ലബാറുകാരായ ഷാജിയും ഭാര്യ ശാരിയും 15 വർഷമായി ഗൾഫിൽ ഷാർജയിൽ താമസിക്കുന്നു. ബിസിനസുകാരനാണ് ഷാജി. ഭാര്യ ശാരി അവിടെ നഴ്‌സാണ്. മൂന്നു മക്കൾ. സാമ്പത്തികമായി വലിയ പ്രാരബ്ധങ്ങളില്ലാതെ ഒരുവിധം ഭംഗിയായി ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നു. 
 
അഞ്ചംഗ കുടുംബം ഗൾഫിൽ കഴിയുന്നതിന്റെ ചെലവ്‌ വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ, ഒന്നും മിച്ചംപിടിക്കാൻ സാധിക്കാറില്ല. ശാരിക്ക് മൂന്ന് സഹോദരങ്ങളാണുള്ളത്. കുടുംബസ്വത്ത് വീതംവച്ചതുമായി ബന്ധപ്പെട്ടുണ്ടായ ചില അസ്വാരസ്യങ്ങൾ നിമിത്തം ശാരിയുടെ അമ്മയുടെ ജീവിതം ബുദ്ധിമുട്ടായി. 
 
അമ്മയെ പരിചരിക്കുന്നതും ചെലവ് നൽകുന്നതും ഒരു ഭാരംപോലെ ആൺമക്കൾ കണക്കുപറയാൻ തുടങ്ങിയപ്പോൾ, ശാരിയുടെ മനസ്സ് തേങ്ങി. അമ്മയ്ക്ക് ഒരു സ്ഥിരവരുമാനം ഉണ്ടായിരുന്നെങ്കിൽ എന്ന് മകൾ ആശിച്ചു. ഷാജി അമ്മയ്ക്ക് സ്ഥിരമായി വരുമാനം കിട്ടത്തക്കവിധത്തിൽ അഞ്ചേക്കറോളം സ്ഥലം വാങ്ങി അമ്മയുടെ പേരിൽ കൊടുക്കാൻ തീരുമാനിച്ച കാര്യം ശാരിയോട് പറഞ്ഞതു കേട്ട്, ശാരി അക്ഷരാർഥത്തിൽ ഞെട്ടി. 

തന്റെ മനസ്സ് സ്വന്തം ഭർത്താവ് കൃത്യമായി താൻ പറയാതെതന്നെ അറിഞ്ഞിരിക്കുന്നു. ഷാജിയുടെ ഈ തീരുമാനത്തെക്കുറിച്ച് ശാരി അഭിപ്രായപ്പെട്ടത്‌ ഇപ്രകാരമാണ്: ‘‘എന്റെ അമ്മ വിഷമിക്കുന്നുവെന്ന് കണ്ടപ്പോൾ നിയമവും പാരമ്പര്യവും നോക്കിയില്ല. അവർക്ക് ആൺമക്കളില്ലേ എന്ന വാദഗതിയും ഉയർത്തിയില്ല. അതോടെ ഷാജിയോട് എനിക്കുണ്ടായിരുന്ന എല്ലാ ചെറിയ നീരസങ്ങളും  മാറി. എന്റെ മനസ്സിൽ ഷാജിക്കുണ്ടായിരുന്ന സ്ഥാനം ദൈവത്തോളം ഉയർന്നു. എന്റെ മനസ്സ് ഇപ്പോഴാണ് തണുത്തത്’’ 

ഈ തീരുമാനത്തിന് ഷാജിയെ പ്രശംസിച്ചപ്പോൾ ശാരിയുടെ ജോലിക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഷാജി പറഞ്ഞു: ‘‘അവർ 16 വർഷം നിന്നെ  പഠിപ്പിച്ചതു കൊണ്ടല്ലേ നീ ഒപ്പിട്ട് ശമ്പളം മേടിക്കാക്കാറായത്.’’ 

കുടുംബ ബന്ധങ്ങളുടെ സമവാക്യങ്ങൾ നമ്മുടെ നാട്ടിൽ മാറുകയാണ്... അഥവാ, മാറ്റപ്പെടുകയാണ്. പണ്ട് ഭാര്യവീട്ടുകാരുമായി അധികം അടുപ്പത്തിന് പോവുന്നവരെ ‘പെൺകോന്തന്മാർ’ എന്നാണ് വിളിച്ചിരുന്നത്. ഭാര്യവീട്ടിൽ കൂടുതൽ ദിവസം താമസിക്കുന്നവരെ പുച്ഛത്തോടെ നോക്കുന്നവരുമുണ്ടായിരുന്നു. ഭാര്യവീടിന്റെ സമീപത്ത് സ്ഥലം മേടിക്കുകയോ താമസിക്കുകയോ ചെയ്താൽപ്പോലും എതിർപ്പുകളായിരുന്നു. ഇന്ന് മക്കളുടെ എണ്ണം കുറഞ്ഞതോടെ, ഈ നാട്ടുനടപ്പിന് വ്യത്യാസം വന്നുകൊണ്ടേയിരിക്കുന്നു.

സാമ്പത്തികശാസ്ത്രവും മനഃശാസ്ത്രവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചുള്ള സാമ്പത്തികശാസ്ത്ര ശാഖയാണ് ‘ബിഹേവിയറൽ ഇക്കണോമിക്സ്’. ഈ മേഖലയിലെ പഠനത്തിനാണ് റിച്ചാർഡ് എച്ച്. തായലർക്ക് ഈ വർഷത്തെ  ‘നോബൽ സമ്മാനം’ ലഭിച്ചത്. സമ്പത്ത്, സന്തോഷം, ആരോഗ്യം ഇവ മെച്ചപ്പടുത്താൻ സഹായകമായ ‘നഡ്ജ് സിദ്ധാന്തം’ ആണ് അദ്ദേഹം സംഭാവന ചെയ്തത്. സാമ്പത്തിക പ്രോത്സാഹനങ്ങൾ ബന്ധങ്ങളെ കൂടുതൽ ഉത്‌പാദനക്ഷമമായി വളർത്തുന്നതിനെ അദ്ദേഹം സൈദ്ധാന്തികമായി സമർഥിച്ചു.  

സാമ്പത്തിക ഇടപാടുകളിലെ പോസിറ്റീവും നിഷേധാത്മകവുമായ അംശങ്ങൾ  ദാമ്പത്യബന്ധത്തെ യഥാക്രമം ഊട്ടിയുറപ്പിക്കുകയും ആട്ടിയകറ്റുകയും ചെയ്യും. ‘വീട്ടിലെ സ്ത്രീ സംതൃപ്തയായാൽ കുടുംബം സമാധാനപരമായി മുന്നോട്ട് പോവും’ എന്നത് പലരുടേയും അനുഭവ യാഥാർഥ്യമാണ്. അവളിലെ അസംതൃപ്തി കല്ലുകടി പോലെ എന്നും എല്ലാ കാര്യത്തിലും നിഴലിച്ചുകിടക്കും. ഭാര്യയുടെ സ്നേഹവും ബഹുമാനവും പിടിച്ചുപറ്റാൻ ഏറ്റവും വലിയ കുറുക്കുവഴിയാണ് അവളെയും അവളുടെ വീട്ടുകാരെയും ബഹുമാനത്തോടെ പരിഗണിക്കുകയെന്നത്. ‘ഭർത്താവിന്റെ മാതാപിതാക്കളെ സ്വന്തമായി കരുതുന്നവളാണ്   ഉത്തമയായ ഭാര്യ’ എന്ന ചിന്തയുടെ  മറുവശം തന്നെയാണിത്. 
 
ഈ മാറ്റത്തെ ഉൾക്കൊള്ളാനാവാത്തത് പഴയതലമുറയ്ക്കാണ്. ഭാര്യയുടെ വീട്ടിൽ പോയി താമസിക്കുന്നതിൽ വലിയ ശ്വാസംമുട്ടൽ അനുഭവിക്കുന്ന ഭർത്താക്കന്മാരുണ്ട്. സ്ത്രീകളും സമാനമായ അനുഭവത്തിലൂടെ കടന്നുപോവുന്നവരാണ്. ഭക്ഷണരീതി മുതൽ സംസാര രീതികൾവരെ വ്യത്യസ്തമായിരിക്കുന്ന അവസ്ഥയോട് സ്ത്രീ പൊരുത്തപ്പെട്ടതു കൊണ്ടാണ് ഇവിടെ കുടുംബം നിലനിന്നത്. പല പുരുഷന്മാർക്കും പാരമ്പര്യവാദികൾക്കും ഈ ലേഖനത്തോട് വിയോജിപ്പുകൾ ഉണ്ടാവും. 

പണ്ട് ഒരു കുടുംബം നോക്കാൻ പ്രാപ്തിയായി എന്ന് പുരുഷന് തോന്നിത്തുടങ്ങുമ്പോഴാണ് വിവാഹാലോചനകൾ തുടങ്ങിയിരുന്നത്. ഇന്ന് ജോലിയുള്ള പെണ്ണിനെയാണ് 99 ശതമാനം പേരും ആഗ്രഹിക്കുന്നത്. അല്ലെങ്കിൽ, സ്വയം തൊഴിൽ ചെയ്യാൻ മനസ്സുള്ളവരെയോ  ബിസിനസ് സപ്പോർട്ട് നൽകാൻ പറ്റിയ വിദ്യാഭ്യാസമുള്ളവരെയോ ആണ് തേടുന്നത്. 
 
‘ചെലവിന് കൊടുക്കൽ’ എന്ന ആശയമേ വഴിമാറി. പല വിദേശമലയാളി കുടുംബങ്ങളിലും ഭാര്യക്കാണ് വരുമാനം കൂടുതൽ ലഭിക്കുന്നത്. താഴ്ന്ന വരുമാനമുള്ളവരിൽ മിക്ക സ്ത്രീകളും കുട്ടികൾ സ്കൂളിൽ  പോയിത്തുടങ്ങുമ്പോഴേ വീട്ടുപണിക്ക് ഇറങ്ങിത്തുടങ്ങും. അങ്ങനെ മൂന്നും നാലും വീട്ടിൽ പണിയെടുത്ത് ജീവിതം മുന്നോട്ട് നീക്കുന്നവരെക്കൊണ്ട് പുലരുന്ന കുടുംബങ്ങൾ നിരവധിയാണ്. ‘കുടുംബശ്രീ’ പോലുള്ള സംവിധാനങ്ങളും മൈക്രോഫിനാൻസും ഇവരുടെ ശ്രമങ്ങൾക്ക് ആക്കംകൂട്ടുന്നു. പണസമ്പാദനത്തിനുള്ള സമവാക്യങ്ങൾ മാറിയതുപോലെ പണവിനിയോഗത്തിനുള്ളതും മാറ്റപ്പെടണം.

‘ഗാർഹിക സാമ്പത്തികശാസ്ത്രം’ ഏറെ പ്രധാനപ്പെട്ട സാമ്പത്തികശാസ്ത്ര മേഖലയാണ്. കുടുംബത്തിലെ സാമ്പത്തിക ക്രയവിക്രയ രീതികളിൽനിന്നും കൂടിയാണ് രാഷ്ട്രത്തിലെയും സമൂഹത്തിലെയും സാമ്പത്തിക ചംക്രമണത്തെ സ്വാധീനിക്കുന്ന സിദ്ധാന്തങ്ങളുണ്ടാവുന്നത്. അതുകൊണ്ട്, ബിഹേവിയറൽ സാമ്പത്തികശാസ്ത്രത്തിൽ കുടുംബം വളരെ പ്രധാനപ്പെട്ടതാണ്. കാലഘട്ടത്തിലെ ചുവരെഴുത്തുകൾ നേമ്മാടു പറയുന്നതനുസരിച്ചുള്ള മാറ്റം ഉൾക്കൊണ്ടില്ലെങ്കിൽ ‘കുടുംബം’ എന്നത് ചരിത്രവസ്തുതയായി മാറും.