല്ല, യു.കെ., യു.എസ്.എ., ഓസ്ട്രലിയ, യൂറോപ്പ് എന്നിവിടങ്ങളില്‍ മരുപ്പച്ച തേടി എത്തിച്ചേര്‍ന്ന അനേകം മലയാളി കുടുംബങ്ങളുണ്ട്. ഇവരില്‍ പലരെയും ഈ നാളുകളില്‍ അടുത്തറിയാന്‍ കഴിഞ്ഞു. മദ്ധ്യ തിരുവിതാംകൂറിന്റെ മുഖച്ഛായ തന്നെ മാറ്റിയ നഴ്‌സുമാര്‍, മലബാറിന്റെ വളര്‍ച്ച സുഗമമാക്കിയ ഉദ്യോഗസ്ഥരും ബിസിനസ്സുകാരുമടങ്ങിയ മലയാളി സമൂഹം. ഇവരോടെല്ലാം ഈ നാട് വളരെയധികം കടപ്പെട്ടിരിക്കുന്നു.

മലയാളിയുടെ അതിജീവനം ആഫ്രിക്കയിലേക്കും കടന്നു. കൃഷിക്കും ബിസിനസ്സിനും സാധ്യതയുള്ളതിനാല്‍ അവിടെയും മലയാളി പൊന്നു വിളയിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഈ കഥകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. കാരണം ഈ നാളുകളില്‍ പലരുടെയും ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. പ്രളയം സൃഷ്ടിച്ച ആകുലതകള്‍ ചുറ്റും അലയടിച്ചുകൊണ്ടാണിരിക്കുന്നത്. എവിടെ നിന്ന് തുടങ്ങണമെന്നറിയാതെ നില്‍ക്കുമ്പോള്‍ മുന്നേ കടന്നുപോയവരുടെ അതിജീവനത്തിന്റെ അനുഭവകഥകള്‍ കരുത്തുപകരുന്നു.

കുടിയേറ്റത്തിന്റെ സാമ്പത്തിക ശാസ്ത്രം എന്ന പഠനമേഖല ചില സാമ്പത്തിക സൂചികകള്‍ മുന്നോട്ടു വയ്ക്കുന്നു. ഹാര്‍വി ലിവിങ്‌സ്റ്റണ്‍ എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്റെ അഭിപ്രായത്തില്‍ ആഘാതങ്ങള്‍, പ്രചോദകങ്ങള്‍ എന്നീ രണ്ട്‌ അവസ്ഥകളിലൂടെയാണ് ജീവിതം മുന്നോട്ടു പോവുന്നത്. ആഘാതമെന്നത് അപ്രതീക്ഷിത നഷ്ടങ്ങളോ പ്രകൃതിദുരന്തങ്ങളോ പോലെ വികസന പ്രക്രിയയെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളാണ്.

പ്രചോദകങ്ങള്‍ ഉത്തേജകങ്ങളാണ്. പ്രചോദകങ്ങള്‍ ആഘാതങ്ങളെക്കാള്‍ ശക്തമായി മാറ്റിക്കൊണ്ട് ആഘാതങ്ങളെ കീഴടക്കി മുന്നേറുമ്പോഴാണ് വളര്‍ച്ചയുണ്ടാവുന്നത്. അതിന് ആഘാതങ്ങളെയും പ്രചോദകങ്ങളെയും ഒരു സമദൂര സിദ്ധാന്തത്തില്‍ കാണാന്‍ പരിശ്രമിക്കുന്ന സാമ്പത്തിക സമീപനമാണ് ആവശ്യമായിരിക്കുന്നത്.

എന്തു ജോലിയും ചെയ്യാനുള്ള മനസ്സുണ്ടാവുക എന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. നിലവില്‍ ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ് ചെയ്യേണ്ടത്. ഉദാഹരണത്തിന്, എസ്.ബി.ഐ., എല്‍.ഐ.സി. തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങള്‍ മിതമായ പലിശയില്‍ വീടിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനും പുതിയവ നിര്‍മിക്കാനും വായ്പ നല്‍കുന്നു. അതിന് അപേക്ഷ സമർപ്പിക്കേണ്ട നാളുകളാണിത്. അതുപോലെ ലളിതമായ തവണ വ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ വാങ്ങാനുള്ള സൗകര്യങ്ങളും വിപണി ഒരുക്കിയിട്ടുണ്ട്. വാഹന ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും അന്വേഷിച്ചറിയേണ്ടതാണ്.

അതിജീവനത്തിന്റെ കരുത്ത് പുറമെ നിന്ന് ലഭിക്കുന്നതല്ല, അത് സ്വയം ആര്‍ജിച്ചെടുക്കേണ്ടതാണ്. ആരെങ്കിലുമൊക്കെ തന്ന് നമ്മുടെ സ്ഥിതി മെച്ചപ്പെടുമെന്ന് വിചാരിച്ചിരിക്കരുത്. സര്‍ക്കാര്‍ എല്ലാ കാര്യവും ചെയ്യട്ടെ എന്ന് വിചാരിച്ചും കാത്തിരിക്കരുത്. ഓര്‍ക്കുക, നിങ്ങള്‍ അനുവദിക്കാതെ ഒരു ദുരന്തത്തിനും നിങ്ങളെ തളര്‍ത്താനാവില്ല.