ഫിനാന്‍സ് ആൻഡ്‌ മാര്‍ക്കറ്റിങ് പഠിച്ച ഉദ്യോഗാര്‍ഥികളെ ഒരു പൊതുമേഖലാ ബാങ്ക് നടത്തുന്ന ഇന്‍ഷുറന്‍സ് വിഭാഗത്തിലേക്ക് ജോലിക്ക് ആവശ്യമുണ്ട് എന്ന് മാനേജര്‍ ആവശ്യപ്പെടുകയുണ്ടായി. അതിനെന്താ, എത്രപേരെ വേണമെങ്കിലും തരാമല്ലോ എന്ന് ഞാന്‍ മറുപടിയും കൊടുത്തു.

എം.ബി.എ.ക്കാരും കോമേഴ്‌സ്, ഇക്കണോമിക്സ് തുടങ്ങിയ വിഷയങ്ങളില്‍ ബിരുദമുള്ള ധാരാളംപേര്‍ എന്റെ അറിവില്‍ത്തന്നെയുണ്ടല്ലോ എന്നാണോര്‍ത്തത്. എന്നാല്‍ കാര്യത്തോട് അടുത്തപ്പോഴാണ് മാര്‍ക്കറ്റിങ് പോലുള്ള ജോലിയില്‍ താത്പര്യമുള്ളവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ് എന്ന്‌ മനസ്സിലാക്കിയത്. അവരുടെ അഭിപ്രായത്തില്‍ ഫിനാന്‍ഷ്യല്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയാണ്. പ്രത്യേകിച്ചും ഇപ്പോഴത്തെ സാഹചര്യത്തില്‍ തീരെ പ്രയാസകരവുമാണ്.

വിപണി ഉണരണമെങ്കില്‍ ഉത്പാദനം മാത്രം പോരാ. വരുമാനവും അതിന്റെ സ്രോതസ്സുകളും ഉണ്ടാവണം. പ്രളയബാധിതര്‍ക്ക് പഴയ ജീവിതരീതിയിലേക്ക് തിരിച്ചുവരാനുതകുന്ന വരുമാനം ഉണ്ടാകാന്‍ സമയമെടുക്കും. വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞനിരക്കിലും ലളിതമായ സ്കീമിലും അവ നല്‍കാനുള്ള സംവിധാനമുണ്ടാവണം. ലളിതമായ വ്യവസ്ഥയില്‍ ചെറിയ തുക ലോണ്‍ നല്‍കാന്‍ ബാങ്ക് പോലുള്ള സംവിധാനങ്ങള്‍ക്ക് സാധിക്കണം. വിപണി ഉണര്‍ന്നാല്‍ മാത്രമേ നികുതിയും അനുബന്ധ വരുമാനവും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ലഭിക്കുകയുള്ളു.

കേരളം പ്രളയദുരിതത്തില്‍നിന്ന് പതുക്ക കരകയറുന്നതേ ഉള്ളൂ. അതിജീവനത്തിന്റെ ബാലപാഠങ്ങളിലൂടെ സങ്കടക്കടല്‍ നീന്തികടക്കാനും മലയാളികള്‍ ശ്രമിച്ചുതുടങ്ങി. എങ്ങും സഹായവും സാന്ത്വനവും പലരൂപത്തില്‍ എത്തിച്ചേരുന്നു. ദുരിതത്തില്‍ വിഷമിക്കുന്നവരുടെ വികാരത്തോട് ചേര്‍ന്നുനിന്നുകൊണ്ട് വിവാഹംപോലുള്ള പല ആഘോഷങ്ങളും പലരും മാറ്റിവച്ചു.

കേരളത്തില്‍ താമസിക്കുന്നവരെ മാത്രമല്ല, വിദേശ മലയാളികളെയും വൈകാരികമായി ഏറെ ഉലച്ച നാളുകളിലൂടെയാണ് നമ്മള്‍ കടന്നുപോയത്. മലയാളികളുടെ കരുണാർദ്രമായ കൂട്ടായ്മ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ സഹാനുഭൂതിയെയും ഒത്തൊരുമയെയും കുറിച്ചുള്ള പുകഴ്ത്തലുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കേള്‍ക്കുന്നു.

ആഘോഷങ്ങളൊന്നും കൊണ്ടാടാന്‍ പറ്റിയ മാനസികാവസ്ഥയിലല്ല മലയാളികള്‍ എന്ന് ഈ ഓണവും തെളിയിച്ചുകഴിഞ്ഞു. ഓണത്തിന്റെ ആരവവും മറ്റും എങ്ങും വലുതായി ഉണ്ടായില്ല. അതുകൊണ്ടുതന്നെ കച്ചവടരംഗത്ത് വലിയ തിരക്ക് അനുഭവപ്പെട്ടില്ല. എന്നാല്‍ പല ദുരിതാശ്വാസക്യാമ്പുകളും ഹൃദ്യമായ ഓണാഘോഷത്തിന് വേദിയൊരുക്കിയതും ശ്രദ്ധേയമായി.

ഇനി ഉണരേണ്ടത് വിപണിയാണ്. വിപണി ഉണര്‍ന്നില്ലെങ്കില്‍ സാമ്പത്തികമാന്ദ്യം ഉണ്ടാവുകയും അത് എല്ലാ മേഖലയെയും ബാധിക്കുകയും ചെയ്യും. പിന്നീട് അത് തൊഴിലില്ലായ്മയിലേക്ക്‌ വഴിതെളിക്കും. സാമ്പത്തികമാന്ദ്യത്തിന് വിവിധ കാരണങ്ങളുണ്ടെങ്കിലും വിപണിയിലൂടെയുള്ള പണത്തിന്റെ ഒഴുക്ക് കുറയുന്നതുമൂലമുണ്ടായ സാമ്പത്തികമാന്ദ്യത്തിന് ചരിത്രം പലപ്പോഴും സാക്ഷിയായിട്ടുണ്ട് എന്ന് വിവിധ രാഷ്ട്രങ്ങളുടെ സാമ്പത്തികചരിത്രം പഠിക്കുമ്പോള്‍ മനസ്സിലാവുന്ന വസ്തുതയാണ്.

ജെ.ബി. സേ എന്ന ലഘു പേരിനാല്‍ അറിയപ്പെടുന്ന ജീന്‍ ബാപ്റ്റിസ്റ്റ് സേ എന്ന ഫ്രഞ്ച്‌ സാമ്പത്തിക ശാസ്ത്രജ്ഞന്‍ മുന്നോട്ടുവച്ച പ്രധാനപ്പെട്ട സിദ്ധാന്തമാണ് വിപണിനിയമം. ഈ നിയമമനുസരിച്ച് ഉത്പാദനം അതിനാല്‍ത്തന്നെ ഉത്പാദിപ്പിക്കപ്പെട്ട വസ്തുവിന്റെ ഡിമാൻഡ് സൃഷ്ടിക്കുമെന്നാണ് അദ്ദേഹം സ്ഥാപിക്കുന്നത്.

ഉത്പാദനം പ്രധാനമായും ഭൂമി, തൊഴില്‍ശക്തി, മൂലധനം, സംഘാടന മികവ് എന്നിങ്ങനെ പ്രധാനമായും നാല് ഉത്പാദന ഘടകങ്ങള്‍ ഉപയോഗിച്ചാണ് നടത്തുന്നത്. ഈ ഘടകങ്ങളുടെ ഉപയോഗത്തിന്റെ പ്രതിഫലമായി വാടക, കൂലി അഥവാ ശമ്പളം, പലിശ, ലാഭം എന്നിവ യഥാക്രമം ലഭിക്കുന്നു.

ഈ വരുമാനമനുസരിച്ച് ഉത്പാദിത വസ്തുക്കള്‍ വാങ്ങുകയും വിപണി സജീവമാവുകയും ചെയ്യും. അങ്ങനെ വിപണിയിലൂടെ തുടര്‍ന്ന്‌ ലഭിക്കുന്ന പണത്തിലൂടെ വീണ്ടും ഉത്പാദനമുണ്ടാവുന്നു. ഉത്പന്നങ്ങളുടെയും പണത്തിന്റെയും വിപണിയിലൂടെയുള്ള ഈ ഒഴുക്കാണ് ജെ.ബി. സേ മുന്നോട്ടുവച്ച വിപണി നിയമത്തിന്റെ പൊരുള്‍.

എന്നാല്‍ 1930-കളില്‍ ലോകത്തുണ്ടായ ആഗോള സാമ്പത്തികമാന്ദ്യം ജെ.ബി. സേയുടെ വിപണിനിയമത്തെ തകിടംമറിച്ചു. കൃത്യമായി പറഞ്ഞാല്‍ 1929 - 32 വരെയുള്ള കാലഘട്ടത്തിലാണ്‌ അത് സംഭവിച്ചത്. വളരെ തീക്ഷണമായ വിധത്തില്‍ ലോകവിപണിയില്‍ അനുഭവപ്പെട്ട മാന്ദ്യത്തിന് പ്രധാനകാരണം കണ്ടെത്തിയത് ജോണ്‍ മെയ്‌നാര്‍ഡ് കെയിന്‍സ് എന്ന സാമ്പത്തികശാസ്ത്രജ്ഞനാണ്. കൂട്ടായ ഉപഭോഗത്തില്‍ വന്ന കുറവാണ് മാന്ദ്യത്തിന് പ്രധാന കാരണമായി കെയിന്‍സ് ചൂണ്ടിക്കാണിച്ചത്. ഉപഭോഗനിരക്കിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ക്ക് സാമ്പത്തികമാന്ദ്യം സൃഷ്ടിക്കാനാകുമെന്ന് കെയിന്‍സ് വിലയിരുത്തുന്നു.

ഉത്പാദിത വസ്തുക്കള്‍ക്ക് വിപണി ഇല്ലാതായാല്‍ വരുമാനം കുറയുകയും ഉത്പാദനത്തെ തടയുകയും ചെയ്യും. കൂട്ടായ ഉപഭോഗമാണ് വിപണിയെ പിടിച്ചുനിര്‍ത്തുന്നത്. ഉപഭോഗം ഉത്പാദനത്തിലേക്ക് വഴിതുറക്കുന്നു. ഉത്പാദനം തൊഴില്‍ സൃഷ്ടിക്കുന്നു, തൊഴില്‍ വരുമാനത്തേയും. സാമ്പത്തികശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഉപഭോഗമാണ്. അതിനാല്‍ ഏതുവിധേനെയും വിപണിയെ ഉണര്‍ത്തുക എന്നതാണ് ഈ ദുരിതദിനങ്ങളില്‍ ആവശ്യമായിരിക്കുന്നത്.

വിപണി ഉണരണമെങ്കില്‍ ഉത്പാദനം മാത്രം പോരാ. വരുമാനവും അതിന്റെ സ്രോതസ്സുകളും ഉണ്ടാവണം. പ്രളയബാധിതര്‍ക്ക് പഴയ ജീവിതരീതിയിലേക്ക് തിരിച്ചുവരാനുതകുന്ന വരുമാനം ഉണ്ടാകാന്‍ സമയമെടുക്കും. വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞനിരക്കിലും ലളിതമായ സ്കീമിലും അവ നല്‍കാനുള്ള സംവിധാനമുണ്ടാവണം. ലളിതമായ വ്യവസ്ഥയില്‍ ചെറിയ തുക ലോണ്‍ നല്‍കാന്‍ ബാങ്ക് പോലുള്ള സംവിധാനങ്ങള്‍ക്ക് സാധിക്കണം. വിപണി ഉണര്‍ന്നാല്‍ മാത്രമേ നികുതിയും അനുബന്ധ വരുമാനവും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ലഭിക്കുകയുള്ളു.

ജീവിതം എന്നും ഏതു സാഹചര്യത്തിലും പ്രതീക്ഷയുടെയും പ്രത്യാശയുടെയും പച്ചപ്പിലേക്ക് പറിച്ചുനടപ്പെടണം. അത് തികച്ചും വ്യക്തിപരവും സംഘടിതവുമായ കാഴ്ചപ്പാടാണ്. പല ജീവിതങ്ങളെയും തൊട്ടുണര്‍ത്താന്‍ സാധിച്ചതിലുള്ള സായുജ്യത്തിലാണ് ഈ വര്‍ഷം പലരും ഓണം ആഘോഷിച്ചത്. ‘ജീവിച്ച വര്‍ഷങ്ങളല്ല, വര്‍ഷിച്ച ജീവിതങ്ങളാണ് ഏറെ പ്രധാനപ്പെട്ടത്’എന്ന് ഒരിക്കല്‍ക്കൂടി ജീവിതം നമ്മെ ബോധ്യപ്പെടുത്തുന്നു.